പതി അബ്ദുൽ ഖാദിർ മുസ്‌ലിയാർ
ശവ്വാൽ. 21
വഫാത്ത് ദിവസം
✍️
അബ്ദുറഹീം കരുവള്ളി
മർഹൂം പാങ്ങിൽ എ പി അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ വിയോഗാനന്തരം മതപരിഷ് കരണവാദികൾക്കെതിരെ ധീരമായ പോരാട്ടം നടത്തിയത് റശീദുദ്ദീൻ മൂസ മുസ്‌ലിയാർ ഫുർത്വവി ആയിരുന്നു. 1948 ൽ മൂസ
മുസ്‌ലിയാർ വിടപറഞ്ഞതോടെ സുന്നി ആദർശങ്ങൾക്കെതിരെ കടന്നാക്രമണത്തിന് ബിദ്അതുകാർ കോപ്പുകൂട്ടി .. അവരെ പ്രതിരോധിക്കാൻ സുന്നികൾക്ക് ഇനി ആർജ്ജവമുണ്ടാകില്ല എന്നാണവർ കണക്കു കൂട്ടിയത്.
ഈ ഘട്ടത്തിലായിരുന്നു പതി അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ മലബാറിലേക്കുള്ള
കടന്നുവരവ്. കാറ്റാനം സ്വദേശി പതിയാരകത്ത്
ശിഹാബുദ്ദീൻ എന്നവരുടെ മകനായ അബ്ദുൽ ഖാദിർ മുസ്‌ലിയാർ കൊല്ലം ഓച്ചിറയിൽ
വാഴക്കാടൻ മുഹമ്മദ് മുസ്‌ലിയാരുടെ ദർസിൽ പഠിച്ചുകൊണ്ടിരിക്കെയാണ് പറവണ്ണ
മൊയ്തീൻ കുട്ടി മുസ്‌ലിയാർ ഒരു കമ്പി സന്ദേശത്തിലൂടെ അദ്ദേഹത്തെ മലബാറിലേക്ക് ക്ഷണിച്ചു വരുത്തിയത്. തെക്കൻ കേരളത്തിലൊരിക്കൽ പ്രസംഗപരിപാടിക്ക് പോയപ്പോൾ പതിയുടെ പ്രാഗദ്ഭ്യം പറവണ്ണ ഉസ്‌താദ് തിരിച്ചറിഞ്ഞിരുന്നു. കൊണ്ടോട്ടി നെടിയിരുപ്പിലായിരുന്നു പതിയുടെ മലബാറിലെ ആദ്യ രംഗപ്രവേശം ; 1949 മാർച്ച് 30ന്.
തടുത്ത് നിർത്താനാവാത്ത
പടയോട്ടമാണ് തുടർന്ന് പുത്തനാശയക്കാർ ക്കെതിരെ അദ്ദേഹം നടത്തിയത്.
അക്ഷരാർത്ഥത്തിൽ തന്നെ ബിദഇകളുടെ കണ്ണിൽകരടായി
പതി മാറി. മുഹ്‌യിദ്ദീൻ മാലയ്ക്കെതിരെ നാടൊട്ടുക്കും പ്രസംഗിച്ചു നടന്നിരുന്ന എടവണ്ണ അലവി മൗലവിക്ക് പതി
ഉസ്താദിന്റെ മുന്നിൽ പിടിച്ചുനിൽക്കാ നാകാതെ, മുസ്‌ലിയാർ പറഞ്ഞത് പോലെയാണ് മുഹ്‌യദ്ദീൻ മാലയുടെ അർത്ഥമെങ്കിൽ അതിൽ ശിർക്കില്ല ' എന്ന് സമ്മതിക്കേണ്ടി വന്നു.
കിടയറ്റ പണ്ഡിതൻമാർ പലരും ഉത്തര കേരളത്തിലുണ്ടായിരു ന്നെങ്കിലും പൊതുജനത്തെ
പിടിച്ചിരുത്താനാവും വിധം പ്രഭാഷണം നടത്താൻ കഴിയുന്നവർ രംഗത്തില്ലായിരുന്നു. ഈ ശൂന്യത
മുതലെടുക്കാനുള്ള ബിദഇകളുടെ തന്ത്രമാണ് പതി തകർത്തത് . വഹ്ഹാബി ഖണ്ഡനത്തിന് പണ്ഡിതർക്ക് ധൈര്യം പകർന്ന പതിയുടെ പ്രേരണയാലാണ് കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, വാണിയമ്പലം അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, പൂന്താനം അബ്ദു ല്ല മുസ്‌ലിയാർ തുടങ്ങിയവർ രംഗത്തെത്തുന്നത് മലപ്പുറം,മഞ്ചേരി കോഴിക്കോട് മണ്ണാർക്കാട് ,വേങ്ങര എന്നിവിടങ്ങളിൽ പതി അബ്ദുൽ ഖാദിർ മുസ്‌ലിയാർ നടത്തിയ ഖണ്ഡനപ്രസംഗങ്ങൾ ചരിത്രങ്ങളാണ്. താൻ സഞ്ചരിച്ചിരുന്ന
അംബസിഡർ കാറിൽ മൈക്ക് സജ്ജീകരിച്ച്, വഹ്ഹാബി പ്രസംഗങ്ങൾ നടക്കുന്നിടത്തേക്ക് കയറിച്ചെന്ന് മറുപടി പറയുന്ന പതിയുടെ സാന്നിധ്യം മൗലവിമാരിൽ സൃഷ്ടിച്ച അങ്കലാപ്പ് ചെറുതായിരുന്നില്ല. ആ സാന്നിധ്യമറിഞ്ഞ പാടെ പ്രസംഗംസ്ഥലം വിടുമായിരുന്നു പലരും.
ഖുത്ബ പരിഭാഷക്കെതിരെ സംസാരിക്കാൻ പതി മലപ്പുറം കുന്നുമ്മലെത്തിയ സംഭവം പ്രസിദ്ധമാണ്. വഹ്ഹാബി നേതാക്കൾ ഡി വൈ എസ് പിയെ സമീപിച്ച്, ജുമുഅ പ്രസംഗം മലയാളത്തിലാക്കു ന്നതിനെതിരെ അറിവില്ലാത്ത ബഹു ജനങ്ങളെ ഇളക്കി വിട്ട് കുഴപ്പമുണ്ടാക്കാനാണ് തിരുവിതാംകൂറുകാരനായ പതി മുസ്‌ലിയാരുടെ പുറപ്പാട് എന്ന് വിശ്വസിപ്പിച്ചു. പതി സ്ഥലത്തെത്തിയപ്പോൾ ഡി വൈ എസ് പി ടെ ചോദ്യം. "ജുമുഅ പ്രസംഗം മാതൃ ഭാഷയിൽ നടത്തിയാലല്ലേ അവർക്ക് മനസ്സിലാകു,
എന്തിനാണ് അതിനെ എതിർക്കുന്നത്? "
'144 പാസ്സാക്കിയ സ്ഥലത്ത് ജനങ്ങൾ ഒത്തുകൂടി പ്രസംഗം
നടത്താൻ നിങ്ങൾ അനുവദിക്കുമോ?" പതിയുടെ മറുചോദ്യം.
'ഇല്ല'
"എന്തുകൊണ്ട് "
"അത് നിയമലംഘനമാണ്"
"144 പാസ്സാക്കിയ എവിടെയെങ്കിലും ജുമുഅയും ഖുത്ബയും നിരോധി ച്ചിട്ടുണ്ടോ? "
'ഇല്ല'
' അതെന്താ?"
' അത് ആരാധനല്ലേ? '
ജുമുഅ ഖുത്ബ സാധാരണ
പ്രസംഗമല്ലെന്നും ഒരാരാധനയാണെന്നും താങ്കൾക്ക് മനസ്സിലായില്ലേ
എന്നായി പതി ഇതോടെ പതിയുടെ കരംഗ്രഹിച്ചു കൊണ്ട് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞുവത്രേ ' ക്ഷമിക്കണം ഞാനത്ര ചിന്തിച്ചില്ല'
വഹാബി നേതാവ്
ഇ കെ മൗലവിയുടെ നാടായ കടവത്തൂരിൽ ഒരു വാദപ്രതിവാദത്തിന് സമസ്‌ത പണ്ഡിതന്മാരെ പൊതുവെയും പതിയെ പ്രത്യേകിച്ചും ക്ഷണിച്ച് വഹാബികൾ ഒരു കത്തയച്ചു. അവർ നോട്ടീസ് വിതരണം ചെയ്തു. പതി ഉസ്‌താദിൻ്റെ പടയോട്ടം വഹാബിസത്തിന്റെ കൂമ്പടയാൻ ഇടയാക്കു മെന്ന് ഭീതിപ്പെട്ടവർ സുന്നീ ഉലമാക്കളെ പാഠം പഠിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പുതിയാപ്പിള
അബുറഹ്‌മാൻ മുസ്‌ലിയാർ, അബ്ദുൽ കമാൽ കാടേരി മുഹമ്മദ് മുസ്‌ലിയാർ, പതി അബ്ദുൽ ഖാദിർ മുസ്‌ലിയാർ തുടങ്ങിയവർ നിശ്ചിത സമയത്ത് തന്നെ സ്ഥലത്തെത്തി സ്റ്റേജിൽ ഉപവിഷ്ഠരായി. വളരെ പരിമിതമായ സൗകര്യം മാത്രം ഒരുക്കിയിരുന്ന വഹ്ഹാബികൾ, സുന്നികൾ സ്റ്റേജ് കയ്യേറി എന്ന ആരോപണമുന്നയിച്ച് സംഘർഷം സൃഷ്ടിക്കാനും
വാദപ്രതിവാദം നടത്താതിരിക്കാനും ശ്രമിച്ചതിനെ പതി സധൈര്യം പൊളിച്ച ടുക്കി.
സമസ്‌തയുടെ ആലിമുകളെ പൊതുവെയും തന്നെ പ്രത്യേകിച്ചും ക്ഷണിച്ചവർ ചുരുങ്ങിയത് 41 ക സേരകളെങ്കിലും ഒരുക്കണമായിരുന്നുവെന്നും വന്നവരിൽ കുറച്ച് പേർഉള്ള സൗകര്യം ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പതിയുടെ
നിലപാട്.
രംഗം പന്തിയല്ലെന്ന് കണ്ട മൗലവിമാർ
തടിതപ്പുകയായിരുന്നു.
തുടർന്ന് മൈക്ക് കൈയിലെടുത്ത പതി സലക്ഷ്യം അത്യുജ്ജ്വല പ്രസംഗം നടത്തിയാണ് മടങ്ങിയത്.
അതുല്യമായിരുന്നു പതിയുടെ ധീരത.
എൻ. അഹ്മദ് ഹാജി, കിത്സിങ്ങാന്റകത്ത് അബ്ദുല്ലക്കോയ ഹാജി എന്നിവരുടെ ശ്രമഫലമായി
കുറ്റിച്ചിറയിൽ 3 ദിവസത്തെ പ്രസംഗം തിരുമാനിച്ചു. പ്രസംഗ നോട്ടീസിൽ
സംഘാടകരുടെ പേര് വെക്കാൻ പോലും ധൈര്യപ്പെടാത്തത്ര ശക്തമായിരുന്നു വഹാബി സ്വാധീനം.
അതിനാൽ താൻ പ്രസംഗിക്കുന്ന
പ്രോഗ്രാമിൻ്റെ നോട്ടീസ് പതി ഉസ്‌താദിന്റെ പേരിൽ തന്നെയാണ്
പുറത്തിറക്കിയത്.
അരുതായ്‌മകൾക്കെതിരെകൂസലന്യേ പ്രതികരിക്കാനുള്ള
അദ്ദേഹത്തിന്റെ ആർജ്ജവം എടുത്തു പറയേണ്ടതാണ്. ശൈഖ് ആദം ഹസ്രത്തിന്റെ അധ്യക്ഷതയിൽ നടന്ന തിരൂരങ്ങാടി നൂറുൽ ഹുദാമദ്രസയുടെ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഖാൻ ബഹദൂർ ആറ്റക്കോയതങ്ങൾ നടത്തിയ ഒരു പരാമർശം പതിയെ ചൊടിപ്പിച്ചു. മുസ്‌ലിംകളുടെ അധഃപതനത്തിനു കാരണം ഭൗതിക വിദ്യാഭാസത്തിന്റെ അഭാവ മാണെന്നായിരുന്നു തങ്ങൾ പറഞ്ഞത്. അധ്യക്ഷപ്രസംഗത്തിനു മുമ്പ് തന്നെ ഉദ്ഘാടകനെ ഖണ്ഡിച്ചുകൊണ്ട് പതി അത്യുജ്ജ്വലമായ ഒരു
പ്രസംഗം നടത്തി. മ്ലാനതയോടെ സ്ഥലം വിടുമ്പോൾ ഖാൻ ബഹദൂർ, സംഘാടകരോട് പിറ്റേന്ന് പതിയെയും കൂട്ടി മമ്പുറത്തെത്താൻ നിർദ്ദേശിച്ചിരുന്നു. പതിയെ പാഠം പഠിപ്പിക്കുമെന്നായിരുന്നു പിറ്റേന്ന് കണ്ടപ്പോൾ ആറ്റക്കോയതങ്ങളുടെ ഭീഷണി. പതി നിസ്സങ്കോചം പറഞ്ഞു. "നിങ്ങളുടെ ഉപ്പാപ്പ അശ്രഫുൾ ഖൽഖിന്റെ ദീൻ പറയാനാണ് ഞാൻ വന്നത്. എന്റെ രോമത്തിനു പോലുംപോറലേൽപ്പിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. നിങ്ങളുടെ ഉപ്പാപ്പ സയ്യിദ് അലവിതങ്ങളടക്കം എന്നെ സഹായിക്കാനുണ്ടാകും." ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ ആറ്റക്കോയ തങ്ങൾ പതിയെ കെട്ടിപ്പിടിച്ച് ക്ഷമാപണം നടത്തുകയായിരുന്നു.
പതിയുടെ പോരാട്ടം മൗദുദികളെയും അസ്വസ്ഥരാക്കിയിരുന്നു. കാര്യവട്ടത്ത് അദ്ദേഹം നടത്തിയ ഖണ്ഡനപ്രസംഗത്തിലെ വാദപ്രതിവാദത്തിനുള്ള വെല്ലുവിളി
ഗത്യന്തരമില്ലാതെ അവർ ഏറ്റെടുത്തു. വ്യവസ്ഥകളെഴുതി. നിശ്ചിത ദിവസം കൃത്യസമയത്ത് സ്ഥലത്തെത്തിയ പതി ഉസ്‌താദിനെ അപായപ്പെടുത്താൻ എതിരാളികളൊരുക്കിയ ചതിക്കുഴിയിൽ അകപ്പെടാതെ രക്ഷ പ്പെട്ടത് ജനങ്ങളുടെ സമയോചിത ഇടപെടൽ കൊണ്ടായിരുന്നു.
പൊതുസ്‌റ്റേജിൽ വെച്ചുള്ള വാദപ്രതി വാദത്തിന് തങ്ങളില്ലെന്ന് മൗദൂദികൾക്ക് പിന്നീട് തുറന്ന് സമ്മതിക്കേണ്ടി വന്നു. ആദർശപോരാട്ടത്തിനായി മലബാറിൽ വന്ന ആ ധീരപോരാളി 1959 ഏപ്രിൽ 30 ന് തൻ്റെ നാല്‌പതാം വയസ്സിൽ കോഴിക്കോട് വെച്ച് വഫാത്തായി. ജനാസ സ്വദേശമായ ഓച്ചിറയിലേക്ക് കൊണ്ട് പോയി.
ദേശീയപാതയുടെ ഓരത്ത് ഓച്ചിറ
പള്ളിയുടെ കവാടത്തിനടുത്താണ്
മഹാനവർകളുടെ ഖബ്ർ.
സമസ്തയുടെ വളർച്ചയിൽ പതി അബ്ദുൽ ഖാദിർ മുസ്‌ലിയാർ വഹിച്ച പങ്ക് അവിസ്മരണീയമാണ്. സുന്നത്ത് ജമാഅത്ത് ഉറപ്പിച്ചിട്ട് വരണമെന്ന വാഴക്കാടൻ ഉസ്താദിന്റെ വാക്കുകൾ സഫലീകരിച്ചാണ് പതി ഉസ്‌താദ് മടങ്ങിയതെന്ന് പറയാം. പാങ്ങിലും ഫുർത്വവിയും പതിയും ഇ.കെ.ഹസൻ മുസ്‌ലിയാരും ഉഴുത്
മറിച്ച് പാകപ്പെട്ടത്തിയ മണ്ണാണ്
കേരളത്തിന്റേതെന്ന് പുതുതലമുറയ്ക്ക് ഓർമ വേണം. തങ്ങൾ നടത്തിയ പോരാട്ടത്തിലൂടെ മതപരിഷ്‌കരണ വാദികളുടെ പല്ലും നഖവും കൊഴിച്ച. നെഞ്ചുവിരിച്ച് നിൽക്കാൻ സുന്നികളെ പാകപ്പെടുത്തിയ ആ മഹാത്മാക്കളുടെ സ്വർഗീയപദവി അല്ലാഹു ഉയർത്തട്ടെ.ആമീൻ.
(സുന്നി വോയ്‌സ് )
إرسال تعليق