ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലത്ത് താമസിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ചുവടെ നൽകുന്നു.
ഉരുൾ പൊട്ടലും മണ്ണിടിച്ചിലും തമ്മിൽ സാങ്കേതികമായ ചില മാറ്റങ്ങൾ ഉണ്ട്. പ്രായോഗികമായി രണ്ടിലും സംഭവിക്കുന്നത് മണ്ണും കല്ലും വെള്ളവും ഒക്കെക്കൂടി താഴേക്ക് ഊർന്ന് വരികയോ ഒഴുകി വരികയോ ആണ്. അതിന്റെ രീതിയിലും രക്ഷാപ്രവർത്തനത്തിലും പ്രതിരോധത്തിലും ഉള്ള സാമ്യം കാരണം തൽക്കാലം ഈ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യുന്പോൾ ഉരുൾ പൊട്ടൽ എന്ന് പറയാം. സസ്നേഹം എന്ന നമ്മുടെ ഈ ബ്ലോഗിൽ ഇന്നത്തെ ചർച്ച അതിനെക്കുറിച്ച് ആവാം...
പ്രളയം പോലെ പതുക്കെയല്ല, ഉരുൾപൊട്ടൽ സംഭവിക്കുന്നത്. വൃഷ്ടിപ്രദേശത്ത് മഴ പെയ്താൽ ഓരോ തവണയും പുഴയിൽ വെള്ളം ഉയരുമെന്നത് കൃത്യമായ ശാസ്ത്രം ആകുന്പോൾ കുന്നിൻ മുകളിൽ മഴ പെയ്താൽ കുന്നിടിഞ്ഞു വരുമെന്നത് അത്ര സ്വാഭാവികമല്ല. അതുകൊണ്ടു തന്നെ മുന്നറിയിപ്പുകൾ നൽകുക എളുപ്പമല്ല. ഇതാണ് ഉരുൾ പൊട്ടലിൽ ഏറെ ആളുകൾ മരിക്കാൻ കാരണം. തലമുറകളായി ഒരേ കുന്നിന്റെ താഴെ താമസിക്കുന്നവരായിരിക്കും, വർഷങ്ങളോളം മഴക്കാലത്ത് ഒരു കുഴപ്പവും ഇല്ലാതിരുന്ന മലയും ആയിരിക്കും. അതുകൊണ്ട് ഓരോ മഴക്കാലത്തും അവർ അവിടെ നിന്നും മാറി താമസിക്കില്ല. പക്ഷെ ചില വർഷങ്ങളിൽ ഒന്നിൽ കൂടുതൽ സാഹചര്യങ്ങൾ ഒരുമിച്ചു വരുന്പോൾ കുന്നിടിഞ്ഞു താഴേക്ക് വരും, ആളുകൾ അടിപ്പെടുകയും ചെയ്യും.
സാധാരണഗതിയിൽ ഉരുൾ പൊട്ടലിന്റെ വീഡിയോ ചിത്രങ്ങൾ ലഭ്യമാകാറില്ല, പക്ഷെ ലഭ്യമായ അപൂർവ്വം വീഡിയോകൾ കണ്ടൽ അറിയാം എത്ര ഭീതിതമായ വേഗത്തിലാണ് അത് സംഭവിക്കുന്നതെന്ന്. അതിൽ നിന്നും ഓടി രക്ഷപ്പെടുക എളുപ്പമല്ല. രാത്രിയിലാണെങ്കിൽ നമ്മൾ അറിയുക കൂടി ഇല്ലല്ലോ.
മണ്ണും വെള്ളവും ചിലപ്പോൾ കല്ലും കൂടിയാണ് കുത്തിയൊഴുകി വരുന്നത്. അതിനകത്ത് പെട്ടാൽ നമ്മൾ മരിക്കുന്നതിന് മുൻപ് തന്നെ നമുക്ക് നന്നായി പരിക്ക് പറ്റും. വെള്ളത്തിൽ പെടുന്നവർക്ക് നീന്തി രക്ഷപെടാനുള്ള ഒരു സാധ്യത എങ്കിലും ഉണ്ട്. മണ്ണൊലിപ്പിൽ പെടുന്നവർക്ക് അതിനുള്ള ആരോഗ്യമോ ബോധമോ പലപ്പോഴും ഉണ്ടാകില്ല.
ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലും പെടുന്ന ഭൂരിഭാഗം പേരും വേഗം തന്നെ മരിച്ചിരിക്കും, ഇനി അഥവാ ഏതെങ്കിലും പറയുടെയോ ഭിത്തിയുടെയോ മറവിൽ ജീവനോടെ ഉണ്ടെങ്കിലും ബോധം മറഞ്ഞിരിക്കാനാണ് കൂടുതൽ സാധ്യത. ഇത്തരം സാഹചര്യങ്ങൾ അപൂർവ്വമാണ്.
ഈ പറഞ്ഞ കാര്യങ്ങളാൽ ഉരുൾ പൊട്ടലിന്റെയും മണ്ണൊലിപ്പിന്റെയും സാഹചര്യത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്നത് രക്ഷാ പ്രവർത്തനത്തിൽ (റെസ്ക്യൂ) ഉപരി വീണ്ടെടുക്കൽ (റിക്കവറി) ആണ്. ഇത് മനസ്സിലാക്കി വേണം ഉരുൾ പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും സാഹചര്യത്തിൽ നമ്മൾ ഇടപെടാൻ.
അതിശക്തമായ മഴ ഉണ്ടാകുമ്പോൾ അതൊരു തമാശയായി ആരും കാണരുത്. മക്കളെയും ബന്ധുക്കളെയും അതിന്റെ ഗൗരവം ബോധ്യപ്പെടുത്തുക തന്നെ വേണം. ഒരു എമർജൻസി കിറ്റ് എപ്പോഴും കയ്യിൽ കരുതി വെക്കുന്നത് നല്ലതാണ്.
മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ എല്ലാവരും തയ്യാറാവണം.
എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട അവശ്യ വസ്തുക്കൾ ഇവയാണ്:
- ബെഡ്ഷീറ്റ്.
- മാസ്ക്.
- സാനിടൈസർ
- ടോർച്ച്
- 1 ലിറ്റർ വെള്ളം (ഒരാൾക്ക് )
- ORS പാക്കറ്റ്
- പ്രമേഹം, രക്ത സമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയവക്ക ദിവസേന കഴിക്കുന്ന മരുന്നുകൾ.
- മുറിവിന് പുരട്ടാവുന്ന മരുന്ന്.
- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ.
- ബിസ്കറ്റ്, റസ്ക്, ഉണക്കമുന്തിരി, നിലക്കടല പോലെയുള്ള ലഘുഭക്ഷണ പദാർത്ഥങ്ങൾ.
- ചെറിയ ഒരു കത്തി, ബ്ലേഡ്.
- 10 ക്ലോറിൻ ടാബ്ലെറ്റ്.
- ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോർച്ചിൽ ഇടാവുന്ന ബാറ്ററി.
- ബാറ്ററിയും, കോൾ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോൺ.
- ഭിന്നശേഷിക്കാർ ആണെങ്കിൽ അവർ ഉപയോഗിക്കുന്ന സഹായ ഉപകരണങ്ങൾ.
- അത്യാവശ്യം കുറച്ച് പണം, ATM
പ്രധാനപ്പെട്ട രേഖകൾ.
സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന രീതിയിൽ വീട്ടിൽ ഉയർന്ന സ്ഥലത്തു സൂക്ഷിക്കുക. എമെർജൻസി കിറ്റ് തയ്യാറാക്കി അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുക. വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കണം.
അടിയന്തര സാഹചര്യത്തിൽ എത്രയും പെട്ടെന്ന് എമർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാൻ കഴിയുന്ന തരത്തിൽ വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും വേണം. അടിയന്തര സാഹചര്യത്തിൽ 112 ൽ വിളിക്കാവുന്നതാണ്.
ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പാലിക്കേണ്ട കാര്യങ്ങൾ
1 ഉരുൾ പൊട്ടലിനു മുൻപ്
1. പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക
2. കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.
3. എമർജൻസി കിറ്റ് കരുതുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാൽ കൈയിൽ കരുതുകയും ചെയ്യുക.
4. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ടെലിഫോൺ നമ്പറുകൾ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാൽ ഉപയോഗിക്കുകയും ചെയ്യുക.
5. ശക്തമായ മഴയുള്ളപ്പോൾ ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കുക.
6. വീട് ഒഴിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദ്ദേശം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുക.
7. കിംവദന്തികൾ (rumours) പരത്താതിരിക്കുക.
2. ഉരുൾ പൊട്ടൽ സമയത്ത് പാലിക്കേണ്ട കാര്യങ്ങൾ
1. മരങ്ങളുടെ ചുവടെ അഭയം തേടരുത്.
2. പ്രഥമ ശുശ്രൂഷ അറിയുന്നവർ മറ്റുള്ളവരെ സഹായിക്കുകയും, എത്രയും പെട്ടെന്ന് തന്നെ അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുക.
3. വയോധികർ, കുട്ടികൾ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ എന്നിവർക്ക് രക്ഷാപ്രവർത്തനങ്ങളിൽ മുൻഗണന നൽകുക.
4. വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഗ്യാസടുപ്പ് ഓഫാണെന്നു ഉറപ്പു വരുത്തുക.
5. ഉരുൾ പൊട്ടൽ സമയത്തു നിങ്ങൾ വീട്ടിനകത്താണെങ്കിൽ ബലമുള്ള മേശയുടെയോ കട്ടിലിന്റെയോ കീഴെ അഭയം തേടുക.
6. ഉരുൾ പൊട്ടലിൽ പെടുകയാണെങ്കിൽ നിങ്ങളുടെ തലയിൽ പരിക്കേൽക്കാത്ത വിധം സുരക്ഷ ഉറപ്പാക്കുക.
3. ഉരുൾ പൊട്ടലിനു ശേഷം പാലിക്കേണ്ട കാര്യങ്ങൾ
1. ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലത്തേക്ക് സന്ദർശനത്തിന് പോകാതിരിക്കുക.
2. ഉരുൾ പൊട്ടൽ പ്രദേശത്തു നിന്ന് ചിത്രങ്ങളോ സെൽഫിയോ എടുക്കരുത്.
3. ഉരുൾ പൊട്ടലിനു ശേഷം വീണു കിടക്കുന്ന വൈദ്യുതി ലൈനുകൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക, ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുക.
4. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ തടസ്സപ്പെടുത്തരുത്. ആംബുലെൻസിനും മറ്റു വാഹനങ്ങൾക്കും സുഗമമായി പോകുവാനുള്ള സാഹചര്യം ഒരുക്കുക.
5. കെട്ടിടാവശിഷ്ടങ്ങളിൽ പരിശോധന നടത്തുന്നതിനായി പരിശീലനം ലഭിച്ചവർ മാത്രം ഏർപ്പെടുക.
6. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലകളിലെ ദുരന്ത നിവാരണ കൺട്രോൾ റൂമുമായി ബന്ധപ്പെടുക. PH– 1077
إرسال تعليق