കമ്മുണ്ണി മുസ്‌ലിയാർ ഉപ്പാപ്പയുടെ പക്കൽ നിന്നു ശൈഖ് അബ്ദുല്ലാഹിൽ യാഫിഈ(റ)ന്റെ ഇർഷാദുൽ യാഫിഈ ഓതിയ മുന്നൂറോളം ഔലിയാക്കൾ ഉണ്ട്. ഞാൻ അവരിലൊരാളാണ്' വലിയ്യുല്ലാഹി വടകര മുഹമ്മദ് ഹാജിയുടെ വാക്കുകളാണിത്. ആരായിരുന്നു കുറ്റൂർ കമ്മുണ്ണി മുസ്‌ലിയാർ ഉപ്പാപ്പ എന്ന ചോദ്യത്തിന് ഉത്തരമായി ഇതിൽ കൂടുതൽ വിശദീകരണങ്ങൾ ആവശ്യമാണെന്ന് തോന്നുന്നില്ല.
ഇനി നമുക്ക് അവിടുത്തെ ഏതാനും ശിഷ്യന്മാരുടെ പേരുകൾ പരിശോധിക്കാം. ശംസുൽ ഉലമ ഖുതുബി മുഹമ്മദ് മുസ്‌ലിയാർ,
പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ, വടകര മുഹമ്മദ് ഹാജി, ചെമ്പ്ര പോക്കർ മുസ്‌ലിയാർ, ഓച്ചിറ മുഹമ്മദ് മുസ്‌ലിയാർ, കിഴക്കേപുറം പുളിക്കതൊടി മൊയ്തീൻ കുട്ടി മുസ്‌ലിയാർ, മരുമകൻ കുറ്റൂർ പാലശ്ശേരി കമ്മു മുസ്‌ലിയാർ, ആലുവായി അബൂബക്കർ മുസ്‌ലിയാർ, മലയിൽ ബീരാൻ കുട്ടി മുസ്‌ലിയാർ വാവൂർ, ചാലിയം ഇമ്പിച്ചി കോയ തങ്ങൾ, കോറാട് മൊയ്തീൻ മുസ്‌ലിയാർ, തലക്കടത്തൂർ കറുത്ത ബീരാൻ കുട്ടി
മുസ്‌ലിയാർ, മക്കളായ മുഹമ്മദ് മുസ്‌ലിയാർ, അബ്ദുറഹ്മാൻ മുസ്‌ലിയാർ തുടങ്ങി ആ നിര അങ്ങനെ നീണ്ടുപോകുന്നു. അടുത്ത കാലത്ത് മൺമറഞ്ഞ സൂഫീ വര്യന്മാരുടെയും ഔലിയാക്കളുടെയും വഴികാട്ടിയായിരുന്നു വലിയ്യുല്ലാഹി കുറ്റൂർ കമ്മുണ്ണി മുസ്‌ലിയാർ ഉപ്പാപ്പ(ന.മ).
ഹി.1270ൽ വേങ്ങരക്കടുത്ത കുറ്റൂരിൽ പോക്കർ മൊല്ല ഇത്തീമക്കുട്ടി ഉമ്മ ദമ്പതികളുടെ മകനായാണ് മഹാനവർകളുടെ ജനനം. പ്രാഥമിക പഠനം പിതാവിൽ നിന്ന്. ശേഷം തിരുരങ്ങാടി നടുവിലെ പള്ളി, പൊന്നാനി വലിയ ജുമുഅത്ത് പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പഠനം നടത്തി.
കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാർ, പെരുമ്പടപ്പ് സൈനുദ്ധീൻ റംലി (റ), ചാലിലകത്ത് ആലസ്സൻ മുസ്‌ലിയാർ, വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാരുടെ പിതാവ് പുതുപ്പറമ്പ് കോയാമുട്ടി മുസ്‌ലിയാർ തുടങ്ങിയവരാണ് ഗുരുനാഥന്മാർ.
തലക്കടത്തൂർ, വെന്നിയൂർ,ചെല്ലൂർ, ചേർന്നൂർ പൂഴിക്കുത്ത് പള്ളി തുടങ്ങിയ സ്ഥലങ്ങളിലായി അരനൂറ്റാണ്ട് കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവയിൽ 38 വർഷവും തലക്കടത്തൂർ വലിയ ജുമാ മസ്ജിദിലായിരുന്നു. മുന്നോറോളം വിദ്യാർത്ഥികളുള്ള കേരളത്തിലെ മികച്ച ദർസുകളിലൊന്നായിരുന്നു അന്ന് തലക്കടത്തൂരിലേത്.
കറാമതുകളുടെയും ഉൾക്കാഴ്ച്ചയുടെയും പ്രതീകമായിരുന്നു കമ്മുണ്ണി ഉപ്പാപ്പയുടെ ജീവിതം. അവിടുത്തെ പ്രാർത്ഥന കാരണം മഴ ലഭിച്ചതും വിളക്കിന് മുന്നിൽ വിരൽ കാണിച്ചപ്പോൾ കത്താതിരുന്നതും സുവിദിതമാണ്. സഹോദരങ്ങളെ മഹാനവർകളുടെ ഉറൂസ് മുബാറകിന്റെ ദിവസമായ ഇന്ന് നമുക്ക് ഒരു ഫാതിഹ പാരായണം ആ തിരുസവിധത്തിലേക്ക് ഹദ് യ ചെയ്യാം. ഹി.1354/1936 ദുൽ ഖഅദ് 15 ഞായറാഴ്ച അർദ്ധരാത്രിയാണ് അവിടുന്ന് ഈ ലോകത്ത് നിന്നും യാത്രയായത്. ഖബർ കുറ്റൂർ കുന്നാൻചേരി പള്ളിയുടെ മുറ്റത്ത്. അല്ലാഹു അവിടുത്തെ ദറജ വർധിപ്പിക്കെട്ടെ...
Post a Comment