ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍

മസ്‌കത്ത്: ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കപ്പെടുന്ന ആര്‍ എസ് സി സാഹിത്യോത്സവിന്റെ ഒമാന്‍ ദേശീയതല മത്സരത്തില്‍ സീബ് സെന്‍ട്രല്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ചാമ്പ്യന്‍മാരായി. റൂവിയില്‍ നടന്ന സാഹിത്യോത്സവ് ഇന്ത്യന്‍ അംബാസഡര്‍ ശ്രി മുനു മഹാവര്‍ ഉദ്ഘാടനം ചെയ്തു. 

ഒമാനിലെ വിവിധ യൂണിറ്റ്തല മത്സരങ്ങള്‍ക്ക് ശേഷം വിജയികളെ ഉള്‍പ്പെടുത്തി സെന്‍ട്രല്‍തല മത്സരം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ബുറൈമി, സലാല, സൂര്‍, ജഅലാന്‍, ഇബ്രി, സീബ്, ബോഷര്‍, മസ്‌കത്ത്, സോഹാര്‍ തുടങ്ങി 11 സെന്‍ട്രലുകളില്‍ നിന്ന് വിവിധയിനം മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് ദേശിയ സാഹിത്യോത്സവില്‍ മത്സരിച്ചത്. 45 കലാ സാഹിത്യ ഇനങ്ങളില്‍ പ്രൈമറി മുതല്‍ സീനയര്‍ വരെ സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് വിഭാഗങ്ങളില്‍ 500 ഓളം മത്സരാര്‍ഥികള്‍ പങ്കെടുത്തു. 

ഇന്ത്യന്‍ സകൂള്‍ ബി ഒ ഡി ചെയര്‍മാന്‍ ബേബി സാം സാമുവല്‍, സഈദ് സുലൈമാന്‍ അല്‍ ബലൂഷി, മുഹമ്മദ് ഖാലിദ് അലി അല്‍ അബ്‌രി, ഐ സി എഫ് ദേശീയാധ്യക്ഷന്‍ ശഫീഖ് ബുഖാരി, ജനറല്‍ കണ്‍വീനര്‍ നിസാര്‍ സഖാഫി, ഇഖ്ബാല്‍ ബറക, ഫാറൂഖ് കവ്വായി, ഫിറോസ് അബ്ദുറഹ്മാന്‍, തുടങ്ങി കലാ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ദഫ്, ഖവാലി, ബുര്‍ദ, കവിതാ പാരായണം, മാപ്പിളപ്പാട്ട്, ഉറുദു ഗാനം, സ്‌പോട് മാഗസിന്‍, കൊളാഷ് തുടങ്ങി സ്റ്റേജിതര മത്സരങ്ങളുള്‍പ്പെടെ വിവധ മത്സരങ്ങള്‍ സദസ്യര്‍ക്ക് ആസ്വാദം പകര്‍ന്നു. സീബ് സെന്‍ട്രല്‍ 217 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 193  പോയിന്റ് നേടി ബൗഷര്‍ സെന്‍ട്രല്‍ രണ്ടാം സ്ഥാനം നേടി. സ്റ്റേജിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ മുഹമ്മദ് സിനാന്‍ ഫാറൂഖ് കലാ പ്രതിഭയും, സ്റ്റേജിതര മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ കുടുതല്‍ പോയിന്റുകള്‍ നേടിയ അഫ്‌റ ജബ്ബാര്‍ ബറകയും, സ്ത്രീ വിഭാഗത്തില്‍ ഫവാസ് കൊളത്തൂര്‍ ബൗഷറും സര്‍ഗ്ഗ പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു.
Previous Post Next Post