എസ്എസ്എഫ് രൂപവത്കരണം വളരെ ശരിയായിരുന്നു-ഇസ്മാഈല്‍ വഫ

 
? പ്രവര്‍ത്തന രീതികളിലൊക്കെ വല്ലാത്ത മാറ്റം കാണുന്നുണ്ടല്ലോ

+ കാലഘട്ടത്തിനനുസരിച്ച് പുതിയ തത്വങ്ങളും രീതികളും വരും, വരണം. പണ്ട് വഅളുകായിരുന്നു പ്രധാന ആശയ പ്രചാരണ മാധ്യമം. ഇന്നു ഹൈടെക് ദഅ്വ വരെയെത്തി. കാഴ്ചപ്പാടുകളും മാറി. പുതിയ സങ്കേതങ്ങള്‍ സ്വീകരിക്കാന്‍ പ്രബോധകര്‍ തയ്യാറാവുക തന്നെവേണം.

 ? മൂല്യങ്ങള്‍ കുറഞ്ഞു വരുന്നുണ്ടോ

+ ഏറ്റവും ശ്രേഷ്ടരായ സമൂഹം തിരുനബിയുടെ കാലഘട്ടത്തിലോ തൊട്ടടുത്ത കാലങ്ങളിലോ ജിവിച്ചവരാകുമെന്ന നബിവചനം ഓര്‍ക്കണം. കാലം ചെല്ലുന്തോറും സമൂഹത്തില്‍ മൗലികമായ ശോഷണം വന്നുകൊണ്ടിരിക്കും. ആരാധനകളും സത്കര്‍മങ്ങളും കുറഞ്ഞു വരുമെന്നു തന്നെയാണ് നബിവചനം സൂചിപ്പിക്കുന്നത്. വ്യക്തികള്‍ സ്വന്തം സംസ്കരണത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങട്ടെ. പ്രബോധകര്‍ മറ്റുള്ളവരെ നന്നാക്കിയെടുക്കാം എന്നതിനേക്കാള്‍ പ്രവര്‍ത്തനം തനിക്കു പ്രതിഫലം ലഭിക്കാനാണെന്ന ബോധത്തോടെ പ്രവര്‍ത്തിക്കട്ടെ.

? മുദ്രാവാക്യങ്ങളിലും പ്രമേയങ്ങളിലുമൊക്കെ വലിയ മാറ്റം

+ വേണ്ടി വരും. കാലഘട്ടത്തിന്‍റെ രീതികള്‍ക്കനുസരിച്ച് പറയുന്നത് സ്വീകാര്യത കൂടുതല്‍ ലഭിക്കാന്‍ സഹായിക്കും. സാഹിത്യം എന്നത് കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും സന്തോഷമുണ്ടാക്കുന്ന ഭാഷ എന്നാണ് അര്‍ഥമാക്കുന്നത്. പ്രമേയങ്ങളുടെ ഭാഷ മാറുമ്പോഴും പറയാനുള്ള ആശയങ്ങള്‍ വ്യക്തമാണെങ്കില്‍ സ്വീകാര്യത ലഭിക്കും. ഇവിടെ സംഘടനകള്‍ മുന്നോട്ടു വെക്കുന്ന സന്ദേശങ്ങളെ ആശങ്കയോടെ കാണേണ്ടതില്ല

? പ്രകടനാത്മകത കൂടിപ്പോകുന്നുവെന്ന് പരാതികളുണ്ട്

+ എന്നു തന്നെ വേണം കരുതാന്‍. രാഷ്ട്രീയക്കാരന്‍റെയും ബിസിനസുകാരന്‍റെയും രീതികള്‍ ഇസ്ലാമിക സംഘടനാ രംഗത്തു കടന്നു വരാന്‍ അനുവദിക്കരുത്. ഉപരിപ്ളവങ്ങള്‍ കൂടുമ്പോള്‍ ആത്മാര്‍ഥത കുറയും. ബാഹ്യ പ്രകടങ്ങളിലെ കൃത്രിമത്വം സമൂഹം തിരിച്ചറിയുമെന്നു ബോധ്യം വേണം. സമൂഹം തിരിച്ചറിഞ്ഞാല്‍ സ്വീകാര്യത കുറയും. മനുഷ്യമനസ്സുകളെ സംസ്കരിക്കാനും ആകര്‍ഷിക്കാനുമാവശ്യമായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കേണ്ടത്.

 ? ഊര്‍ജിതവും ആത്മാര്‍ഥവുമായ മുന്നേറ്റമെങ്ങനെ സാധിക്കും

+ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സമഗ്രമായ പരിശീലനം അതിപ്രധാനമാണ്. പരിശീലനം ഇപ്പോഴും ശൈശവ ദശയിലാണ്. പൊതുപ്രവര്‍ത്തകരേക്കാള്‍ പ്രത്യേക പ്രവര്‍ത്തകര്‍ നമുക്കു ഗുണം ചെയ്യും. അറിയുന്നത് ഒരു തുള്ളിയും അറിയാത്തത് സമുദ്രവുമാണെന്നു തിരിച്ചറിയണം.

നാടിന്‍റെ ആവശ്യങ്ങളും രഹസ്യങ്ങളും കണ്ടെത്തി ഇടപെടാന്‍ ദഅ്വാ ഇന്‍റലിജന്‍റ് വേണം. നേതൃപരിശീലനം മുകളില്‍നിന്നു താഴേ തലം വരെ ഉണ്ടാകണം.

 ? എസ്എസ്എഫ് രൂപവത്കരിക്കാന്‍ മുന്‍കൈയെടുത്തത് അബദ്ധമായി തോന്നുന്നുണ്ടോ

+ ഒരിക്കലുമില്ല. സംഘടന വളര്‍ന്നു പന്തലിച്ചില്ലേ. മെമ്പര്‍ഷിപ്പില്‍ ഓരോ തവണയും വളര്‍ച്ചയുണ്ടെന്ന് കണക്കുകള്‍ തെളിയിക്കുന്നു. കാമ്പസുകളിലും പുതിയ പദ്ധതികളുമായി സജീവമാണിപ്പോള്‍. എസ്എസ്എഫിലൂടെ വളര്‍ന്നു വന്നവരാണ് ഇപ്പോള്‍ എസ്വൈഎസ് സംഘടന നിയന്ത്രിക്കുന്നത്. എസ്എസ്എഫിലെ പരിശീലനം അവര്‍ക്കു വളരെ മുതല്‍ക്കൂട്ടാണ്. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അലി അബ്ദുല്ല, സിപി സൈതലവി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്.

? സംഘടനാപരമായി സുന്നി പ്രസ്ഥാനത്തിന്‍റെ പോരായ്മ

+ നേതാക്കള്‍ സ്ഥാപനങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്നത്, ചിലപ്പോഴെങ്കിലും സംഘടനകള്‍ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഒരാള്‍ക്ക് ഒരേ സമയം ഏതെങ്കിലുമൊന്നിലേ പ്രധാന ശ്രദ്ധ പതിപ്പിക്കാന്‍ കഴിയൂ. തത്വവും താത്പര്യവും വിരിുദ്ധമായാല്‍ താത്പര്യത്തിനു മുന്‍തൂക്കം ലഭിക്കുമെന്നാണ് മന:ശാസ്ത്രം. സംഘടനക്കു മുന്‍തൂക്കം ലഭിച്ചാലേ ചലനമുണ്ടാകൂ.

? സംഘടനാ സംവിധാനങ്ങളെക്കുറിച്ച്

+ മികച്ചതും ശാസ്ത്രീയവുമായ രീതികള്‍ തന്നെയാണ് എസ്എസ്എഫിലും എസ്വൈഎസിലും നിലനില്‍ക്കുന്നത്. കേഡറുകളെ പരിശീലിപ്പിക്കുന്നതിന് ദീര്‍ഘകാല പദ്ധതികള്‍ വേണ്ടതുണ്ട്. അതേസമയം, ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കേണ്ടതുണ്ടെന്നു തോന്നുന്നു. സ്ഥാനമൊഴിയുന്നവര്‍ അടുത്ത കമ്മിറ്റിയുടെ പാനല്‍ തയ്യാറാക്കി അവതരിപ്പിക്കുന്ന രീതി വിപരീതഫലവുമുണ്ടാക്കുന്നുണ്ട്. 50 ശതമാനമെങ്കിലും കൗണ്‍സിലര്‍മാരുടെ അഭിപ്രായത്തിനു കൂടി അവസരം നല്‍കണമെന്നാണ് എന്‍റെ അഭിപ്രായം.

? സ്ഥാപനങ്ങള്‍ ദൗത്യം നിര്‍വഹിക്കുന്നു

+ ഉയര്‍ന്നുവന്ന സ്ഥാപനങ്ങള്‍ അഭിമാനകരം തന്നെയാണ്. നിലവാരം മെച്ചപ്പെടുത്തുന്നതില്‍ മാനേജ്മെന്‍റുകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിജയിച്ച സ്ഥാപങ്ങള്‍ മാതൃകയാക്കി വേണം പ്രവര്‍ത്തിക്കാന്‍. മതവിദ്യാഭ്യാസത്തിലും കാലാനുസൃതമായ ചില മാറ്റങ്ങളൊക്കെ വരണം. ദഅ്വ കോളജുകള്‍ ആര്‍ട്സില്‍ ബിരുദം നല്‍കുന്ന ശരീഅത്ത് കോളജ് എന്ന ആശയത്തിനപ്പുറം വളര്‍ന്നുവെന്നു കരുതുക വയ്യ. പ്രബോധനം വിഷയമായി പഠിപ്പിക്കണം. സമൂഹത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ സേവനം ചെയ്യാന്‍ കഴിയുന്ന പ്രബോധകരെ വാര്‍ത്തെടുക്കണം.

സയന്‍സ് പഠിക്കാന്‍ നമുക്കു സ്ഥാപനങ്ങള്‍ വേണം. പ്രൊഫഷണല്‍ കോളജുകളും ഉണ്ടാകേണ്ടതുണ്ട്.

 ? കാന്തപുരത്തിനു ശേഷം സംഘടനകള്‍ കുത്തഴിയുമെന്ന് വിമര്‍ശനമുണ്ട്

+ മിഥ്യാ ധാരണയാണത്. സംഘടനക്ക് കരുത്തനായ ഒരു നായകനുണ്ടായെന്നതു യാഥാര്‍ഥ്യം. അതു എപി ഉസ്താദിനെപ്പോലെ കഴിവുറ്റ നേതൃത്വം തന്നെ ആയതു നിയോഗം. എന്നാല്‍, പ്രസ്ഥാനം വ്യക്തികേന്ദ്രീകൃതമല്ലെന്നു പുറമെ നിന്നു വീക്ഷിക്കുന്നവര്‍ അറിയുന്നില്ല. ഇപ്പോള്‍ സംഘടന ചുമതലപ്പെടുത്തിയ ആള്‍ ധര്‍മം നിര്‍വഹിക്കുന്നു. ശേഷം മറ്റുള്ളവര്‍ ഉയര്‍ന്നു വരും. അവസരങ്ങള്‍ ചുമതലകളില്‍ നിയോഗിക്കപ്പെടുമ്പോഴാണ് ഓരോരുത്തരും കഴിവു തെളിയിക്കുക. നേതൃത്വം നല്‍കാന്‍ കഴിയുന്ന ഒരു പറ്റം നേതാക്കള്‍ തന്നെ നമുക്കുണ്ട്. എല്ലാവരും ഒരു പോലെയാകില്ലെന്നതു സ്വാഭാവികവുമാണ്.

 ? സുന്നി ഐക്യത്തിനെന്താണ് തടസം

+ അതു നടക്കാന്‍ പാടില്ലെന്നു തോന്നുന്നു. ഇ.കെ വിഭാഗം രാഷ്ട്രീയ സിഫത്തില്‍ ഊട്ടപ്പെട്ടവരാണ് (ഒറ്റപ്പെട്ടവര്‍ ഒഴിവുണ്ടാകുമെന്നു തിരുത്ത്). രാഷ്ട്രീയത്തിന്‍റെ തണലില്‍ എപി സുന്നികളെയും നേതാക്കളെയും കുറ്റം പറയലാണ് ഈ കൂട്ടരുടെ തൊഴില്‍. 20 വര്‍ഷത്തെ ചരിത്രത്തില്‍ മറ്റെന്താണ് അവിടെ നിന്നു കണ്ടിട്ടുള്ളത്. കരയല്ല മകനേ എന്നു പറഞ്ഞു തല്ലുകയാണ് അവരുടെ സുന്നി ഐക്യ ഡിമാന്‍ഡുകള്‍. ഐക്യപ്പെട്ടാല്‍ മറു സംഘടയില്‍ ഗ്രഹണം ബാധിക്കുമെന്ന് നന്നായി അറിയാവുന്നത് അവര്‍ക്കു തന്നെയാണ്. ഐക്യം തകര്‍ത്തതു നമ്മളാണെന്നവര്‍ പറയുന്നുണ്ട്. അതു തുടര്‍ന്നോട്ടെ.

 ? മുസ്ലിം ലീഗിന്‍റെ നിലപാടു മാറിയെന്നു പറയുന്നു

+ നല്ല ചില സൂചനകള്‍ ലഭിക്കുന്നുണ്ട്., മഞ്ചേരിക്കു ശേഷമാണ് ലീഗിനു കുറ്റബോധമുണ്ടാകുന്നത്. ഇ-ഗ്രേഡ് സുന്നികളാണ് ലീഗിനെ സമ്മര്‍ദത്തിലാക്കുന്നത്. പാര്‍ട്ടിയില്‍ നേതൃതലത്തിലിരിക്കുന്നവരുടെയെല്ലാം മനസ് സുന്നി സംഘടനയോട് അടുപ്പമാകാമെന്ന നിലപാടുണ്ടായിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.

 ? സുന്നികള്‍ക്കൊരു ടെലിവിഷന്‍ ചാനല്‍ വേണം

+ മസാല മേമ്പൊടികളില്ലാതെ വാണിജ്യപരമായി വിജയിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. സ്ഥിരമായി സംപ്രേഷണം ചെയ്യാന്‍ പൈസവേണ്ടേ. അശ്ളീലത കലര്‍ന്നതാണ് ഭൂരിഭാഗം പരസ്യങ്ങളും. ഇസ്ലാമിക സമൂഹത്തിനു ഇതു ഉള്‍കൊള്ളാനാകില്ലല്ലോ. ലൈംഗികതയാണ് പൊതുവേ മാര്‍ക്കറ്റിംഗിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യരെ പ്രചോദിപ്പിക്കാവുന്ന ഏറ്റവും വലിയ ശക്തി സെക്സാണെന്ന് വിപണിയിലെ രാജാക്കന്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് സാമ്പത്തിക വശം സുരക്ഷിതമാക്കിക്കൊണ്ടല്ലാതെ ഇത്തരമൊരു ആലോചന കൂടി അപകടം വരുത്തും.

 ? രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ടോ ആത്മീയ സംഘടനക്ക്

+ ജനാധിപത്യ രാഷ്ട്രത്തില്‍ സേവനം നടത്തുമ്പോള്‍ ഭരണകൂടങ്ങളുടെ പിന്തുണ അനിവാര്യമാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും. ഭരണകൂടങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും സ്വാധീനിക്കാവുന്ന മുഖ്യഘടകം വോട്ടുബേങ്കു തന്നെയാണ്. സുന്നി വോട്ട് വ്യക്തമായ ലക്ഷ്യത്തിനു വേണ്ടി ഒരുമിച്ചു കൂട്ടി വിനിയോഗിക്കുന്നത് തീര്‍ച്ചയായും ഫലം ചെയ്യും. വിരുദ്ധ തീരുമാനങ്ങളില്‍നിന്ന് ഭരണകൂടങ്ങളെയും പാര്‍ട്ടികളെയും പിന്തിരിപ്പിക്കാനും വോട്ടുബേങ്കുകള്‍ക്കു കഴിയും. നിലപാടുകളുടെ അടിസ്ഥാനത്തിലാകണമത്. ഏതെങ്കിലും മുന്നണിക്ക് വോട്ടു തീറെഴുതിക്കൊടുത്തുകൊണ്ടാകരുത്.

പാര്‍ലിമെന്‍റ് ഇലക്ഷനില്‍ എ.പി ഉസ്താദ് പറഞ്ഞ നിലപാട് വളരെ കൃത്യമാണ്. ഒരു മുന്നണിക്കും പൂര്‍ണ പിന്തുണയില്ല. സുന്നികളുടെ വോട്ട് സുന്നികള്‍ക്ക്. നിലപാടുകള്‍നോക്കി വോട്ടു ചെയ്യും. രാഷ്ട്രീയക്കാര്‍ നമ്മുടെ നിലപാടുകള്‍ അംഗീകരിച്ചു തുടങ്ങി എന്നതു തന്നെ വലിയ കാര്യമായി വേണം കരുതാന്‍. ഫലം ഈ തിരഞ്ഞെടുപ്പിലും കാണാം.

 ? താങ്കള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു കേള്‍ക്കുന്നു

+ തത്കാലം ആ പരിപാടിക്കില്ല. മൂല്യങ്ങള്‍ ചോര്‍ന്നു പോകുന്ന ഇടപാടാണ് കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനം. കൈകൂപ്പി നിന്ന് വോട്ടു ചോദിക്കണ്ടേ. നിലപാടുകള്‍ മാറ്റിവെച്ച് മുജാഹിദിനോടും ജമാഅത്തെ ഇസ്ലാമിക്കാരോടൊക്കെ സലാം പറയേണ്ടിയും വരും. അതു നമുക്കു ചേര്‍ന്ന പണിയല്ലെന്നാണ് കരുതുന്നത്. 06/04/2009   

Post a Comment

أحدث أقدم