ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം


കോഴിക്കോട്: എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ഹിന്ദ്‌സഫറിന് കോഴിക്കോട് സമാപനമായി. ഫെബ്രുവരി 12ന് ജമ്മുകശ്മീരിലെ ഹസ്‌റത് ബാല്‍ മസ്ജിദ് പരിസരത്തു നിന്ന് തുടങ്ങിയ യാത്രയാണ് ഇന്നലെ കോഴിക്കോട് സമാപിച്ചത്. കശ്മീര്‍, പഞ്ചാബ്, ഉത്തരാഖണ്ഢ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഢ്, ഒറീസ, തെലങ്കാന, ആന്ധ്രപ്രദേശ്, ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ആസാം, ബീഹാര്‍, മണിപ്പൂര്‍, ഗോവ, കര്‍ണാടക, തമിഴ്‌നാട്,  എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര പര്യടനം നടത്തി മുപ്പത്തൊമ്പത് സ്വീകരണങ്ങള്‍ക്കു ശേഷമായിരുന്നു കേരളത്തിലെത്തിയത്. ദേശീയ സമ്മേളനത്തിന്റെ അനുബന്ധമായിട്ടാണ് ഹിന്ദ് സഫര്‍ സംഘടിപ്പിച്ചത്. 
വ്യാഴാഴ്ച രാവിലെ കേരള അതിര്‍ത്തിയായ വഴിക്കടവില്‍ നിന്ന് കേരള സംസ്ഥാന നേതാക്കള്‍ യാത്രയെ സ്വീകരിച്ചു. എടക്കര, നിലമ്പൂര്‍, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് വൈകീട്ട് 4 മണിക്ക് കോഴിക്കോട് നഗരത്തിലെത്തിയത്. കോഴിക്കോട് നഗരത്തില്‍ ആയിരങ്ങള്‍ ചേര്‍ന്നു സ്വീകരിച്ചു. ഫെബ്രുവരി 23,24 തിയ്യതികളില്‍ ദേശീയ സമ്മേളനം രാംലീല മൈതാനിയിലാണ് നടക്കുന്നത്.
ഇന്ത്യയുടെ ബഹുസ്വരതയും സഹിഷ്ണുതയും നിലനിര്‍ത്തുക, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുക തുടങ്ങിയ ലക്ഷ്യങ്ങള്‍ വച്ചായിരുന്നു ഹിന്ദ്‌സഫര്‍ സംഘടിപ്പിച്ചത്. സമാപന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. യാത്രാ നായകന്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ഉപാദ്ധ്യക്ഷന്‍ സയ്യിദ് അലി ബാഖഫി തങ്ങള്‍ പ്രാര്‍ഥന നടത്തി, കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജാഥാ നായകനും എസ്.എസ്.എഫ് ദേശീയ പ്രസിഡണ്ടുമായ ശൗകത്ത് നഈമി, ജനറല്‍ സെക്രട്ടറി അബൂബകര്‍ സിദ്ദീഖ് സംസാരിച്ചു. ദേശീയ ഉപാദ്ധ്യക്ഷന്‍മാരായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കേരള, സാലിഖ് അഹ്മദ് ലത്വീഫി ആസ്സാം, നൗഷാദ് ആലം മിസ്ബാഹി ബീഹാര്‍, ദേശീയ കാമ്പസ് സെക്രട്ടറി സയ്യിദ് സാജിദ് കാശ്മീര്‍, എസ്.എസ.എഫ് ഗുജറാത്ത് സംസ്ഥാന പ്രസിഡണ്ട് അക്രം അബ്ദുല്‍ ഗനി, മണിപ്പൂര്‍ സംസ്ഥാന പ്രസിഡണ്ട് സല്‍മാന്‍ ഖുര്‍ഷിദ്, കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, എസ്.വൈ.സ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങള്‍. എസ്.ജെ.എം. സംസ്ഥാന പ്രസിഡണ്ട് അബൂഹനീഫല്‍ ഫൈസി തെന്നല, എസ്.വൈ. എസ് സംശാന ഉപാദ്ധ്യക്ഷന്‍മാരായ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, ഡോ. എ,പി അബ്ദുല്‍ ഹഖീം അസ്ഹരി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സി.കെ റാഷിദ് ബുഖാരി എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി മുഹമ്മദ് അശ്ഹര്‍ സ്വാഗതവും, സ്വാഗത സംഘം കണ്‍വീനര്‍ അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി നന്ദിയും പറഞ്ഞു. 

അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ ഭരണകൂടത്തിന് മൂന്നോട്ട് പോവാനാവില്ല: കാന്തപുരം
നൂറ്റിമുപ്പത് കോടി ജനങ്ങൾ അധിവസിക്കുന്ന ഒരു രാജ്യത്ത് കോർപ്പറേറ്റുകളെ മാത്രം അഭിസംബോധന ചെയ്തു കൊണ്ടുള്ള ഭരണ നിർവ്വഹണം അസാധ്യമാണ്.   വോട്ടു ബാങ്ക് മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുകയും അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ  ഒളിച്ചോടുകയും ചെയ്യുന്നത് രാഷ്ട്രീയ നൈതികതക്ക് ചേർന്നതല്ല. അത് രാജ്യത്തെ ജനാധിപത്യ ക്രമത്തെ തകർക്കും. സ്വാതന്ത്രാനന്തര ഇന്ത്യ ഏഴ് ദശാബ്ധങ്ങൾ പിന്നിടുമ്പോഴും രാജ്യത്തെ എമ്പത് ശതമാനത്തോളം വരുന്ന ജനവിഭാഗം ദരിദ്രവും അരക്ഷിതത്വവും പേറി ജീവിക്കുന്നുവെന്നത് ആശങ്കാജനകമാണ്. സാമൂഹിക കാരണങ്ങളാൽ പിന്തള്ളപ്പെട്ടു പോയ ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തേണ്ടത്. അധികാരസ്ഥാപനങ്ങൾ മുഴുവൻ ജനവിഭാഗങ്ങളുടേതും കൂടിയാണ്. അവരുടെ മുഴുവൻ പ്രാതിനിധ്യവും നിർവ്വഹിക്കുക എന്നതാവണം ജനപ്രതിനിധികളുടെ ദൗത്യം. പകരം പതിറ്റാണ്ടുകൾക്കപ്പുറത്ത് തങ്ങളെ പിടികൂടിയ വെറുപ്പിന്റെ പ്രത്യയശാസ്ത്ര ഭൂതങ്ങൾ ഭരണ നയരൂപീകരണത്തിലും നിഴലിച്ചു കാണുന്നുണ്ടെങ്കിൽ അത് തിരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാവണം. വിശപ്പും ഭീതിയും ചേർന്ന അരക്ഷിത ബോധത്തിന്റെ തടവറയിലാണ്  ഉത്തരേന്ത്യയിലെ ന്യൂനപക്ഷങ്ങൾ. അടിസ്ഥാന വികസനങ്ങൾ പോലും ലഭ്യമായിട്ടില്ലാത്ത ഗ്രാമങ്ങളാണ് അധികവും. മതിയായ വിദ്യാഭ്യാസവും മാന്യമായ ജോലിയും ഉറപ്പുവരുത്തുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെടുന്നു. സമൂഹത്തിന്റെ മേൽത്തട്ടിൽ സുഖസുഷുപ്തിയിൽ ജീവിക്കുന്ന ശക്തിയും സ്വാധീനവുമുള്ള ഇരുപത് ശതമാനം പൗരന്മാരെ മാത്രം അഭിസംബോധന ചെയ്ത്  വികസിതമാണെന്ന് സ്വയം അഭിമാനിക്കുകയാണ് നമ്മൾ. യാധാർത്ഥ്യബോധത്തിലേക്ക് ഭരണകൂടങ്ങൾ ഇനിയും മാറിയില്ലെങ്കിൽ ഗല്ലികളിൽ അന്തിയുറങ്ങുന്ന, തെരുവിൽ വിശന്നലയുന്ന മനുഷ്യക്കോലങ്ങളുടെ ഒരു കൊളാഷ് ചിത്രമായി ഈ രാജ്യം മാറും.  വിലാസം പോലുമില്ലാത്ത ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങളുള്ള രാജ്യത്ത് ഇപ്പോഴും രാഷ്ട്രപിതാവിന്റെ ഇടനെഞ്ചിലേക്ക് വെടിയുതിർത്തു രസിക്കുകയാണ് ചിലർ. മുഴുവൻ പൗരന്മാർക്കും പാരസ്പര്യത്തോടെ സുഭിക്ഷമായി ജീവിക്കാനുള്ള വിഭവങ്ങൾ രാജ്യത്തുണ്ട്. അത് നീതിയുക്തമായി വിതരണം നടത്തുന്നതിന് പകരം പേരും മതവും നോക്കി ജീവിക്കാനുള്ള ഇടം പോലും നിഷേധിച്ച് ശുദ്ധികലശം നടത്താൻ ശ്രമിക്കുന്നത് അപകടകരമാണ്. 
അസംപ്തൃപ്ത  ജനവിഭാഗങ്ങളെ ബോധപൂർവ്വം ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളായേ അതിനെ വായിക്കാൻ കഴിയൂ. അത് രാഷ്ട്രത്തെ അസ്ഥിരപ്പെടുത്തും.

SYS Malappuram
Kanthapuram
SSF National
SSF Kerala
Karnataka
RSC Oman
RSC Bahrain
Jamia Saadiya
SYS Kasaragode
Leaders Profile
English News

Post a Comment

Previous Post Next Post