എന്നൊടുള്ള ഇഷ്ടം രഹസ്യമായും പരസ്യമായും പ്രകടിപ്പിക്കുന്നതിൽ ഒരിക്കലും പിശുക്ക് കാണിക്കാതിരുന്ന ഇ കെ അവർകൾ ഒരിക്കൽ ചെറുതായൊന്നു പിണങ്ങി. പട്ടിക്കാട് നടന്ന ഒന്നൊ രണ്ടൊ പരിപാടികളിൽ ഞാൻ പങ്കെടുത്തതായിരുന്നു കാരണം. സ്ഥാപനത്തിന്റെ പരിപാടിക്കായിരുന്നില്ല അതെന്നാണ് എന്റെ ഓർമ്മ. പോഷക സംഘടനകൾ അവിടെ നടത്തിയ പരിപാടികളിൽ പങ്കെടുത്തതായിരുന്നു. വിദ്യാഭ്യാസ ബോർഡ് സംഘടിപ്പിച്ച ഒരു പണ്ഡിത ക്യാമ്പായിരുന്നു അതിലൊന്ന്. " നീ പട്ടിക്കാട് പോകുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു. അത് നിർത്തണം" - അങ്ങോട്ടേക്ക് പോകരുതെന്ന് വേറെ ആരോടെങ്കിലും ഇ കെ ഇതു പോലെ പറഞ്ഞതായി കേട്ടിട്ടില്ല. എന്നോടിപ്പറഞ്ഞത് അദ്ദേഹത്തിന്റെ ഖാദിം മുസ്തഫ ദാരിമി കേട്ടു. ജാമിഅ നൂരിയ്യയിൽ നിന്നുള്ള പുറത്താക്കലിൽ അദ്ദേഹം അനുഭവിച്ച വേദനയും എന്നോടുള്ള സ്നേഹത്തിന്റെ ആഴവും ആ വാക്കുകളിൽ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.
വിശ്വാസ പൂർവം പേജ് -371
---------------------
കേരളത്തിലെ കലുഷിതമായ ഒരു രാഷ്ടീയ സാഹചര്യത്തിലായിരുന്നു മർകസിന്റെ ശിലാസ്ഥാപനം. മുസ്ലിം ലീഗിലെ പിളർപ്പ് അതിന്റെ മൂർധന്യാവസ്ഥയിലെത്തിയ സമയം. രണ്ടു വിഭാഗവുമായി സൗഹാർദ്ദത്തിൽ പോകണമെന്നതായിരുന്നു
ഞങ്ങളുടെ നിലപാട്. അത് കൊണ്ട് തന്നെ ഇരു ലീഗിലേയും നേതൃസ്ഥാനത്തുണ്ടായിരുന്ന സയ്യിദന്മാരെയും പരിപാടികൾക്ക് ക്ഷണിക്കുന്നതായിരുന്നു ഞങ്ങളുടെ രീതി. പള്ളിയുടെ ശിലാസ്ഥാപനം നിർവഹിക്കാൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെയും സയ്യിദ് ഉമർ ബാഫഖി തങ്ങളെയും ക്ഷണിച്ചു. അതനുസരിച്ച് നോട്ടീസും അച്ചടിച്ചു. മറ്റൊരു പരിപാടിക്ക് ഉമറലി ശിഹാബ് തങ്ങളെയും ക്ഷണിച്ചിരുന്നു. എന്നാൽ പാണക്കാട് തങ്ങന്മാരെ പരിപാടിയിൽ പങ്കെടുക്കാൻ യൂണിയൻ ലീഗുകാർ അനുവദിച്ചില്ല.മർകസിനു സമീപം കാരന്തൂർ വരെ എത്തിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ചിലർ ചേർന്ന് മടക്കി അയക്കുകയായിരുന്നു. അന്നത്തെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിലുള്ള വിഷമം അദ്ദേഹം എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ അതിനു ശേഷം ക്ഷണിച്ച പരിപാടികൾക്കും അദ്ധേഹം വന്നില്ല. സയ്യിദ് ഉമർ ബാഫഖി തങ്ങൾ പങ്കെടുത്തു. അനാഥ മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിനു പൊതു മരാമത്ത് വകുപ്പ് മന്ത്രി പി എം അബൂബക്കറും വന്നു. അതൊടെ ഞങ്ങളെ അഖിലേന്ത്യാ ലീഗുകാരായി മുദ്ര കുത്താൻ തുടങ്ങി....
വിശ്വാസ പൂർവം - പേജ് -383
إرسال تعليق