കാന്തപുരം സാധ്യമാക്കിയ സാമൂഹിക വിപ്ലവം

സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ സര്‍ഗാ ത്മകമായ സ്വത്വബോധം കാത്തുസൂക്ഷിച്ചവരാണ് കേരളീയ മുസ്ലിംകള്‍.  ഇസ്ലാമിക ജീവിതത്തിന്‍റെ സാംസ്കാരിക സാധ്യതകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ഇത്തരമൊരുڔസര്‍ഗാത്മക സ്വത്വബോധം സൃഷ്ടിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് പൂര്‍വ്വകാല പണ്ഡിത സൂരികളുടെ ത്യാഗനിര്‍ഭരമായ ജീവിതമായിരുന്നു.  അതിനാല്‍തന്നെ കേരളീയ മുസ്ലിം ജീവിതത്തിന്‍റെ ഭാഗധേയം രേഖപ്പെടുത്തുന്നത് മുസ്ലിം പണ്ഡിതപ്രതിഭകളുടെ സര്‍ഗാത്മകമായ സാമൂഹിക നേതൃത്വത്തിന്‍റെ ബലത്തിലാണ്.  മഖ്ദൂമുമാരില്‍, ഉമര്‍ഖാളിയില്‍, മമ്പുറംതങ്ങളില്‍, ആലിമുസ്ലിയാരിലുമൊക്കെ ജൈവികപാണ്ഡിത്യ ജീവിതത്തിന്‍റെ  (Organic Intellectual) ഇത്തരം വേരുകള്‍ കണ്ടെത്താനാകും.  മുസ്ലിം കേരളത്തിന്‍റെ പൊതുബോധം നിര്‍ണ്ണയിച്ചത്  ഇവരൊക്കെ ചേര്‍ന്നായിരുന്നു. കേരളീയ പണ്ഡിതപാരമ്പര്യത്തിന്‍റെ ഈ ധര്‍മ്മത്തെയാണ് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ സാധിതമാക്കുന്നത്.

കലുഷവും ആശങ്കകള്‍ നിറഞ്ഞതുമായ വര്‍ത്തമാനകാല മുസ്ലിം പരിപ്രേക്ഷ്യത്തെ ആത്മവിശ്വാസവും ആത്മീയ ചൈതന്യവും കൊണ്ട് മുന്നോട്ട് കൊണ്ടുപോയ ധീരപാണ്ഡിത്യം എന്ന നിലാക്കായിരിക്കും കാന്തപുരം വരുംകാലത്തിന്‍റെ ക്യാന്‍വാസില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇടക്കാലത്ത് അരികുകളിലേക്ക് തള്ളിമാറ്റപ്പെട്ടുപോയ പണ്ഡിത സാന്നിധ്യത്തെ പുനരുജ്ജീവിപ്പിക്കുകയും, സാമൂഹികമാറ്റത്തിന്‍റെ ചാലകശക്തിയായി വര്‍ത്തിക്കുകയും ചെയ്യുക വഴി കേരളീയ മുസ്ലിം സമൂഹത്തിന് ദിശാബോധം നല്‍കിയ കാന്തപുരം ഇസ്ലാമിക   സമൂഹത്തെ മുഖ്യധാരാ സമൂഹവുമായി കൂട്ടിയിണക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്.  സാമുദായിക പ്രശ്നങ്ങളെ സാമൂഹികനൈതികതയുടെ വിശാലമായ കാഴ്ചപ്പാടില്‍ അവതരിപ്പിച്ച് ചരിത്രപരമായ ഒറ്റപ്പെടലുകളനുഭവിച്ച ഒരു സമൂഹത്തെ ഭയസംഭ്രമാവസ്ഥകളില്‍നിന്ന് മോചിപ്പിക്കുകയായിരുന്നു കാന്തപുരം.

ശോഭനീയമാര്‍ന്ന പൂര്‍വ്വകാല ഇസ്ലാമിക നാഗരികതകളിലെവിടെയോ കൈമോശം വന്നു പോയ ഒരു ജനകീയ  പണ്ഡിതനെ കാന്തപുരത്തില്‍ കണ്ടെത്താനാകും. വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ കാന്തപുരം  സംസ്കരിച്ചെടുത്ത ഒരു തലമുറ, പ്രത്യാശാഭരിതമായ ഒരിസ്ലാമിക സമൂഹത്തെക്കുറിച്ചുള്ള ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.  അതുകൊണ്ട് തന്നെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ജീവിതം കേരളീയ മുസ്ലിം സമൂഹത്തിന്ന് വിമോചനത്തിന്‍റെ വഴി നിര്‍ണ്ണയിച്ചു. സാമുദായിക നവോത്ഥാനത്തെക്കുറിച്ചുള്ള ബദല്‍ പരിപ്രേക്ഷ്യം മുഖ്യധാരയില്‍ നിന്നുകൊണ്ട് രൂപപ്പെടുത്തിയെടുത്തു എന്നതാണ് കാന്തപുരം സാധിച്ചെടുത്ത മുസ്ലിം നവോത്ഥാനത്തിന്‍റെ പ്രത്യേകത.  ഇസ്ലാമിക ജ്ഞാന വ്യവസ്ഥ ഒന്നിനോടും പുറം തിരിഞ്ഞു നില്‍ക്കുന്നില്ലെന്ന നഗ്നസത്യം മുസ്ലിം സമൂഹവും പൊതുസമൂഹവും ഒരുപോലെ തിരിച്ചറിയുകയാണ്.ڔ

ഇതെല്ലാം കൊണ്ടു തന്നെ കാന്തപുരത്തിന്‍റെ പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തന മണ്ഡലങ്ങളും വായനയും പുനര്‍വായനയും ആവശ്യപ്പെടുന്നുണ്ട്.  ന്യൂനപക്ഷമെന്ന നിലയില്‍ ദേശീയരംഗത്തും, കേരളത്തില്‍ പ്രത്യേകിച്ചും മുസ്ലിംകളുടെ സാമൂഹിക പുരോഗതിക്കാവശ്യമായ മതാത്മക വികസന ലക്ഷ്യങ്ങള്‍ രൂപപ്പെടുത്താന്‍  ഈ വായനകളാവശ്യമാണ്.  മതനിരപേക്ഷ ആധുനികതാബോധത്തെ മതാത്മകമായ പാരമ്പര്യബോധംകൊണ്ട് പ്രതിരോധിച്ചു എന്ന ഒരൊറ്റ കരുനീക്കം കൊണ്ടുതന്നെ  ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ രൂപപ്പെട്ടുവരുന്ന ഇസ്ലാമിക രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് സര്‍ഗ്ഗാത്മകവും ക്രിയാത്മകവുമായ ബ്രഹദ് മാതൃകകള്‍നല്‍കാന്‍ കാന്തപുരത്തിന് സാധിക്കും.

Books
പ്രമുഖ അറബി, ഉര്‍ദു, മലയാളം ആനുകാലികങ്ങളില്‍ കോളമിസ്റ്റായ കാന്തപുര ത്തിന്‍റേതായി കനപ്പെട്ട രചനകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
 മുസ്ലിം ലോകത്തിന്‍റെ വിചാര ധാര (Thoughts of Muslim World) 
 അല്‍ ഹജ്ജ്, 
 അമേരിക്കന്‍ അനുഭവങ്ങള്‍, 
 വിശുദ്ധ പ്രവാചകന്‍മാര്‍, 
 സംഘ പ്രാര്‍ത്ഥന, 
 സ്ത്രീകളും വെള്ളിയാഴ്ച പ്രാര്‍ത്ഥനയും,  
 ഇസ്ലാം പാഠനത്തിനോരാമുഖം, 
 ത്വരീഖത് പഠനം (മലയാളം), 
 ഇസ്മത്തുല്‍ അമ്പിയാ, 
 ഇള്ഹാറുല്‍ ഫറഹി വസ്സുറൂര്‍ (അറബി) ڔ
 അസ്സിയാസത്തുല്‍ ഇസ്ലാമിയ്യ
 രിയാളുത്വാലിബീന്‍ ഫിളൗഇല്‍ കിതാബിവസ്സുന്ന (അറബി) 
 ഫൈളാനുല്‍ മുസല്‍സില ഫി ബയാനില്‍ ഇജാസതില്‍മുതദാവില (അറബി) 
 തഅ്ളീമുല്‍ അകാബിര്‍, 
 അല്‍ ഇത്തിബാഉ വല്‍ ഇസ്തിദാഉ, 
 അല്‍വഹ്ദത്തല്‍ ഇസ്ലാമിയ്യ (അറബി) എന്നീ ഗ്രന്ഥങ്ങളുടെ  രചയിതാവാണ്.

Awards
മികച്ച സാമൂഹിക പ്രവര്‍ത്തകന് 1992ല്‍ റാസല്‍ ഖൈമ ഇസ്ലാമിക് അക്കാദമി അവാര്‍ഡ്. 

മികച്ച വിദ്യാഭ്യാസ സാമൂഹിക സേവനങ്ങള്‍ക്ക് 2000ല്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ അവാര്‍ഡ്.

മികച്ച ഇസ്ലാമിക വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും അനാഥകളുടെ സംരക്ഷണ ത്തിനും 2005 നവമ്പറില്‍ അബൂദബി ഹാമില്‍ അല്‍ ഗൈത് ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്.

2006 നവമ്പറില്‍ മാക് യു.എ.ഇ ഇന്‍ഡോ അറബ് ഇസ്ലാമിക് പേഴ്സനാലിറ്റി അവാര്‍ഡ് എന്നിവ ലഭിച്ചു.

2008 ഡിസംബര്‍ ഇസ്ലാമിക പൈതൃകവും പാരമ്പര്യത്തനിമയും 
പരിരക്ഷിക്കുന്നതിന് സൗദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് ഹെരിറ്റേജ് ഏര്‍പ്പെടുത്തിയ പ്രഥമ ഇസ്ലാമിക് ഹെരിറ്റേജ് അവാര്‍ഡ്.

Background Facts
കണ്ടുപിടിത്തങ്ങളുടെ കപ്പിത്താനെന്നറിയപ്പെടുന്ന എഡിസന്‍റെ നിരീക്ഷണം പോലെ അധ്വാനത്തിന്‍റെ നിരന്തരമായ അനുഭവങ്ങള്‍ പ്രതിഭകളുടെ പശ്ചാത്തലമാണ്. ഉലവച്ച് അഗ്നിയിലിട്ട് ഊതിക്കാച്ചിയ ഇരുമ്പിനെ മൂര്‍ച്ചയുള്ള പണിയായുധങ്ങളാക്കി മാറ്റുന്നത് പോലെ അനുഭവങ്ങളുടെ തീച്ചൂള ചില മനുഷ്യരുടെ ചിന്തകള്‍ക്ക് കടുത്ത മൂര്‍ച്ച നല്‍കുന്നു. അത്തരം ഒരവസ്ഥ കാന്തപുരത്തിന്‍റെയും പശ്ചാത്തലമാണ്. 

പ്രവാചകന്‍റെ കാലത്തോ തൊട്ടടുത്ത വര്‍ഷങ്ങളിലോ, ഇസ്ലാം കേരളത്തില്‍ എത്തുകയുണ്ടായി. പ്രവാചകസാമീപ്യത്താല്‍ സ്ഫുടം ചെയ്തെടുത്ത സ്വഹാബത്തിന്‍റെ കളങ്കരഹിതമായ പ്രവര്‍ത്തനങ്ങളും പെരുമാറ്റവും കേരളീയരെ വല്ലാതെ ആകര്‍ഷിച്ചു. ഇസ്ലാമിക പ്രബോധകന്‍മാര്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ മാത്രമല്ല, ഭരണാധികാരികളില്‍ പോലും മതിപ്പായിരുന്നു. ഇസ്ലാം സ്വീകരിച്ച കേരളീയര്‍ മാപ്പിളമാര്‍ എന്നറിയപ്പെട്ടു. വിശ്വസ്തതയും ധര്‍മ്മബോധവും ആത്മധൈര്യവും ആര്‍ജ്ജിച്ച മാപ്പിളമാര്‍ ഏറെ പ്രശംസിക്കപ്പെട്ടു.

സാമ്രാജ്യത്വ മോഹങ്ങളുമായി കടല്‍കടന്നെത്തിയവര്‍ മലയാള മണ്ണിനെ പിടിച്ചടക്കാനുള്ള ശ്രമത്തില്‍ യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞു. അത് ആത്മീയമായി കരുത്താര്‍ജ്ജിച്ച മാപ്പിളമാരായിരുന്നു. മാപ്പിളമാരുടെ നേതൃത്വം വിപ്ളവകാരികളായ പണ്ഡിതന്‍മാരില്‍ നിക്ഷിപ്തവുമായിരുന്നു. പറങ്കിപ്പടയെ വിറപ്പിച്ചുവിട്ട കുഞ്ഞാലിമാര്‍  പൊന്നാനി ദര്‍സില്‍ കിതാബ് ഓതി പഠിച്ചവരായിരുന്നു. അവര്‍ കോഴിക്കോട് രാജ്യത്തിന്‍റെ നാവിക മേധാവികളായിരുന്നുവെങ്കില്‍ ഇവരുടെ ഉസ്താദുമാരായിരുന്ന മഖ്ദൂമികള്‍ കടത്തനാടിന്‍റെയും വള്ളുവനാടിന്‍റെയും തിരുക്കൊച്ചിയുടെയും ആത്മീയാചാര്യന്‍മാരായിരുന്നു. പള്ളികളും ഓത്തുപള്ളികളും വ്യാപാരകേന്ദ്രങ്ങളും നിര്‍മ്മിക്കാനും പരിപാലിക്കാനും അവര്‍ക്ക് യഥേഷ്ടം അനുമതി ലഭിച്ചിരുന്നു. ദേശം അവരെ ആദരിച്ചു. ദേശക്കാരെ അവരും സ്നേഹിച്ചു. 

വൈദേശികാധിപത്യത്തിന് തുടക്കമിട്ടതു മുതല്‍ നമ്മുടെ ദേശക്കാര്‍ക്ക് വന്നുചേര്‍ന്ന ക്ഷയം മാപ്പിള സമുദായത്തെയും ബാധിച്ചു. ചതിച്ചും കൊന്നും വിദേശികള്‍ ആധിപത്യം ഉറപ്പിച്ചപ്പോള്‍ വല്ലാതെ കഷ്ടപ്പെട്ടത് മുസ്ലിം സമുദായമായിരുന്നു. തുഹ്ഫത്തുല്‍ മുജാഹിദീന്‍ രചിച്ച ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമി(റ)ന്‍റെയും മുഹ്യിദ്ദീന്‍മാല രചിച്ച ഖാളി മുഹമ്മദ് (റ)ന്‍റെയും കപ്പപ്പാട്ടു രചയിതാവായ കുഞ്ഞായിന്‍ മുസ്ലിയാരുടെയും പാതകളില്‍ പുതിയ പടപ്പാട്ടുകള്‍ രചിക്കപ്പെട്ടു. ക്രുദ്ധരായ വിദേശികള്‍, അക്കാരണത്താല്‍ തന്നെ, മാപ്പിള സമുദായത്തെ കണക്കിന് ക്രൂശിച്ചു. യുവത നിരന്തരമായി പീഢിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. പണ്ഡിതന്‍മാര്‍ ജയിലിലടക്കപ്പെട്ടു. ഇത് നേതൃനിരയില്‍ അങ്ങേയറ്റം പ്രതിഫലിച്ചു. 

നെടുനാളത്തെ കഠിനപ്രയത്നത്താല്‍ സമുദായം നേടിയെടുത്ത വിദ്യാഭ്യാസ, വാണിജ്യ പുരോഗതികള്‍ തകര്‍ന്നടിഞ്ഞു. 1921-ലെ മലബാര്‍ കലാപത്തോടെ ചിത്രം പൂര്‍ത്തിയായി. കുഗ്രാമങ്ങളിലും മലയോരങ്ങളിലും അഭയം തേടിയ മുസ്ലിം സമുദായം സാമൂഹികമായും സാമ്പത്തികമായും പിന്നോക്കമായി. അനുകൂലമായ എല്ലാ കൈവഴികളും അവര്‍ക്ക് മുന്നില്‍ അടഞ്ഞു. ആത്മീയ പ്രഭയാല്‍ കാരിരുമ്പിന്‍റെ ശക്തിയോടെ മാപ്പിള സമുദായം തിരിച്ചുവരുമെന്ന് തിരിച്ചറിഞ്ഞ വിദേശികള്‍ പണ്ഡിതരെയും സാധാരണക്കാരെയും നിരന്തരമായി പീഢനത്തിനിരയാക്കിയത് വഴി ഒരു തിരിച്ചുവരവ് അസാധ്യമാക്കുകയായിരുന്നു. 

ഇതിന്‍റെ പരിണിതഫലമെന്നോണം സമുദായ നേതൃത്വത്തിലേക്ക് പുതിയൊരുവിഭാഗം ഉയര്‍ന്നുവന്നു. അവര്‍ പാശ്ചാത്യന്‍ സംസ്കാരത്തോട് വിയോജിപ്പില്ലാത്തവരായിരുന്നു. രാഷ്ട്രീയ മോചനം മാത്രമായിരുന്നു അവര്‍ക്ക് പ്രധാനം. മറ്റ് സാമ്പത്തിക സാംസ്കാരിക രംഗങ്ങളില്‍ അവര്‍ക്ക് പാശ്ചാത്യന്‍ മേല്‍കോയ്മ ഏറെക്കുറെ സമ്മതമായിരുന്നു. ജീവിതത്തിന്‍റെ മൊത്തം മേഖലകളില്‍ മാര്‍ഗദര്‍ശനവും നേതൃത്വവും നല്‍കിയിരുന്ന, ശബ്ദിക്കുന്ന പണ്ഡിതരെ തുറങ്കിലടക്കുകയോ നാടുകടത്തുകയോ ചെയ്തപ്പോള്‍ സമുദായത്തിനുണ്ടായ അനാഥത്വമാണ് യഥാര്‍ത്ഥത്തില്‍ ഈ വിഭാഗത്തിന്‍റെ വളര്‍ച്ചക്ക് കാരണം. വൈദേശിക ഭരണകൂടം മാനസികമായി ഈ വിഭാഗത്തിന് അനുകൂലമായിരുന്നു. വിശ്വാസാദര്‍ശങ്ങള്‍ക്കുള്ളില്‍ വ്യക്തമായ കടുംപിടുത്തമില്ലാതിരുന്ന ഇവര്‍ സാമ്രാജ്യത്വ ശക്തികളെ സംബന്ധിച്ചിടത്തോളം അപകടകാരികളല്ലായിരുന്നു. 

കലുഷിതമായ രാഷ്ട്രീയ ചുറ്റുപാടുകളില്‍ മേല്‍ക്കൈനേടിയ ഈ വരേണ്യവര്‍ഗ്ഗം  സമുദായത്തിന്‍റെ വാക്താക്കളെന്ന നിലയിലേക്ക് ഉയര്‍ന്നു. മഖ്ദൂമുമാരും  ഉമര്‍ഖാളിയും മമ്പുറം തങ്ങളും ചെമ്പ്രശ്ശേരി തങ്ങളും ആലി മുസ്ലിയാരും നേതൃത്വം കൊടുത്ത ആത്മീയതയിലധിഷ്ഠിതമായ സമുദായ നേതൃത്വമെന്ന ശൈലി ഈ വിഭാഗം തകര്‍ത്തു തരിപ്പണമാക്കി. പകരം അധികാരവും രാഷ്ട്രീയ സ്വാധീനവുമാണ് സമുദായത്തിന്‍റെ പരിരക്ഷ ഉറപ്പാക്കുന്നതെന്ന് അവര്‍ സദാ സംസാരിച്ചുകൊണ്ടിരുന്നു. പണ്ഡിതന്‍മാര്‍ പള്ളിയിലിരിക്കണമെന്നും മതവിദ്യ പറഞ്ഞും പഠിപ്പിച്ചും ഓത്തുപള്ളികളുടെ സജീവത നിലനിര്‍ത്തുകയാണ് പണ്ഡിതധര്‍മ്മമെന്നും പ്രചരിപ്പിക്കപ്പെട്ടു. സമുദായത്തിലെ ഭൂരിപക്ഷം വരുന്ന അഭ്യസ്തവിദ്യര്‍ ഇവര്‍ക്കായി ഓശാനപാടി. ഇതിന്‍റെ ഫലമെന്തായിരുന്നു? സമുദായത്തിലെ പിന്നോക്കാവസ്ഥ ഭൂരിപക്ഷം അംഗങ്ങളെയും കൂടുതല്‍ പിന്നോക്കക്കാരാക്കി. തനിക്കിഷ്ടപ്പെടുന്നത് തന്‍റെ സഹോദരനും ഉണ്ടായിക്കാണാനാഗ്രഹിക്കുന്നത് വരെ യഥാര്‍ത്ഥ വിശ്വാസിയായിരിക്കില്ല എന്ന ഇസ്ലാമിക സംഘടനാ ദര്‍ശനം വിസ്മതിയിലേക്കെറിയപ്പെടുകയും ڇതനിക്കിഷ്ടമുള്ളതെല്ലാം നേടിയെടുക്കുകڈ എന്ന തികച്ചും സാമ്രാജ്യത്വ ശൈലിയിലേക്ക് സമുദായ നേതൃത്വം പരിവര്‍ത്തിക്കപ്പെട്ടു.

1947-ല്‍ രാജ്യം സ്വാതന്ത്ര്യം നേടി. പക്ഷെ, അത് മധുരതരമായ ഒരനുഭവമായില്ല. രാജ്യത്തെ വിഭജിച്ചിട്ടേ സാമ്രാജ്യത്വം കസേരയില്‍ നിന്നിറങ്ങിയുള്ളൂ. ഇന്ത്യ -പാക്കിസ്ഥാന്‍ എന്നീ രണ്ടുതുണ്ടങ്ങളാക്കി ഇന്ത്യ വിഭജിക്കപ്പെട്ടു. 1500-ല്‍ സൈനുദ്ധീന്‍ മഖ്ദൂം തങ്ങളും 1757-ല്‍ ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവിയും മുതല്‍ 1921-ല്‍ ആലി മുസ്ലിയാര്‍ വരെ എന്തിനുവേണ്ടി ശബ്ദിച്ചുവോ അത് നടന്നില്ല. ഒരേയൊരിന്ത്യ ഒരൊറ്റജനത എന്ന ആശയം സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുന്നെ മൃതിയടഞ്ഞു. വ്യാപകമായി സമുദായങ്ങളെ ചോരച്ചാലിലേക്ക് തള്ളിയിടപ്പെട്ടു. മത ചിന്തയെ വെട്ടിനിരത്തി സാമുദായിക ചിന്തക്ക് മേല്‍ക്കൈ നേടാനായി. പാകിസ്ഥാന്‍ ജ്വരം സമുദായത്തെ സംശയത്തിന്‍റെ നിഴലിലാക്കി. വീണ്ടും സമുദായം മാനസികമായും സാമ്പത്തികമായും പീഡിപ്പിക്കപ്പെട്ടു. നേരത്തെയുണ്ടായിരുന്ന പിന്നോക്കാവസ്ഥ സ്വാതന്ത്യാനന്തരം കൂടുതല്‍ രൂക്ഷമായി. ബ്രിട്ടിഷ് സാമ്രാജ്യത്വം എന്നന്നേക്കുമായി അവരൂുടെ ശത്രുക്കളെ-മുസ്ലിംകളെ- വേട്ടയാടുകയായിരുന്നു.

ഇന്ത്യയിലെ മഹാഭൂരിപക്ഷം മുസ്ലിംകളും പാകിസ്ഥാന്‍ വാദത്തിനെതിരായിരുന്നു. അവര്‍ പാകിസ്ഥാനിലേക്ക് പോകാന്‍ തയാറുമല്ലായിരുന്നു. ഇന്നും പാകിസ്ഥാനിലേക്കാള്‍ കൂടുതല്‍ മുസ്ലിംകള്‍ ഇന്ത്യയിലാണുള്ളത്. ഇങ്ങനെ സമുദായം ഒരിക്കലുമാഗ്രഹിക്കാത്ത ഒരു രാജ്യത്തിന്‍റെ ചാരന്‍മാരെന്നധിക്ഷേപിക്കപ്പെട്ട് പിന്നോക്കാവസ്ഥയുടെ ചുമടും തലയിലേറ്റി, വിറങ്ങലിച്ചു നിന്നു. ഈഘട്ടത്തിലാണ് കാന്തപുരത്തിന്‍റെ യുവത്വനാളുകള്‍ കടന്നുപോയത്. സമുദായത്തിന്‍റെ രാഷ്ട്രീയ സമൂഹിക ദുരവസ്ഥകള്‍ ഒരു വശത്ത്, മറുവശത്ത് നേരത്തെ ചൂണ്ടിക്കാട്ടിയ പുതിയ രാഷ്ട്രീയ വരേണ്യവര്‍ഗ്ഗത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ ഗൂഢലക്ഷ്യത്തോടെ അലഞ്ഞു നടന്ന പുത്തന്‍വാദികളുടെ ആദര്‍ശ വ്യതിയാനങ്ങളും- ഈ ഇരട്ട ദുരന്തത്തെ  അതി ജയിക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് സ്വാഭാവികമായും എ.പി അബബക്കര്‍ മുസ്ലിയാര്‍ ആലോചിക്കുകയുണ്ടായി. രാഷ്ട്രീയ വരേണ്യവര്‍ഗ്ഗം സമുദായിക നേതൃത്വം  ഏറ്റെടുക്കുന്നതിന് മുമ്പുണ്ടായിരുന്ന ഘടന തിരിച്ചുപിടിക്കലാണ് ഇതിന്‍റെ പരിഹാരമെന്ന തിരിച്ചറിവാണ് കാന്തപുരമെന്ന പ്രതിഭയെ വ്യതിരിക്തനാക്കുന്നത്. പൈതൃകത്തിന്‍റെ വീണ്ടെടുപ്പിന് എല്ലാം മറന്ന് എല്ലാം റബ്ബിലേല്‍പ്പിച്ച് ഒരു യുവരക്തം അനുഭവങ്ങളുടെ തീച്ചൂളയില്‍ ചിതറിക്കിടന്ന കനലുകളില്‍ ആഞ്ഞുചവിട്ടി കടന്നു പോകാന്‍ തയ്യാറായി എന്നിടത്ത് ആരംഭിക്കുന്നു, കാന്തപുരമെന്ന താരോദയ ചരിത്രം.

ആത്മജ്ഞാനം പകര്‍ന്ന് പിതാവ്
കുടുംബാന്തരീക്ഷം ഒരു കുഞ്ഞിന്‍റെ ഭാവിയുടെ ചൂണ്ടുപലകയാണ്. മനുഷ്യനില്‍ രൂപപ്പെടുന്ന സംസ്കാരത്തിന്‍റെ അടിയാധാരം വീടിന്‍റെ ഉമ്മറത്തിണ്ണയാണ്. അത് തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു അഹ്മദ് ഹാജി. നന്നേ ചെറുപ്പത്തില്‍ മകനെ (എ.പി) കൈ പിടിച്ച് പള്ളിയില്‍ കൊണ്ടുപോകും. മകനോട് ചില ഉപദേശങ്ങള്‍ നല്‍കുമായിരുന്നു.   മുതിര്‍ന്നവരോട് പെരുമാറേണ്ടരീതി. പള്ളിയിലെ ആചാരങ്ങള്‍, നിസ്ക്കരിക്കുന്ന ശൈലി, തിരിച്ചുപോരുമ്പോള്‍ പള്ളിയില്‍ നിന്നുകേട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓര്‍മ്മിച്ചെടുക്കാമോ എന്ന് തിരക്കും. അറിയാത്തത് പകര്‍ന്ന് കൊടുക്കും. പിതാവിന്‍റെയും പുത്രന്‍റെയും ആത്മ ബന്ധം ആത്മ ജ്ഞാനത്തിലേക്കുള്ള ഒരായിരം വിജ്ഞാനമുത്തുകളായി പരിണമിച്ചുകൊണ്ടിരിന്നു. അല്ലാഹുവിന്‍റെ വിധി, മുത്തുച്ചിപ്പി കടലിലെങ്ങോ മറഞ്ഞു. എ.പിയുടെ പന്ത്രണ്ടാം വയസ്സില്‍ ആ മാന്യപിതാവ് മരണത്തിന് കീഴടങ്ങി. വേര്‍പാട് ഹൃദയത്തില്‍ തൊട്ട മുറിവായിരുന്നെങ്കിലും ഒരുപാട് സമാധാനത്തോടെയാണ് പിതാവ് വിടവാങ്ങിയത്. മരണാസന്ന സമയത്ത്, മക്കളെ ഒരു പാട് സ്നേഹിച്ച, അഹമ്മദ് ഹാജി ഭാര്യയോട് ചോദിച്ചു. ڇഎന്‍റെ മക്കള്‍ അവരെ നീയെങ്ങനെ വളര്‍ത്തും?ڈ വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ജീവിത സൂത്രത്തിന്‍റെ നാനാര്‍ത്ഥം തിരിച്ചറിഞ്ഞ കുട്ടൂസ മൊല്ലയുടെ പുത്രിയുടെ ഉത്തരം ഉറച്ചതായിരുന്നു. ڇഞാനവരെ.. ഇന്‍ശാ.. ആലിമുകളാക്കുംڈ ഇങ്ങനെയൊരു ഭാര്യയെ സമ്മാനിച്ച ആത്മനിര്‍വൃതിയോടെ അഹ്മദ് ഹാജി യാത്ര പോയി അനന്തമായ ലോകത്തേക്ക്
നാമിവിടെ തിരിച്ചറിയുന്നു. എ.പി യെന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഫലഭൂയിഷ്ഠമായ മണ്ണിന്‍റെ വിളയാണ്. തരിശിട്ട മണ്ണിന്‍റെ അകാലത്തില്‍ വന്ന യാമേയനല്ല. ഒരു നിയോഗത്തിന്‍റെ സാക്ഷ്യപത്രം പോലെ ജ്വലിക്കുന്ന പണ്ഡിത ജ്യോതിസ്സാണ്.

കുടുംബവിശേഷം
പേര് : അബൂബക്കര്‍ മുസ്ലിയാര്‍
കുടുംബ പേര്: ആലുങ്ങാപൊയിയില്‍ (എ.പി)
ജനനം: 1939 മാര്‍ച്ച് 22
പിതാവിന്‍റെ പേര്: അഹ്മദ് ഹാജി
മാതാവിന്‍റെ പേര്: കുഞ്ഞീമ ഹജ്ജുമ്മ
സ്ഥലപ്പേര് : കാന്തപുരം, പൂനൂര്‍, കോഴിക്കോട് ജില്ല.
ഭാര്യയുടെ പേര്: മൈമൂന
മക്കളുടെ പേരുകള്‍: എ.പി അബ്ദുല്‍ ഹകീം അസ്ഹരി, മൈമൂന, സക്കീന, റൈഹാനത്ത്,  നജ്മാ ഫിര്‍ദൗസി
ജാമാതാക്കള്‍: സി. മുഹമ്മദ് ഫൈസി (മര്‍കസ് മാനേജര്‍)
അബ്ദുല്‍ ബാരി മുസ്ലിയാര്‍
മുഹമ്മദ് കോയ സഖാഫി
ഉബൈദുല്ല സഖാഫി

Education
അറിവിന് തിട്ടകളും ഖണ്ഡങ്ങളും തീര്‍ക്കേണ്ടതുണ്ടോ? അധുനാതന ശൈലി അങ്ങനെയാണ്. ഇഴ ചേരലുകളില്ലാത്ത ഖണ്ഡീകരണം. അര നൂറ്റാണ്ട് മുമ്പ് ചിത്രം വ്യത്യസ്ഥമായിരുന്നു. അറബിയും ഖുര്‍ആനും മാതൃഭാഷയും കണക്കും ഒരേ പാഠശാലയില്‍. ഓത്തുപള്ളി എന്ന പേര്. കാന്തപുരത്തെ കുണ്ടത്തില്‍ എല്‍.പി സ്കൂളായിരുന്നു അബൂബക്കര്‍ മുസ്ലിയാരുടെ ശിക്ഷണ കേന്ദ്രം. മദ്രസയും സ്കൂളും ഈ ഓത്തുപള്ളി തന്നെയായിരുന്നു. 
ഓത്തു പള്ളിയില്‍ ആദ്യം ഖുര്‍ആന്‍, ദീനിയ്യാത്ത്, അമലിയാത്ത്. ഉസ്താദ് പ്രസിദ്ധനായിരുന്നു. ഖാരിഅ് പുത്തൂര്‍ അപ്പന്‍ തൊടികയില്‍ അബ്ദുല്ല മുസ്ലിയാര്‍. ഒരേ ഒരു ഉസ്താദ് ഗ്രാമത്തിലെ ഇരുനൂറോളം കുട്ടികള്‍. ശമ്പളമില്ല, ഹദ്യകള്‍ മാത്രം. കുട്ടികളുടെ അനുപാതകണക്കില്‍ അധ്യാപകരെ നിയമിക്കുന്ന വര്‍ത്തമാന കലത്തില്‍ അബ്ദുല്ല മുസ്ലിയാരുടെ ശിക്ഷണം അദ്ഭുതങ്ങളുടെ പുസ്തകങ്ങളില്‍ ഇടം പിടിക്കാന്‍ സദാ യോഗ്യമാണ്. എന്നിട്ടും അന്നത്തെ കുട്ടികള്‍ മിടുക്കരായി, ദീനീ നിഷ്ഠയുള്ളവരായി. ഇരുനൂറില്‍ ഒരാളായി എ.പി, ആ വന്ദ്യഗുരുവിന്‍റെ അധ്യാപന മിടുക്കിന്‍റെ സാക്ഷ്യപത്രമായി ലോകത്തിന് മുമ്പാകെ പ്രശസ്തനായിരിക്കുന്നു.
സമയ നിഷ്ഠയൊന്നുമില്ലാത്ത ഓത്തുപള്ളി പഠനം കഴിഞ്ഞാല്‍ ഭാഷയും കണക്കും തുടങ്ങുകയായി. അഥവാ സ്കൂള്‍ പഠന സംരംഭം. അയിനിക്കാട്ടു മുഹമ്മദ് മാസ്റ്റര്‍ പ്രധാനാധ്യാപകന്‍. എളേറ്റില്‍ വട്ടോളി സുലൈമാന്‍ മാസ്റ്റര്‍, പന്നൂര്‍ സി.അബ്ദുല്ല മാസ്റ്റര്‍, വടകര അപ്പു മാസ്റ്റര്‍, എ.കെ അഹ്മദ്കുട്ടി ഹാജി എന്നീ സഹാധ്യാപകരും ഓത്തുപള്ളിയില്‍ കയറുന്നതോടെ അതൊരു സ്കൂള്‍ സംവിധാനമായി മാറുകയായി. എല്ലാം ഒരേ കുടക്കീഴില്‍. ഓത്തുപള്ളിയില്‍ നിന്ന് ലബ്ധമായ അച്ചടക്ക മര്യാദകള്‍ സ്കൂളില്‍ തുടര്‍ന്നും നിലനിന്നു. 

1951-വയസ്സ് 12. തനത് വര്‍ഷം മുഴുവന്‍സമയ ദര്‍സ് പഠനത്തിലേക്ക് നീങ്ങുകയായി. കിഴക്കോത്ത്. എന്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാരായിരുന്നു ഉസ്താദ്. അക്കാലത്ത് ഏറ്റവും പ്രസിദ്ധമായ പൊന്നാനി വിളക്കത്തിരുന്ന മഹാ പണ്ഡിതനായിരുന്നു അദ്ദേഹം. ശിഷ്യരെ മനസ്സിലാക്കുന്നതിലും ആവോളം സ്നേഹം ചൊരിയുന്നതിലും നിഷ്ഠപാലിച്ചിരുന്ന ഉസ്താദ് പഠിതാക്കളുടെ കഴിവുകള്‍ കണ്ടെത്തി ജ്വലിപ്പിക്കുന്നതിലും  അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. കാന്തപുരമെന്ന കേരളം കേട്ടറിഞ്ഞ വാഗ്മിയുടെ തുടക്കം ഈ ദര്‍സില്‍ നിന്നായിരുന്നു. ആദ്യമായി പൊതുവേദിയില്‍ കയറി സഭാകമ്പം തീര്‍ത്തുകൊണ്ടിരിക്കെ ആ പ്രസംഗമത്രയും എഴുതിക്കൊടുത്തത് പ്രിയപ്പെട്ട ഉസ്താദ് അബ്ദുല്‍ഹമീദ് മുസ്ലിയാരായിരുന്നു. കാന്തപുരമെന്ന വല്ലഭന്‍ നിറസദസ്സുകള്‍ക്കുമുമ്പില്‍ വാദംകൊണ്ട് വൈശിഷ്ട്യം നേടുമ്പോള്‍ അതിന്‍റെ അടിവേരുകള്‍ ആ പഴയ ഉസ്താദിന്‍റെ ഗുരുത്വമായി മാറുന്നു. 

ഇക്കാലത്തുതന്നെയാണ് എ.പിയുടെ പിതാവ് മരണപ്പെടുന്നത്. ഉമ്മയുടെ നിശ്ചയദാര്‍ഢ്യവും ഉസ്താദിന്‍റെ പിന്തുണയും ആ ദുഃഖസത്യത്തെ മറികടക്കാന്‍ പ്രാപ്തമാക്കി. 1953-ല്‍ കൊടുവള്ളിക്കടുത്ത വാവാട് അണ്ടോണ പോക്കര്‍കുട്ടി മുസ്ല്യാരുടെ ശിഷ്യത്വം സ്വീകരിച്ചു. സൂഫീവര്യനും മഹാപണ്ഡിതനുമായിരുന്നു പോക്കര്‍കുട്ടി മുസ്ല്യാര്‍. 23 പള്ളികളില്‍ ഖാളിയായിരുന്ന അദ്ദേഹത്തിന്‍റെ കര്‍ശന നിലപാടും ഉത്തരവാദിത്ത നിര്‍വ്വഹണവും പ്രസിദ്ധമായിരുന്നു. ഉസ്താദിന്‍റെ നിര്‍ദ്ദേശപ്രകാരം ഒടുങ്ങാക്കാട്ട് പള്ളിയില്‍ ആദ്യമായി ജുമുഅ ഖുതുബ നിര്‍വ്വഹിക്കാന്‍ ഭാഗ്യമുണ്ടായി. അല്‍ഫിയ്യ, ഫത്ഹുല്‍മുഈന്‍, ജലാലൈനി തുടങ്ങിയ കിതാബുകള്‍ ഇതിനകം പോക്കര്‍കുട്ടി മുസ്ല്യാരുടെ ദര്‍സില്‍വെച്ച് പഠിച്ചു. 

1954 അവസാനമായപ്പോള്‍ സ്വന്തം നാടായ കാന്തപുരത്തുതന്നെ ദര്‍സിലെത്തി. പ്രശസ്തനായിരുന്ന കെ.കെ. അബൂബക്കര്‍ ഹസ്രത്തായിരുന്നു മുദരിസ്. പില്‍ക്കാലത്ത് വിജ്ഞാനകലയുടെ ആചാര്യനായിരുന്ന മഹാപണ്ഡിതന്‍ ഒ.കെ. സൈനുദ്ദീന്‍ കുട്ടി മുസ്ല്യാരുടെ ശിഷ്യനായി. തലക്കടത്തൂരിലും ചാലിയത്തുമായിരുന്നു പഠനം. ഒ.കെ. ഉസ്താദിന്‍റെ നിര്‍ദ്ദേശത്തിലാണ് ഉപരിപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിലെത്തിയത്. 1961, 62, 63 വര്‍ഷങ്ങളില്‍ ബാഖിയാത്തിലെ ശിഷ്യനായി. മര്‍ഹൂം അബൂബക്കര്‍ ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്രത്ത് തുടങ്ങിയ മഹാപണ്ഡിതജ്യോതിസ്സുകളായിരുന്നു അന്ന് ബാഖിയാത്തിന്‍റെ നേതൃനിരയിലുണ്ടായിരുന്നത്. എ.പി. എന്ന വിജ്ഞാന ദാഹിയുടെ ഔജ്ജല്യം സീമകള്‍ ലംഘിക്കുന്ന ഒരു സംഭവം ഇവിടെ കാണാം. ബാഖിയാത്തില്‍ മുത്വവ്വല്‍ കോഴ്സിലേക്ക് ഉയര്‍ന്ന മാര്‍ക്കോടെ സെലക്ഷന്‍ കിട്ടിയ എ.പി. തൊട്ടുതാഴെയുള്ള മുഖ്തസര്‍ മതി എന്നു തീരുമാനിക്കുകയായിരുന്നു. കാരണം ഒരു വര്‍ഷം കൂടുതല്‍ ചിലവിട്ട് മുഖ്തസറില്‍ ചേരുന്ന പക്ഷം ശൈഖ് അബൂബക്കര്‍ ഹസ്രത്തില്‍ നിന്ന് ബൈളാവിയും ശൈഖ് ഹസന്‍ ഹസ്രത്തില്‍നിന്ന് ബുഖാരിയും ഓതാം. അത്ഭുതകരവും അഭിനന്ദനീയവുമായ ഇത്തരം ഒരു തീരുമാനം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ എന്ന വ്യക്തിയുടെ വിജ്ഞാന ഉപാസനയുടെ കരുത്ത് പ്രകടമാക്കുന്നു.

ജൈത്രയാത്രയുടെ തുടക്കം
വൈദേശികാധിനിവേശത്തിന്‍റെ ദുഷിച്ച പീഡനപര്‍വ്വങ്ങള്‍ക്ക് മുമ്പേ പ്രഭാവത്തിന്‍റെ  ഭൂതകാലമുണ്ടായിരുന്നല്ലോ ഇന്ത്യന്‍ ജനതക്ക്. വിശേഷിച്ച് മുസ്ലിംകള്‍ക്ക്. നാട്ടു രാജ്യങ്ങളുടെ, വല്ലപ്പോഴും നടക്കുന്ന കലഹങ്ങളൊഴിച്ചാല്‍ സൗഹാര്‍ദ്ദവും ഐക്യബോധവും നിറഞ്ഞുനിന്നിരുന്ന അക്കാലഘട്ടത്തിന്‍റെ  മധുര സ്മരണകള്‍ ഏതൊരിന്ത്യക്കാരനെയും പോലെ കാന്തപുരത്തെയും മഥിക്കുന്നുണ്ടായിരുന്നു. നൊമ്പരങ്ങളുടെ നെരിപ്പോടുകളില്‍ സ്വയം നീറി നാളുകള്‍ നീക്കാനല്ല. ഒരു യഥാര്‍ത്ഥ പോരാളി തയാറാവുക. മറിച്ച് വീണ്ടെടുപ്പിനുള്ള അങ്കസ്ഥാനം നിര്‍ണ്ണയിക്കനാണ്.

മഖ്ദൂമിയന്‍ പാരമ്പര്യമുദ്രകള്‍ തിരിച്ചുപിടിക്കാനുള്ള വിചാരങ്ങളില്‍ രൂപപ്പെട്ടുവന്ന പദ്ധതികള്‍ ഏടിലെ മഷിയടയാളങ്ങളാക്കി മറവിക്ക് വിട്ട്കൊടുക്കാതെ യഥാവിധി സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കാന്തപുരത്തിലെ നിശ്ചയദാര്‍ഢ്യമുള്ള പോരാളി തീരുമാനമെടുത്തു. സംസ്കാരവും തജ്ജന്യമായ വിദ്യാഭ്യാസവുമുള്ള തലമുറ ഉയിരെടുക്കണം. ഇതൊരു പകലുറക്കത്തിന്‍റെ സ്വപ്ന സൃഷ്ടിയാണെന്ന ധാരണ മാറ്റിയെടുക്കണം. അതിനാല്‍ വ്യക്തമായ രൂപരേഖയോടെ നിര്‍ണ്ണയിക്കപ്പെട്ട സംവിധാനങ്ങളോടെ കാന്തപുരം തന്‍റെ മനോഗതം സമൂഹത്തോട് തുറന്നു പറഞ്ഞു. മത-വിദ്യയോടൊപ്പം ശാസ്ത്ര സാങ്കേതിക വിദ്യയും അഥവാ സര്‍വ്വോന്മുഖമായ സമന്വയ വിദ്യാഭ്യാസം അസാധ്യമായ ഒന്നല്ല. ഇസ്ലാമിക നാഗരികതയുടെ ശോഭനമായ പൂര്‍വ്വകാല ചരിത്രം അതിന്ന് സാക്ഷിയാണ്. സമുദായ നന്മക്കുള്ള കാന്തപുരത്തിന്‍റെ പരിവേഷണശ്രമങ്ങളില്‍ മാറ്റത്തിന്‍റെ പുതിയൊരു കാറ്റ് കൂടി വീശി അദ്ദേഹത്തിന് തെളിയിക്കേണ്ടതുണ്ടായിരുന്നു.

ലോകത്ത് സൈദ്ധാന്തികര്‍ പലര്‍ പിറന്നിട്ടുണ്ട്. വാക്കുകള്‍ കൊണ്ട് നക്ഷത്ര ലോകം തീര്‍ത്തവര്‍ ആവാക്കുകള്‍ ലിഖിതങ്ങളാക്കിയവരെത്രെ. ശേഷക്കാര്‍ക്ക് തര്‍ക്കിക്കാനും സമര്‍ത്ഥിക്കാനും അവര്‍ ഒരു പാട് പറഞ്ഞു കടന്മ്പോയി. പ്രയോഗ തലത്തില്‍ അവ ഒരു ചലനവുമുണ്ടാക്കിയില്ല. ഇസ്ലാം അങ്ങനെയല്ല. മനുഷ്യ പറ്റില്ലാത്തവന്‍റെ മഥിത  ചിന്തകളല്ല അത്. റബ്ബിന്‍റെ (രക്ഷിതാവിന്‍റെ) ജീവിത പദ്ധതിയാണ്. ഇസ്ലാമിക പ്രവാചകന്‍മാര്‍ സിദ്ധാന്തങ്ങള്‍ പറഞ്ഞു പഠിപ്പിക്കുകയല്ല ചെയ്തിരുന്നത്. പ്രവര്‍ത്തിച്ചു കാണിക്കുകയായിരുന്നു. പ്രവാചകന്‍മാരുടെ അനന്തരാവകാശികളാണ് പണ്ഡിതന്‍മാര്‍ എന്ന് നബിവചനം. പണ്ഡിത പ്രതിഭയെന്ന നിലയില്‍ പറഞ്ഞത് പ്രവര്‍ത്തിക്കുകയെന്നത് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ മുഖപാഠമാണല്ലോ. അങ്ങനെ മര്‍ക്കസു സ്സഖാഫത്തി സ്സുന്നിയ്യ പിറക്കുകയായി. ഇതാ.. ഇതാണ് മഖ്ദൂമിയന്‍ പരമ്പര്യമുദ്രകളുടെ വീണ്ടെടുപ്പിന്‍റെ പ്രഭവ കേന്ദ്രമെന്ന് തൊട്ടുകാണിക്കാന്‍ വിദ്യാഭ്യാസ സാംസ്കാരിക സമുച്ചയം വിളവെടുപ്പുതുടങ്ങി. അതോടൊപ്പം കാന്തപുരമെന്ന് വിളിപ്പേരുള്ള പണ്ഡിത പ്രതിഭയുടെ ജൈത്രയാത്ര തുടങ്ങുകയായി. അഥവാ മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യ എന്ന വിദ്യാഭ്യാസ സാംസ്കാരിക സമുച്ചയത്തിന്‍റെ സമാരംഭം കാന്തപുരമെന്ന പ്രതിഭയുടെ പുറത്തേക്ക് തുറന്ന ജാലകങ്ങളിലൊന്നായി നാം കാണുന്നു.
ബാബരി പൊളിച്ചതിനെതിരെ അന്നത്തെ പ്രധാനമന്ത്രി റാവുവിന് സമസ്ത ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പരാതി നൽകുന്നു.

Post a Comment

Previous Post Next Post