എസ്എസ്എഫ് പ്രഥമ സംസ്ഥാന കമ്മിറ്റി
പ്രസിഡന്‍റ്: പി എം എസ് ഹൈദരലി ശിഹാബ് തങ്ങള്‍.
വൈ.പ്രസി: കെ പി അസ്ഹര്‍ കില്‍താന്‍ ദ്വീപ്, യു അബ്ദുര്‍റഹ്മാന്‍ ഫറോഖ് കോളജ്, ജന.സെക്രട്ടറി: ബഹാഉദ്ദീന്‍ കൂരിയാട്.
ജോ.സെക്ര: എ കെ ഇസ്മാഈല്‍ വഫ, വി കെ മുഹമ്മദ്കുട്ടി, പി അബ്ദുല്‍ ഖാദിര്‍ മുഴപ്പാല. ട്രഷറര്‍: പി അബ്ദുല്‍റഹ്മാന്‍ കടവത്തൂര്‍.
മെമ്പര്‍മാര്‍: കെ അഹമ്മദ് കടലൂര്‍, എം മുഹ്യുദ്ദീന്‍കുട്ടി, കെ അബ്ദുര്‍റഹ്മാന്‍ കാവനൂര്‍, കെ കുഞ്ഞബ്ദുല്ല കടമേരി, കെ അലവിക്കുട്ടി, ടി കെ മുഹ്യുദ്ദീന്‍ കല്‍ത്തറ, ഇ മൊയ്തീന്‍ ഇരിങ്ങാട്ടിരി, കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, എ എം അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍.
പ്രഥമ ഉപദേശക സമിതി
പി എ അബ്ദുല്ല മൗലവി (കാഞ്ഞങ്ങാട് ഖാസി), എം എം ബശീര്‍ മുസ്ലിയാര്‍, പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്, അസീസ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍.
ഭരണഘടന
സംഘടനക്ക് ഒരു ഭരണഘടന തയ്യാറാക്കുന്നതിന് 1973 ഏപ്രില്‍ 29ന് ചേര്‍ന്ന പ്രഥമ യോഗത്തില്‍ തന്നെ ഒരു ഭരണഘടനാ നിര്‍മാണസഭക്ക് രൂപം നല്‍കിയിരുന്നു. എ പി അബ്ദുര്‍റഹ്മാന്‍ ഫൈസി (ചെയ.), എ കെ ഇസ്മാഈല്‍ വഫ, വി പി എം ഫൈസി വില്യാപള്ളി, ജലീല്‍ ഫൈസി, പി എ കെ മുഴപ്പാല, കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, എ പി മൊയ്തു തളിപ്പറമ്പ് എന്നിവരടങ്ങുന്നതായിരുന്നു ഭരണഘടനാ നിര്‍മാണ സമിതി. അടുത്ത മാസം തന്നെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1993 ജൂലൈ ഏഴിന് 2.30ന് ജാമിഅ നൂരിയ്യയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ ഭരണഘടന വായിച്ചു അംഗീകരിച്ചു.
25 വര്‍ഷം കൊണ്ട് മൂന്നു തവണ ഭരണഘടന ചില്ലറ ഭേദഗതികള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. 46 ഖണ്ഡികകളും 73 ഉപഖണ്ഡികകളുമാണ് ഭരണഘടനക്കുള്ളത്. ഭരണഘടനയുടെ അന്തസ്സത്ത ഖണ്ഡിക 5,6,7 ല്‍ യഥാക്രമം ലക്ഷ്യം, പ്രവര്‍ത്തന മാര്‍ഗം, താത്പര്യസംരക്ഷണം എന്നീ വകുപ്പുകളില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
എസ്എസ്എഫ് ഓഫീസ്
1973ല്‍ സംഘടന രൂപം കൊണ്ടത് മുതല്‍ 77 വരെ സംഘടനയുടെ ആസ്ഥാനം പട്ടിക്കാട് ജാമിഅ നൂരിയ്യയായിരുന്നു. 'ഒരു മുരിക്കിന്‍ പെട്ടിയായിരുന്നു ഞങ്ങളുടെ ഓഫീസെന്ന്' പല പഴയകാല നേതാക്കളും പറയുന്നത് കേള്‍ക്കാമായിരുന്നു. പിന്നീട് മലപ്പുറം കോട്ടപ്പടിയിലെ ഡൗണ്‍ഹില്ലിലേക്ക് ഓഫീസ് മാറ്റി. കെ എം അബ്ദുല്‍ബാരി, മുഹമ്മദ് ഇബ്റാഹീം സാഹിബ്, അഹമ്മദ് ആവിലോറ എന്നിവര്‍ ഓഫീസ് സെക്രട്ടറിമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991ലാണ് കോഴിക്കോട് സ്വന്തമായി നിര്‍മിച്ച സ്റ്റുഡന്‍റ്സ് സെന്‍ററിലേക്ക് ഓഫീസ് മാറ്റുന്നത്.
ശാഖകള്‍ക്ക് അംഗീകാരം
എസ്എസ്എഫിന്‍റെ കീഴ്ഘടകങ്ങളായി വിവിധ ഭാഗങ്ങളില്‍ രൂപം കൊണ്ട ശാഖാ കമ്മിറ്റികള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം 1976 ജൂണ്‍ 15ന് ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗമാണ് കൈകൊണ്ടത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കാസര്‍കോഡ് ജില്ലയിലെ ദേലമ്പാടി ശാഖ ഒന്നാം നമ്പര്‍ യൂണിറ്റായി അംഗീകരിച്ചു.
ആദ്യത്തെ പ്രകടനം
1981 മാര്‍ച്ച് എട്ടിന് നടന്ന തിരൂര്‍ താലൂക്ക് സമ്മേളനത്തോടനുബന്ധിച്ചാണ് ആദ്യമായി എസ്എസ്എഫ് ശക്തിപ്രകടനം നടത്തുന്നത്. താലൂക്ക് പ്രസിഡന്‍റായിരുന്ന മൊയ്തീന്‍ ഫൈസി ചേരൂരിന്‍റെ നേതൃത്വത്തില്‍ ആദ്യമായി നടന്ന പ്രകടനം എസ്എസ്എഫ് ഒരജയ്യ ശക്തിയാണെന്ന് തെളിയിച്ചു.
ആവേശമുണര്‍ത്തിയ ക്യാമ്പുകള്‍
കായംകുളം ക്യാമ്പ്
ദക്ഷിണ മേഖലയില്‍ ആദ്യമായി നടന്ന സംസ്ഥാന പരിപാടിയായിരുന്നു 82 ഒക്ടോബര്‍ ഒന്‍പതിന് കായംകുളത്ത് നടന്ന ദക്ഷിണ മേഖലാ ഏകദിന ക്യാമ്പ്. ആലപ്പുഴ, കോട്ടയം ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വരുന്നത് പ്രസ്തുത ക്യാമ്പില്‍ വെച്ചാണ്. കൊല്ലം ജില്ലാ കമ്മിറ്റി രൂപീകരിക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാമ്പ് രൂപം നല്‍കി. എസ്എസ്എഫ് അനിവാര്യതയും പ്രസക്തിയും എന്ന വിഷയത്തില്‍ റഹീം സാഹിബിന്‍റെ ക്ളാസ് ശ്രദ്ധേയമായിരുന്നു. ഭാരതീയ സംസ്കാരത്തില്‍ മുസ്ലിംകളുടെ പങ്ക് നമ്മുടെ അടിസ്ഥാന പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ളാസുകള്‍ നടന്നു.
എക്സിക്യൂട്ടീവ് ക്യാമ്പ്
ശാസ്ത്രീയ രൂപത്തില്‍ എസ് എസ് എഫിന്‍റെ ആദ്യക്യാമ്പായിരുന്നു 1981 ആഗസ്റ്റ് 7, 8, 9 തിയതികളില്‍ മലപ്പുറത്ത് നടന്ന എക്സിക്യൂട്ടീവ് ക്യാമ്പ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും സംസ്ഥാന കൗണ്‍സിലേഴ്സിനുമായി നടത്തിയ ക്യാമ്പില്‍ സംഘടനാ രംഗത്ത് നവീന മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. സംസ്ഥാന ലെവലില്‍ വ്യാപകമായ റിലീഫ് പ്രവര്‍ത്തനത്തിന് രൂപം കണ്ടത് പ്രസ്തുത ക്യാമ്പായിരുന്നു. ഐ പി ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും തെക്കന്‍ മേഖലകളിലേക്ക് സംഘടന വ്യാപിപ്പിക്കുന്നതിന് രൂപം കാണാനും കഴിഞ്ഞു. മൊയ്തീന്‍ ഫൈസി പുത്തനഴിയായിരുന്നു ക്യാമ്പ് അമീര്‍. ഇസ്ലാമിക പ്രവര്‍ത്തനം, ദീനീ നേതൃത്വം: അധികാരങ്ങളും ചുമതലകളും, സംഘടനാ ശാസ്ത്രം, നാം നേരിടുന്ന വെല്ലുവിളികള്‍, നമ്മുടെ അടിസ്ഥാന പ്രശ്നങ്ങള്‍, സത്യവിശ്വാസം തുടങ്ങിയ വിഷയങ്ങളില്‍ സമഗ്രമായ ക്ളാസുകള്‍ നടന്നു. എം എം ബശീര്‍ മുസ്ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ഗഫൂര്‍ ഖാസിമി, കെ വി മുഹമ്മദ് മുസ്ലിയാര്‍ കൂറ്റനാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പട്ടിക്കാട് ക്യാമ്പ്
1982 ഡിസംബര്‍ 23, 24, 25, 26 തിയതികളില്‍ പട്ടിക്കാട് ജാമിഅ: നൂരിയ്യയില്‍ ചതുര്‍ദിന സംസ്ഥാന ക്യാമ്പ് നടന്നു. വിവിധ ഘടകങ്ങളില്‍ സംഘടനയെ നയിക്കുന്ന നേതാക്കളെ പ്രസംഗരംഗത്ത് വളര്‍ത്തിയെടുക്കുകയെന്നതായിരുന്നു ക്യാമ്പിന്‍റെ പ്രധാനലക്ഷ്യം. ഒരു വിഷയത്തില്‍ നേതാക്കള്‍ പ്രസംഗിച്ചു കഴിഞ്ഞാല്‍ പ്രസ്തുത വിഷയത്തെ കുറിച്ച് ക്യാമ്പംഗങ്ങള്‍ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കും. പല പുതുമുഖങ്ങള്‍ക്കും രംഗത്തു വരാന്‍ ഇത് അവസരമൊരുക്കി. എസ് എസ് എഫ് നേതാക്കള്‍ തന്നെ മുഴുവന്‍ ക്ളാസുകള്‍ക്കും നേതൃത്വം നല്‍കിയെന്നത് മറ്റൊരു പ്രത്യേകതയായിരുന്നു. അലിഅബ്ദുല്ല, കെ എം എ റഹീം, എ കെ സി ഫൈസി, സി ഫൈസി എന്നിവരാണ് ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രസംഗകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എസ് എസ് എഫ് അനിവാര്യതയും പ്രസക്തിയും, സുന്നത്ത് ജമാഅത്തും ഇതര പ്രസ്ഥാനങ്ങളും എന്നീ വിഷയങ്ങളിലാണ് കാര്യമായും ചര്‍ച്ച നടന്നത്.
പൊന്നാരിമംഗലം ക്യാമ്പ്
ജൂലൈ 15, 16, 17 തിയതികളിലായി എറണാകുളം ജില്ലയിലെ പൊന്നാരിമംഗലത്തു നടന്ന എസ് എസ് എഫ് പ്രതിനിധി സമ്മേളനം എല്ലാ അര്‍ഥത്തിലും സംഘടനാ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നു. എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി കെ എം എ റഹീം സാഹിബിന്‍റേതായിരുന്നു ഒന്നാമത്തെ ക്ളാസ്. വിഷയം: പ്രവര്‍ത്തകന്‍റെ പണിപ്പുരയില്‍. തുടര്‍ന്ന് ദിക്ര്‍ ഹല്‍ഖയോടെ ഒന്നാം ദിവസത്തെ പരിപാടികള്‍ക്ക് സമാപനമായി.
രണ്ടാം ദിവസത്തെ പരിപാടികള്‍ ആരംഭിച്ചത് സംസ്ഥാന ഉപാധ്യക്ഷന്‍ ത്വാഹിര്‍ സഖാഫി മഞ്ചേരിയുടെ ഉദ്ബോധന പ്രസംഗത്തോടെയാണ്. മദ്ഹബുകള്‍ എന്ന വിഷയത്തെ അധികരിച്ച് പി എസ് കെ മൊയ്തുബാഖവി മാടവനയുടെ ക്ളാസായിരുന്നു പിന്നീട്. 'ഥരീഖത്തുകള്‍' എന്നതായിരുന്നു സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ വിഷയം. മുന്‍ സംസ്ഥാന പ്രസിഡന്‍റ് വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി 'എസ് എസ് എഫ് നയവും സമീപനവും' എന്ന വിഷയം അവതരിപ്പിച്ചു'. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ ക്ളാസ് ഇസ്തിഗാസ, ആത്മസംസ്കരണം എന്നീ രണ്ടു വിഷയങ്ങളെ സംബന്ധിച്ചായിരുന്നു. അന്നത്തെ ദിക്ര്‍ ഹല്‍ഖക്കു പേരോടു തന്നെ നേതൃത്വം നല്‍കി.
'പ്രവര്‍ത്തനത്തിന്‍റെ പുതിയ പാത' എന്ന വിഷയം അവതരിപ്പിച്ചത് എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി എന്‍ അലിഅബ്ദുല്ല സാഹിബായിരുന്നു. 'ബിദഈ പ്രസ്ഥാനങ്ങള്‍' എന്ന വിഷയത്തെ കുറിച്ച് ബശീര്‍ ഫൈസിയുടെ ക്ളാസായിരുന്നു തുടര്‍ന്ന്. എസ് എസ് എഫ് മുന്‍കാല സാരഥികളായ സി പി സൈതലവി ചെങ്ങര, പി കെ ബാവദാരിമി, മുഹമ്മദ് ബാദ്ഷ സഖാഫി, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, ജി അബൂബക്കര്‍ എന്നിവരും സന്നിഹിതരായിരുന്നു.
വരും കാലങ്ങളിലെ പ്രവര്‍ത്തനരംഗത്തെ സംബന്ധിച്ച ചര്‍ച്ചകളായിരുന്നു പ്രതിനിധി സമ്മേളനത്തിന്‍റെ മുഖ്യഇനം. വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രതിനിധികളെ വെവ്വേറെ ഗ്രൂപ്പുകളാക്കി തിരിച്ചാണ് ചര്‍ച്ച നടന്നത്.
സുപ്രധാന ചില പ്രമേയങ്ങള്‍ പ്രതിനിധി സമ്മേളനം അംഗീകരിച്ചിട്ടുണ്ട്. കലാലയങ്ങളിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിമുക്തമാക്കുക, വിഴിഞ്ഞം പ്രദേശത്ത് സാമുദായി സൗഹൃദം പുന:സ്ഥാപിക്കുക, മഹല്ലുകളില്‍ ഇസ്ലാമിക സംസ്കാരത്തിനെതിരായി വരുന്ന വെല്ലുവിളികളെ ചെറുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുക, ടാഡ പിന്‍വലിച്ചിട്ടും ടാഡ തടവുകാരെ വിട്ടയക്കാത്ത നടപടി അവസാനിപ്പിക്കുക, തുടങ്ങിയവയായിരുന്നു പ്രമേയങ്ങളിലൂടെ ഉന്നയിച്ച ആവശ്യങ്ങള്‍.
പ്രതിനിധികളുടെ ചര്‍ച്ചക്ക് മറുപടി പറഞ്ഞതും ഭാവികാല പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചതും ജന. സെക്രട്ടറി മജീദ് കക്കാടായിരുന്നു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ സമാപന പ്രസംഗം നടത്തി.
കളമശ്ശേരി ക്യാമ്പ്
താലൂക്ക് ജില്ലാ തലങ്ങളില്‍ നിയമിച്ച ഓര്‍ഗനൈസര്‍മാര്‍ക്ക് സംഘടന പരിശീലനം നല്‍കുന്നതിന് വേണ്ടി 1987 ഒക്ടോബര്‍ 1, 2, 3 തിയതികളില്‍ കളമശ്ശേരിയില്‍ വെച്ച് സംഘടന ഓര്‍ഗനൈസേഴ്സ് ക്യാമ്പ് നടന്നു. ദക്ഷിണ മേഖലയില്‍ നടന്ന പ്രഥമ സംസ്ഥാന പരിപാടിയായിരുന്നു അത്. സംഘടനാ പ്രവര്‍ത്തനമെന്തെന്ന് പ്രവര്‍ത്തകരെ പഠിപ്പിക്കുകയായിരുന്നു ഈ ക്യാമ്പില്‍. 'സുന്നത്ത് ജമാഅത്ത്' പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അവതരിപ്പിച്ചു. റഹീം സാഹിബിന്‍റെ സംഘടനാ ക്ളാസ് ശ്രദ്ധേയമായിരുന്നു.
ജില്ലാ ക്യാമ്പുകള്‍
1990 ജൂണ്‍ 15ന്‍റെ കൗണ്‍സില്‍ ജില്ലകള്‍ തോറും ക്യാമ്പുകള്‍ നടത്താന്‍ തീരുമാനിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പുകള്‍ നടക്കുകയുണ്ടായി. തുടര്‍ന്ന് വിവിധ സമയങ്ങളില്‍ മറ്റു ജില്ലകളില്‍ ക്യാമ്പുകള്‍ നടന്നു.
സമന്വയം
സംഘടനാ കേമ്പുകളില്‍ തികച്ചും പുതുമയുള്ളതും ഫലപ്രദവുമായിരുന്നു 91 ആഗസ്റ്റ് 30,31, സെപ്തംബര്‍ 1 തിയതികളില്‍ തളിപ്പറമ്പ് അല്‍മഖറുസുന്നിയ്യയില്‍ നടന്ന സമന്വയം. ചര്‍ച്ചകള്‍ക്ക് പ്രാമുഖ്യം നല്‍കുകയും അംഗങ്ങളുടെ അഭിപ്രായങ്ങള്‍ പരമാവധി സ്വീകരിക്കുകയും ചെയ്തുവെന്നതാണ് സമരത്തിന്‍റെ പ്രത്യേകത. മര്‍ഹൂം ഒ ഖാലിദ് സാഹിബിന്‍റെ സജീവ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ഒ ഖാലിദിന്‍റെ 'ഫാത്തിഹയിലൂടെ'യും കക്കാടിന്‍റെ 'ദഅ്വ ഒരു സാധന'യും പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ ആശയവിശകലനവും ഫലപ്രദമായി.
അരീക്കോട് ക്യാമ്പ്
സമസ്തയിലുണ്ടായ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിന്‍റെ അലയൊലികള്‍ സമൂഹത്തില്‍ അങ്ങിങ്ങ് അലോസരം സൃഷ്ടിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിലായിരുന്നു 1990 ഏപ്രില്‍ 29,30, മെയ് 1 തിയതികളില്‍ അരീക്കോട് ഇസ്ലാമിക് സര്‍വീസ് സെന്‍ററില്‍ വെച്ച് എസ് എസ് എഫിന്‍റെ സംസ്ഥാന ക്യാമ്പ് നടക്കുന്നത്. പ്രതിസന്ധികളെ കരുത്തോടെ തരണം ചെയ്യാനുള്ള എസ് എസ് എഫിന്‍റെ പ്രതിബദ്ധത ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയായിരുന്നു അവിടെ. ഇസ്ലാം കാലികമതം, എസ് എസ് എഫും ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യവും സംഘടനാ ശാസ്ത്രം, ആശയ വിശകലനം, ഇസ്ലാമും കമ്മ്യൂണിസവും എന്നീ വിഷയങ്ങളില്‍ സമഗ്രമായ ക്ളാസുകളും തുടര്‍ന്ന് ചര്‍ച്ചകളും നടന്നു.
കക്കാട് മുഹമ്മദ് ഫൈസി, ഇസ്മാഈല്‍ വഫ, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അലി അബ്ദുല്ല, ബശീര്‍ഫൈസി വെണ്ണക്കോട്, ബാവദാരിമി തുടങ്ങിയവരാണ് ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഗ്രൂപ്പ് ചര്‍ച്ച ക്യാമ്പിന്‍റെ പ്രത്യേകതയായിരുന്നു.
ആത്മ സംസ്കരണത്തിന്‍റെ മൂന്നു ദിനങ്ങള്‍
എസ് എസ് എഫിന്‍റെ പ്രവര്‍ത്തന ചരിത്രത്തില്‍ ഒരുജ്ജ്വല ഏട് തുന്നിച്ചേര്‍ത്തു കൊണ്ടാണ് സെപ്തംബര്‍ 20,21,22 തിയതികളില്‍ കണ്ണൂര്‍ ഉളിയില്‍ സുന്നി മജ്ലിസില്‍ നടന്ന തര്‍ബിയത്ത് ക്യാമ്പിന് സമാപ്തി കുറിച്ചത്. സെപ്തംബര്‍ 20ന് വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെ സമസ്ത കേരള സുന്നി യുവജനസംഘം ജനറല്‍ സെക്രട്ടറി ചിത്താരി ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് പി കെ എം സഖാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മജീദ് കക്കാട് സ്വാഗതം പറഞ്ഞു. ത്വാഹിര്‍ സഖാഫി മഞ്ചേരി ക്യാമ്പ് അമീറായി നിയോഗിക്കപ്പെട്ടു. രാത്രി വൈകി നടന്ന പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ ക്ളാസ് വിജ്ഞാനപ്രദമായിരുന്നു.
സുബ്ഹി നിസ്കാര ശേഷം അമീര്‍ ഉത്ബോധന പ്രസംഗം നടത്തി. കൃത്യം ഒമ്പതു മണിയോടെ ക്യാമ്പ് ഹാള്‍ ദിക്റിന്‍റെ വേദിയായി രൂപാന്തരപ്പെട്ടു. ശേഷം സംഘടനാ സെക്രട്ടറി മജീദ് കക്കാട് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. സിയാറത്തിനു വേണ്ടി പണ്ഡിതരുടെ നേതൃത്വത്തില്‍ രണ്ടു കിലോമീറ്ററോളം കാല്‍നടയാത്ര. ആ നടത്തത്തില്‍ ഉരുവിടാന്‍ പ്രത്യേക ദിക്റുകള്‍. ഓരോ അംഗവും ആയിരം തഹ്ലീല്‍. സിയാറത്തിനു ശേഷം അതേ അച്ചടക്കത്തില്‍ തിരിച്ചു ക്യാമ്പ് സെറ്റിലേക്കും. അപ്പോള്‍ എല്ലാവരുടെയും ചുണ്ടുകള്‍ 'നാരിയത്തുസ്വലാത്ത്' ചൊല്ലിക്കൊണ്ടിരിക്കുന്നതില്‍ വ്യാപ്തൃമായിരുന്നു.
മഗ്രിബ് നിസ്കാരാനന്തരമുള്ള ക്ളാസ് പി കെ എം സഖാഫിയുടേതായിരുന്നു. തൗഹീദ് എന്ന വിഷയത്തെ കുറിച്ചായിരുന്നു ക്ളാസ്. ശേഷം തസ്ബീഹ് നിസ്കാരം. സുബ്ഹി നിസ്കാരാനന്തരം ഖുര്‍ആന്‍ ഖത്തം തീര്‍ത്തു. മഹാന്‍മാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന അബ്ദുലത്തീഫ് സഅദിയുടെ ക്ളാസായിരുന്നു അടുത്ത പരിപാടി.
ജി അബൂബക്കര്‍ സാഹിബിന്‍റെ പ്രസംഗവും അംഗങ്ങള്‍ക്ക് ആവേശമായി. വിത്റിനും ളുഹാക്കും പ്രത്യേക സമയം അനുവദിച്ചതിന് പുറമെ ഓരോ സമയത്തും പ്രത്യേകം പ്രത്യേകം ദിക്റുകള്‍ നിര്‍ദേശിച്ചിരുന്നു.
മലമ്പുഴ ക്യാമ്പ്
1997 ജനുവരി 4, 5 തിയതികളില്‍ മലമ്പുഴ ഡാം സൈറ്റില്‍ നടന്ന സംസ്ഥാന ക്യാമ്പില്‍ വെച്ചായിരുന്നു സില്‍വര്‍ ജൂബിലിയുടെ ഒരു വര്‍ഷത്തെ ആഘോഷ പരിപാടികളെ കുറിച്ചുള്ള ഗഹനമായ ചര്‍ച്ച നടന്നത്. പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ട വിഷയം എസ് എസ് എഫ് 21 ാം നൂറ്റാണ്ടിലേക്ക് എന്നതായിരുന്നു. 1996 97 വര്‍ഷത്തെ കൗണ്‍സിലര്‍മാരായിരുന്നു ക്യാമ്പംഗങ്ങള്‍. ഈ ക്യാമ്പില്‍ വെച്ചാണ് 97 98 വര്‍ഷത്തെ പുതിയ കമ്മിറ്റി നിലവില്‍ വന്നത്. ജനുവരി നാലിന് കാലത്ത് മഞ്ഞക്കുളം മഖാം സിയാറത്തോടു കൂടി പരിപാടികള്‍ക്ക് തുടക്കമായി. ക്യാമ്പ് സൈറ്റില്‍ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ പതാക ഉയര്‍ത്തി. മുന്‍ സംസ്ഥാന പ്രസിഡന്‍റ് എ കെ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ വിവിധ വിഷയങ്ങളെ കുറിച്ച് മുന്‍ സെക്രട്ടറിമാരായിരുന്ന എന്‍ അലിഅബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മജീദ് കക്കാട് സ്വാഗതവും മുഹമ്മദ് പറവൂര്‍ നന്ദിയും പറഞ്ഞു.
കുറ്റ്യാടി ക്യാമ്പ്
94 ജൂണ്‍ 10, 11, 12 തിയതികളില്‍ കുറ്റ്യാടി സിറാജുല്‍ഹുദ എജ്യുക്കേഷണല്‍ കോംപ്ളക്സില്‍ ത്രിദിന സംസ്ഥാന ക്യാമ്പ് നടന്നു. ജൂണ്‍ 10 വെള്ളിയാഴ്ച വൈകുന്നേരം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് ക്യാമ്പിന്‍റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്. അവേലത്ത് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ തങ്ങളാണ് പ്രാര്‍ഥന നടത്തിയ്. പി കെ ബാവദാരിമി അധ്യക്ഷനായിരുന്നു. മഗ്രിബിന് ശേഷം സംസ്ഥാന സെക്രട്ടറി ജി അബൂബക്കര്‍ സംഘടന ഇന്ന് എന്ന വിഷയത്തിലേക്ക് പ്രവര്‍ത്തകരുടെ ശ്രദ്ധ തിരിച്ചു. തഹ്ലീല്‍ സദസോടെ ഒന്നാം ദിവസത്തെ പരിപാടികള്‍ക്ക് സമാപനം കുറിച്ചു.
രണ്ടാം ദിവസം സുബ്ഹിക്ക് ശേഷം മുന്‍ സംസ്ഥാന സെക്രട്ടറി എന്‍ അലിഅബ്ദുല്ല എസ് എസ് എഫ് ഇന്നലെ അവതരിപ്പിച്ചു. ഇസ്ലാമും മുസ്ലിംകളുടെ നേരിടുന്ന സാംസ്കാരിക വെല്ലുവിളികളെ തെളിവുകളും കണക്കുകളും ഉദ്ധരിച്ച് അല്‍ ഇര്‍ഫാദ് പത്രാധിപര്‍ പി എം കെ ഫൈസി വരച്ചുകാട്ടി. കലാലയങ്ങളുടെ കലുഷരൂപം സ്വന്തം അനുഭവ വെളിച്ചത്തില്‍ അവതരിപ്പിച്ചു മുന്‍ സംസ്ഥാന കാര്യദര്‍ശി സി പി സൈതലവി മാസ്റ്റര്‍.
ഉച്ചക്ക് ശേഷം പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ആശയ വിശകലനം നടത്തി. ക്യാമ്പിന്‍റെ മര്‍മപ്രധാന ഇനമായ സംവാദം വൈകുന്നേരം 7.30നാണ് തുടങ്ങിയത്. സംഘടനാ സംബന്ധമായ കാര്യങ്ങള്‍ക്ക് സംസ്ഥാന നേതാക്കള്‍ അതാത് സമയങ്ങളില്‍ വിശദമായ മറുപടി നല്‍കി.
പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയായിരുന്നു സംവാദം നിയന്ത്രിച്ചത്. സംസ്ഥാന സമിതിയുടെ പ്രതിനിധികളായി പി കെ ബാവദാരിമി, ജി അബൂബക്കര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മജീദ് കക്കാട്, മുഹ്യിദ്ദീന്‍കുട്ടി അഹ്സനി, അബ്ദുല്ല വടകരും എന്നിവരും പ്രവര്‍ത്തകരുടെ പ്രതിനിധികളായി കെ ടി ത്വാഹിര്‍ സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, വാരിയത്ത് മുഹമ്മദലി, എ പി അബ്ദുല്‍ റസാഖ്, മര്‍സൂഖ് പാപ്പിനിശ്ശേരി, സ്വാദിഖ് വെളിമുക്ക്, മുഹമ്മദ് പറവൂര്‍, നസീര്‍ മേലടി, കരീം കക്കാട്, നാസിര്‍ തൊട്ടി എന്നിവരും അണി നിരന്നു.
മൂന്നാം ദിവസം മാളിയേക്കല്‍ സുലൈമാന്‍ സഖാഫിയുടെ ഖുര്‍ആന്‍ ക്ളാസും ത്വാഹിര്‍ സഖാഫി മഞ്ചേരിയുടെ ഹദീസ് ക്ളാസും നടന്നു. പി പി എം പാറന്നൂരിന്‍റെ സംഘടനാ ക്ളാസ് ഏറെ ഫലപ്രദമായിരുന്നു. ആറു മാസത്തേക്കുള്ള പ്രവര്‍ത്തന പദ്ധതി ജി അബൂബക്കര്‍ അവതരിപ്പിച്ചു. പ്രസിഡന്‍റിന്‍റെ ഉപസംഹാര പ്രസംഗത്തിന് ശേഷം പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ നേതൃത്വത്തില്‍ നടന്ന കൂട്ട പ്രാര്‍ഥനയോടെ ക്യാമ്പിന് തിരശീല വീണു.
നവോന്മേഷവുമായി ഇരിങ്ങല്ലൂര്‍ ക്യാമ്പ്
സംസ്ഥാന കൗണ്‍സിലേഴ്സിനായി 95 മാര്‍ച്ച് 25, 26 തിയതികളില്‍ ഇരിങ്ങല്ലൂര്‍ മജ്മഉദ്ദഅ്വത്തില്‍ ഇസ്ലാമിയ്യയില്‍ സംസ്ഥാന ക്യാമ്പ് നടന്നു. സംഘടനയും പ്രവര്‍ത്തകരും, സംഘടനയുടെ ഭാവി, ഹദീസ് പഠനം, ഇസ്ലാമിക പ്രബോധനത്തെ കുറിച്ചുള്ള ക്ളാസ്, ദ്വിവത്സര പദ്ധതിയവതരണം തുടങ്ങിയവയായിരുന്നു പരിപാടികള്‍. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, വെള്ളില മുഹമ്മദ് ഫൈസി, കെ എം എ റഹീം, അലി അബ്ദുല്ല, ബാവദാരിമി, ജി അബൂബക്കര്‍ തുടങ്ങിയവരാണ് വിവിധ സെഷനുകളില്‍ സംബന്ധിച്ചത്. 95 96 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ ഈ ക്യാമ്പിലാണ് തിരഞ്ഞെടുത്തത്.
ഉത്തരമേഖലാ തര്‍ബിയത്ത് ക്യാമ്പ്
സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 97 ജൂണ്‍ 27, 28, 29 തിയതികളില്‍ മാനന്തവാടി മുഅസ്സസയില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഉത്തരമേഖലാ തര്‍ബിയത്ത് ക്യാമ്പ് ആത്മനിര്‍വൃതിയുടെ ധന്യവേദിയായി മാറി. കാസര്‍കോഡ്, കണ്ണൂര്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ സംസ്ഥാന, ജില്ലാ സില്‍വര്‍ ഗാര്‍ഡുകള്‍ക്കും ഡിവിഷന്‍, ജില്ലാ ഭാരവാഹികള്‍ക്കുമായി സംഘടിപ്പിച്ച ക്യാമ്പ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷ പ്രസംഗം നടത്തി.
സംസ്ഥാന ട്രഷറര്‍ കെ എസ് മുഹമ്മദ് സഖാഫിയെ ക്യാമ്പ് അമീറായി തിരഞ്ഞെടുത്തു. ഹൃദയത്തിന്‍റെ രോഗങ്ങള്‍ എന്ന വിഷയത്തില്‍ സമസ്ത വയനാട് ജില്ലാ സെക്രട്ടറിയും മുഅസ്സസയുടെ ശില്‍പിയുമായ മമ്മുട്ടി മുസ്ലിയാര്‍ ക്ളാസെടുത്തു. രണ്ടാം ദിവസം 8.30ന് അശ്റഫ് കാമില്‍ സഖാഫിയുടെ ഖുര്‍ആന്‍ ക്ളാസ് തുടങ്ങി. റവാത്തീബ് സുന്നത്തുകളെ കുറിച്ച് ത്വാഹിര്‍ സഖാഫി വിവരിച്ചു.
ളുഹ്റിനു ശേഷം ബാബലിയിലേക്ക് സിയാറത്ത് യാത്ര സംഘടിപ്പിച്ചിരുന്നു. അസര്‍ നിസ്കാരം കഴിഞ്ഞു മരണത്തെ കുറിച്ച് ത്വാഹിര്‍ സഖാഫി സംസാരിച്ചു. മഗ്രിബിന് ശേഷം ദിക്ര്‍ ഹല്‍ഖയായിരുന്നു പ്രധാന പരിപാടി. ത്വാഹിര്‍ സഖാഫിയുടെ ഉദ്ബോധനത്തോടെയായിരുന്നു തുടക്കം.
ഇശാ നിസ്കാര ശേഷം ഹദ്ദാദ് ചൊല്ലി ഭക്ഷണ ശേഷം പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ ക്ളാസ് ആരംഭിച്ചു. വയനാട് ജില്ലാ ഖാസി ഹസന്‍ മുസ്ലിയാരുടെ പ്രാര്‍ഥനയോടെ രണ്ടാം ദിവസത്തെ പരിപാടികള്‍ക്ക് സമാപനമായി.
ഞായറാഴ്ച ആറു മണിക്ക് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ നമ്മുടെ കര്‍മവീഥി അവതരിപ്പിച്ചു. സ്വര്‍ഗത്തിലേക്ക് ത്വാഹിര്‍ സഖാഫി പ്രഭാഷണം തുടങ്ങി. വിടവാങ്ങലിന്‍റെ വേദനക്കിടയിലും സംഘടനക്ക് വേണ്ടി ജീവാര്‍പ്പണം ചെയ്യാന്‍ പ്രതിനിധികള്‍ പ്രതിജ്ഞയെടുത്തു. വീട്ടിലെത്തുന്നതിന് മുമ്പ് ആയിരത്തിയൊന്ന് സ്വലാത്തുകള്‍ ചൊല്ലി തീര്‍ക്കാന്‍ ഏല്‍പ്പിക്കപ്പെട്ടിരുന്നു. സ്വലാത്തുകള്‍ ഉരുവിട്ട് ധന്യതയോടെ മുഅസ്സസുയുടെ പടിയിറങ്ങി.
ദക്ഷിണ മേഖലാ തര്‍ബിയത്ത് ക്യാമ്പ്
തെക്കന്‍ മേഖലാ തര്‍ബിയത്ത് ക്യാമ്പ് ജൂലൈ 25, 26, 27 തിയതികളില്‍ കൊല്ലം ഖാദിസിയ്യയില്‍ നടന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ജില്ലാ, ഡിവിഷന്‍ ഭാരവാഹികളും സില്‍വര്‍ ഗാര്‍ഡ് അംഗങ്ങളുമാണ് ക്യാമ്പമ്പില്‍ പങ്കെടുത്തത്.
സുന്നി യുവജന സംഘം കൊല്ലം ജില്ലാ അധ്യക്ഷന്‍ സയ്യിദ് നിസാമുദ്ദീന്‍ ബാഫഖി തങ്ങള്‍ ത്രിവര്‍ണ പതാക വാനിലുയര്‍ത്തിയതോടെ ക്യാമ്പിന് തുടക്കമായി. നിസ്കാരാനന്തരം ഖാദിസിയ്യ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉദ്ഘാടന സെഷന്‍ എസ് വൈ എസ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്‍റ് അബ്ദുസ്സലാം ഹസനിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം പി എം ഹൈദ്രോസ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡെപ്യൂട്ടി പ്രസിഡന്‍റ് മുഹമ്മദ്കുഞ്ഞ് സഖാഫിയുടെ സ്വാഗത പ്രഭാഷണത്തോടെയാരംഭിച്ച സെഷന്‍ സൈനുദ്ദീന്‍ ബാഫഖി തങ്ങള്‍ അന്ത്രോത്തിന്‍റെ ആശംസാ പ്രസംഗത്തോടെ അവസാനിച്ചു.
ഐ സി എസ് ഇസ്ലാമിക് കോംപ്ളക്സ് ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് ബാദ്ഷാ സഖാഫിയുടേതായിരുന്നു പ്രഥമ ക്ളാസ്. രണ്ടാം ദിവസം പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ നടത്തിയ ഉദ്ബോധന പ്രസംഗത്തില്‍ പ്രവര്‍ത്തകര്‍ ഉത്സുകരായി. മാന്നാര്‍ ടൗണ്‍ മസ്ജിദ് ഇമാം എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി ഹിഫ്ളുല്‍ അഅ്ളാഅ് എന്നതിനെ അധികരിച്ച് ക്ളാസെടുക്കാന്‍ ഹാളിലെത്തി.
അടുത്തത് പി എ ഹൈദ്രോസ് മുസ്ലിയാരുടെ ഫളാഇലുല്‍ അഅ്മാല്‍ എന്ന വിഷയത്തിലുള്ള ക്ളാസായിരുന്നു. അഞ്ചു മണിക്ക് കെ ടി ത്വാഹിര്‍ സഖാഫി അത്തരീഖു ഇലല്‍ ജന്ന എന്ന വിഷയം അവതരിപ്പിക്കാന്‍ സ്റ്റേജിലേക്കു വന്നു. തുടര്‍ന്ന് തസ്കിയത്തുല്‍ ഖല്‍ബ് എന്ന വിഷയത്തില്‍ സയ്യിദ് സൈനുദ്ദീന്‍ അല്‍ ബുഖാരി (ആന്ത്രോത്ത്) ക്ളാസ് അവതരണത്തിനായി ഹാളില്‍ വന്നു.
പത്തു മണിക്ക് നടന്ന ഹദ്ദാദ് റാത്തീബിന് ഹെദ്രോസ് മുസ്ലിയാര്‍, സൈനുദ്ദീന്‍ തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സൈനുദ്ദീന്‍ തങ്ങള്‍ വിടവാങ്ങല്‍ പ്രഭാഷണം നടത്തി.
മധ്യമേഖലാ ക്യാമ്പ്
ആഗസ്റ്റ് ഏഴിന് വെള്ളിയാഴ്ച വൈകുന്നേരം വെട്ടിച്ചിറ മജ്മഇനോടനുബന്ധിച്ച് വിശാലമായ പള്ളിയില്‍ മധ്യമേഖലാ ക്യാമ്പിന് തിരശ്ശീരല ഉയര്‍ന്നു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, നീലഗിരി ജില്ലകളിലെ പ്രതിനിധികള്‍ ത്രിദിന ആത്മീയ സംഗമത്തിന് സന്നിഹിതരായിരുന്നു. മുന്‍ സംസ്ഥാന പ്രസിഡന്‍റ് അബൂബക്കര്‍ ശര്‍വാനി പതാക ഉയര്‍ത്തിയതോടെ ക്യാമ്പിന് തുടക്കമായി. മഗ്രിബ് നിസ്കാരാനന്തരം ഉദ്ഘാടന സെഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി കെ എം സഖാഫിയുടെ അധ്യക്ഷതയില്‍ ചെറുശ്ശോല കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ അര്‍ഥഗര്‍ഭമായ പ്രഭാഷണത്തോടെ ഉദ്ഘാടനം ചെയ്തു. അബൂബക്ര്‍ ശര്‍വാനി പ്രസംഗിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മാളിയേക്കല്‍ സുലൈമാന്‍ സഖാഫി സദസിന് സ്വാഗതമോതി.
എട്ടു മണിയോടെ സ്വര്‍ഗവും നരകവും പ്രഥമ ക്ളാസിന് വി പി എ തങ്ങള്‍ ദാരിമി ആട്ടീരി നേതൃത്വം നല്‍കി. പിന്നീട് നടന്ന മൗലിദും ഖുതുബിയ്യത്തും വി പി എ തങ്ങള്‍ ദാരിമിയും അബ്ദുല്‍ ഹമീദ് ബാഖവിയും നേതൃത്വം നല്‍കി.
സുബ്ഹി നിസ്കാരാനന്തരം നടന്ന അല്‍കഹ്ഫ് പാരായണത്തോടെ രണ്ടാം ദിവസത്തെ പരിപാടികള്‍ക്ക് തുടക്കമായി. ഒന്‍പതു മണിക്ക് നീലഗിരി ജില്ലാ പ്രസിഡന്‍റും ദേവര്‍ശോല അബ്ദുല്‍സലാം മുസ്ലിയാര്‍ മഹ്ശറയില്‍ അവതരിപ്പിച്ചു. സംസ്ഥാന മുഖ്യകാര്യദര്‍ശി മജീദ് കക്കാടിന്‍റെ പ്രസംഗത്തിനു ശേഷം ജുമുഅക്കു പോകാനുള്ള തയ്യാറെടുപ്പായി. ഉച്ചക്കു ശേഷം മുഖാമുഖം ആരംഭിച്ചു. എന്‍ എം ബാപ്പു മുസ്ലിയാര്‍ അസര്‍ നിസ്കാരാനന്തരം ഫളാഇലുല്‍ അഅ്മാല്‍ ക്ളാസാരംഭിച്ചു. മഗ്രിബ് ജമാഅത്തിനു ശേഷം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തസ്കിയതുല്‍ ഖല്‍ബ് ക്ളാസെടുത്തു. തസ്ബീഹ് നിസ്കാരത്തോടെ രണ്ടാം ദിവസത്തെ പരിപാടികള്‍ അവസാനിപ്പിച്ചു.
മൂന്നാം ദിവസം സുബ്ഹി നിസ്കാരാനന്തരം കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഹിഫ്ളുല്‍ അഅ്ളാഅ് അവതരിപ്പിച്ചു. പത്തു മണിക്ക് ഖത്തം ദുആ നടത്തി. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കെ ടി ത്വാഹിര്‍ സഖാഫി സ്വര്‍ഗത്തിലേക്കുള്ള പാത അവതരിപ്പിച്ചു. ഉച്ചക്ക് പന്ത്രണ്ടു മണിക്ക് സംസ്ഥാന പ്രസിഡന്‍റിന്‍റെ അര്‍ഥഗംഭീരമായ വിടവാങ്ങല്‍ പ്രസംഗം.
ത്വാഹിര്‍ സഖാഫിയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനക്കു ശേഷം ക്യാമ്പിന്‍റെ സന്ദേശമെന്ന നിലയില്‍ നിര്‍ദേശിക്കപ്പെട്ട സ്വലാത്തിന്‍റെ മന്ത്രധ്വനികളുരുവിട്ട് കൊണ്ട് പ്രവര്‍ത്തകര്‍ മജ്മഇനോട് വിട പറഞ്ഞു.
രിസാല കാലത്തെ കൈയിലെടുക്കുന്നു
കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ മുഖപത്രമാണ് രിസാല. 1983 നവംബറില്‍ തുടക്കം കുറിച്ചു. എസ് എസ് എഫിന്‍റെ പ്രസിദ്ധീകരണ വിഭാഗമായ ഐ പി ബിയാണ് ഇതിന്‍റെ പ്രസാധകര്‍. സംഘടനാ ദശാബ്ദി ആഘോഷിക്കുന്ന വേളയിലാണ് രിസാല ജന്മമെടുക്കുന്നത്. സംഘടനയുടെ നയങ്ങളും പരിപാടികളും തുറന്നു പ്രഖ്യാപിക്കുന്നതോടൊപ്പം ജനങ്ങളെ വൈജ്ഞാനികമായി വളര്‍ത്തിക്കൊണ്ടു വരാനും അവരെ ആത്മീയമായും ധാര്‍മികമായും സംസ്കരിച്ചെടുക്കാനും രിസാല ശ്രദ്ധിച്ചു. രാഷ്ട്രത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പൊതുവെയും സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പ്രത്യേകിച്ചും ഇടപെടാനും പ്രശ്നത്തിന്‍റെ ആഴത്തിലേക്ക് ജനശ്രദ്ധ തിരിച്ചു വിടാനും രിസാലയുടെ പ്രവര്‍ത്തനം മൂലം സാധിച്ചു. ധര്‍മ വിപ്ളവ മുദ്രാവാക്യം മുഴക്കി സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ജീര്‍ണതക്കും അധര്‍മത്തിനുമെതിരെ എസ് എസ് എഫിന്‍റെ ശബ്ദമാണ് രിസാല.
1983 നവംബറില്‍ ഡമ്മി 1/8 സൈസില്‍ ഒരു മാസികയായി പുറത്തിറങ്ങിയ രിസാല 1988 ഡിസംബര്‍ വരെ ആ നിലയില്‍ തുടര്‍ന്നു. 1989 ജനുവരി മുതല്‍ ദ്വൈവാരികയായി പുറത്തിറങ്ങി. 89 വരെ മലപ്പുറം ഡൗണ്‍ഹില്‍ ആയിരുന്നു രിസാലയുടെ കേന്ദ്ര ഓഫീസ്. സംഘടനാ ആസ്ഥാനം കോഴിക്കോട് സ്റ്റുഡന്‍റ്സ് സെന്‍ററിലേക്ക് മാറ്റിയതോടെ രിസാലയുടെ ഓഫീസും കോഴിക്കോട്ടേക്ക് മാറ്റി; 91 ആഗസ്റ്റ് മാസത്തില്‍.
89 നവംബറില്‍ ബഹുവര്‍ണ പുറം ചട്ടയോടെ ഡമ്മി 1/4 സൈസില്‍ കോഴിക്കോട് നിന്നും രിസാല പ്രസിദ്ധീകരണം തുടങ്ങി. സംഘടനയുടെ ഇരുപതാം വാര്‍ഷികത്തോടു കൂടി രിസാല 94 ജൂണ്‍ മൂന്ന് മുതല്‍ വാരികയായി പുറത്തിറങ്ങി. മഹാനായ കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ തിരുകരങ്ങള്‍ കൊണ്ടാണ് വാരിക പുറത്തിറക്കിയത്. ഖിയാമം നാള്‍ വരെ രിസാല നിലനില്‍ക്കുമെന്ന അദ്ദേഹത്തിന്‍റെ ആശിര്‍വാദം അനര്‍ഥമാക്കി കൊണ്ട് രിസാല വളര്‍ച്ചയുടെ പുതിയ പടവുകള്‍ താണ്ടുകയാണ്.
ഡമ്മി 1/2 സൈസില്‍ പത്രരൂപത്തില്‍ ആണ് വാരിക ആദ്യം തുടങ്ങിയിരുന്നത്. 117 ലക്കങ്ങള്‍ ഈ രൂപത്തില്‍ ഇറങ്ങി. പിന്നീട് സിങ്കിള്‍ കളറില്‍ ഡമ്മി 1/4ല്‍ പുസ്തക രൂപത്തിലിറങ്ങിയ രിസാല ഓരോ ലക്കങ്ങളും പുതിയ മാറ്റങ്ങള്‍ വരുത്തി പരിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മള്‍ട്ടി കളര്‍ മുഖചിത്രത്തോടെ കൂടുതല്‍ പേജുകളും വിഭവങ്ങളുമായി രിസാല മുടങ്ങാതെ പുറത്തിറങ്ങുന്നു. ഇപ്പോള്‍ ഇന്‍റര്‍നെറ്റിലും രിസാല ലഭ്യമാണ്. വെബ് എഡിഷന്‍: ംംം.ൃശമെഹമീിഹശില.രീാ. ഇന്ത്യയില്‍ വ്യവസ്ഥാപിത രൂപത്തില്‍ ഒരു വാരിക നടത്തിക്കൊണ്ടു പോകുന്ന ഏക വിദ്യാര്‍ഥി സംഘടന എസ് എസ് എഫ് മാത്രമാണ്. സ്വന്തമായി ഓഫീസും ഡി ടി പി, ഫാക്സ്, ഫോണ്‍ സൗകര്യങ്ങളുള്ള രിസാല മലയാളത്തിലെ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളില്‍ മികച്ചു നില്‍ക്കുന്നു.
'ഉബല്ലിഗുകും രിസാലത്തി റബ്ബീ' എന്ന ദൗത്യമേറ്റെടുത്ത് രംഗത്തു വന്ന രിസാലയുടെ വിജയരഹസ്യം രിസാലയെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന പ്രവര്‍ത്തകരും അനുവാചകരുമാണ്.
ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് രിസാല സജ്ജമാകുമ്പോള്‍ ചോദ്യങ്ങളുടെ ശരമുനകള്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ഉയര്‍ന്നു വന്നിരുന്നു. 'മാസിക നടത്താന്‍ കഴിവില്ലാത്ത നിങ്ങളാണോ വാരിക നടത്തുന്നത്' ചോദ്യം ഒരു വെല്ലുവിളിയായി പ്രവര്‍ത്തകരേറ്റെടുത്തു. ഒരു വാരിക എങ്ങനെ നടത്തിക്കൊണ്ടു പോകാമെന്ന് അവര്‍ക്ക് കാണിച്ചുകൊടുത്തു. അനേകം പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ വിജയമാണിത്. സ്വദേശത്തും വിദേശത്തുമുള്ള പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ രിസാലയെ തങ്ങളുടെ കുടുംബാംഗത്തെ പോലെ സ്നേഹിക്കുന്നു. അബ്ദുല്‍ റസാഖ് കൊറ്റി, അശ്റഫ് മന്ന, ഇ കെ മാഹിന്‍ സഖാഫി, അബ്ദുല്ല വടകര, കുട്ടി നടുവട്ടം, മുഹമ്മദ് പാറന്നൂര്‍, ഇബ്റാഹീം ടി എന്‍ പുരം, വി പി എം ശാഫി തുടങ്ങിയവര്‍ രിസാലക്കു ഗണ്യമായ സേവനങ്ങള്‍ ചെയ്തവരാണ്.
വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസിയാണ് തുടക്കം മുതല്‍ പപ്ളിഷര്‍. വെള്ളില മുഹമ്മദ് ഫൈസിയാണ് ആദ്യ ചീഫ് എഡിറ്റര്‍. തുടര്‍ന്ന് മാളിയേക്കല്‍ സുലൈമാന്‍ സഖാഫി ചീഫ് എഡിറ്ററായി.
ബഹാഉദ്ദീന്‍ കൂരിയാട്, ഇസ്മാഈല്‍ വഫ, അബൂബക്കര്‍ ശര്‍വാനി, അലി അബ്ദുല്ല, മുഹമ്മദ് ഇബ്റാഹീം സാഹിബ് തുടങ്ങിയവരുടെ സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണ്. മുഹമ്മദ് പുല്ലാളൂര്‍, ടി കെ അലിഅശ്റഫ്, അബ്ദുസ്സമദ് പുലിക്കാട്, അശ്റഫ് പുല്ലാളൂര്‍ എന്നിവര്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ സേവനം ചെയ്തിട്ടുണ്ട്. ജി അബൂബക്കര്‍ സാഹിബ്, കരീം കക്കാട് എന്നിവരും രിസാലയെ സേവിച്ചു.
കര്‍മ സരണിയില്‍ എം എസ് ഒ
സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ (എസ് എസ് എഫ്) ദേശീയ ഘടകമാണ് മുസ്ലിം സ്റ്റുഡന്‍റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എം എസ് ഒ). സുന്നി വിദ്യാര്‍ഥി സംഘടനയുടെ ഒരു ദേശീയതല നേതൃത്വം പൂവണിഞ്ഞത് 1979ല്‍ എം എസ് ഒ രൂപം പ്രാപിച്ചതോടെയാണ്. സ്ഥാപകന്‍ എ കെ ഇസ്മാഈല്‍വഫ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് എം എസ് ഒ പിറന്നത്.
ആധുനിക ഭൗതിക കോളജുകളില്‍ പാശ്ചാത്യന്‍ സംസ്കാരത്തില്‍ പെട്ട് അനിസ്ലാമിക പ്രവണതകളിലേക്ക് വഴുതി വീഴുന്ന മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ഇസ്ലാമികബോധം നല്‍കി വിശ്വാസപരമായി ശക്തി നല്‍കുകയെന്നതാണ് സംഘടനയുടെ പ്രഥമലക്ഷ്യം.
ബുദ്ധിപൂര്‍വമായ ഇസ്ലാമിക നേതൃബോധത്തിന്‍റെ ആവശ്യകതയുടെ അഭാവം കൂടുതല്‍ കാണുന്നത് ഉത്തരേന്ത്യയിലാണ്. അതുകൊണ്ട് ഉത്തരേന്ത്യ കേന്ദ്രമാക്കിയാണ് എം എസ് ഒ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും സജീവ പ്രവര്‍ത്തനലക്ഷ്യം സംഘടനക്കുണ്ട്. 1986ല്‍ ഫോക്കസ് എന്ന പേരില്‍ എം എസ് ഒ അലിഗഡില്‍ നിന്ന് ഇംഗ്ളീഷില്‍ ഒരു മാസിക പ്രസിദ്ധീകരിച്ചു തുടങ്ങി. അന്നത്തെ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്ല സാഹിബായിരുന്നു സൂത്രധാരകന്‍.
ഉത്തരേന്ത്യന്‍ ക്യാമ്പസുകളില്‍ ശക്തമായ വേരോട്ടം സിദ്ധിച്ച സംഘടനയാണ് എം എസ് ഒ അടിസ്ഥാനപരമായ കാര്യങ്ങളില്‍ തുടങ്ങി അശരണരുടെയും അവശരുടെയും പ്രശ്നങ്ങളിലൂടെ കടന്ന് സമൂഹത്തിന്‍റെ ദേശീയ നേതൃത്വ രൂപവത്കരണത്തിലെത്തി നില്‍ക്കുന്നു അതിന്‍റെ പ്രവര്‍ത്തനം. ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതോടൊപ്പം അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ വേണ്ടി മുസ്ലിം വിദ്യാര്‍ഥികള്‍ വഹിക്കേണ്ട പങ്ക് നിറവേറ്റുകയെന്ന മഹത്തായ ഉത്തരവാദിത്തമാണ് എം എസ് ഒ ഏറ്റെടുത്തിരിക്കുന്നത്.
എം എസ് ഒ അതിന്‍റെ ഒന്നാം ദേശീയ കണ്‍വെന്‍ഷന്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ 1993 നവംബര്‍ 6, 7 തിയതികളില്‍ നടത്തുകയുണ്ടായി. ഇന്ത്യന്‍ മുസ്ലിംകളുടെ സാമൂഹ്യ, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നതായിരുന്നു പ്രധാന വിഷയം. കണ്‍വെന്‍ഷനില്‍ വേള്‍ഡ് ഇസ്ലാമിക് മിഷന്‍ (ലണ്ടന്‍) വൈസ് പ്രസിഡന്‍റ് അല്ലാമ അര്‍ശദുല്‍ ഖാദിരി സാഹബ്, എ എം യു വൈസ് ചാന്‍സിലര്‍ എം എന്‍ ഫാറൂഖി, അഖിലേന്ത്യാ അഹ്ലുസുന്നത്തി വല്‍ജമാഅ ജനറല്‍ സെക്രട്ടറിശൈഖ് അബൂബക്കര്‍ ബിന്‍ അഹമ്മദ്, മുഫ്തി അബ്ദുല്‍ഖയ്യൂം സാഹബ്, എ എം യു പ്രൊ.ചാന്‍സലര്‍ പ്രൊഫസര്‍ മുഹമ്മദ് ശാഫി, എം എസ് ഒ സ്ഥാപകന്‍ എം കെ ഇസ്മാഈല്‍ വഫ സാഹിബ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത പ്രധാന വ്യക്തിത്വങ്ങളായിരുന്നു.
പ്രസ്തുത കണ്‍വെന്‍ഷനില്‍ വെച്ച് രൂപീകരിച്ച ദേശീയ നേതൃത്വത്തില്‍ ഡോക്ടര്‍ ബദറുദ്ദുജ (യു പി) പ്രസിഡന്‍റായും അബൂബക്കര്‍ എം എ (കേരള) ജനറല്‍ സെക്രട്ടറിയായും നിലവില്‍ വന്ന കമ്മിറ്റി വര്‍ഷങ്ങളോളം സംഘടനയെ നയിച്ചു.
ഈ കാലയളവില്‍ നടന്ന ശ്രദ്ധേയമായ പരിപാടിയായിരുന്നു. യു പി സ്റ്റേറ്റ് കണ്‍വെന്‍ഷന്‍ കേരളത്തിലെ പ്രമുഖ പണ്ഡിതരും ചിന്തകരും അണി നിരന്ന കണ്‍വെന്‍ഷനോടെ യു പിയില്‍ എം എസ് ഒയുടെ അരങ്ങേറ്റം കുറിക്കുകയായിരുന്നു. 97ല്‍ നടന്ന ദേശീയ കണ്‍വെന്‍ഷനില്‍ വെച്ച് കമ്മിറ്റി പുനസംഘടിപ്പിക്കുകയും ഇപ്പോള്‍ പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്ലാമിക് പപ്ളിഷിംഗ് ബ്യൂറോ
സാഹിത്യ പ്രചാരണം ലക്ഷ്യം വെച്ച് 1983ല്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി രൂപം നല്‍കിയതാണ് ഇസ്ലാമിക് പപ്ളിഷിംഗ് ബ്യൂറോ. പഠനാര്‍ഹങ്ങളായ പുസ്തകങ്ങളുടെ പ്രസിദ്ധീകരണങ്ങളായിരുന്നു പ്രഥമ അജണ്ട. 83 നവംബറില്‍ ഐ പി ബിയുടെ കീഴില്‍ രിസാല മാസിക പ്രസിദ്ധീകരിച്ചു തുടങ്ങി. ഇപ്പോള്‍ വാരികയായി മലയാളത്തിലെ ഏറ്റവും നല്ല ഇസ്ലാമിക പ്രസിദ്ധീകരണമായി മുന്നേറുന്നു. വിജ്ഞാനപ്രദമായ പല നല്ല പുസ്തകങ്ങളും സി ഡികളില്‍ ഐ പി ബിയില്‍ നിന്നും വെളിച്ചം കണ്ടിട്ടുണ്ട്.
എസ് എസ് എഫ് ലഘു പരിചയം, ഹുദ്ഹുദ, വിശ്വാസത്തിന്‍റെ മുഖങ്ങള്‍, ഇസ്ലാമും കമ്മ്യൂണിസവും ദശവാര്‍ഷിക സുവനീര്‍, രിസാല ബുക് സീരിയസില്‍ പെട്ട ഇസ്ലാം വിശ്വമോചനത്തിന്, ഖാദിസിയ്യ, സ്ത്രീ പള്ളിപ്രവേശനം തുടങ്ങിയവയാണ് ആദ്യകാല പുസ്തകങ്ങള്‍.
സുപ്രധാന തീരുമാനങ്ങള്‍
20.8.83ന് നടന്ന എക്സിക്യൂട്ടീവ്
സംഘടനക്ക് സമസ്തയുടെ അംഗീകാരം തേടുന്നതിന് ഉപദേശക സമിതി നിര്‍ദേശിച്ച മാറ്റങ്ങള്‍ അംഗീകരിച്ചു. പിരിച്ചു വിടാനുള്ള അധികാരം സമസ്ത ചോദിച്ചാല്‍ നല്‍കാന്‍ തീരുമാനിച്ചു.
7.4.84ന് നടന്ന എക്സിക്യൂട്ടീവ്
എസ് എസ് എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കും ജില്ലാ താലൂക്ക് ഔദ്യോഗിക ഭാരവാഹികള്‍ക്കും പ്രത്യക്ഷ രാഷ്ട്രീയം പാടില്ല. സുന്നത്ത് ജമാഅത്തിന്‍റെ പേരില്‍ രംഗത്തു വരുന്ന ഒരു സാംസ്കാരിക സംഘടനയോടും (സമസ്തയും കീഴ്ഘടകങ്ങളും ഒഴികെ) എസ് എസ് എഫ് പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയോ അംഗത്വം സ്വീകരിക്കുകയോ ചെയ്യരുത്. (പ്രാദേശിക സംഘടനക്ക് ഇത് ബാധകമല്ല)
7.4.84ന്‍റെ കൗണ്‍സില്‍
എം എസ് ഒ നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങരുത്.
അന്താരാഷ്ട്ര യുവജന വര്‍ഷം
1985 ഏപ്രില്‍ അന്താരാഷ്ട്ര യുവജന വര്‍ഷത്തിന്‍റെ ഭാഗമായി 'യുവശക്തി സമൂഹ നന്മക്ക്' എന്ന പ്രമേയവുമായി വര്‍ഷാചരണ പരിപാടി സംഘടനയുടെ പഴയകാല ചരിത്രത്തിലെ തിളക്കമാര്‍ന്ന ഏടുകളില്‍ ഒന്നായിരുന്നു.
യുവശക്തിയുടെ ഫലപ്രദമായ നിയോഗം, യുവശക്തിയെ തകര്‍ക്കുന്ന ഘടകങ്ങള്‍, യുവത്വം ഇസ്ലാമിക കാഴ്ചപ്പാട്, യുവതക്ക് ഒരു കര്‍മപദ്ധതി തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് സ്ഥാനമൊട്ടുക്ക് പ്രഭാഷണങ്ങളും ബോധവത്കരണങ്ങളും നടത്തുകയും ജില്ലാതലങ്ങളില്‍ കേരളത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് സിമ്പോസിയങ്ങളും സെമിനാറുകളും സംഘടിപ്പിക്കുകയുണ്ടായി.
അന്താരാഷ്ട്ര സമാധാന വര്‍ഷം
ഐക്യരാഷ്ട്രസഭ 1986 അന്താരാഷ്ട്ര സമാധാന വര്‍ഷമായി ആചരിച്ചു. വൈവിധ്യമാര്‍ന്ന പരിപാടികളാണ് എസ് എസ് എഫ് ഇതിന്‍റെ ഭാഗമായി നടത്തിയത്. ജില്ലകള്‍ തോറും നടത്തിയ സമാധാന റാലികള്‍ രാജ്യത്ത് ശാന്തിയുടെ സന്ദേശം മുഴക്കാന്‍ ഹേതുവായി. സമാധാനമുള്ള രാഷ്ട്രത്തിന് മന:സമാധാനമുള്ള ജനത, മനസമാധാനം ദൈവസ്മരണയില്‍, ഐക്യവും അച്ചടക്കവുമാണ് സമാധാനത്തിന്‍റെ മാര്‍ഗം എന്നീ സന്ദേശങ്ങള്‍ പൊതുജനശ്രദ്ധ പിടിച്ചുപറ്റി. ലോകസമാധാനം ദൈവസ്മരണയില്‍ എന്ന പ്രമേയത്തെ അധികരിച്ച് ശാഖ, പഞ്ചായത്ത്, താലൂക്ക്, ജില്ലാ ഘടകങ്ങളില്‍ ഒട്ടേറെ പരിപാടികള്‍ നടക്കുകയുണ്ടായി
സ്കൂള്‍ അറബി വഹാബിവത്കരണത്തിനെതിരെ പ്രക്ഷോഭം
അറബി ഭാഷാ പഠനത്തിന്‍റെ പേരില്‍ കേരള സുന്നി വിദ്യാര്‍ഥികളെ വഹാബിവത്കരിക്കാന്‍ നടത്തിയ നീക്കത്തിനെതിരെ എസ് എസ് എഫ് നടത്തിയ ഐതിഹാസിക സമരം സംഘടനാ ചരിത്രത്തിലെ തിളക്കമാര്‍ന്നൊരധ്യായമായി നിലനില്‍ക്കും.
1986ലാണ് പ്രശ്നത്തിന്‍റെ തുടക്കം. അന്ന് കേരള സര്‍ക്കാര്‍ ആറാം തരത്തിലേക്ക് തയ്യാര്‍ ചെയ്തിരുന്ന സാമൂഹ്യപാഠം പുസ്തകത്തില്‍ ഇസ്ലാമിനെയും പ്രവാചകനെയും തെറ്റായി പരിചയപ്പെടുത്തുന്ന ചില ഭാഗങ്ങള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ പ്രസ്തുത പുസ്തകമടക്കം സ്കൂളുകളില്‍ പഠിപ്പിക്കുന്ന മുഴുവന്‍ പുസ്തകങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി ഒരു സമിതിയെ നിയമിച്ചു. അറബി പുസ്തകങ്ങളൊഴികെയുള്ള പുസ്തകങ്ങളൊക്കെ പരിശോധിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പ്രസ്തുത റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു നിവേദനം തയ്യാറാക്കി മുഹമ്മദ് ഇബ്റാഹീമിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം തിരുവനന്തപുരത്ത് ചെന്ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍, വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബ് എന്നിവര്‍ക്ക് സമര്‍പ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നിരന്തരം നടത്തിയ ചര്‍ച്ചയുടെ ഫലമായി ഒടുവില്‍ ആറാം തരത്തിലെ വിവാദ പാഠം നീക്കം ചെയ്തുകൊണ്ട് ഉത്തരവായി. ഈ പശ്ചാത്തലത്തിലാണ് ചില വിദ്യാര്‍ഥികളും സംഘടനകളുമായി അടുപ്പമുള്ള അറബി അധ്യാപകരും സ്കൂള്‍ അറബിയിലെ പല പാഠങ്ങളും സുന്നി വിരുദ്ധ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്നറിയിച്ചു കൊണ്ട് സംസ്ഥാന കമ്മിറ്റിക്ക് കത്തുകള്‍ അയക്കുകയുണ്ടായി.
കക്കാട് മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ അറബി പാഠപുസ്തക പരിശോധനക്ക് ഒരു സമിതിയെ സംസ്ഥാന എക്സിക്യൂട്ടീവ് നിയമിക്കുകയും ഒരു മാസത്തിനകം റിപ്പോര്‍ട്ട് വാങ്ങുകയും ചെയ്തു. ഞെട്ടിക്കുന്ന വിവരങ്ങളാണതില്‍ ഉണ്ടായിരുന്നത്. 7,8,9,10 ക്ളാസുകളിലെ അറബി പാഠാവലി മിക്കവാറും വഹാബി ആശയങ്ങള്‍ നിറഞ്ഞതായിരുന്നു. സ്ത്രീ ജുമുഅ:ജമാഅത്ത്, ഖുതുബയുടെ ഭാഷ തുടങ്ങിയ കാര്യങ്ങളിലൊക്കെ വഹാബിമതം പ്രചരിപ്പിക്കുന്നതോടൊപ്പം അവരുടെ ആചാര്യന്മാരായ കെ എം മൗലവി, പി വി മൗലവി, വക്കം മൗലവി, എം സി സി മൗലവി, സീതിസാഹിബ് തുങ്ങിയവരെ ഇസ്ലാമിക നവോഥാന നായകരായി പിഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നു.
സംസ്ഥാന കമ്മിറ്റി ചേര്‍ന്ന പ്രഥമമായി, പ്രശ്നം രഹസ്യമായും രമ്യമായും പരിഹരിക്കുകയെന്ന തീരുമാനമാണ് കൈകൊണ്ടത്. സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍കൊള്ളിച്ച് നിവേദനം തയ്യാറാക്കുകയും വികല പാഠഭാഗങ്ങളുടെ അറബി ടെക്സ്റ്റിനോടൊപ്പം ഇംഗ്ളീഷിലും മലയാളത്തിലുമുള്ള പരിഭാഷയും ഉള്‍പ്പെടുത്തി, അന്നത്തെ മുഖ്യമന്ത്രി കരുണാകരന്‍, വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബ്, കേരളത്തിലെ അറബി അധ്യാപക സംഘടനകള്‍, മുഴുവന്‍ മുസ്ലിം എം എല്‍ എമാര്‍, സമസ്ത, സമസ്ത കീഴ്ഘടകങ്ങള്‍, മുസ്ലിം രാഷ്ട്രീയ സംഘടനകള്‍ തുടങ്ങിയവര്‍ക്ക് സമര്‍പ്പിച്ചു.
പ്രധാന നേതാക്കളെ നേരില്‍ കണ്ട് പ്രശനത്തിന്‍റെ ഗുരുതരാവസ്ഥ മനസ്സിലാക്കി കൊടുത്തു. ഒരു പത്രപ്രസ്താവന പോലും ഈ ഘട്ടത്തില്‍ സംഘടന നല്‍കിയില്ലെന്നത് ശ്രദ്ധേയമാണ്. പക്ഷേ സംഘടനയെ പൊതുജനമധ്യേ താറടിക്കാനുള്ള ശ്രമങ്ങളാണ് വഹാബി രാഷ്ട്രീയക്കാരില്‍ നിന്നും അധ്യാപക സംഘടനകളില്‍ നിന്നുമുണ്ടായത്. എസ് എസ് എഫുകാര്‍ അറബി വിരുദ്ധരാണെന്ന പ്രചാരണം അഴിച്ചു വിട്ടു. പല രാഷ്ട്രീയ സ്റ്റേജുകളിലും എസ് എസ് എഫിനെതിരെ സ്ഥിരമായി ആരോപണങ്ങള്‍ വന്നു. എസ് എസ് എഫ് അറബി ഭാഷക്കെതിരാണ് എന്ന ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ പരക്കാന്‍ ഇത് കാരണമായി തീര്‍ന്നു.
ഈയൊരു സാഹചര്യത്തിലാണ് രഹസ്യനീക്കം ഉപേക്ഷിച്ച് പരസ്യമായ ഒരു നീക്കങ്ങളിലേക്ക് സംഘടന ഇറങ്ങി ചെല്ലുന്നത്. പത്രപ്രസ്താവന നടത്തി അറബി പുസ്തകങ്ങളിലെ വഹാബി കൈയേറ്റങ്ങള്‍ പരസ്യമാക്കി. 87 മാര്‍ച്ച് മാസം രിസാല; അറബി ഭാഷ സ്പെഷ്യലായി പുറത്തിറങ്ങി. നേതാക്കളില്‍ പലരെയും വിവിധ സമയങ്ങളില്‍ നേരില്‍ കണ്ടു മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായി പലതവണ ചര്‍ച്ച നടത്തി. പരിഹാരം നീണ്ടു പോകുകയായിരുന്നു.
ഇതിനിടയിലാണ് ഇലക്ഷന്‍ വരുന്നത്. ഭരണം മാറി ഇടതുപക്ഷമുന്നണി അധികാരമേറ്റു. ഇലക്ഷന്‍ ഇഷ്യു ആവരുതെന്നു കരുതി നിര്‍ത്തി വെച്ചിരുന്ന സമരം എസ് എസ് എഫ് പുനരാരംഭിച്ചു. മുഖ്യമന്ത്രി നായനാരെയും വിദ്യാഭ്യാസമന്ത്രി ചന്ദ്രശേഖരെയും നേതാക്കള്‍ പഴയപടി കണ്ടു നിവേദനം സമര്‍പ്പിച്ചു. എസ് വൈ എസ് സ്റ്റേറ്റ് നേതൃത്വവും സഹായവുമായി രംഗത്തിറങ്ങി. അവരും ഗവണ്‍മെന്‍റിന് നിവേദനം സമര്‍പ്പിച്ചു. പ്രശ്നം പിന്നെയും പരിഹാരമാകാതെ കിടന്നു.
ഈ സാഹചര്യത്തിലാണ പ്രത്യക്ഷ സമര പരിപാടികളുമായി സംഘടന രംഗത്തിറങ്ങിയത്. ഒന്നാം ഘട്ടമെന്ന നിലയില്‍ വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തി അധികാരികള്‍ക്ക് നിവേദനം സമര്‍പ്പിച്ചു. പ്രശ്നപരിഹാരം നീണ്ടു പോയപ്പോള്‍ എല്ലാ സിവില്‍ സ്റ്റേഷനുകള്‍ക്ക് മുമ്പിലും ധര്‍ണ നടത്താന്‍ കമ്മിറ്റി ആഹ്വാനം ചെയ്തു.
സര്‍ക്കാര്‍ കണ്ണുതുറന്നു. വിവാദ പാഠങ്ങള്‍ പഠിപ്പിക്കരുതെന്ന് ഉത്തരവിറക്കി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ചെയര്‍മാനായി ടെസ്റ്റ് ബുക്ക് സ്ക്രൂട്ടിനി കമ്മിറ്റി രൂപവത്കരിച്ചുകൊണ്ട് ഉത്തരവായി. എ കെ ഇസ്മാഈല്‍ വഫ, റഹീം സാഹിബ്, മങ്കട ടി അബ്ദുല്‍ അസീസ് മൗലവി, കളത്തൂര്‍ ടി മുഹമ്മദ് മൗലവി എന്നിവരായിരുന്നു അംഗങ്ങള്‍. എസ് എസ് എഫ് പ്രഖ്യാപിച്ച ധര്‍ണ മാറ്റിവെച്ചു. പരിശോധനാ കമിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം തന്നെ വിവാദ പാഠങ്ങള്‍ ഗവണ്‍മെന്‍റ് നീക്കം ചെയ്തു.
പാലപ്പറ്റ നല്‍കിയ പാഠം
മലപ്പുറം ജില്ലയിലെ അരീക്കോട് എടവണ്ണ റൂട്ടില്‍ ഒരു കൊച്ചു ഗ്രാമമാണ് പാലപ്പറ്റ. എടവണ്ണ കേരളത്തില്‍ മുജാഹിദുകളുടെ വലിയ പോക്കറ്റാണ്. എടവണ്ണയിലെ പാലപ്പറ്റ മുജാഹിദുകള്‍ക്ക് തലവേദനയായിരുന്നു. ആകെയുള്ള 94 വീടില്‍ 85ഉം സുന്നികളുടേതാണ്. വിദ്യാഭ്യാസ ബോര്‍ഡിന്‍റെ അംഗീകാരത്തോടെ സുന്നി മദ്റസ പ്രവര്‍ത്തിക്കുന്നു. 14 കൊല്ലമായി പള്ളിയും ഇവിടെ നടന്നു വരുന്നു. ഒരു സുന്നി സഹോദരിയാണ് സ്ഥലം വഖ്ഫ് ചെയ്തത്. തങ്ങളുടെ മൂക്കിന് താഴെയുള്ള പാലപ്പറ്റ പിടിച്ചെടുക്കണമെന്ന് മുജാഹിദുകള്‍ക്ക് പൂതി. മറ്റു പല ഭാഗങ്ങളിലും നടപ്പിലാക്കിയ പിടിച്ചെടുക്കല്‍ തന്ത്രം അവര്‍ ഇവിടെയും പ്രയോഗിക്കുകയായിരുന്നു.
1986 ജൂണ്‍ 13 വെള്ളിയാഴ്ച മുസ്ലിംകള്‍ പള്ളിയില്‍ ജുമുഅക്കായി ഒത്തുകൂടി. അറബിയില്‍ ഖുതുബ തുടങ്ങി. പെട്ടെന്നാണ് നൂറുകണക്കിന് വരുന്ന മുജാഹിദ് പരിഷകള്‍ മാരകായുധങ്ങളുമായി പള്ളിയിലേക്ക് നീങ്ങിയത്. അവര്‍ പള്ളിക്കു നേരെ കല്ലെറിഞ്ഞു. നേരത്തെ തന്നെ ഒരുക്കി നിര്‍ത്തിയ പോലീസുകാര്‍ നിഷ്ക്രിയരായി നിന്നു. സുന്നികള്‍ ശാന്തരായി ജുമുഅ നിസ്കരിച്ച് പുറത്തിറങ്ങി. പോലീസ് പള്ളിക്കും മദ്റസക്കും പൂട്ടിട്ടു. വഹാബി സയണിസ്റ്റുകളുടെ ജൂതതന്ത്രം അവിടെ വിജയം കാണുകയായിരുന്നു.
പള്ളി തുറന്നു കിട്ടാന്‍ നാട്ടുകാര്‍ പലരേയും സമീപിച്ചു. ഭരണകൂടത്തിന്‍റെ മുമ്പില്‍ ആവലാതി ബോധിപ്പിച്ചു. ഫലമുണ്ടായില്ല. പള്ളിയും മദ്റസയും ഓഹരി വെച്ച് പ്രശ്നം തീര്‍ക്കാനുള്ള ഒരു ശ്രമവും ഇതിനിടയില്‍ നടന്നിരുന്നു. സുന്നികള്‍ സമ്മതിക്കാത്തത് കൊണ്ട് മാത്രം അത് നടന്നില്ല. അവസാനം പ്രശ്നം എസ് എസ് എഫുകാരുടെ മുമ്പിലെത്തി.
ആദ്യമായി ഏറനാട് താലൂക്ക് എസ് എസ് എഫ് ധര്‍ണയും ഒപ്പു ശേഖരണവും നടത്തി പ്രശ്നത്തിലേക്ക് ജനശ്രദ്ധ തിരിച്ചു. സുന്നികളുണര്‍ന്നു. വ്യാപകമായ കുപ്രചാരണങ്ങള്‍ സംഘടനക്ക് നേരെ എയ്തുവിട്ടു. പ്രവര്‍ത്തകര്‍ പതറിയില്ല. സമരം ശക്തമാക്കി. നേതാക്കള്‍ അധികാരികളെ വീണ്ടും കണ്ടു. സുന്നി ധര്‍മപ്പടയുടെ സംഘടിത ശക്തിക്ക് മുമ്പില്‍ ഒടുവില്‍ അവര്‍ക്ക് വഴങ്ങേണ്ടി വന്നു. പള്ളിയും മദ്റസയും സുന്നികള്‍ക്ക് തുറന്നു കൊടുത്തു. സംഘടനയുടെ ഈ സുസംഘടിത മുന്നേറ്റം സുന്നി കേരളത്തിന് പുത്തന്‍ അനുഭവമമായിരുന്നു.
എസ് എസ് എഫ് ബുള്ളറ്റിന്‍
1986 ജനുവരി 11ന് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലാണ് ശാഖകള്‍ തോറും വാര്‍ത്താ പത്രിക ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. രിസാലയിലൂടെ പുറത്ത് വിടുന്ന സംഘടനാ ശബ്ദം ഒരേ സമയം 5000 മഹല്ലുകളില്‍ എസ് എസ് എഫ് ബുള്ളറ്റിനുകളായി പതിയുന്നു. ലക്ഷക്കണക്കിനാളുകള്‍ ആ സന്ദേശം വായിക്കുന്നു. കാലിക പ്രശ്നങ്ങള്‍ സമൂഹമധ്യേ തുറന്നു പറയാനുള്ള ശക്തമായ മാധ്യമമാണ് എസ് എസ് എഫ് ബുള്ളറ്റിന്‍.
ജില്ലാ സമ്മേളനങ്ങള്‍
1986 ജനുവരി 11ന് നടന്ന കൗണ്‍സിലിലാണ് ജില്ലാ സമ്മേളനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി ജില്ലകള്‍ തോറും സമ്മേളനങ്ങള്‍ നടന്നു. പാലക്കാട് ദാറുന്നജാത്തും കോഴിക്കോട് വിദ്യാനഗറും മലപ്പുറത്ത് ധര്‍മപുരിയും കണ്ണൂരിലെ ദാറുന്നജാത്തും കാസര്‍കോട് വാദീസലാമും പ്രസ്തുത തീരുമാനത്തിന്‍റെ ഭാഗമായിരുന്നു.
വിജയപതാക
ഹരിത ധവണ നീല ത്രിവര്‍ണ പതാക. 1973 ജൂലൈ ഏഴിനാണ് ഭരണഘടനാ നിര്‍മാണ കമ്മിറ്റി എസ് എസ് എഫിന്‍റെ വിജയപതാക തിരഞ്ഞെടുക്കുന്നത്. മുകളിലെ പച്ചനിറം അഭിവൃദ്ധിയെയും മധ്യത്തിലെ വെള്ള ആത്മാര്‍ഥതയെയും ചുവടെയുള്ള നീലനിറം അധ്വാനത്തെയും പ്രതിനിധാനം ചെയ്യുന്നു.
ശ്രദ്ധേയമായ നീക്കങ്ങള്‍
6.8.86ന്‍റെ കൗണ്‍സില്‍
സ്കൂള്‍ പുസ്തകങ്ങളിലെ മതവിരുദ്ധ പാഠങ്ങള്‍ നീക്കം ചെയ്യുന്നതിന് ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
20.9.88ന്‍റെ സെക്രട്ടേറിയറ്റ്
ജാമിഅ: മില്ലിയ്യയുടെ ന്യൂനപക്ഷ സ്വഭാവം എടുത്തു കളയാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചു.
20.2.89ന് ചേര്‍ന്ന കൗണ്‍സില്‍
സാത്താന്‍റെ വചനങ്ങള്‍ എന്ന ക്ഷുദ്രകൃതി ഇന്ത്യാ ഗവണ്‍മെന്‍റ് നിരോധിച്ചതിനെ സ്വാഗതം ചെയ്തു.
28.2.89 എക്സിക്യൂട്ടീവ്
മദ്യം വ്യാപകമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധമറിയിച്ചു.
9.6.89ന്
ചൈനയില്‍ വിദ്യാര്‍ഥികളെ ഗവണ്‍മെന്‍റ് കൂട്ടക്കുരുതി ചെയ്ത സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ചു.
സിരാകേന്ദ്രമായ് സ്റ്റുഡന്‍റ്സ് സെന്‍റര്‍
1989 ഏപ്രില്‍ മാസം കോഴിക്കോട് ബൈപ്പാസ് ജംഗ്ഷനില്‍ അരയടത്ത് പാലത്തിന് സമീപം എസ് എസ് എഫ് സംസ്ഥാന ആസ്ഥാനത്തിനു വേണ്ടി എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷനായിരുന്ന അവേലത്ത് കുഞ്ഞിസീതിക്കോയ തങ്ങള്‍ തറക്കല്ലിട്ടു. 91 മെയ് 30ന് സമസ്ത സാരഥി ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ സ്റ്റുഡന്‍റ്സ് സെന്‍റര്‍ പ്രവര്‍ത്തകര്‍ക്ക് തുറന്നു കൊടുത്തു.
പൊതുസമ്മേളനം ഫസല്‍പൂക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍, എ കെ ഇസ്മാഈല്‍ വഫ, പി പി എം പാറന്നൂര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
മൗലാന എം എ, കെ പി ഹംസ മുസ്ലിയാര്‍ തുടങ്ങിയവര്‍ സന്ദേശമറിയിച്ചിരുന്നു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സ്വാഗതവും കെ എം എ റഹീം സാഹിബ് നന്ദിയും പറഞ്ഞു.
എസ് എസ് എഫ് സ്റ്റേറ്റ് കമ്മിറ്റി ഓഫീസ്, ഐ പി ബി, രിസാല, രിസാല ഡി ടി പി സെന്‍റര്‍ എന്നിവയാണ് ഇപ്പോള്‍ സ്റ്റുഡന്‍റ്സ് സെന്‍ററില്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമായി പതിനഞ്ചോളം പേര്‍ സ്ഥിരമായി ജോലിക്കാറുണ്ട്.
അരീക്കോട് മജ്മഅ്
ആധുനിക കാലഘട്ടത്തില്‍ ദീനി പ്രബോധനം നടത്താന്‍ ഭൗതിക വിദ്യകൂടി നേടിയ പണ്ഡിതരെയാണ് ആവശ്യമെന്നു മനസ്സിലാക്കിയ നേതൃത്വം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇസ്ലാമിക് ആര്‍ട്സ് കോളജുകള്‍ തുടങ്ങാന്‍ ആഹ്വാനം നല്‍കിയിരുന്നു. ഈ ഉദ്ദേശ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും പല പദ്ധതികളും മുന്നില്‍ കണ്ടു കൊണ്ടുമാണ് 1986ല്‍ മലപ്പുറം ആസ്ഥാനമായി മജ്മഉദ്ദഅ്വത്തില്‍ ഇസ്ലാമിയ്യ എന്ന പേരില്‍ ഒരു സംഘം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചത്.
മലപ്പുറം ജില്ലാ എസ് എസ് എഫിന്‍റെ ധര്‍മപുരി സമ്മേളനം നടക്കുമ്പോള്‍ ചെമ്മാട് സിദ്ദീഖ്ഹാജി, ഇബ്റാഹീംകുട്ടി ഹാജി എന്നിവരില്‍ നിന്ന് സംഭാനകള്‍ സ്വീകരിച്ചു കൊണ്ടാണ് ഈ സംരംഭങ്ങള്‍ക്കുള്ള ഫണ്ട് ഉദ്ഘാടനം ചെയ്യപ്പെട്ടത്. സ്റ്റുഡന്‍റ്സ് സെന്‍ററാണ് മജ്മഇന്‍റെ കേന്ദ്ര ആസ്ഥാനം.
ആര്‍ട്സ് കോളജിന് വേണ്ടി സൗകര്യപ്രദമായ ഒരു സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് അരീക്കോട്ടെ ഏതാനും സുന്നി പ്രവര്‍ത്തകരുടെ ശ്രമഫലമായി അവര്‍ കച്ചവടം ചെയ്ത നാല്‍പത് സെന്‍റ് സ്ഥലവും ഇരുനില കെട്ടിടവും സംഘത്തെ ഏല്‍പ്പിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. പ്രസ്തുത സ്ഥലത്തിന്‍റെ വില സംഘം നല്‍കുകയും അത് രജിസ്റ്റര്‍ ചെയ്ത് ക്രസന്‍റ് ആന്‍ഡ് ഇസ്ലാമിക് കോളജ് ആരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ വിവിധ സ്ഥാപനങ്ങള്‍ ഉള്‍കൊള്ളുന്ന അരീക്കോട് മജ്മഅ് ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.
അഗതി അനാഥ മന്ദിരം, ക്രസന്‍റ് ആര്‍ട്സ് ആന്‍ഡ് ഇസ്ലാമിക് കോളജ്, ഇസ്ലാമിക് ദഅ്വാ കോളജ്, ഇസ്ലാമിക് പ്രൊപഗേഷന്‍ സെന്‍റര്‍, തൊഴില്‍ പരിശീലന കേന്ദ്രം എന്നിവ ഉള്‍പ്പെടുന്നതാണ് അരീക്കോട് മജ്മഅ്. അഗതികളെയും അനാഥരെയും ദത്തെടുത്ത് മദ്റസ, സ്കൂള്‍ വിദ്യാഭ്യാസം നല്‍കുകയും അവരുടെ എല്ലാ വിധ ചെലവുകളെ സ്ഥാപനം വഹിക്കുകയും ചെയ്യുന്നു. പത്തു വര്‍ഷം കൊണ്ട് ഇസ്ലാമിക ശരീഅത്തില്‍ മൗലവി ഫാസില്‍ കാമിലി ബിരുദത്തോടൊപ്പം യൂണിവേഴ്സിറ്റി ബിരുദം കൂടി നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ദഅ്വാ കോളജ്. ദഅ്വാ കോളജിലെ കുട്ടികളുടെ പഠന, ഭക്ഷണ ചെലവുകളടക്കം എല്ലാ ചെലവുകളും സ്ഥാപനം വഹിക്കുന്നു.
അരീക്കോട് പരിസരങ്ങളിലെ ദീനി ദഅ്വത്തിന് നേതൃത്വം നല്‍കുകയും പരിസര മഹല്ലുകളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇസ്ലാമിക് പ്രൊപ്പഗേഷന്‍ സെന്‍റര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പരിസരത്തെ എഴുപത് കേന്ദ്രങ്ങളില്‍ നടത്തിയ ത്രിദിന ദഅ്വാ പ്രഭാഷണങ്ങള്‍, 125ഓളം കുട്ടികളെ സൗജന്യ സുന്നത്ത് കര്‍മം, മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിയത് നിരവധിപേരുടെ പ്രശംസക്ക് ഇടം നല്‍കിയിരുന്നു.
ഇരിങ്ങല്ലൂര്‍ നവമുസ്ലിം പഠന കേന്ദ്രം
ആത്മാര്‍ഥമായി ഇസ്ലാം അംഗീകരിച്ചു വന്നവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കണം. അവരുടെ അവസ്ഥയും അവസരവും അനുസരിച്ച് ഇസ്ലാമിനെ കുറിച്ച് അവര്‍ക്ക് പഠിപ്പിക്കണം. ഈ ഉദ്ദേശത്തോടെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത ഇരിങ്ങല്ലൂരില്‍ മജ്മഅ് നവമുസ്ലിം പഠനകേന്ദ്രം സ്ഥാപിച്ചു. 1990 മെയ് 24നാണ് ഈ സ്ഥാപനത്തിന്‍റെ ഔപചാരിക ഉദ്ഘാടനം നടക്കുന്നത്. പൊന്നാനി മഊനത്തുല്‍ ഇസ്ലാംസഭ, കോഴിക്കോട് തര്‍ബിയത്ത് തുടങ്ങിയ സ്ഥാപനങ്ങളില്‍ വന്ന് ഇസ്ലാം സ്വീകരിക്കുന്ന നവ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് രണ്ടു വര്‍ഷത്തെ ഉപരിപഠനമാണിവിടെ നല്‍കി വരുന്നത്. പലരും പഠനം പൂര്‍ത്തിയാക്കി ജീവിതത്തിന്‍റെ വിവിധ തുറകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സ്ഥാപനത്തില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ ഭക്ഷണം, വസ്ത്രം, ചികിത്സ തുടങ്ങി എല്ലാ ബാധ്യതകളും സ്ഥാപനം ഏറ്റെടുത്തിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ ഭക്ഷണ പാര്‍പ്പിട സൗകര്യങ്ങള്‍ക്ക് പുറമെ അവരുടെ സുരക്ഷിതത്വം പ്രധാനമായൊരു ബാധ്യതയാണ്. കേരളത്തില്‍ ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. എന്നാല്‍ ഇത്തരത്തിലുളള മറ്റൊന്നും എവിടെയുമില്ല. അതിന്‍റെ ക്രഡിറ്റ് എസ് എസ് എഫിന് തന്നെ അവകാശപ്പെട്ടതാണ്.
സാക്ഷരതാ പടയാളികളായി
ദേശീയ സാക്ഷരതാ യജ്ഞത്തിന്‍റെ ഭാഗമായി 1990ല്‍ കേരള സംസ്ഥാനത്ത് സമ്പൂര്‍ണ സാക്ഷരതാ യജ്ഞം നടന്നു. സമൂഹത്തില്‍ ഏറെ നിരക്ഷരരുണ്ടെന്ന് എസ് എസ് എഫ് കണ്ടെത്തി. വിദ്യാഭ്യാസ രംഗത്ത് ഒരിക്കലും മുസ്ലിംകള്‍ പിന്നോക്കം നില്‍ക്കേണ്ടവരല്ലെന്ന് എസ് എസ് എഫ് വിളിച്ചു പറഞ്ഞു. സാക്ഷരതായജ്ഞ ഭാഗമായി ജില്ലകള്‍ തോറും സാക്ഷരതാ സെമിനാറുകള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തകരെ ബോധവത്കരിക്കുകയാണ് ഒന്നാംഘട്ടമായി ചെയ്തത്. വിവിധ ജില്ലകളില്‍ നടന്ന സാക്ഷരതാ സെമിനാറില്‍ കലക്ടര്‍മാരും മറ്റു ജില്ലാ ഭരണാധികാരികളും സംബന്ധിച്ചു.
പിന്നീട് നടന്ന മാസ്റ്റര്‍ ട്രെയിനേഴ്സ് ക്യാമ്പുകളിലേക്ക് മുതിര്‍ന്ന പ്രവര്‍ത്തകരെ തിരഞ്ഞെടുത്തയച്ചു. അവര്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ട്രെയ്നിംഗ് നല്‍കി. എസ് എസ് എഫിന്‍റെ ശാഖാ ഭാരവാഹികള്‍ പല യൂണിറ്റുകളിലും ഇന്‍സ്പെക്ടര്‍മാരായി രംഗത്തു വന്നു. ശാഖാ ഓഫീസുകള്‍ ചിലതെങ്കിലും സാക്ഷരതാ പഠന കേന്ദ്രങ്ങളുമായി മാറി. യജ്ഞം പൂര്‍ത്തിയായപ്പോള്‍ പല ജില്ലാ അധികാരികളും എസ് എസ് എഫിന്‍റെ സേവനങ്ങളെ പ്രകീര്‍ത്തിച്ചത് സംഘടനക്കുള്ള അംഗീകാരമായി.
അവകാശ ശബ്ദമുയര്‍ത്തി സാമയികം
ബാബരി മസ്ജിദിന്‍റെ ചരിത്ര സത്യങ്ങള്‍ വളച്ചൊടിച്ച് ഇന്ത്യന്‍ മതേതരത്വത്തിന് നേരെ വര്‍ഗീയ ഫാസിസ്റ്റുകള്‍ ഉറഞ്ഞുതുള്ളിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍, എസ് എസ് എഫ് 1991 നവംബറില്‍ അവകാശ സംരക്ഷണ കാമ്പയിന്‍ നടത്തി. ബാബരി മസ്ജിദിന് പുറമെ ജമ്മു കാശ്മീര്‍, മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, ന്യൂനപക്ഷ കമ്മീഷന്‍ തുടങ്ങിയ പ്രശ്നങ്ങളും ഉയര്‍ത്തിപ്പിടിച്ചു. ജില്ലാ താലൂക്ക് തലങ്ങളില്‍ നടത്തിയ അവകാശ സംരക്ഷണ റാലി, വാഹനജാഥ, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ കാമ്പയിന്‍റെ ഭാഗമായി നടന്നു. മൂന്നു മേഖലകളിലായി നടന്ന റാലി വന്‍ വിജയകരമായി.
മീലാദ് ക്യാമ്പയിന്‍
റബീഉല്‍ അവ്വല്‍ മാസം പ്രവാചക സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ക്യാമ്പയിന്‍ പരിപാടികള്‍ വര്‍ഷം തോറും സംഘടന നടത്തി വരാറുണ്ട്. ലഘുലേഖ വിതരണം, ഘോഷയാത്രകള്‍, പൊതുയോഗം, സെമിനാര്‍, ആശയ സംവാദം, സ്വലാത്ത് ഹല്‍ഖ തുടങ്ങിയ പരിപാടികള്‍ ഇതിന്‍റെ ഭാഗമായി വിവിധ ഘടകങ്ങളില്‍ നടന്നു വരുന്നു. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കുന്ന നബിദിന റാലികള്‍ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.
ശരീഅത്ത് സംരക്ഷണത്തിന്
ഇസ്ലാമിക ജീവിതക്രമമായ വിശുദ്ധ ശരീഅത്തിനെതിരെ വിവിധ സമയങ്ങളില്‍ വ്യത്യസ്ത കോണുകളില്‍ നിന്നുയര്‍ന്ന ഭീഷണികള്‍ക്കെതിരെ എസ് എസ് എഫ് ശക്തമായി യഥാ സമയങ്ങളില്‍ ശബ്ദിച്ചിട്ടുണ്ട്.
1984ല്‍ നടന്ന ശരീഅത്ത് വിവാദത്തില്‍ എന്താണ് ശരീഅത്ത് എന്ന് വിശദീകരിക്കുന്നതിന് വേണ്ടി ക്യാമ്പയിന്‍ നടത്തി. ചെമ്മാട് ഖിദ്മത്തുല്‍ ഇസ്ലാം മദ്റസയില്‍ സംസ്ഥാനതല പ്രസംഗ കേമ്പ് സംഘടിപ്പിച്ചു. ശരീഅത്ത്, സ്ത്രീ സ്വാതന്ത്ര്യം, നാമറിയേണ്ട നിയമങ്ങള്‍, ഇസ്ലാമും കമ്മ്യൂണിസവും തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷകര്‍ക്ക് ക്ളാസെടുത്ത് അവരെ കേരളത്തിലാകെ പ്രസംഗിക്കുന്നതിന് സന്നദ്ധരാക്കിയ ശേഷം ശാഖകള്‍ തോറും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.
ശരീഅത്ത് വിവാദത്തിന് നേതൃത്വം നല്‍കിയ കക്ഷി എന്ന നിലക്ക് കമ്മ്യൂണിസത്തിനെതിരെ സംഘടന ശക്തമായി ആഞ്ഞടിച്ചു. രിസാലയിലൂടെ കമ്മ്യൂണിസത്തിനെതിരെ ലേഖന പരമ്പരകള്‍ വന്നു. റഹീം സാഹിബിന്‍റെ ലേഖനം കമ്മ്യൂണിസത്തെ കുറിച്ച് ആധികാരിക പഠനമായിരുന്നു. കമ്മ്യൂണിസത്തിന്‍റെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടി പ്രസംഗിച്ചതിനാല്‍ എ കെ ഇസ്മാഈല്‍ വഫ സാഹിബ് കോഴിക്കോട് ടൗണ്‍ഹാളില്‍ ശരീഅത്ത് വിരോധികളാല്‍ കൈയേറ്റം ചെയ്യപ്പെട്ടു.
നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ എസ് എസ് എഫ് നടത്തിയ ശരീഅത്ത് വിശദീകരണ യോഗങ്ങള്‍ മറ്റു മതവിഭാഗങ്ങള്‍ക്കു വരെ ഇസ്ലാമിനെ കുറിച്ചു പഠിക്കാനുള്ള വേദിയായി. ഒടുവില്‍ വിമര്‍ശനത്തിന് നേതൃത്വം നല്‍കിയവര്‍ തന്നെ തങ്ങള്‍ക്ക് ശരീഅത്ത് അറിയില്ലെന്ന് പറഞ്ഞ് രംഗം വിടുന്നതാണ് നാം കണ്ടത്. പള്ളി പ്രവേശനത്തിന്‍റെ മറ്റും പേര് പറഞ്ഞ് ഇസ്ലാമിലെ അവാന്തര വിഭാഗങ്ങള്‍ തന്നെ ശരീഅത്ത് ഭേദഗതികള്‍ക്ക് ശബ്ദമുയര്‍ത്തി രംഗത്തു വന്നപ്പോള്‍ സംഘടന ശക്തമായി തന്നെ ശബ്ദിച്ചു.
ലഹരിക്കെതിരെ
മദ്യ, മയക്കുമരുന്നുകള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന വിപത്തുകള്‍ക്കെതിരെ രൂപീകരണകാലം മുതല്‍ എസ് എസ് എഫ് ശക്തമായ ബോധവത്കരണം നടത്തിയിട്ടുണ്ട്. സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെട്ട് വിവിധ സമയങ്ങളില്‍ അധികൃതര്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചു. മദ്യം വ്യാപകമാക്കാനുള്ള നീക്കം നടന്നപ്പോള്‍ സംഘടന ശക്തമായി തന്നെ രംഗത്തിറങ്ങി. 1989 മാര്‍ച്ച് മാസം ലഹരി വിരുദ്ധ പക്ഷാചരണം നടത്തി. കോഴിക്കോട് തുടക്കം കുറിച്ച പക്ഷാചരണ ഭാഗമായി വൈവിധ്യമായ പ്രക്ഷോഭ പരിപാടികള്‍ സംസ്ഥാന വ്യാപകമായി നടന്നു. താലൂക്ക് തലങ്ങളില്‍ നടന്ന പ്രതിഷേധ റാലികള്‍ ശ്രദ്ധേയമായിരുന്നു. ശാഖകളില്‍ ബോധവത്കരണം നടന്നു. ജില്ലാ ആസ്ഥാനങ്ങളില്‍ നടന്ന പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍ മദ്യത്തിന്‍റെ, ലഹരിയുടെ കരാള ഹസ്തങ്ങളില്‍ കിടന്ന് പിടയുന്ന ആയിരങ്ങളുടെ കദന കഥകള്‍ വരച്ചു കാട്ടി.
50 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം ഗവണ്‍മെന്‍റിന് സമര്‍പ്പിക്കുകയുണ്ടായി. പ്രധാന ടൗണുകളിലൊക്കെ ഒപ്പു ശേഖരണ ബൂത്തുകള്‍ തുറന്നാണ് ലഹരിക്കെതിരായ ജനപ്രതികരണം സ്വരൂപിച്ചത്. സാംസ്കാരിക നായകരും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും ഇത്തരം ബൂത്തുകളില്‍ വന്ന് എസ് എസ് എഫിന് ആശിര്‍വാദം നേര്‍ന്നിരുന്നു.
മാര്‍ച്ച് 28ന് തിരുവനന്തപുരത്ത് നന്ന കണ്‍വെന്‍ഷനും റാലിയും ചരിത്രമായിരുന്നു. കണ്‍വെന്‍ഷന്‍റെ ഔപചാരിക ഉദ്ഘാടനം സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണനായിരുന്നു നിര്‍വഹിച്ചത്. സംഘടനയുടെ പേരില്‍ തിരുവനന്തപുരത്ത് ആദ്യമായി നടന്ന ശ്രദ്ധേയമായ പരിപാടിയായിരുന്നു അത്.
എസ് ബി എസ്
വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് പുരോഗതിയും ആത്മീയ രംഗത്ത് ഉന്നതിയും സ്വഭാവ സംസ്കരണത്തില്‍ മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്നതിന് വ്യക്തമായ ഒരു പദ്ധതിയും പരിപാടിയും തയ്യാറാക്കി പ്രവര്‍ത്തിക്കുന്ന ഏക ഇസ്ലാമിക ബാല സംഘടനയാണ് സുന്നി ബാലസംഘം. സുന്നി ചില്‍ഡ്രന്‍സ് ഫെഡറേഷന്‍ (എസ് സി എഫ്) എന്ന പേരില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നേരത്തെ തന്നെ രൂപീകൃതമായിരുന്നു. 1986 ജനുവരി 11ന് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം സുന്നിബാലസംഘം (എസ് ബി എസ്) എന്ന പേരില്‍ സംഘടന രൂപീകരിച്ചു. എസ് ബി എസിന്‍റെ പ്രവര്‍ത്തനമിന്ന് പ്രാദേശിക തലങ്ങളിലും മദ്റസകളിലും സജീവമായുണ്ട്.
വിദ്യാര്‍ഥികളുടെ പ്രസംഗ, എഴുത്ത് പരിശീലനത്തിനായി സാഹിത്യ സമാജങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും നടത്തുന്നു. കൂടാതെ മത്സര പരിപാടികള്‍, സ്റ്റഡി ടൂറുകള്‍, വാരാന്ത ക്ളാസുകള്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ എസ് ബി എസ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തുന്നു. എസ് ബി എസിന്‍റെ കീഴില്‍ ഇസ്ലാമിക കലാ രൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് ബാല സഞ്ചയം, സാഹിത്യോത്സവ്, ബാലകലാമേളകള്‍ തുടങ്ങിയ വിവിധ ശ്രദ്ധേയമായ പരിപാടികള്‍ നടത്തി വരുന്നു.
സി.ജി
ഖാദിസിയ്യയുടെ ചരിത്രം സി ജികളുടെ ധര്‍മപുറപ്പാടിന്‍റേതായിരുന്നു. ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പക്വതയും ചുറുക്കുമാര്‍ന്ന 33 പേരടങ്ങുന്ന സംഘമായിരുന്നു സംസ്ഥാന കോണ്‍ഫറന്‍സ് ഗാര്‍ഡ്, അവര്‍ക്കു താഴെ ജില്ലാ താലൂക്ക് തലങ്ങളില്‍ 33 അംഗ സി ജി അംഗങ്ങളും മേഖലാ ശാഖാ തലങ്ങളില്‍ 11 അംഗങ്ങളും കണ്ണികളായി വര്‍ത്തിച്ചപ്പോള്‍ അതൊരു പ്രവര്‍ത്തകവലയമായി തീര്‍ന്നു. ഓരോ ഘടകത്തെയും നയിക്കാന്‍ ഓരോ ചീഫ് കമാന്‍ഡര്‍ ഉണ്ടായിരുന്നു. സംസ്ഥാന തലത്തില്‍ സി ജിയുടെ കണ്‍ട്രോളര്‍ ആയി വര്‍ത്തിച്ചത് പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്ററായിരുന്നു.
സാമ്രാജ്യത്വ ഫാസിസ്റ്റ് വിരുദ്ധ ക്യാമ്പയിന്‍
ലോകത്ത് അടിച്ചമര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്ന മര്‍ദിത പീഡിത ജന വിഭാഗങ്ങളുടെ ദീനരോദനങ്ങള്‍ക്ക് കാതോര്‍ക്കാനും അവരുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ശബ്ദമുയര്‍ത്താനും എസ് എസ് എഫ് സന്നദ്ധമായിട്ടുണ്ട്. ഫലസ്തീന്‍ 25- ാം വാര്‍ഷികത്തിന്‍റെ ഭാഗമായി എസ് എസ് എഫ് നടത്തിയ ഫാസിസ്റ്റ് വിരുദ്ധ കാമ്പയിന്‍ മുഴുവന്‍ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും പ്രശംസക്ക് പാത്രമായി. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രകടനങ്ങളും സെമിനാറുകളും നടന്നു. പോസ്റ്റര്‍ പ്രദര്‍ശനം, മനുഷ്യാവകാശ പ്രഖ്യാപനം, ബോധവത്കരണം തുടങ്ങിയ പരിപാടികള്‍ എടുത്തു പറയാവുന്നതാണ്. കാമ്പയിന്‍ സമാപനമായി ജൂണ്‍ 1ന് തിരുവനന്തപുരത്ത് റാലിയും സംവാദവും നടന്നു. വി ജെ ടി ഹാളില്‍ നടന്ന സംവാദം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രമുഖ സാംസ്കാരിക നായകരും മത നേതാക്കളും പങ്കെടുത്തു. ഫാസിസ്റ്റ് വിരുദ്ധ റാലി തിരുവനന്തപുരം നഗരത്തില്‍ സംഘടനാ ശക്തി ഒരിക്കല്‍കൂടി വിളിച്ചോതി.
പ്രതിഭകള്‍ മാറ്റുരക്കുന്ന സാഹിത്യോത്സവ്
കലാകാരന്മാരും സാഹിത്യകാരന്മാരും തങ്ങളുടെ സര്‍ഗസിദ്ധി മത സംരക്ഷണത്തിന്‍റെ വഴിയെ തിരിച്ചുവിട്ടേ മതിയാകൂ. ആ ഒരു ദൗത്യനിര്‍വഹണത്തിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് സാഹിത്യോത്സവിലൂടെ എസ് എസ് എഫ് ചെയ്യുന്നത്. സംസ്ഥാന തലത്തില്‍ നടക്കുന്ന കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായിരിക്കും എസ് എസ് എഫിന്‍റേത്.
വിവിധ ഘടകങ്ങളിലായാണ് എസ് എസ് എഫ് സാഹിത്യോത്സവ് നടക്കുന്നത്. ശാഖയില്‍ നിന്ന് വിജയികാളുന്നവര്‍ക്ക് പഞ്ചായത്ത് മത്സരവും പഞ്ചായത്തില്‍ നിന്നുള്ള ഒന്നാം സ്ഥാനക്കാര്‍ക്ക് ഡിവിഷന്‍ മത്സരം, ഡിവിഷനിലെ വിജയികള്‍ക്ക് ജില്ലാ മത്സരം, 14 ജില്ലകളിലെയും ഒന്നാം സ്ഥാനക്കാരാണ് സംസ്ഥാന മത്സരങ്ങളില്‍ മാറ്റുരക്കുന്നത്. 1993ല്‍ 20-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സാഹിത്യോത്സവം എന്ന ആശയത്തിന് എസ് എസ് എഫ് തുടക്കം കുറിക്കുന്നത്. വ്യവസ്ഥാപിത രൂപത്തിലുള്ള ആദ്യ സംരംഭമായിരുന്നു 93ല്‍ നടന്നത്.
തളിപ്പറമ്പ് അല്‍മഖര്‍റുസ്സുന്നിയ്യയിലാണ് രണ്ട് ദിവസത്തെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. 200ലേറെ കലാപ്രതിഭകള്‍ മാറ്റുരച്ച മത്സരത്തില്‍ മലപ്പുറം ജില്ല ഒന്നാം സ്ഥാനവും കോഴിക്കോട് രണ്ടാം സ്ഥാനവും നേടി. സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ 94ല്‍ സാഹിത്യോത്സവ് നടന്നില്ല.
സാഹിത്യോത്സവ് 93
ഇരുപതാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ 23, 24ന് തളിപ്പറമ്പ് ബദ്രിയ്യ നഗറിലെ അല്‍മഖര്‍റുസുന്നയില്‍ വേദിയൊരുക്കപ്പെട്ട സാഹിത്യോത്സവ് 93 പുതിയൊരു പ്രഭാതത്തിന്‍റെ പ്രസരണവുമായാണ് സമാപനം കുറിച്ചത്. ശാഖാ തലം മുതല്‍ സംസ്ഥാന തലം വരെ 33 ഇനങ്ങളിലായി നടത്തിയ വൈവിധ്യഭാവ പ്രകടന വേദി പ്രവര്‍ത്തകരുടെ ആവേശോജ്വലതക്ക് മാറ്റേകുന്നതായിരുന്നു. മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സാഹിത്യോത്സവ് 95
സെപ്തംബര്‍ 9,10 തിയതികളില്‍ മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ മജ്മഇലാണ് സാഹിത്യോത്സവ് 95 അരങ്ങേറിയത്. പി കെ എം സഖാഫി ഇരിങ്ങല്ലൂരിന്‍റെ അധ്യക്ഷതയില്‍ ചെറുശ്ശോല കുഞ്ഞഹമ്മദ് മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി. കരീം കക്കാട് സ്വാഗതം പറഞ്ഞു. കുഞ്ഞുണ്ണി മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ഹുസൈന്‍ രണ്ടത്താണി, അബൂബക്കര്‍ ശര്‍വാനി, പി കെ അബ്ദുര്‍റഹ്മാന്‍, ജി അബൂബക്കര്‍, സി പി സൈതലവി തുടങ്ങിയവര്‍ സംസാരിച്ചു. ഓരോ മത്സരഫലം അറിവാകുമ്പോഴും ആവേശപൂര്‍വം തക്ബീര്‍ മുഴക്കിയാണ് സദസ് എതിരേറ്റത്. കോഴിക്കോട് ജില്ല ഒന്നാം സ്ഥാനക്കാരായി. കോഴിക്കോടിന് 75 പോയിന്‍റുകള്‍ ലഭിച്ചപ്പോള്‍ മലപ്പുറത്തിന് 73ഉം കാസര്‍കോഡിന് 72ഉം പോയിന്‍റുകള്‍ വീതം ലഭിച്ചു. മറ്റു ജില്ലകളുടെ പോയിന്‍റ് നിലവാരം- കണ്ണൂര്‍ 40, തൃശൂര്‍ 32, വയനാട് 30, പാലക്കാട് 23, കൊല്ലം 10, ആലപ്പുഴ 9, എറണാകുളം 4 എന്നിങ്ങനെയായിരുന്നു.
ഒന്നാം സ്ഥാനത്തിനുള്ള ട്രോഫി മക്കാ ട്രാവല്‍സും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ഷീല്‍ഡ് ഗോള്‍ഡ് ക്രൗണ്‍ ജ്വല്ലറിയും മൂന്നാം സ്ഥാനത്തിനുള്ള ട്രോഫി ബോംബെ മുസ്ലിം ടൂര്‍സ് കോര്‍പ്പറേഷനും സ്പോണ്‍സര്‍ ചെയ്തു. അസ്ലം ഹജ്ജ് ടൂര്‍സ്, ഇസ്ലാമി വിജ്ഞാനകോശം, രിസാല, സുന്നിവോയ്സ്, പൂങ്കാവനം, അല്‍ ഇര്‍ഫാദ് തുടങ്ങിയവരും സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തു.
പി കെ എം സഖാഫി ഇരിങ്ങല്ലൂരിന്‍റെ അധ്യക്ഷതയില്‍ അബൂബക്കര്‍ ശര്‍വാനി സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ കോഴിക്കോടിനുള്ള ട്രോഫികള്‍ മന്‍സിബും നാസര്‍ കൊടിയത്തൂരും ഏറ്റു വാങ്ങി. മലപ്പുറം ജില്ലക്കുള്ള ഷീല്‍ഡ് ജില്ലാ എസ് എസ് എഫ് സെക്രട്ടറി മുഹമ്മദ് പറവൂരും കാസര്‍കോഡിനുള്ള ട്രോഫി ജില്ലാ സെക്രട്ടറി ബശീര്‍ പുളിക്കൂറം ഏറ്റു വാങ്ങി.
സാഹിത്യോത്സവ് 96
സംഘടനയുടെ മൂന്നാമത് സംസ്ഥാന തല സാഹിത്യോത്സവ് ആഗസ്ത് 28, 29 തിയതികളില്‍ തൃശൂര്‍ ജില്ലയിലെ കേച്ചേരിയിലാണ് നടന്നത്. 28ന് വൈകുന്നേരം നാലു മണിക്ക് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ശൈഖുന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ വിഭാഗത്തിന്‍റെ മാപ്പിളപ്പാട്ട് മത്സരത്തോടെ ആരംഭിച്ചു.
അഞ്ച് വിഭാഗങ്ങളിലായി 38 ഇനങ്ങളില്‍ അഞ്ഞൂറിലേറെ പ്രതിഭകള്‍ ഇഞ്ചോടിഞ്ച് പൊരുതിയപ്പോള്‍ സബ്ജൂനിയര്‍ വിഭാഗത്തിലെ ക്വിസ്, മലയാള കൈയെഴുത്ത് എന്നീ ഇനങ്ങളില്‍ ഒന്നാമതെത്തി; എം സിറാജ് വ്യക്തിഗത ചാമ്പ്യനായി കലാപ്രതിഭാ പട്ടം നേടിയെടുത്തു. 126 പോയിന്‍റ് നേടി കണ്ണൂര്‍ ജില്ല ഓവറോള്‍ കിരീടം നേടിയപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോട് ജില്ലക്ക് 120 പോയിന്‍റോടെ രണ്ടാം സ്ഥാനം ലഭിച്ചു.
സാഹിത്യോത്സവ്97
സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ സംസ്ഥാന സാഹിത്യോത്സവ് 97ന് ആതിഥ്യമരുളാന്‍ ഭാഗ്യം ലഭിച്ചത് കാസര്‍കോഡ് ജില്ലയിലെ തൃക്കരിപ്പൂരിനാണ്. സപ്തംബര്‍ 13, 14 തിയതികളില്‍ തൃക്കരിപ്പൂര്‍ അല്‍മുജമ്മുഉല്‍ ഇസ്ലാമിയിലാണ് സാഹിത്യോത്സവ് നടന്നത്. സി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ ചെയര്‍മാനും ബശീര്‍ പുളിക്കൂര്‍ കണ്‍വീനറുമായ 1001 അംഗ സ്വാഗതസംഘം സജീവമായി രംഗത്തിറങ്ങിയിരുന്നു. വാഹനജാഥകളും ഗാര്‍ഡ് മീറ്റുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സെപ്തംബര്‍ 2 മുതല്‍ 4 വരെ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നടന്ന കലാസഞ്ചലനം ഏറെ പുതുമകള്‍ നിറഞ്ഞതായിരുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ സി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ ത്രിവര്‍ണ പതാക വാനിലേക്കുയത്തി. എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ സാഹിത്യോത്സവ് 97ന്‍റെ ഔപചാരികമായ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. ചിത്താരി ഹംസ മുസ്ലിയാരുടെ ആമുഖ പ്രസംഗം.
പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍, കോരന്‍ മാസ്റ്റര്‍, കെ വെളുത്തമ്പു, കെ ജി കൊടക്കാട്, പി കെ ബാവ, സുലൈമാന്‍ കരിവള്ളൂര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് പി കെ എം സഖാഫി മുഖ്യപ്രഭാഷണം നടത്തി. ബശീര്‍ പുളിക്കൂര്‍ നന്ദി പ്രകടിപ്പിച്ചു. കോഴിക്കോട് ഒന്നാമതെത്തി. മലപ്പുറം രണ്ടാം സ്ഥാനത്തും. കാസര്‍കോഡ് മൂന്നാം സ്ഥാനം നേടി.
കാസറ്റ് പ്രഭാഷണം
എസ് എസ് എഫ് സാരഥികള്‍ക്ക് ഒരേ സമയം വിവിധ ശാഖകളില്‍ പോയി സംഘടനാ സന്ദേശം എത്തിക്കുക പ്രയാസമാണ്. കാസറ്റ് പ്രഭാഷണം വഴി സംസ്ഥാനത്തെ അയ്യായിരത്തോളം വരുന്ന ശാഖാ കമ്മിറ്റികള്‍ മുഖേന കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും സംവദിക്കാന്‍ അവസരം ലഭിക്കുന്നു.
93 ഏപ്രില്‍ 29ന് എസ് എസ് എഫ് ഇന്ത്യന്‍ ജനതയോട് എന്ന കാസറ്റ് പ്രഭാഷണം ശ്രദ്ധേയമായിരുന്നു. വര്‍ഗീയ വിഘടന കക്ഷികള്‍ ശക്തിയാര്‍ജിച്ച കാലഘട്ടത്തില്‍ സമാധാനത്തിന്‍റെ സന്ദേശം മുഴക്കാന്‍ സംഘടനക്ക് കഴിഞ്ഞു. പി കെ എം സഖാഫി ഇരിങ്ങല്ലൂരായിരുന്നു പ്രഭാഷകന്‍. 95ല്‍ ഖുര്‍ആന്‍ കാമ്പയിനോടനുബന്ധിച്ച് റമസാനില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ വിളിക്കുന്ന ചേരൂരിന്‍റെ പ്രഭാഷണം പുതുമയുള്ളതായിരുന്നു.
സില്‍വര്‍ ജൂബിലിയുടെ വിളംബരം നടത്തിയ 97 ഏപ്രില്‍ 29ന് എസ് എസ് എഫ് 21-ാം നൂറ്റാണ്ടിലേക്ക് എന്ന പി കെ എം സഖാഫിയുടെ തന്നെ പ്രഭാഷണം മികച്ചു നില്‍ക്കുന്നതായിരുന്നു. ഇരുപതാം വാര്‍ഷികത്തിന്‍റെ പ്രമേയം ഇസ്ലാം വിശ്വമോചനത്തിന്;അലി അബ്ദുല്ലയുടെ പ്രഭാഷണം ശക്തമായ പ്രതികരണമുണ്ടാക്കി.
98 ഏപ്രില്‍ 29ന് എസ് എസ് എഫിന്‍റെ 25-ാം ജന്മവാര്‍ഷിക ദിനത്തില്‍ സംസ്ഥാന പ്രസിഡന്‍റ് പി കെ എം സഖാഫി പ്രവര്‍ത്തകരെ കാസറ്റിലൂടെ വീണ്ടും അഭിസംബോധന ചെയ്തു.
വിദ്യാഭ്യാസ സംരക്ഷണ ദിനം
ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 93 ജൂണ്‍ 24ന് സംസ്ഥാനമൊട്ടാകെ വിദ്യാഭ്യാസ സംരക്ഷണ ദിനമായി ആചരിക്കുകയുണ്ടായി. സംസ്ഥാനത്തെ എല്ലാ ജില്ലാ വിദ്യാഭ്യാസ ആസ്ഥാനങ്ങളിലും അന്ന് ധര്‍ണ നടന്നു. കലാലയം രാഷ്ട്രീയമുക്തമാക്കുക, സ്കൂള്‍, കോളജ് തിരഞ്ഞെടുപ്പുകള്‍ പരിഷ്കരിക്കുക, പാഠ്യപദ്ധതിയില്‍ ധാര്‍മികമൂല്യം ഉള്‍പ്പെടുത്തുക, വര്‍ഗീയത പരത്തുന്ന വികല ചരിത്ര വാദങ്ങള്‍ എടുത്തു കളയുക, പാഠപുസ്തകങ്ങളുടെ വില വര്‍ധനവ് പിന്‍വലിക്കുക, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുക, ഉപരിപഠന സൗകര്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ മേധാവികള്‍ക്ക് സമര്‍പ്പിക്കുകയുണ്ടായി.
ഭീകരവാദത്തിനെതിരെ
രാജ്യത്ത് വര്‍ധിച്ചു വരുന്ന ഭീകരവാദ പ്രവണതകള്‍ക്കെതിരെ തുടക്കം മുതലേ ശക്തമായി ശബ്ദിക്കാന്‍ എസ് എസ് എഫ് മുന്നോട്ടു വന്നിട്ടുണ്ട്. ഭീകരവാദ പ്രവണത ഭൂരിപക്ഷത്തിന്‍റെ ഭാഗത്ത് നിന്നായാലും ന്യൂനപക്ഷത്തിന്‍റേതായാലും അപകടകരമാണെന്ന് സംഘടന വിളിച്ചു പറഞ്ഞു.
കേരളത്തില്‍ ഐ എസ് എസ് എന്ന പേരില്‍ തീവ്രമായ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളുമായി ചിലയാളുകള്‍ രംഗത്തു വന്നപ്പോള്‍ ആദ്യമായി അവര്‍ക്കെതിരെ ശബ്ദിക്കാന്‍ തയ്യാറായത് എസ് എസ് എഫ് ആയിരുന്നു. ആയിടക്ക് മര്‍കസ് കോംപ്ളക്സ് പള്ളിയില്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്കായി നടത്തിയ സ്പെഷ്യല്‍ ക്ളാസില്‍ തീവ്രവാദത്തിന്‍റെ ദൂഷ്യ വശങ്ങള്‍ വരച്ചു കാട്ടിയിരുന്നു.
95ന് വെട്ടിച്ചിറ മജ്മഇല്‍ നടന്ന കണ്‍വെന്‍ഷനില്‍ രാജ്യത്ത് വളര്‍ന്ന് വരുന്ന രാഷ്ട്രീയ രാഷ്ട്രീയ മത രംഗത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ക്കുവാനും ഭീകരവാദത്തിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ബോധവത്കരണം നടത്താനും തീരുമാനിച്ചു. എന്‍ ഡി എഫ് രംഗത്തു വന്നപ്പോള്‍ പലരും സാസംകാരിക സംഘടനയെന്ന പേരില്‍ അനുകൂലിക്കാന്‍ തയ്യാറായപ്പോള്‍ അത് തീവ്രവാദ പ്രസ്ഥാനമാണെന്ന് വിളിച്ചു പറയാന്‍ ധൈര്യം കാട്ടിയത് എസ് എസ് എഫ് ആയിരുന്നു.
പ്രവര്‍ത്തകരില്‍ തീവ്രവാദത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന് 95 മെയ് 1 മുതല്‍ 25 വരെ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം എസ് എസ് എഫ് നടത്തിയ ഡിവിഷന്‍ പ്രതിനിധി സംഗമങ്ങള്‍ സഹായകമായി.
പ്രവര്‍ത്തകരില്‍ ദേശസ്നേഹവും മതസൗഹാര്‍ദവും വളര്‍ത്തിയെടുക്കുന്നതിന് നിരന്തര പരിപാടികള്‍ സംഘടന നടത്തിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്‍റെ സുവര്‍ണജൂബിലി ഭാഗമായി നടത്തിയ മനുഷ്യ ഇന്ത്യ ഐതിഹാസിക സംഭവമായിരുന്നു.
ഇതിഹാസം രചിച്ച ബാലസഞ്ചയങ്ങള്‍
കുരുന്നു മനസുകളുടെ കുസൃതി നിറഞ്ഞ ബാല്യത്തെ ധാര്‍മികതയിലൂന്നിയ ചുറ്റുപാടിലൂടെ വളര്‍ത്തി സംഘടിതമായ നാളേക്കു വേണ്ട പരിശീലനം നടത്താന്‍ എസ് എസ് എഫിന്‍റെ കീഴില്‍ രൂപീകൃതമായ സുന്നിബാല സഞ്ചയത്തിന്‍റെ ശക്തി 93 നവംബര്‍ 13ന് മഞ്ചേരിയെ പിടിച്ചു കുലുക്കി. ചിട്ടയോടെ പരിശീലിപ്പിച്ചെടുത്ത സ്കൗട്ടും ആകര്‍ഷക താളത്തില്‍ ഗാനശകലങ്ങളുടെ അകമ്പടിയോടു കൂടിയുള്ള ദഫും സ്റ്റിക് റൗണ്ടിംഗ് സംഘടനകളും കാഴ്ച വെച്ച ബാലസഞ്ചയം ഇരുപതാം വാര്‍ഷികത്തിന് ചുക്കാന്‍ പിടിച്ചത് സി പി സൈതലവി സാഹിബായിരുന്നു.
ജില്ലാ ബാലസഞ്ചയങ്ങള്‍
എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടത്തിയ ജില്ലാ ബാലസഞ്ചയങ്ങള്‍ ഇതിഹാസം രചിച്ചു. താമരശ്ശേരിയില്‍ നടന്ന കോഴിക്കോട് ജില്ലാ ബാലസഞ്ചയം കോരങ്ങാട് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച് കാരാടിയില്‍ സമാപിച്ചു. ബാലറാലിക്ക് പിറകില്‍ എസ് എസ് എഫിന്‍റെയും എസ് വൈ എസിന്‍റെയും പ്രവര്‍ത്തകര്‍ പ്രത്യേക അഭിവാദ്യ റാലി നടത്തി. സമാപന സമ്മേളനത്തില്‍ എന്‍ അലിഅബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ എ പി അബ്ദുല്‍ഹക്കീം കാന്തപുരം അധ്യക്ഷത വഹിച്ചു. മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല സഅദി ചെറുവാടി, മുട്ടാഞ്ചേരി അഹമ്മദ്കുട്ടി സഖാഫി, ടി എ റശീദ് മുസ്ലിയാര്‍ പ്രസംഗിച്ചു. മജീദ് പുത്തൂര്‍ സ്വാഗതം പറഞ്ഞു.
കണ്ണൂരില്‍ രണ്ട് മേഥലകളിലായാണ് ബാലസഞ്ചയം നടന്നത്. തലശ്ശേരിയില്‍ നടന്ന ദക്ഷിണ മേഖലാ സഞ്ചയം. സൈദാര്‍പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സമാപന പൊതുസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്‍റ് മര്‍സൂഖ് സഅദി, അബ്ദുല്‍ ഖാദിര്‍ ചൊവ്വ പ്രസംഗിച്ചു. തളിപ്പറമ്പില്‍ നടന്ന ബാലസഞ്ചയം ഏറെ പുതുമയാര്‍ന്നതായിരുന്നു.
തൃശൂര്‍ ജില്ലാ ബാലസഞ്ചയം ചാവക്കാടിനു ഹരമായി. സയ്യിദ് പൂക്കോയ തങ്ങളുടെ നേതൃത്വത്തില്‍ മണത്തല മഖാം സിയാറത്തോടെ ആരംഭിച്ച പരിപാടിയില്‍ എന്‍ കെ ശറഫുദ്ദീന്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തി. രാവിലെ നടന്ന പ്രതിഭാസംഗമം സി ഐ ആര്‍ കെ ജയരാജ് ഉദ്ഘാടനം ചെയ്തു. മുതുവട്ടൂരില്‍ നിന്നാരംഭിച്ച പടുകൂറ്റന്‍ ബാലറാലി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജാസിം ഉമര്‍ നഗറില്‍ സമാപിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി ചന്ദ്രശേഖരപിള്ള സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവത്ര ഉസ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. പി ടി കുഞ്ഞുമുഹമ്മദ് എം എല്‍ എ, പി കെ അബൂബക്കര്‍ ഹാജി, ജഅ്ഫര്‍ ചെറുവണ്ണൂര്‍, എം എം ഹമീദ് മോന്‍, മൊയ്തീന്‍പാലപ്പള്ളി പ്രസംഗിച്ചു. പി മൊയ്തുണ്ണി സ്വാഗതവും ആര്‍ വി എം ബശീര്‍ മൗലവി നന്ദിയും പറഞ്ഞു.
പാലക്കാട് ജില്ലാ ബാലസഞ്ചയം മണ്ണാര്‍ക്കാടിന് പുതിയ അനുഭൂതി പകര്‍ന്നു. സമാപന സമ്മേളനം കൊമ്പം കെ പി മുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ ടി ത്വാഹിര്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. എം വി സിദ്ദീഖ് കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു. കെ പി എം അഹ്സനി, ഹാജി ലിയാഖത്തലിഖാന്‍, എം എം അബ്ദുല്ല മുസ്ലിയാര്‍, മാസ്റ്റര്‍ സ്വാലിഹ് പ്രസംഗിച്ചു. സൈനുദ്ദീന്‍ പൂവ്വക്കോട് സ്വാഗതവും ഉസ്മാന്‍ പയ്യനടം നന്ദിയും പറഞ്ഞു.
എറണാകുളത്ത് മാസ് ജംഗ്ഷനില്‍ നിന്ന് റാലിയാരംഭിച്ചു. കലൂരില്‍ നടന്ന പൊതുസമ്മേളനം അന്‍വര്‍ഷാ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി എം അബ്ദുസ്സലാം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കലൂര്‍ അബ്ദുല്‍ മനാഫ് മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് ഇടപ്പള്ളി സ്വാഗതവും അബ്ദുര്‍റഹീം നന്ദിയും പറഞ്ഞു.
ഹൈവേ മാര്‍ച്ച്
എസ് എസ് എഫിന്‍റെ രണ്ടാം സംസ്ഥാന സമ്മേളന പ്രചാരണവുമായി കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്കു നടത്തിയ ഹൈവേ മാര്‍ച്ച് സംഘടനാ ചരിത്രത്തിലെ തിളക്കമുറ്റ മറ്റൊരധ്യായമായി മാറി. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും പ്രത്യേക യോഗ്യതകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 33 അംഗ കോണ്‍ഫറന്‍സ് ഗാര്‍ഡ് (സി ജി) അംഗങ്ങള്‍ നീല പൈജാമയും ജുബ്ബയും വെള്ള തൊപ്പിയും സമ്മേളന മുദ്ര ലേഖനം ചെയ്ത ബാഡ്ജും ധരിച്ച് കേരളത്തിന്‍റെ വടക്കന്‍ അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരത്തെ ഉദ്യാവരം ജുമുഅത്ത് പള്ളിയില്‍ 1993 നവംബര്‍ 26ന് വെള്ളിയാഴ്ച ഒത്തു കൂടുകയും ജുമുഅ നിസ്കാരാനന്തരം നടന്ന ഭക്തിനിര്‍ഭരമായ സിയാറത്തിന് ശേഷം പ്രയാണം തുടങ്ങുകയും ചെയ്തു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ ബാവദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ജാഥാ ക്യാപ്റ്റനായ പി കെ എം ഇരിങ്ങല്ലൂരിന് സംഘടനയുടെ മൂവര്‍ണ പതാക നല്‍കി കൊണ്ട് ഹൈവേ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ഹൈവേ മാര്‍ച്ച് എന്തുകൊണ്ടും പുതുമയര്‍ഹിക്കുന്നതായി. ഏറ്റവും മുന്നില്‍ ഹൈവേ മാര്‍ച്ചിനെയും ഖാദിസിയ്യയെയും പരിചയപ്പെടുത്തി നീങ്ങിയ പൈലറ്റ് വാഹനം. തൊട്ടു പിന്നില്‍ പ്രത്യേക ബാനറുമായി നീങ്ങിയ സ്റ്റേറ്റ് സി ജി വാഹനം. അതിനു പിന്നില്‍ ജില്ലാ താലൂക്ക് സി ജികള്‍, വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ ഏറ്റവും മുന്നില്‍ സംസ്ഥാന സി ജി അംഗങ്ങള്‍, അവര്‍ക്കു പിന്നില്‍ ജില്ലാതല അംഗങ്ങളായ ധ്വജവാഹക സേനയും ശേഷം താലൂക്ക്, പഞ്ചാത്ത് ശാഖാ സി ജി അംഗങ്ങളും അണി നിരന്നു.
പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ നേതൃത്വം നല്‍കിയ ഹൈവേ മാര്‍ച്ച് കടന്നു പോകാത്ത വയനാട്, പാലക്കാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഉപയാത്രകളും സംഘടിപ്പിക്കപ്പെട്ടിരുന്നു. ഹൈവേ മാര്‍ച്ചിന്‍റെ കോ ഓര്‍ഡിനേറ്റര്‍ പി കെ ബശീര്‍ ഹാജിയായിരുന്നു.
ഖാദിസിയ്യ ഭവന പദ്ധതി
എസ് എസ് എഫിന്‍റെ ഇരുപതാം വാര്‍ഷിക മഹാ സമ്മേളനം ഖാദിസിയ്യയില്‍ സമാപിച്ചപ്പോള്‍ ഖാദിസിയ്യയുടെ സ്മാരകമായി കൈരളിക്ക് സംഘടന നല്‍കിയ വാഗ്ദാനമായിരുന്നു 20 വീടുകള്‍. ഓരോ ജില്ലകളിലും ഓരോ വീടുകള്‍ നിര്‍മിക്കുകയെന്ന തീരുമാനമാണ് ആദ്യം കൈകൊണ്ടത്. പ്രഥമ വീടിന്‍റെ കുറ്റിയടിക്കല്‍ കര്‍മം വയനാട് ജില്ലയിലെ കമ്പളക്കോട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പി കെ ബാവദാരിമി, മജീദ് കക്കാട്, അഹ്മദ്കുട്ടി സഖാഫി മുട്ടാഞ്ചേരി, മമ്മുട്ടി മുസ്ലിയാര്‍ വെള്ളമുണ്ട, അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ കല്‍പറ്റ തുടങ്ങിയവര്‍ സംബന്ധിച്ചു. ആറു മാസം കൊണ്ട് വീട് നിര്‍മാണം പൂര്‍ത്തിയാക്കി 95 ആഗസ്റ്റ് 17ന് സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ അവേലത്ത് താക്കോല്‍ നല്‍കി തുറന്നു കൊടുത്തു.
കോഴിക്കോട് ജില്ലയില്‍ നിര്‍മിച്ച വീടിന്‍റെ ശിലാസ്ഥാപനം കക്കാടില്‍ 95 ഒക്ടോബര്‍ 15ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. 97ല്‍ പണി പൂര്‍ത്തിയാക്കി തുറന്നു കൊടുത്തു. കണ്ണൂര്‍ ജില്ലയിലെ തട്ടുമ്മലില്‍ നിര്‍മിച്ച വീടിന്‍റെ ശിലാസ്ഥാപനം കെ പി ഹംസ മുസ്ലിയാര്‍ നിര്‍വഹിച്ചു. 97 ഡിസംബറില്‍ എ പി അബൂബക്കര്‍ മുസ്ലിയാര്‍ തുറന്നു കൊടുത്തു. മലപ്പുറം എടക്കരയില്‍ നിര്‍മിച്ച വീടിന്‍റെ തറക്കല്ലിടല്‍ കര്‍മം ബീരാന്‍മുസ്ലിയാര്‍ നിര്‍വഹിച്ചു. മറ്റു ജില്ലകളിലും പദ്ധതി യഥാസമയം പൂര്‍ത്തിയാക്കി.
നവ ചൈതന്യവുമായി ഡിവിഷനുകള്‍
ആദ്യകാലത്ത് താലൂക്ക് കമ്മിറ്റികളാണ് ജില്ലയുടെ കീഴ്ഘടകങ്ങളായി ഉണ്ടായിരുന്നത്. സംഘടന വളരുകയും ശാഖാ കമ്മിറ്റികള്‍ വര്‍ധിക്കുകയും ചെയ്തപ്പോള്‍ ഒരു താലൂക്ക് നേതൃത്വത്തിന് തങ്ങളുടെ പരിധിയിലുള്ള ശാഖാ പഞ്ചായത്ത് കമ്മിറ്റികളെ ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു.
വിവിധ ക്യാമ്പുകളിലെ നിരന്തര ചര്‍ച്ചകളുടെ ഫലമായാണ് 1995 മുതല്‍ താലൂക്ക് കമ്മിറ്റിയുടെ സ്ഥാനത്ത് ഡിവിഷന്‍ കമ്മിറ്റികള്‍ നിലവില്‍ വരുന്നത്. 94 അവസാനത്തോടെ നിലവിലുള്ള താലൂക്കുകള്‍ പിരിച്ചു വിട്ട് ആസ്തികള്‍ ജില്ലാ കമ്മിറ്റികള്‍ ഏറ്റു വാങ്ങി. നിശ്ചിത പഞ്ചായത്തുകള്‍ ചേര്‍ന്നാണ് ഡിവിഷനുകള്‍ രൂപവത്കരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 72 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡിവിഷന്‍ വന്നതോടെ കൂടുതല്‍ നേതൃത്വത്തെ വളര്‍ത്തിക്കൊണ്ടു വരാനും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കഴിഞ്ഞു.
ഡിവിഷന്‍ സംഗമങ്ങള്‍
95 മെയ് ഒന്നിനും 25നുമുടയില്‍ നടന്ന ഡിവിഷന്‍ സംഗമങ്ങള്‍ പ്രവര്‍ത്തന വീഥിയില്‍ ആവേശം അലതല്ലിയ പരിപാടിയായിരുന്നു. സംസ്ഥാന ഭാരവാഹികള്‍ ഒന്നടങ്കം കീഴ്ഘടകങ്ങളിലേക്കിറങ്ങി വന്ന് പ്രവര്‍ത്തകരുമായി ബന്ധപ്പെടാനും ഇത് വഴി കീഴ്ഘടകങ്ങളിലെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാനും പുതിയ കര്‍മ പദ്ധതിക്ക് രൂപം കാണാനും സംഗമങ്ങള്‍ സഹായകമായി.
നിശ്ചിത ദിവസങ്ങളില്‍ രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം നാലു മണി വരെയാണ് പ്രവര്‍ത്തക സമ്മേളനങ്ങള്‍ നടന്നത്. സംസ്ഥാന ഭാരവാഹികളിലൊരാളാണ് ഓരോ സംഗമങ്ങളും ഉദ്ഘാടനം ചെയ്തത്. ഡിവിഷന്‍ പ്രസിഡന്‍റുമാര്‍ അധ്യക്ഷത വഹിച്ചു.
ആശയം, പ്രസ്ഥാനം, നയം, പ്രവര്‍ത്തനം, പദ്ധതി എന്നീ വിഷയങ്ങളെ കുറിച്ചുള്ള ക്ളാസുകളാണ് പിന്നീട്. വൈകുന്നേരം മൂന്നു മണിക്ക് ആയിടെ അന്തരിച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ഒ ഖാലിദിന് വേണ്ടി എഴുപതിനായിരം തഹ്ലീലും പ്രത്യേക പ്രാര്‍ഥനയും സംഘടിപ്പിച്ചു. മെയ് ഒന്നിന് കുമ്പള ഡിവിഷനില്‍ നിന്ന് തുടങ്ങിയ സംഗമങ്ങള്‍ എങ്ങും ആവേശോജ്ജ്വല പ്രതികരണമാണ് ലഭ്യമായത്.
വിദ്യാര്‍ഥി രാഷ്ട്രീയത്തിനെതിരെ
സ്കൂള്‍, കോളജുകളില്‍ നടക്കുന്ന അനിയന്ത്രിത വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംഘടന തുടക്കം മുതല്‍ ശക്തമായി ശബ്ദിച്ചിട്ടുണ്ട്. കലാലയ രാഷ്ട്രീയം ഒരുപാട് നിരപരാധികളുടെ ജീവനപഹരിച്ചിട്ടുണ്ട്. മാസങ്ങളോളം പാഠശാല അടച്ചിടേണ്ടി വന്നിട്ടുണ്ട്. സംഘട്ടനങ്ങള്‍ നിത്യസംഭവം.
സമര ചരിത്രത്തില്‍ ശ്രദ്ധേയമായ പരിപാടിയായിരുന്നു തിരുവനന്തപുരത്ത് നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച്. സംസ്ഥാന കൗണ്‍സിലര്‍മാരായിരുന്നു മാര്‍ച്ചിലണിനിരന്നിരുന്നത്. സംസ്ഥാന നേതാക്കളായ പി കെ എം സഖാഫി, മജീദ് കക്കാട്, ത്വാഹിര്‍ സഖാഫി, മുഹമ്മദ് പുല്ലാളൂര്‍, അബ്ദുല്‍ ഖാദര്‍ മദനി, ഹനീഫ് പാനൂര്‍, അയ്യൂബ് എറണാകുളം, സുലൈമാന്‍ വള്ളക്കടവ് നേതൃത്വം നല്‍കി. സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തിയതിന് ശേഷം നേതാക്കള്‍ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.
സ്കൂള്‍ രാഷ്ട്രീയം നിരോധിച്ചു കൊണ്ടുള്ള കോടതി വിധിയെ സംഘടന സ്വാഗതം ചെയ്യുകയും നിരോധനം കോളജുകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.
മറക്കാത്ത മനുഷ്യഇന്ത്യ
ഇന്ത്യന്‍ സ്വാതന്ത്ര്യ സുവര്‍ണജൂബിലി ആഘോഷത്തിന്‍റെയും സംഘടനയുടെ സില്‍വര്‍ ജൂബിലിയുടെയും ഭാഗമായി ഒക്ടോബര്‍ 11ന് എസ് എസ് എഫ് സംഘടിപ്പിച്ച മനുഷ്യഇന്ത്യ അക്ഷരാര്‍ഥത്തില്‍ മനുഷ്യസാഗരമായി മാറി.
9.40ന് പി കെ എം സഖാഫിയുടെ പ്രാര്‍ഥനയോടെ തുടക്കം കുറിച്ച റാലി നഗരത്തിന് കൗതുകവും ആവേശവും പകര്‍ന്നു. സംസ്ഥാനത്ത് നേതാക്കള്‍ക്ക് പിറെ പ്രത്യേക ബാനറിന് പിന്നില്‍ ആകര്‍ഷകമായ യൂണിഫോം ധരിച്ച സില്‍വര്‍ഗാര്‍ഡ് അംഗങ്ങളും അതിന് പിന്നില്‍ പ്രവര്‍ത്തകരും അണി നിരന്നു. 11.30ന് റാലിയുടെ മുന്‍നിര സ്റ്റേഡിയം ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്നു. സില്‍വര്‍ ഗാര്‍ഡുകളും ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും 'ഇന്ത്യ'യില്‍ പ്രവേശിച്ചതോടെ മനുഷ്യഇന്ത്യ സാക്ഷാത്കാരമായി.
എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് സ്വാഗതപ്രസംഗം നടത്തി. തുടര്‍ന്ന് ദേശഭക്തിഗാനാലാപനം നടന്നു. കോഴിക്കോട് ജില്ലാ കലക്ടര്‍ മനോജ് ജോഷിയാണ് മനുഷ്യ ഇന്ത്യ ഉദ്ഘാടനം ചെയ്തത്. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ പുനരര്‍പ്പണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപന പ്രസംഗം നടത്തി. ദേശീയഗാനത്തോടെ പരിപാടി സമാപിച്ചു.
സ്മാരകങ്ങള്‍
സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്മാരകങ്ങള്‍ നിര്‍മിച്ചു. ബസ് വെയ്റ്റിംഗ് ഷെഡ്, വൃക്ഷം നട്ടു പിടിപ്പിക്കല്‍, ബസ് സമയ, ഫോണ്‍ നമ്പര്‍ ബോര്‍ഡ് സ്ഥാപിക്കല്‍ തുടങ്ങിയ പല പദ്ധതികളും സേവനങ്ങളും നടപ്പിലായി.
കറുത്ത ഇന്ത്യയുടെ ഓര്‍മകള്‍
ബാബരി ദുരന്തത്തോടെ രാജ്യത്ത് അലയടിച്ച പ്രതിഷേധ സമരങ്ങളുടെ മുന്‍നിരയില്‍ സുന്നി വിദ്യാര്‍ഥി പ്രസ്ഥാനവുമുണ്ടായിരുന്നു; അധികാരി വര്‍ഗത്തിന്‍റെ മുഖത്ത് നോക്കി നീതി ചോദിക്കാന്‍. ബാബരി പ്രൊട്ടക്ഷന്‍ കാമ്പയിന്‍ ശ്രദ്ധേയമായ പരിപാടിയിരുന്നു. കൊടും പ്രതിഷേധങ്ങളും ധര്‍ണകളും മാര്‍ച്ചുകളും നടന്നു.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്‍റെ ദു:ഖ വാര്‍ഷികം എല്ലാ വര്‍ഷവും വിവിധങ്ങളായ പരിപാടികളോടെ ആചരിച്ചു. ഒന്നാം ദു:ഖ വാര്‍ഷികത്തില്‍ പ്രതിഷേധറാലി സംഘടിപ്പിച്ചു. രണ്ടാം വാര്‍ഷികത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണയും മൂന്നാം വാര്‍ഷികത്തില്‍ എസ് വൈ എസുമായി സഹകരിച്ച് മാര്‍ച്ചും സംഘടിപ്പിച്ചു.
നാലാം ദു:ഖ വാര്‍ഷികം അവകാശ സംരക്ഷണ ദിനമായി ആചരിച്ചു കൊണ്ട് എസ് എസ് എഫ് ചരിത്രത്തില്‍ പുതിയൊരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്തു. അവകാശ സംരക്ഷണ റാലി വിളംബരം ചെയ്തു കൊണ്ട് സംസ്ഥാനമൊട്ടുക്കും യൂണിറ്റ്, പഞ്ചായത്ത് തലങ്ങളില്‍ എസ് എസ് എഫ് പ്രവര്‍ത്തകര്‍ വിളംബര ജാഥയും പൊതുയോഗങ്ങളും നടത്തുകയുണ്ടായി. കോഴിക്കോട്ടും ആലപ്പുഴയിലും പടുകൂറ്റന്‍ റാലി നടത്തി. സംസ്ഥാനത്തെ രണ്ടു മേഖലകളിലായി നടന്ന അവകാശ സംരക്ഷണ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.
കോഴിക്കോട്ട് എസ് എസ് എഫ് ആസ്ഥാന ഓഫീസ് സ്ഥിതി ചെയ്യുന്ന സ്റ്റുഡന്‍റ്സ് സെന്‍റര്‍ പരിസരത്ത് വൈകുന്നേരം നാലു മണിക്ക് പുറപ്പെട്ട റാലി പോയിന്‍റ് കടക്കാന്‍ ഒരു മണിക്കൂറിലേറെ സമയമെടുത്തു. രണ്ടു വരിയായി നീങ്ങിയ പ്രകടനം മാവൂര്‍ റോഡ്, ബേങ്ക് റോഡ്, മാനാഞ്ചിറ, മിഠായി തെരുവ്, പാളയം വഴി മുതലക്കുളത്ത് സമാപിച്ചു. സംസ്ഥാന പ്രസിഡന്‍റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, ട്രഷറര്‍ അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്, മുന്‍ ജനറല്‍ സെക്രട്ടറി ജി അബൂബക്കര്‍, മറ്റു ഭാരവാഹികളായ ത്വാഹിര്‍ സഖാഫി, മുഹമ്മദ് പറവൂര്‍, ഹനീഫ് പാനൂര്‍, മുഹമ്മദ് പുല്ലാളൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സംസ്ഥാന പ്രസിഡന്‍റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അഡ്വ. എ കെ ഇസ്മാഈല്‍ വഫ പ്രസംഗിച്ചു.
ആലപ്പുഴ പട്ടണത്തില്‍ പടുകൂറ്റന്‍ അവകാശ സംരക്ഷണ റാലി നടന്നു. ആയിരങ്ങള്‍ പങ്കെടുത്ത റാലിക്ക് എസ് എസ് എഫ് നേതാക്കളായ കുറ്റിയില്‍ അശ്റഫ്, അയ്യൂബ് എറണാകുളം, എച്ച് എ അഹമ്മദ് സഖാഫി, അബ്ദുല്‍ ഹമീദ് സഖാഫി എറണാകുളം, സുബൈര്‍ സഖാഫി കോട്ടയം, സലാം കായംകുളം നേതൃത്വം നല്‍കി.
ഓറിയന്‍റല്‍ അറബി :
വഹാബി വത്കരണത്തിനെതിരെ വീണ്ടും പ്രക്ഷോഭം
ഓറിയന്‍റല്‍ കോളജുകള്‍ സര്‍ക്കാര്‍ പണം കൊണ്ട് പ്രവര്‍ത്തിക്കുന്നവയാണ്. രാജ്യത്തെ നാനാ വിഭാഗം നികുതി കൊടുത്തു നടത്തുന്ന ഈ സ്ഥാപനം ഏതാനും വഹാബി മൗലവിമാരുടെ കൈകളില്‍ നിന്നും മോചിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ സജ്ജരായിരിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതു കൂടിയായരുന്നു തേഞ്ഞിപ്പലത്തെ വാഴ്സിറ്റി ആസ്ഥാനത്തേക്കു നടന്ന പടുകൂറ്റന്‍ വിദ്യാര്‍ഥി മാര്‍ച്ച്.
97 ഒക്ടോബര്‍ 31 രാവിലെ പത്തു മണിയായതോടെ യൂണിവേഴ്സിറ്റി പരിസരം ധര്‍മ വിപ്ളവ മുദ്രാവാക്യം മുഴക്കി എത്തിയ വിദ്യാര്‍ഥികളെ കൊണ്ട് നിറയുകയായിരുന്നു. കോഹിനൂരില്‍ നിന്ന് പ്രകടനമാരംഭിക്കുമ്പോള്‍ നാഷണല്‍ ഹൈവേയുടെ ഓരം ചേര്‍ന്ന് വിദ്യാര്‍ഥി നിര ദൂരേക്കു നീണ്ടു കിടന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ കെ ടി ത്വാഹിര്‍ സഖാഫിയുടെ ഭക്തിനിര്‍ഭരമായ പ്രാര്‍ഥനയോടെയായിരുന്നു മാര്‍ച്ചിന്‍റെ ആരംഭം. മാര്‍ച്ചിന് സംസ്ഥാന നേതാക്കളായ മജീദ് കക്കാട്, ജി അബൂബക്കര്‍, പി കെ അബ്ദുര്‍റഹ്മാന്‍, ത്വാഹിര്‍ സഖാഫി, എന്‍ അബ്ദുലത്തീഫ് സഅദി, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, മുഹമ്മദ് പറവൂര്‍, മുഹമ്മദ് പുല്ലാളൂര്‍ നേതൃത്വം നല്‍കി.
മാര്‍ച്ച് വാഴ്സിറ്റിയുടെ ഭരണ വിഭാഗം മുഖ്യകവാടത്തിനു മുന്നിലെത്താന്‍ രണ്ടു മണിക്കൂറും പത്തു മിനിറ്റുമെടുത്തു. കവാടത്തിനു മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. സുന്നി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന അഡ്വ. എ കെ ഇസ്മാഈല്‍ വഫയായിരുന്നു മാര്‍ച്ച് ഉദ്ഘാടകന്‍.
കെ ടി ത്വാഹിര്‍ സഖാഫി സമര പ്രഖ്യാപനം നടത്തി. മുഖ്തസറുല്‍ അഹ്കാമുല്‍ ഫിഖ്ഹിയ്യയിലെ അവസാനത്തെ വഹാബി ആശയം എടുത്തു കളയുന്നതു വരെ എസ് എസ് എഫ് അടങ്ങിയിരിക്കില്ല. മമ്പുറം തങ്ങളുടെ, വെളിയംങ്കോട് ഉമര്‍ ഖാസിയുടെ മഖ്ബറകള്‍ തകര്‍ക്കണമെന്നു പറയുന്ന ഈ ക്ഷുദ്രകൃതി മാറ്റിയെഴുതിക്കും വരെ എസ് എസ് എഫിന്‍റെ പ്രവര്‍ത്തകര്‍ക്ക് വിശ്രമമില്ല. മജീദ് കക്കാട് സ്വാഗതവും മുഹമ്മദ് പറവൂര്‍ നന്ദിയും പറഞ്ഞു. മാര്‍ച്ചിനു ശേഷം വൈസ്ചാന്‍സ്ലര്‍, പ്രോ വൈസ്ചാന്‍സ്ലര്‍ തുടങ്ങിയവര്‍ക്ക് നേതാക്കള്‍ നിവേദനം സമര്‍പ്പിച്ചു.
സമരത്തിന്‍റെ രണ്ടാം ഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ മുഴുവന്‍ ഡിവിഷന്‍ ആസ്ഥാനങ്ങളിലും സായാഹ്ന ധര്‍ണകള്‍ നടക്കുകയുണ്ടായി.
നീലഗിരിയിലെ എസ് എസ് എഫ് മുന്നേറ്റം
കേരളാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന തമിഴ്നാട് സ്റ്റേറ്റിലെ നീലഗിരി ജില്ല പ്രകൃതിയുടെ വരദാനമാണ്. 70കളുടെ അവസാനത്തില്‍ തന്നെ എസ് എസ് എഫിന്‍റെ പ്രവര്‍ത്തനം നീലഗിരിയിലെത്തിയിരുന്നു. കേരള സംസ്ഥാന കമ്മിറ്റിയുടെ കീഴ്ഘടകമായി തന്നെയാണ് നീലഗിരിയിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ബശീര്‍ മദനി നീലഗിരി പ്രസിഡന്‍റും സി കെ കെ മദനി സെക്രട്ടറിയുമായി വന്നതോടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കഴിഞ്ഞു. ഗൂഡല്ലൂര്‍ ഡിവിഷനാണ് ജില്ലയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നത്.
10 ാം വാര്‍ഷികം 20 ാം വാര്‍ഷികം തുടങ്ങി സംഘടനയുടെ പ്രധാന നാഴിക കല്ലുകളിലൊക്കെ ജില്ലയിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. പത്താം വാര്‍ഷിക പ്രചാരണവുമായി എ സി എസ് ബീരാന്‍ മുസ്ലിയാര്‍ ദിവസങ്ങളോളം നീലഗിരിയില്‍ പ്രചാരണം നടത്തിയിട്ടുണ്ട്. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്നു. മതവിദ്യാഭ്യാസ രംഗത്തുള്ള പിന്നാക്കാവസ്ഥക്ക് പരിഹാരമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്.
എസ് എസ് എഫ് ലക്ഷദ്വീപില്‍
1988ല്‍ ലക്ഷദ്വീപിന്‍റെ പടിഞ്ഞാറന്‍ വശത്ത് സ്ഥിതി ചെയ്യുന്ന അഗത്തി ദ്വീപില്‍ കേരളത്തില്‍ പഠിച്ചു കൊണ്ടിരുന്ന മതഭൗതിക വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പണ്ഡിതരുടെ ആശിര്‍വാദത്തോടെയായിരുന്നു പ്രഥമ യൂണിറ്റിന്‍റെ ഉദയം. 89ല്‍ അമിനി ദ്വീപിലും 92ല്‍ കവരത്തിയിലും 93 ചെത്ത്ലത്ത്, ആന്ത്രോത്ത്, കില്‍ത്താന്‍, കല്‍പ്പേനി തുടങ്ങിയ ദ്വീപുകളിലും 98ല്‍ കടമത്ത് ദ്വീപിലെ ജവഹര്‍ലാല്‍ നെഹ്റു കോളജിലും സംഘടന വെളിച്ചം കണ്ടു. 95ല്‍ കവരത്തി ഖാദിസിയ്യായില്‍ വെച്ചു നടന്ന സുന്നി കണ്‍വെന്‍ഷന്‍ സംഘടനയുടെ ചരിത്രത്തില്‍ പ്രഥമ കാല്‍വെപ്പായിരുന്നു.
96ല്‍ എസ് എസ് എഫ് ചെത്ത്ലത്ത് യൂണിറ്റിന്‍റെ വാര്‍ഷിക സമ്മേളനത്തിലേക്ക് സംസ്ഥാന പ്രസിഡന്‍റ് പി കെ എം സഖാഫിയുടെ കാല്‍വെപ്പോടെയാണ് ഒരു പരിധി വരെയെങ്കിലും എസ് എസ് എഫിനെയും അതിന്‍റെ പ്രവര്‍ത്തന ലക്ഷ്യങ്ങളെയും ദ്വീപ് സമൂഹം അടുത്തറിഞ്ഞത്. എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഭാഗമായി ദ്വീപ് തല സംഗമം പുതുവര്‍ഷ പുലരിയില്‍ ചെത്ത്ലത്തില്‍ നടന്നു. വഅള് മജ്ലിസുകള്‍, ദിക്ര്‍ ഹല്‍ഖകള്‍, പഠന ക്ളാസുകള്‍, കേമ്പുകള്‍, സിയാറത്ത് യാത്രകള്‍, ഇസ്ലാമിക് ലൈബ്രറി, കേസറ്റ് ലൈബ്രറി, മൊബൈല്‍ ലൈബ്രറി, ട്യൂഷന്‍ സെന്‍റര്‍, ഇസ്ലാമിക് നഴ്സറി, സ്കൂള്‍ തുടങ്ങിയ ബഹുമുഖ പദ്ധതികള്‍ സംഘടന നടത്തി വരുന്നുണ്ട്.
എസ് എസ് എഫ് കര്‍ണാടകയില്‍
എസ് എസ് എഫ് കേരളത്തില്‍ രൂപം കൊണ്ട സമയത്ത് തന്നെ കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ സംഘടനയുടെ ശാഖാ കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. അവ കേരള സംസ്ഥാനത്ത് അംഗീകാരം നല്‍കുകയായിരുന്നു. ദക്ഷിണ കര്‍ണാടക, കൂര്‍ഗ് ജില്ലകള്‍ സജീവമായതോടെ കര്‍ണാടക സ്റ്റേറ്റ് എസ് എസ് എഫ് രൂപീകരിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങുകയും മറ്റു ജില്ലകളിലെ പ്രതിനിധികളെ കൂടി കൂട്ടി സംസ്ഥാന കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തു.
സംസ്ഥാനത്ത് ബാംഗ്ളൂര്‍ ഉള്‍പ്പെടെ പത്തോളം ജില്ലാ കമ്മിറ്റികള്‍ നിവവിലുണ്ട്. വിദ്യാഭാസ സാമൂഹ്യ സാംസ്കാരിക റിലീഫ് രംഗങ്ങളില്‍ കേരളത്തെപോലെ മാതൃകായോഗ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. 92 ഡിസംബാറില്‍ സുള്ള്യയില്‍ നടന്ന സമ്പൂര്‍ണ സംസ്ഥാന ക്യാമ്പ് നല്ലൊര തുടക്കമായിരുന്നു.
മര്‍കസില്‍ നിന്ന് ബിരുദം നേടിയ ധാരാളം മതപണ്ഡിതര്‍ പുറത്തിറങ്ങിയതോടെ കര്‍ണാടകയില്‍ പ്രവര്‍ത്തനം കൂടുതല്‍ സജീവമായിട്ടുണ്ട്. മംഗലാപുരം ബന്തറിലുള്ള അസീസുദ്ദീന്‍ റോഡിലാണ് സംഘടനയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്.
എസ് എസ് എഫ് മലപ്പുറം ജില്ലയില്‍
ധാര്‍മിക വിപ്ളവത്തിന്‍റെ ഗീതിയുമായി കര്‍മഭൂമിയിലിറങ്ങിയ പോരാളികളുടെ പ്രാസ്ഥാനിക മുന്നേറ്റത്തിന് തുടക്കമിട്ടത് മലപ്പുറമാണ്. കൈരളിയുടെ മാറിലെ ഏറ്റവും വലിയ ധര്‍മ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ തിരികൊളുത്താന്‍ ഭാഗ്യം ലഭിച്ചത് മലപ്പുറത്തിനാണ്. ജില്ലയിലെ അത്യുന്നത മതപഠന കലാലയമായ പട്ടിക്കാട് ജാമിഅ: നൂരിയ്യയില്‍.
സംസ്ഥാന കമ്മിറ്റി നിലവില്‍ വരുന്നതിന് മുമ്പു തന്നെ ജില്ലയിലെ ഏറനാട് താലൂക്ക് എസ് എസ് എഫ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. 1973 ഏപ്രില്‍ എട്ടിന് അരീക്കോട് നടന്ന സമസ്ത താലൂക്ക് സമ്മേളനത്തില്‍ നടന്ന വിദ്യാര്‍ഥി കണ്‍വെന്‍ഷനാണ് ഈ പ്രഥമ ഘടകത്തിന്‍റെ പിറവിക്ക് കളമൊരുക്കിയത്. ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്‍റും റഹ്മാന്‍ ഫൈസി ജനറല്‍ സെക്രട്ടറിയുമായിരുന്നു.
1974ലാണ് മലപ്പുറം ജില്ലാ കമ്മിറ്റി നിലവില്‍ വന്നത്. പ്രവര്‍ത്തകരെ സൃഷ്ടിക്കുന്നതിലും കീഴ്ഘടകങ്ങള്‍ രൂപവത്കരിക്കുന്നതിലുമായികുന്നു ആദ്യകാലം ശ്രദ്ധ കേന്ദ്രീകരിച്ചത്. സമൂഹത്തിന് സംഘടനയെ പരിചയപ്പെടുത്താനും അനിവാര്യത ബോധ്യപ്പെടുത്താനും നന്നേ പാടു പെടേണ്ടി വന്നു. സംശയത്തോടെ വീക്ഷിക്കുന്നവര്‍ അനിവാര്യതയെ ചോദ്യം ചെയ്യുന്നവര്‍, ഒന്നു പുഞ്ചിരിക്കാന്‍ പോലും മടി കാണിച്ചവര്‍, നേതാക്കള്‍ പിന്തിരിയാന്‍ തയ്യാറായില്ല.
ഹ്രസ്വമായ കാലം കൊണ്ടു തന്നെ പൂര്‍വകാല നേതൃത്വത്തിന്‍റെ തീവ്രശ്രമഫലമായി നൂറുകണക്കായ യൂണിറ്റ് കമ്മിറ്റികള്‍ മലപ്പുറം ജില്ലയില്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞു. ഏതാനും പഞ്ചായത്ത്, മേഖലാ ഘടകങ്ങളും രൂപവത്കൃതമായി. എഴുപതുകളില്‍ തന്നെ ജില്ലയിലെ നാല് താലൂക്ക് കമ്മിറ്റികള്‍ നിലവില്‍ വന്നു. ഏറനാട്, തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി. പില്‍കാലത്ത് ഏറനാടിനെ വിഭജിച്ച് നിലമ്പൂര്‍ ഘടകവും രൂപത്കരിക്കപ്പെട്ടു. യൂണിറ്റ് കമ്മിറ്റികളുടെ രൂപവത്കരണവും പുതിയ പ്രവര്‍ത്തകരെ കണ്ടെത്തലും പരിശീലനവും തന്നെയായിരുന്നു ആദ്യകാല താലൂക്ക് കമ്മിറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍.
ആദ്യകാലത്ത് സംസ്ഥാന കമ്മിറ്റി യോഗങ്ങളും കേമ്പുകളുമെല്ലാം നടക്കാറുള്ളത് ജില്ലയില്‍ തന്നെ. ആദ്യകാല നേതാക്കളില്‍ വലിയൊരു വിഭാഗത്തെ സംഭാവന ചെയ്തതും മലപ്പുറം തന്നെ. 1992 വരെ സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനവും രിസാല ഓഫീസും പ്രവര്‍ത്തിച്ചത് മലപ്പുറം ടൗണിലായിരുന്നു.
1981ല്‍ മഞ്ചേരിയില്‍ നടന്ന ഏറനാട് താലൂക്ക് സമ്മേളനം സംഘടനാ ചരിത്രത്തിലെ പ്രധാന നാഴികകല്ലാണ്. ആദ്യമായി ഒരു മേല്‍ഘടകം സംഘടിപ്പിക്കുന്ന പരിപാടി എന്ന നിലയില്‍ ഏറെ ശ്രദ്ധേയമായിരുന്നു ആ സമ്മേളനം. 1981 ജനുവരി 29, 30, 31 തിയതികളില്‍ നടന്ന പരിപാടി താലൂക്കിന് പുറത്തും പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ കാരണമായി. 1982ല്‍ നടന്ന തിരൂര്‍ താലൂക്ക് സമ്മേളനവും സംഘടനയുടെ കരുത്തു തെളിയിക്കാന്‍ പര്യാപ്തമായി. 1983ല്‍ നടന്ന സംഘടനയുടെ ദശവാര്‍ശിക സമ്മേളനം ജില്ലയിലെ സംഘടനാ ചലനങ്ങളില്‍ പുതിയ പാത കണ്ടെത്താന്‍ നിദാനമായി.
ആദ്യകാലങ്ങളില്‍ പ്രവര്‍ത്തകര്‍ക്കും പ്രസംഗകര്‍ക്കും സമഗ്ര പരിശീലനം നല്‍കുന്ന കേമ്പുകള്‍ക്കായിരുന്നു ജില്ല താലൂക്ക് ഘടകങ്ങള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. പട്ടിക്കാട്, വളവന്നൂര്‍, തിരൂര്‍ക്കാട്, കോട്ടക്കല്‍, പുത്തന്‍പള്ളി, കൂട്ടായി, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ആദ്യകാല കേമ്പുകള്‍ പ്രവര്‍ത്തകര്‍ക്ക് പുതുജീവന്‍ പകരാന്‍ കാരണമായി.
മലപ്പുറം ജില്ലയില്‍ അരീക്കോടിനടുത്ത പാലപ്പറ്റയില്‍ സുന്നി പള്ളി പിടിച്ചെടുക്കാന്‍ ശ്രമിച്ച വഹാബി നീക്കത്തിനെതിരെ ജില്ലയില്‍ സംഘടന നടത്തിയ സമര പരിപാടികള്‍ ശ്രദ്ധേയമായിരുന്നു. അരീക്കോടിനടുത്ത ഒതായിയിലെ എസ് എസ് എഫ് സമ്മേളനത്തിന് സ്ഥലത്തെ പ്രമുഖ രാഷ്ട്രീയക്കാരന്‍റെ ദുഷ്ടലാക്കിന് വേണ്ടി അധികൃതര്‍ അനുമതി നിഷേധിക്കുകയും ധീരമായ ചുവടു വെപ്പുകള്‍ നടത്തി അഭിമാനം സംരക്ഷിക്കാന്‍ ജില്ലയിലെ പോയകാല പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു.
സ്കൂള്‍ അറബിയിലെ വഹാബി വത്കരണത്തിനെ 1987 സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമര പരിപാടികള്‍ക്ക് ജില്ലയില്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്. വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് മുന്നിലെ ധര്‍ണയും പ്രതിഷേധ പ്രകടനങ്ങളും ജില്ലയിലുടനീളം നടന്നു.
1988 ഡിസംബര്‍ 29, 30, 31 ഏപ്രില്‍ ധര്‍മപുരിയില്‍ നടന്ന ജില്ലാ സമ്മേളനം സംസ്ഥാനത്ത് പ്രസ്ഥാന ചലനത്തിന് നവോന്മേഷം പകര്‍ന്നു. കര്‍മോത്സുകതയുടെ നിദര്‍ശനങ്ങളായ ധര്‍മ ധ്വജവാഹകര്‍ എത്തിപ്പെടാത്ത മുക്കും മൂലയുമുണ്ടായിരുന്നില്ല. മാസങ്ങളെകൊണ്ട് ജില്ലയാകെ എസ് എസ് എഫ് മയം സൃഷ്ടിക്കാന്‍ ആകര്‍ഷകമായ പ്രചാരണ തന്ത്രങ്ങള്‍ക്ക് സാധിച്ചു. സഹിക്കുക, സഹകരിക്കുക, സജ്ജരാവുക ഇതായിരുന്നു സമ്മേളന പ്രമേയം.
ലജ്നതുരിബാഥ് എന്ന നാമധേയത്തിലുള്ള 313 അംഗ സന്നദ്ധ സേനാംഗങ്ങളാണ് ധര്‍മപുരിയുടെ വിജയത്തിലെ മുഖ്യകണ്ണികള്‍. പ്രചാരണത്തിലും സമ്മേളന ഒരുക്കങ്ങളിലുമെല്ലാം മുന്‍ നിരയില്‍ രിബാത് തന്നെ. പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, മുസ്തഫ മമ്പാട്, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, പി കെ ബശീര്‍ഹാജി തുടങ്ങിയവര്‍ ധര്‍മപുരി ശില്‍പികളില്‍ പ്രധാനികളായിരുന്നു. ധര്‍മപുരി സമ്മേളനത്തോടെ ആയിരത്തോളം യൂണിറ്റ് കമ്മിറ്റികളും നൂറോളം പഞ്ചായത്ത് കമ്മിറ്റികളും വിവിധ മേഖലാ കമ്മിറ്റികളും അഞ്ച് താലൂക്ക് കമ്മിറ്റികളും വളരെ സജീവവും ആസൂത്രിതവുമായ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കി കൊണ്ടിരുന്നു.
1989 മാര്‍ച്ച് മാസത്തില്‍ ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ മദ്യവിരുദ്ധ സെമിനാറില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു. 1990 ജൂണ്‍ 10ന് മഞ്ചേരിയില്‍ നടത്തിയ സാക്ഷരതാ സെമിനാറും ശ്രദ്ധേയമായി. വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിലെ പ്രശസ്തര്‍ സെമിനാറില്‍ വിഷയങ്ങളവതരിപ്പിച്ചു.
പുറമണ്ണൂര്‍ മജ്ലിസുദ്ദഅ്വത്തില്‍ ഇസ്ലാമിയ്യയില്‍ 1989 സെപ്തംബര്‍ 14, 15, 16 തിയതികള്‍ നടന്ന ജില്ലാ കേമ്പ് പുതിയ പ്രവര്‍ത്തന ശൈലിയും പദ്ധതികളും രൂപപ്പെടുത്തി. 1990ല്‍ പുത്തന്‍പള്ളിയില്‍ നടന്ന കേമ്പും ജില്ലയിലെ സംഘടനാ സ്പന്ദനങ്ങള്‍ക്ക് ആക്കം കൂട്ടി. 1992 ഡിസംബര്‍ 4, 5 തിയതികളില്‍ അരീക്കോട് മജ്മഇല്‍ നടന്ന ജില്ലാ കേമ്പ് ജില്ലയിലെ സംഘടനാ തിരഞ്ഞെടുപ്പിന് ശാസ്ത്രീയരൂപം കൈവരുത്തി. 1991ല്‍ ജില്ലാ കമ്മിറ്റി നടത്തിയ സംഘടനാ സര്‍വെ ജില്ലയിലെ സംഘടനാ ചലനങ്ങളെ കുറിച്ച് വ്യക്തമായ ചിത്രം നല്‍കാനും പുതിയ പ്രവര്‍ത്തനം രൂപം കണ്ടെത്താനും ഉപകരിച്ചു.
വിശ്വാസ വൈകല്യങ്ങള്‍ക്കെതിരെ 92 മെയ് മാസത്തില്‍ കമ്മിറ്റി നടത്തിയ ഇശാഅത്തെസുന്ന ആദര്‍ശ പ്രചാരണ രംഗത്തെ പുതുമയുള്ള കാല്‍വെപ്പായിരുന്നു. തുറന്ന സംവാദങ്ങളും സംശയ നിവാരണ വേദികളും പ്രഭാഷണങ്ങളിലും ഇശാഅത്തെസുന്നയെ ശ്രദ്ധേയമാക്കി. കോട്ടക്കല്‍ നടന്ന ശക്തിപ്രകടനത്തോടെയും സമ്മേളനത്തോടെയുമാണ് ഇശാഅത്തെസുന്ന സമാപിച്ചത്.
സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണമാവശ്യപ്പെട്ട് 93 ജൂലൈ 17ന് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. 1993 ലെ ഇരുപതാം വാര്‍ഷികത്തിന്‍റെ പ്രചാരണങ്ങളില്‍ പുതുമയുള്ള പരിപാടികള്‍ ജില്ലാ കമ്മിറ്റി ആവിഷ്കരിച്ചു. സാഗര സഞ്ചാരം, നാടോടികള്‍, കലാസന്ധ്യ തുടങ്ങിയവ ഇതില്‍ പെടുന്നു. സംസ്ഥാന കമ്മിറ്റിയുടെ അവകാശ സംരക്ഷണ സാമയികത്തോടനുബന്ധിച്ച് മഞ്ചേരിയില്‍ അവകാശ സംരക്ഷണ റാലി നടത്തി.
വര്‍ഗീയ വിരുദ്ധ കാമ്പയിന്‍, തിരൂരിലെ മനുഷ്യ ഇന്ത്യ, പരപ്പനങ്ങാടിയിലെ ബാലസംലയം, പ്രവാചക സെമിനാര്‍, തിരൂര്‍, കോട്ടക്കല്‍ നടത്തിയ ഫ്ളാഗ് മാര്‍ച്ച്. വളാഞ്ചേരിയിലെ ഏകതാ സഞ്ചലനം, എടരിക്കോട് യുവതാ സംഗമം, കോട്ടക്കല്‍ യുദ്ധവിരുദ്ധ റാലി, ചെമ്മാട് നടത്തിയ സ്റ്റുഡന്‍റ് മീറ്റ്, കലാസാഹിത്യം കൊലക്കയറില്‍ എന്ന പ്രമേയവുമായി മോചനം കേമ്പയിന്‍ തുടങ്ങിയവ തിരൂര്‍ താലൂക്ക് കമ്മിറ്റി ഈ കാലയളവില്‍ നടത്തിയ പ്രധാന പരിപാടികളാണ്. പെരിന്തല്‍മണ്ണയിലെ ഏകതാ മാര്‍ച്ച്, പ്രവാചക സെമിനാര്‍, ഏറനാട് താലൂക്കില്‍ ഐക്കരപ്പടി, ചിറയിന്‍ ചുങ്കം, അറവങ്കര, വള്ളുവമ്പ്രം എന്നിവിടങ്ങളില്‍ നടന്ന പ്രവര്‍ത്തക സംഗമങ്ങള്‍ എന്നിവയും ഇതേ കാലയളവില്‍ തന്നെ. നിലമ്പൂര്‍, പൊന്നാനി, പനങ്ങാങ്ങര, കോട്ടക്കല്‍, പറപ്പൂര്‍, ഇരിങ്ങല്ലൂര്‍, വൈലത്തൂര്‍ എന്നിവിടങ്ങളിലും താലൂക്ക്തല കേമ്പുകള്‍ നടന്നിട്ടുണ്ട്.
1994 സംഘടനാ രംഗത്തുണ്ടായ മാറ്റം താലൂക്കുകള്‍ക്കു പകരം ഡിവിഷന്‍ ഘടകങ്ങള്‍ക്ക് രൂപം നല്‍കി. മലപ്പുറം ജില്ലയില്‍ 12 ഡിവിഷനുകളാണുള്ളത്. പൊന്നാനി, വളാഞ്ചേരി, പെരിന്തല്‍മണ്ണ, തിരൂര്‍, കോട്ടക്കല്‍, തിരൂരങ്ങാടി, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, വണ്ടൂര്‍, നിലമ്പൂര്‍, യൂണിവേഴ്സിറ്റി.
ഡിവിഷന്‍ ഘടകം നിലവില്‍ വന്നയുടനെ ജില്ലയിലെ മുഴുവന്‍ ഡിവിഷന്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. 1995 മാര്‍ച്ച് മാസത്തില്‍ വാദീബദ്ര്‍ എന്ന് നാമകരണംചെയ്യപ്പെട്ട നഗരികളിലരങ്ങേറിയ ഏകദിന ഡിവിഷന്‍ സമ്മേളനങ്ങള്‍ സംഘടനയുടെ ശക്തി തെളിയിക്കുന്നതോടൊപ്പം പുതിയ ഡിവിഷന്‍ ഘടകങ്ങളുടെ ചിത്രം വ്യക്തമാക്കാനും ഉപകരിച്ചു.
95 ഡിസംബര്‍ 7, 8, 9 തിയതികളില്‍ വെട്ടിച്ചിറ മജ്മഇല്‍ നടന്ന ഇന്‍തിഫാദ ജില്ലയിലെ പ്രവര്‍ത്തകര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ വേദിയായിരുന്നു. സമര കാഹളത്തോടെയാണ് ഇന്‍തിഫാദ സമാപിച്ചത്.
ആദര്‍ശ പ്രചാരണ രംഗത്ത് പുതിയ ശൈലിയും രൂപവും കണ്ടെത്തി പരിശീലനം നല്‍കാന്‍ ഇസ്ലാമിക പ്രൊപ്പഗേഷന്‍ സ്റ്റഡി കോഴ്സ് എന്ന പേരില്‍ ഹ്രസ്വകാല കോഴ്സിന് ജില്ലാ കമ്മിറ്റി രൂപം നല്‍കി. 95 ജൂണ്‍ മുതല്‍ 96 ജനുവരി വരെ നീണ്ടു നില്‍ക്കുന്ന കോഴ്സില്‍ സമഗ്ര പരിശീലനം സിദ്ധിച്ച അമ്പതോളം പ്രവര്‍ത്തകരെ സൃഷ്ടിക്കാന്‍ സാധിച്ചു.
ആദര്‍ഷ ചൂഷണോപാധിയാക്കിയ നവീന വാദികള്‍ക്കെതിരെ 96 ജനുവരി ഒന്നു മുതല്‍ 20 വരെ ജിഹാദ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ജനുവരി ഒന്നിന് പുളിക്കല്‍ തുടക്കം കുറിച്ച ക്യാമ്പയിന്‍ ജനുവരി 20ന് മഞ്ചേരിയില്‍ നടന്ന ശക്തിപ്രകടനത്തോടെയും സമ്മേളനത്തോടെയുമാണ് സമാപിച്ചത്.
1997ല്‍ പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നയുടനെ ജില്ലയിലെ ഇസ്ലാമിക ചലനങ്ങളും സംഘടനാ നീക്കങ്ങളും വ്യക്തമായി മനസിലാക്കി പുതിയ പദ്ധതികളാവിഷ്കരിക്കുന്നതിന് സമഗ്ര സംഘടനാ സര്‍വെ നടത്തി. അഞ്ചംഗ സര്‍വെ അസിസ്റ്റന്‍റുമാരും 124 സര്‍വെ ഓഫീസര്‍മാരുമാണ് ശ്രദ്ധേയമായ വിവരങ്ങളടങ്ങിയ സമഗ്ര സര്‍വേക്ക് നേതൃത്വം നല്‍കിയത്.
സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ ജൂണ്‍ മാസത്തില്‍ ജില്ലയിലെ മുഴുവന്‍ ഡിവിഷനുകളിലും ഡിവിഷന്‍ റാലികള്‍ സംഘടിപ്പിച്ചു. ജൂബിലിയോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റി ബാലസഞ്ചയം, ഡിസംബര്‍ 27ന് മലപ്പുറത്ത് നടന്നു. സ്കൗട്ട്, ദഫ്, സ്റ്റിക്റൗണ്ട്, പ്ളക്കാര്‍ഡ്, ഫ്ളാഗ് വിംഗുകളിലായി 20,000ത്തില്‍ പരം എസ് ബി എസ് പ്രവര്‍ത്തകര്‍ ബാലസഞ്ചയത്തില്‍ അണിനിരന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് വാഗണ്‍ ദുരന്തത്തിന്‍റെ ഓര്‍മകള്‍ പുതുക്കി നവംബര്‍ 20ന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരൂരില്‍ സെമിനാറും സ്മരണായാത്രയും സംഘടിപ്പിച്ചു. 97 നവംബര്‍ 13, 14 തിയതികളില്‍ ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. വേങ്ങര അല്‍ഇഹ്സാനിലാണ് പ്രതിനിധി സമ്മേളനം നടന്നത്. പ്രതിനിധി സമ്മേളനത്തിന്‍റെ തുടര്‍ച്ചയായി 98 ഫെബ്രുവരിയില്‍ സ്പന്ദനം എന്ന പേരില്‍ 11 ഡിവിഷനുകളിലും പ്രവര്‍ത്തക കേമ്പുകള്‍ സംഘടിപ്പിച്ചു.
നിര്‍ധനരായ പ്രവര്‍ത്തകരെ സഹായിക്കുന്നതിന് സ്ഥിരം സംവിധാനമായി ദുരിതാശ്വാസ നിധിയിലൂടെ പണം സ്വരൂപിച്ച് പ്രവര്‍ത്തകരെ സഹായിച്ചു കൊണ്ടിരിക്കുന്നു. 1993 മെയ് ഒന്നിന് ചെമ്മാട് വെച്ച് നടന്ന പഠനോപകരണ, സ്കോളര്‍ഷിപ്പ് വിതരണത്തിലൂടെയാണ് പദ്ധതിക്ക് തുടക്കമായത്. 1994ല്‍ ജില്ലയിലുണ്ടായ ജലപ്രളയത്തില്‍ കെടുതിയനുഭവിച്ച വിവിധ കുടുംബങ്ങള്‍ക്ക് ജില്ലാ കമ്മിറ്റിയുടെ ധനസഹായം ജില്ലാ കലക്ടര്‍ വിതരണം ചെയ്തു. ഒട്ടനവധി പ്രവര്‍ത്തകരുടെ ചികിത്സക്കും ഭവന നിര്‍മാണത്തിനൊക്കെയുമായി ധാരാളം സഹായങ്ങളെത്തിക്കാന്‍ ജില്ലാ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്.
എസ് എസ് എല്‍ സി എഴുതിയ വിദ്യാര്‍ഥികള്‍ക്ക് വിവിധ കേന്ദ്രങ്ങളിലായി ഗൈഡന്‍സ് മീറ്റുകളും കോച്ചിംഗ് ക്യാമ്പുകളും നടന്നു വരുന്നു. എസ് എസ് എല്‍ സിയില്‍ ഉന്നത വിജയം നേടിയ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ഓരോ വര്‍ഷവും അവാര്‍ഡുകള്‍ വിതരണം ചെയ്തു വരുന്നു.
സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം സാഹിത്യോത്സവുകള്‍ നടത്തി. സംസ്ഥാന കമ്മിറ്റി പ്രഥമമായി 1993ല്‍ നടത്തിയ സാഹിത്യോത്സവില്‍ ചാമ്പ്യന്‍പട്ടം നേടിയത് മലപ്പുറം ജില്ലയാണ്. 95ലെ സാഹിത്യോത്സവിന് ആതിഥേയത്വം വഹിച്ചത് മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയാണ്.
ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ആര്‍ട്സ് ആന്‍ഡ് ലിറ്റററി ക്ളബ്ബ് കാലോചിതമായി പ്രസംഗകര്‍ക്ക് പരിശീലനം നല്‍കി വരുന്നു. ക്ളബ്ബിന് കീഴില്‍ പ്രവര്‍ത്തകര്‍ക്കായി ലേഖന മത്സരങ്ങളും നടത്തുന്നു.
കേമ്പസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കേമ്പസ് കോ ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നു. ജില്ലയില്‍ മാര്‍ത്തോമ കോളജ് ചുങ്കത്തറ, എം ഇ എസ് മമ്പാട്, എന്‍ എസ് എസ് മഞ്ചേരി, ഇ എം ഇ എ കൊണ്ടോട്ടി, പി എസ് എം ഒ തിരൂരങ്ങാടി, എം ഇ എസ് വളാഞ്ചേരി, എം ഇ എസ് പൊന്നാനി, തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍, മലപ്പുറം ഗവ. കോളജ്, ഗവ. പോളിടെക്നിക് തിരൂര്‍ എന്നിവിടങ്ങളില്‍ സംഘടനക്ക് ശക്തമായ യൂണിറ്റ് ഘടകങ്ങളുണ്ട്.
മഞ്ചേരി സ്റ്റുഡൻറ്സ് സെന്ററിലാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ജില്ലാ കാര്യാലയം പ്രവര്‍ത്തിക്കുന്നത്.
അബൂബക്കര്‍ ശര്‍വാനി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കെ എം എ റഹീം സാഹിബ്, സി പി സൈതലവി ചെങ്ങര, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, എം അബൂബക്കര്‍ മാസ്റ്റര്‍, ഒ എം റശീദ്, മുസ്തഫ കോഡൂര്‍, കെ എം കുട്ടി എടക്കുളം, പി കെ എം ഇരിങ്ങല്ലൂര്‍, കെ ടി ത്വാഹിര്‍ സഖാഫി, മുഹമ്മദ് പറവൂര്‍, മുസ്തഫ മമ്പാട്, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സുലൈമാന്‍ മാളിയേക്കല്‍, അലവിക്കുട്ടി ഫൈസി എടക്കര തുടങ്ങിയവര്‍ പോയ കാലങ്ങളില്‍ ജില്ലയുടെ സാരഥ്യം വഹിച്ചവരാണ്.
ഖാദിസിയ്യ: എസ് എസ് എഫ് 20ാം വാര്‍ഷികം
നാദിഹുദയില്‍ നിന്ന് തുടക്കം
ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ധന്യ സ്മരണകളുമായി ചരിത്ര രേഖകളില്‍ തിളക്കമാര്‍ന്നൊരധ്യായം രചിക്കുവാനായി എസ് എസ് എഫ് ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് 93 മെയ് എട്ടിന് കൊല്ലം നാദീഹുദയില്‍ തുടക്കം കുറിച്ചു.
ഇസ്ലാം വിശ്വമോചനത്തിനെന്ന മഹിത മുദ്രാവാക്യം മുഴക്കി കൊല്ലം നഗരിയെ പിടിച്ചു കുലുക്കിയ പ്രകടനം ദക്ഷിണ കേരളത്തിന് പുതുമയാര്‍ന്നൊരേടായിരുന്നു. ചിന്നക്കട, റെയില്‍വെ ഓവര്‍ ബ്രിഡ്ജ്, ടൗണ്‍ഹാള്‍ റോഡ് വഴി പ്രകടനം പീരങ്കി മൈതാനായില്‍ സജ്ജമാക്കിയ നാദിഹുദയില്‍ സംഗമിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. രാത്രി ഏറെ വൈകിയാണ് സമ്മേളനമവസാനിച്ചത്. രണ്ടാം ദിവസം കൊല്ലം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പ്രതനിധി സമ്മേളനം തികച്ചും പതുമ നിറഞ്ഞതായി.
വിദ്യാഭ്യാസ സംരക്ഷണ ദിനം
ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 93 ജൂണ്‍ 24ന് സംസ്ഥാനമൊട്ടാകെ വിദ്യാഭ്യാസ സംരക്ഷണ ദിനമായി ആചരിക്കുകയുണ്ടായി. സംസ്ഥാനത്തെ എല്ലാ ജില്ലാ വിദ്യാഭ്യാസ ആസ്ഥാനങ്ങളിലും അന്ന് ധര്‍ണ നടന്നു. കലാലയം രാഷ്ട്രീയമുക്തമാക്കുക, സ്കൂള്‍, കോളജ് തിരഞ്ഞെടുപ്പുകള്‍ പരിഷ്കരിക്കുക, പാഠ്യപദ്ധതിയില്‍ ധാര്‍മികമൂല്യം ഉള്‍പ്പെടുത്തുക, വര്‍ഗീയത പരത്തുന്ന വികല ചരിത്ര വാദങ്ങള്‍ എടുത്തു കളയുക, പാഠപുസ്തകങ്ങളുടെ വില വര്‍ധനവ് പിന്‍വലിക്കുക, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുക, ഉപരിപഠന സൗകര്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ മേധാവികള്‍ക്ക് സമര്‍പ്പിക്കുകയുണ്ടായി.
സംസ്ഥാന സംഗമം
സമ്മേളനത്തിന്‍റെ വിജയം മുന്‍നിര്‍ത്തി തൃശൂര്‍ കേച്ചേരി അപൂര്‍വമായൊരു സംഗമത്തിന് വേദിയായി. ദൃഢപ്രതിജ്ഞ പുതുക്കാനും ആവേശം ജ്വലിപ്പിക്കാനുമുപകരിക്കുന്ന പ്രസ്തുത പരിപാടി 93 ആഗസ്റ്റ് 7, 8 തിയതികളിലായിരുന്നു അരങ്ങേറിയത്.
സാഹിത്യോത്സവ് 93
ഇരുപതാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ 23, 24ന് തളിപ്പറമ്പ് ബദ്രിയ്യ നഗറിലെ അല്‍മഖര്‍റുസുന്നയില്‍ വേദിയൊരുക്കപ്പെട്ട സാഹിത്യോത്സവ് 93 പുതിയൊരു പ്രഭാതത്തിന്‍റെ പ്രസരണവുമായാണ് സമാപനം കുറിച്ചത്. ശാഖാ തലം മുതല്‍ സംസ്ഥാന തലം വരെ 33 ഇനങ്ങളിലായി നടത്തിയ വൈവിധ്യഭാവ പ്രകടന വേദി പ്രവര്‍ത്തകരുടെ ആവേശോജ്വലതക്ക് മാറ്റേകുന്നതായിരുന്നു. മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ബാലസഞ്ചയം
കുരുന്നു മനസുകളുടെ കുസൃതി നിറഞ്ഞ ബാല്യത്തെ ധാര്‍മികതയിലൂന്നിയ ചുറ്റുപാടിലൂടെ വളര്‍ത്തി സംഘടിതമായ നാളേക്കു വേണ്ട പരിശീലനം നടത്താന്‍ എസ് എസ് എഫിന്‍റെ കീഴില്‍ രൂപീകൃതമായ സുന്നിബാല സഞ്ചയത്തിന്‍റെ ശക്തി 93 നവംബര്‍ 13ന് മഞ്ചേരിയെ പിടിച്ചു കുലുക്കി. ചിട്ടയോടെ പരിശീലിപ്പിച്ചെടുത്ത സ്കൗട്ടും ആകര്‍ഷക താളത്തില്‍ ഗാനശകലങ്ങളുടെ അകമ്പടിയോടു കൂടിയുള്ള ദഫും സ്റ്റിക് റൗണ്ടിംഗ് സംഘടനകളും കാഴ്ച വെച്ച ബാലസഞ്ചയം ഇരുപതാം വാര്‍ഷികത്തിന് ചുക്കാന്‍ പിടിച്ചത് സി പി സൈതലവി സാഹിബായിരുന്നു.
ഹൈവേ മാര്‍ച്ച്
എസ് എസ് എഫിന്‍റെ രണ്ടാം സംസ്ഥാന സമ്മേളന പ്രചാരണവുമായി കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്കു നടത്തിയ ഹൈവേ മാര്‍ച്ച് സംഘടനാ ചരിത്രത്തിലെ തിളക്കമുറ്റ മറ്റൊരധ്യായമായി മാറി. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും പ്രത്യേക യോഗ്യതകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 33 അംഗ കോണ്‍ഫറന്‍സ് ഗാര്‍ഡ് (സി ജി) അംഗങ്ങള്‍ നീല പൈജാമയും ജുബ്ബയും വെള്ള തൊപ്പിയും സമ്മേളന മുദ്ര ലേഖനം ചെയ്ത ബാഡ്ജും ധരിച്ച് കേരളത്തിന്‍റെ വടക്കന്‍ അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരത്തെ ഉദ്യാവരം ജുമുഅത്ത് പള്ളിയില്‍ 1993 നവംബര്‍ 26ന് വെള്ളിയാഴ്ച ഒത്തു കൂടുകയും ജുമുഅ നിസ്കാരാനന്തരം നടന്ന ഭക്തിനിര്‍ഭരമായ സിയാറത്തിന് ശേഷം പ്രയാണം തുടങ്ങുകയും ചെയ്തു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ ബാവദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ജാഥാ ക്യാപ്റ്റനായ പി കെ എം ഇരിങ്ങല്ലൂരിന് സംഘടനയുടെ മൂവര്‍ണ പതാക നല്‍കി കൊണ്ട് ഹൈവേ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ഹൈവേ മാര്‍ച്ച് എന്തുകൊണ്ടും പുതുമയര്‍ഹിക്കുന്നതായി. ഏറ്റവും മുന്നില്‍ ഹൈവേ മാര്‍ച്ചിനെയും ഖാദിസിയ്യയെയും പരിചയപ്പെടുത്തി നീങ്ങിയ പൈലറ്റ് വാഹനം. തൊട്ടു പിന്നില്‍ പ്രത്യേക ബാനറുമായി നീങ്ങിയ സ്റ്റേറ്റ് സി ജി വാഹനം. അതിനു പിന്നില്‍ ജില്ലാ താലൂക്ക് സി ജികള്‍, വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ ഏറ്റവും മുന്നില്‍ സംസ്ഥാന സി ജി അംഗങ്ങള്‍, അവര്‍ക്കു പിന്നില്‍ ജില്ലാതല അംഗങ്ങളായ ധ്വജവാഹക സേനയും ശേഷം താലൂക്ക്, പഞ്ചാത്ത് ശാഖാ സി ജി അംഗങ്ങളും അണി നിരന്നു.
പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ നേതൃത്വം നല്‍കിയ ഹൈവേ മാര്‍ച്ച് കടന്നു പോകാത്ത വയനാട്, പാലക്കാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഉപയാത്രകളും സംഘടിപ്പിക്കപ്പെട്ടിരുന്നു. ഹൈവേ മാര്‍ച്ചിന്‍റെ കോ ഓര്‍ഡിനേറ്റര്‍ പി കെ ബശീര്‍ ഹാജിയായിരുന്നു.
സി.ജി
ഖാദിസിയ്യയുടെ ചരിത്രം സി ജികളുടെ ധര്‍മപുറപ്പാടിന്‍റേതായിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പക്വതയും ചുറുക്കുമാര്‍ന്ന 33 പേരടങ്ങുന്ന സംഘമായിരുന്നു സംസ്ഥാന കോണ്‍ഫറന്‍സ് ഗാര്‍ഡ്, അവര്‍ക്കു താഴെ ജില്ലാ താലൂക്ക് തലങ്ങളില്‍ 33 അംഗ സി ജി അംഗങ്ങളും മേഖലാ ശാഖാ തലങ്ങളില്‍ 11 അംഗങ്ങളും കണ്ണികളായി വര്‍ത്തിച്ചപ്പോള്‍ അതൊരു പ്രവര്‍ത്തകവലയമായി തീര്‍ന്നു. ഓരോ ഘടകത്തെയും നയിക്കാന്‍ ഓരോ ചീഫ് കമാന്‍ഡര്‍ ഉണ്ടായിരുന്നു. സംസ്ഥാന തലത്തില്‍ സി ജിയുടെ കണ്‍ട്രോളര്‍ ആയി വര്‍ത്തിച്ചത് പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്ററായിരുന്നു.
സ്വാഗത സംഘം
93 സെപ്തംബര്‍ അഞ്ചിന് മര്‍കസ് കോംപ്ളക്സില്‍ ശൈഖുന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ രക്ഷാധികാരിയും സയ്യിദ് അലി ബാഫഖി തങ്ങള്‍ ചെയര്‍മാനും പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ ജനറല്‍ സെക്രട്ടറിയുമായി 501 അംഗ സ്വാഗതസംഘം രൂപീകരിക്കപ്പെട്ടു.
വിമോചന മന്ത്രവുമായി രണ്ടാം ഖാദിസിയ്യ
93 മെയ് മാസത്തില്‍ കൊല്ലം നാദീഹുദയില്‍ നിന്നാണ് എസ് എസ് എഫ് അതിന്‍റെ ഇരുപതാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ചത്. ഇസ്ലാം വിശ്വമോചനത്തിന് എന്ന സമ്മേളന പ്രമേയത്തെ കുറിച്ച് നാടു നീളെ ചര്‍ച്ചകളും പ്രഭാഷണങ്ങളും ഒരുക്കിയ ശേഷമാണ് ഡിസംബര്‍ 23ന് പ്രവര്‍ത്തകര്‍ ഫാറൂഖ് ചുങ്കത്ത് (ഖാദിസിയ്യയില്‍) ഒത്തു ചേര്‍ന്നത്.
ഡിസംബര്‍ 23 വ്യാഴാഴ്ച സംഘടനയുടെ മൂവര്‍ണകൊടി സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ വാനിലേക്കുയര്‍ത്തി. മര്‍ഹൂം സി എം വലിയുല്ലാഹിയുടെ അന്ത്യവിശ്രമ സങ്കേതത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷം കോഴിക്കോട്ടെ പ്രവര്‍ത്തകര്‍ ജാഥയായി കൊണ്ടു വന്നതായിരുന്നു സമ്മേളന നഗരിയിലുയര്‍ത്തിയ പതാക. അസര്‍ നിസ്കാരാനന്തരം എസ് വൈ എസ് എറണാകുളം ജില്ലാ പ്രസിഡന്‍റ് സയ്യിദ് ടി എസ് കെ തങ്ങള്‍ ബുഖാരി ചതുര്‍ദിന സംഗമം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് സംഘടനയുടെ അമരക്കാരന്‍ പി കെ ബാവദാരിമിയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എ എന്‍ പി ഉമര്‍കുട്ടി ആശംസാ പ്രസംഗം നടത്തി. വെള്ളില മുഹമ്മദ് ഫൈസിയും പി എ കെ മുഴപ്പാലയും ആശംസകള്‍ നേര്‍ന്നു. ഖാദിസിയ്യ മുതല്‍ ഖാദിസിയ്യ വരെ കക്കാട് മുഹമ്മദ് ഫൈസിയുടെ പ്രഭാഷണമായിരുന്നു പിന്നീട്.
പ്രഥമ ദിനത്തിലെ അവസാന ഇനമായി നടന്ന ദിക്ര്‍ സദസ് തിരുനബി സന്നിധിയില്‍ എന്ന പരിപാടി സയ്യിദ് അബ്ദുല്‍ ഖാദിര്‍ അവേലത്തിന്‍റെ അധ്യക്ഷതയില്‍ സി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ നെടിയനാട് ഉദ്ഘാടനം ചെയ്തു. പ്രവാചക സന്ദേശങ്ങളിലെ ആന്തരിക സൗന്ദര്യത്തെ കുറിച്ച് പ്രൊഫ. അഹമദ്കുട്ടി ശിവപുരം പ്രഭാഷണം നടത്തി.
സ്വലാത്ത് ഹല്‍ഖയില്‍ കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കൈപ്പമംഗലം അബ്ദുല്‍കരീം ഹാജി, ടി എസ് കെ തങ്ങള്‍ ബുഖാരി, വൈലത്തൂര്‍ യൂസുഫ് കോയതങ്ങള്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.
ഡിസംബര്‍ 24 വെള്ളിയാഴ്ച വിമോചനം അന്ധവിശ്വാസങ്ങളില്‍ നിന്ന് എന്ന ചര്‍ച്ചയോടെയായിരുന്നു പരിപാടികളാരംഭിച്ചത്. വിശ്വാസങ്ങളിലെ അന്ധ വിശ്വാസങ്ങള്‍ എന്ന വിഷയത്തെ കുറിച്ച് കോടമ്പുഴ ബാവ മുസ്ലിയാര്‍ പ്രഭാഷണം നടത്തി. അന്ധവിശ്വാസം ശാസ്ത്രത്തിന്‍റെയും യുക്തിയുടെയും പേരില്‍ എന്ന ചര്‍ച്ച നയിച്ചു ഫാറൂഖ് കോളജിലെ പ്രൊഫ. കെ മുഹമ്മദ് ഹസന്‍. അന്ധവിശ്വാസം ദൈവസങ്കല്‍പത്തില്‍ എന്ന വിഷയം പ്രൊഫ. ഓമാനൂര്‍ മുഹമ്മദ് അവതരിപ്പിച്ചു.
വിമോചനം വിവേചനങ്ങളില്‍ നിന്ന് എന്ന ചര്‍ച്ചയായിരുന്നു ഉച്ചക്ക് ശേഷം. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. വി ജെ പപ്പു ഉദ്ഘാടനം ചെയ്തു. വര്‍ഗീയതയും ഇന്ത്യന്‍ ന്യൂനപക്ഷങ്ങളും എന്ന വിഷയം പ്രശസ്ത പത്രപ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാരാണ് അവതരിപ്പിച്ചത്. പ്രൊഫ. എ മുഹമ്മദാണ് അദ്ദേഹത്തിന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. പ്രൊഫ. എന്‍ വി പി ഉണ്ണിത്തിരി (ജാതി വിവേചനത്തിന്‍റെ ചരിത്രം), സി മുഹമ്മദ് ഫൈസി (ജാതി വിവേചനവും മുസ്ലിം സമൂഹവും) എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് നടന്ന പൊതുയോഗത്തില്‍ തകരുന്ന മതേതര സങ്കല്‍പം എന്നതായിരുന്നു വിഷയം. മുഹമ്മദ് ബാദ്ഷ സഖാഫിയുടെ അധ്യക്ഷതയില്‍ എന്‍ അലിഅബ്ദുല്ല ഉദ്ഘാടനം ചെയ്തു. ടി കെ ഹംസ എം എല്‍ എ പ്രസംഗിച്ചു.
വിമോചനം സാമ്പത്തിക ചൂഷണത്തില്‍ നിന്ന് എന്ന ചര്‍ച്ചയോട് കൂടിയാണ് ശനിയാഴ്ചത്തെ പരിപാടികള്‍ക്ക് ഖാദിസിയ്യ സജ്ജമായത്. എം കെ ഇസ്മാഈല്‍ മുസ്ലിയാര്‍ നെല്ലിക്കുത്തിന്‍റെ അധ്യക്ഷതയില്‍ പബ്ളിക് റിലേഷന്‍സ് റിട്ട. ഡയറക്ടര്‍ വി കെ മൊയ്തീന്‍കോയ ഉദ്ഘാടനം ചെയ്തു. ചൂഷണമുക്ത സാമ്പത്തി ക്രമം എന്ന വിഷയത്തെ കുറിച്ച് എം പി എം ബശീര്‍ ഫൈസി പ്രബന്ധം അവതരിപ്പിച്ചു.
സോഷ്യലിസത്തിന്‍റെയും മുതലാളിത്തത്തിന്‍റെയും പ്രായോഗിക പരാജയത്തെ കുറിച്ചായിരുന്നു കെ എം എ റഹീം സാഹിബിന്‍റെ പ്രഭാഷണം. പലിശരഹിത സഹകരണ പ്രസ്ഥാനത്തെ കുറിച്ച് ടി പി അബൂബക്കര്‍ നടത്തിയ പ്രസംഗവും ശ്രദ്ധിക്കപ്പെട്ടു.
ഉച്ചക്ക് ശേഷം വിമോചനം; രാഷ്ട്രീയ അടിമത്തത്തില്‍ നിന്ന് എന്നതിനെ സംബന്ധിച്ച ചര്‍ച്ചയായിരുന്നു. അബൂബക്കര്‍ ശര്‍വാനിയായിരുന്നു അധ്യക്ഷന്‍. എ സുജനപാല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജനാധിപത്യം രാഷ്ട്രീയ അടിമത്തത്തിലേക്ക് മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാര്‍ നടത്തിയ വിഷയാവതരണം ശ്രദ്ധേയമായി. ഇന്ത്യന്‍ മുസ്ലിംകളുടെ രാഷ്ട്രീയഭാവി ഹുസൈന്‍ രണ്ടത്താണിയും കാമ്പസ് രാഷ്ട്രീയം സി പി സൈതലവിയും അവതരിപ്പിച്ചു.
മഗ് രിബ് നിസ്കാരാനന്തരം ചോദ്യോത്തര രൂപത്തില്‍ അവതരിപ്പിച്ച പാനല്‍ ഡിസ്കഷനില്‍ എ കെ സി മുഹമ്മദ് ഫൈസി അധ്യക്ഷനായിരുന്നു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയാണ് ചര്‍ച്ച ഉദ്ഘാടനം ചെയ്തത്. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, ഡോ. പി എ നാസര്‍, കീലത്ത് മുഹമ്മദ് മാസ്റ്റര്‍, എ കെ അബ്ദുല്‍ ഹമീദ് സാഹിബ്, ഒ ഖാലിദ് തുടങ്ങിയവര്‍ വിശ്വാസപരവും കര്‍മപരവുമായി ഇസ്ലാമിലെ അവാന്തര വിഭാഗങ്ങള്‍ ഉയര്‍ത്തുന്ന സംശയങ്ങള്‍ സരസമായി അവതരിപ്പിച്ചപ്പോള്‍ എ പി മുഹമ്മദ് മുസ്ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവര്‍ ശക്തമായ മറുപടി നല്‍കി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഉത്ബോധന പ്രസംഗത്തോടെ ഫാറൂഖിലെ പരിപാടികള്‍ക്ക് പരിസമാപ്തിയായി.
സമാപന ദിവസമായ ഡിസംബര്‍ 26ന് കോഴിക്കോട് നഗരത്തിലായിരുന്നു പരിപാടികള്‍. രാവിലെ മര്‍കസ് കോംപ്ളക്സില്‍ നടന്ന ആള്‍ ഇന്ത്യാ മീറ്റ് മുസ്ലിം സ്റ്റുഡന്‍റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് ഡോ. ബദറുദ്ദുജാഖാന്‍ ഉദ്ഘാടനം ചെയ്തു. എ കെ ഇസ്മാഈല്‍ വഫയായിരുന്നു അധ്യക്ഷന്‍. എം എസ് ഒ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അഹ്മദ് (അലിഗഡ്) ചര്‍ച്ചയവതരിപ്പിച്ചു. മുസ്ലിം സമൂഹത്തിന്‍റെ മുന്നേറ്റപാത എന്ന വിഷയം ആസ്പദിച്ച് നടന്ന സ്പെഷ്യല്‍ കണ്‍വെന്‍ഷനായിരുന്നു ഖാദിസിയ്യയിലെ ഇന്‍ഡോര്‍ പരിപാടികളിലെ അവസാനത്തെ ഇനം. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഡല്‍ഹി ജാമിഅ മില്ലിയ്യയിലെ പ്രൊഫ. സയ്യിദ് ജമാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ മുഹമ്മദ്, ഡോ. പി സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.
സമയം വൈകുന്നേരം നാലു മണി. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ എസ് എസ് എഫ് വിദ്യാര്‍ഥി റാലി എന്നെഴുതിയ ബാനറിന് പിന്നില്‍ ധര്‍മ വിപ്ളവ പ്രസ്ഥാനത്തിന്‍റെ ധ്വജവാഹകരായ സംസ്ഥാന നേതാക്കള്‍, അവര്‍ക്ക് പിന്നില്‍ സ്റ്റേറ്റ് കോണ്‍ഫറന്‍സ് ഗാര്‍ഡ് അംഗങ്ങള്‍, തൊട്ടു പിറകില്‍ ജില്ല താലൂക്ക് കോണ്‍ഫറന്‍സ് ഗാര്‍ഡ് അംഗങ്ങള്‍, തൊട്ടു പിറകില്‍ അസംഖ്യ ധര്‍മ പടയാളികള്‍ നാലു വരികളിലായി അണി ചേര്‍ന്നു. പുതിയ ബസ് സ്റ്റാന്‍ഡ്, മാവൂര്‍ റോഡ് വഴി ഇടത്തോട്ട് തിരിഞ്ഞു. ബേങ്ക് റോഡ്, മുതലക്കുളം, പാളയം, മിഠായി തെരുവ് വഴി നഗരം ചുറ്റി റാലിയുടെ മുന്‍നിര സമ്മേളന നഗരിയിലൊരുക്കിയ മാനാഞ്ചിറ മൈതാനിയില്‍ പ്രവേശിച്ചപ്പോഴും റാലിയുടെ അവസാന ഭാഗം സ്റ്റേഡിയത്തില്‍ നിന്ന് പുറപ്പെട്ടിട്ടില്ലായിരുന്നു. റാലിക്കെത്തിയ ജനസഞ്ചയത്തെ ഉള്‍കൊള്ളാന്‍ കഴിയാതെ നഗരം വീര്‍പ്പ് മുട്ടി. മഗ്രിബ് വാങ്കൊലി ഉയര്‍ന്നപ്പോള്‍ റാലി പിരിച്ചു വിട്ടുകൊണ്ടുള്ള അറിയിപ്പു വന്നു. അപ്പോഴും പ്രകടനത്തില്‍ പങ്കു ചേരാന്‍ വലിയൊരു ഭാഗം പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തില്‍ തന്നെയായിരുന്നു. മര്‍കസ് കോംപ്ളക്സ് മസ്ജിദ് ഇമാം അബ്ദുര്‍റഊഫ് സഖാഫിയുടെ നേതൃത്വത്തില്‍ നഗരിയില്‍ നടന്ന മഗ്രിബ് നിസ്കാരത്തില്‍ ലക്ഷങ്ങള്‍ അണി ചേര്‍ന്നു. സൂഫീവര്യനായ വടകര മുഹമ്മദാജി തങ്ങളുടെ പ്രാര്‍ഥനയോടെയായിരുന്നു സമാപന സമ്മേളനത്തിന് തുടക്കം. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദലി ബാഫഖി തങ്ങളായിരുന്നു അധ്യക്ഷന്‍ . അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഇസ്ലാമിക് മിഷന്‍റെ ഉപാധ്യക്ഷനായ അല്ലാമ അര്‍ശദുഖാദിരി സമ്മേളനത്തില്‍ മുഖ്യാഥിതായിരുന്നു. എസ് എസ് എഫിന്‍റെ സംസ്ഥാന അധ്യക്ഷന്‍ പി കെ ബാവദാരിമി നടത്തിയ വിളംബരം തടിച്ചു കൂടിയ ലക്ഷങ്ങള്‍ തക്ബീര്‍ ധ്വനികളോടെ എതിരേറ്റു. ഡോ. ബദറുദ്ദുജാഖാന്‍, പ്രൊഫ. ജമാലുദ്ദീന്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ജി അബൂബക്കര്‍, സി എം ഇബ്റാഹീം, എ കെ ഇസ്മാഈല്‍ വഫ, കെ എം എ റഹീം എന്നിവര്‍ സമ്മേളനത്തെ സംബോധന ചെയ്തു. സ്വാഗതസംഘം ജനറല്‍ സെക്രട്ടറി പി കെ അബ്ദുര്‍റഹ്മാന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി മജീദ് കക്കാട് നന്ദിയും പറഞ്ഞു.
ഖാദിസിയ്യ ഭവന പദ്ധതി
എസ് എസ് എഫിന്‍റെ ഇരുപതാം വാര്‍ഷിക മഹാ സമ്മേളനം ഖാദിസിയ്യയില്‍ സമാപിച്ചപ്പോള്‍ ഖാദിസിയ്യയുടെ സ്മാരകമായി കൈരളിക്ക് സംഘടന നല്‍കിയ വാഗ്ദാനമായിരുന്നു 20 വീടുകള്‍. ഓരോ ജില്ലകളിലും ഓരോ വീടുകള്‍ നിര്‍മിക്കുകയെന്ന തീരുമാനമാണ് ആദ്യം കൈകൊണ്ടത്. പ്രഥമ വീടിന്‍റെ കുറ്റിയടിക്കല്‍ കര്‍മം വയനാട് ജില്ലയിലെ കമ്പളക്കോട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പി കെ ബാവദാരിമി, മജീദ് കക്കാട്, അഹ്മദ്കുട്ടി സഖാഫി മുട്ടാഞ്ചേരി, മമ്മുട്ടി മുസ്ലിയാര്‍ വെള്ളമുണ്ട, അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ കല്‍പറ്റ തുടങ്ങിയവര്‍ സംബന്ധിച്ചു. ആറു മാസം കൊണ്ട് വീട് നിര്‍മാണം പൂര്‍ത്തിയാക്കി 95 ആഗസ്റ്റ് 17ന് സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ അവേലത്ത് താക്കോല്‍ നല്‍കി തുറന്നു കൊടുത്തു.
കോഴിക്കോട് ജില്ലയില്‍ നിര്‍മിച്ച വീടിന്‍റെ ശിലാസ്ഥാപനം കക്കാടില്‍ 95 ഒക്ടോബര്‍ 15ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. 97ല്‍ പണി പൂര്‍ത്തിയാക്കി തുറന്നു കൊടുത്തു. കണ്ണൂര്‍ ജില്ലയിലെ തട്ടുമ്മലില്‍ നിര്‍മിച്ച വീടിന്‍റെ ശിലാസ്ഥാപനം കെ പി ഹംസ മുസ്ലിയാര്‍ നിര്‍വഹിച്ചു. 97 ഡിസംബറില്‍ എ പി അബൂബക്കര്‍ മുസ്ലിയാര്‍ തുറന്നു കൊടുത്തു. മലപ്പുറം എടക്കരയില്‍ നിര്‍മിച്ച വീടിന്‍റെ തറക്കല്ലിടല്‍ കര്‍മം ബീരാന്‍മുസ്ലിയാര്‍ നിര്‍വഹിച്ചു. മറ്റു ജില്ലകളിലും പദ്ധതി യഥാസമയം പൂര്‍ത്തിയാക്കി.
എസ് എസ് എഫ് സില്‍വര്‍ ജൂബിലി
ഉദ്ഘാടന സമ്മേളനം
1997 മെയ് മൂന്നിന്‍റെ സായാഹ്നത്തില്‍ അനന്തപുരിയുടെ രാജവീഥികളിലൂടെ ധര്‍മ വിപ്ളവത്തിന്‍റെ ജീവസ്സുറ്റ മുദ്രാവാക്യങ്ങളുരുവിട്ട് കൊണ്ട് ഗാന്ധി പാര്‍ക്ക് ലക്ഷ്യമാക്കി ധര്‍മപ്പട ആര്‍ത്തലച്ചടിവെച്ചു നീങ്ങിയപ്പോള്‍ നഗരം ധര്‍മവിപ്ളവ ധ്വജവാഹകരാല്‍ വീര്‍പ്പ് മുട്ടുകയായിരുന്നു.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ പ്രൗഢമായ ഉദ്ഘാടനത്തിനു നഗരം സാക്ഷിയായി. ബീമാപള്ളിയില്‍ ചിത്താരി കെ പി ഹംസ മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്ന കൂട്ടസിയാറത്തോടെ രജതജൂബിലി ഉദ്ഘാടന സമ്മേളനത്തിന് തുടക്കമായി. നന്ദാവനത്തെ മുസ്ലിം അസോസിയേഷന്‍ ഹാളില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എ സൈഫുദ്ദീന്‍ഹാജി പതാക വാനിലേക്കുയര്‍ത്തി. കോരിച്ചൊരിഞ്ഞ മഴയത്തും ആവേശം അലതല്ലിയ ആയിരങ്ങള്‍ മഴയെ വകവെക്കാതെ നേതാക്കള്‍ക്ക് പിന്നിലായി നടുറോഡില്‍ അണിയൊപ്പിച്ചു നിരന്നു. 5.15ന് റാലി ആരംഭിച്ചു.
സംസ്ഥാന നേതാക്കള്‍ക്ക് പിന്നിലായി തൂവെള്ള പൈജാമയും ജുബ്ബയും തൊപ്പിയും അണിഞ്ഞ 25 അംഗ സ്റ്റേറ്റ് സില്‍വര്‍ ഗാര്‍ഡും പിറകെ പ്രത്യേക യൂണിഫോമണിഞ്ഞ ജില്ലാ, ഡിവിഷന്‍ ഗാര്‍ഡുകളും അണി നിരന്നു. ദഫ് മേളകള്‍ റാലിക്ക് കൊഴുപ്പേകി.
സെക്രട്ടേറിയറ്റ് നടയിലൂടെ കെ എസ് ആര്‍ ടി സി ഓവര്‍ ബ്രിഡ്ജ്, ചാല ബസാറിലൂടെ കി.മീറ്ററുകള്‍ താണ്ടി മഗ്രിബോടെ സമ്മേളന നഗരിയായ ഗാന്ധിപാര്‍ക്കിലെത്തി. തെക്കന്‍ ജില്ലകളിലെ പ്രവര്‍ത്തകരും വടക്കന്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും മാത്രം ഒത്തു ചേര്‍ന്നപ്പോഴേക്കും തലസ്ഥാന നഗരി ധര്‍മവിപ്ളവ ധ്വജവാഹകരെ ഉള്‍കൊള്ളാനാകാതെ വീര്‍പ്പ് മുട്ടുകയായിരുന്നു. പൊതുസമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ജൂബിലി സാമയികം
സില്‍വര്‍ ജൂബിലി പ്രമേയമായ 'വഴിതെറ്റുന്ന ലോകം, വഴി കാട്ടുന്ന ഇസ്ലാം' എന്ന സന്ദേശം താഴേക്കിടയിലെത്തിക്കുന്നതിന് വേണ്ടി 97 മെയ് മാസം ജൂബിലി പ്രചരണ സാമയികം ആചരിച്ചു. സാമയിക ഭാഗമായി ശാഖകളില്‍ ലഘുലേഖ വിതരണം, പ്രകടനം, പൊതുയോഗം നടന്നു. പഞ്ചായത്ത് തലങ്ങളില്‍ നടന്ന സൈക്കിള്‍ ജാഥകള്‍ ആവേശമുണര്‍ത്തി. സംസ്ഥാനത്ത് അമ്പതിലേറെ ഡിവിഷനുകളില്‍ പ്രഖ്യാപന സമ്മേളനങ്ങള്‍ നടന്നു. സാമയികത്തിന്‍റെ സമാപന പരിപാടിയായിരുന്നു ഡിവിഷന്‍ തലങ്ങളില്‍ നടന്ന റാലിയും പൊതുസമ്മേളനവും.
നിശാ സംഗമങ്ങള്‍
സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 97 ജൂണ്‍ മാസത്തില്‍ സംസ്ഥാന വ്യാപകമായി നിശാ സംഗമങ്ങള്‍ നടന്നു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഘടകങ്ങളിലാണ് സംഗമങ്ങളൊരുക്കിയത്. സംഘടനാ ക്ളാസ്, ആശയവിശകലനം, പ്രാക്ടിക്കല്‍ തസവ്വുഫ്, ദഅ്വാ പരിശീലനം എന്നീ പരിപാടികളാണ് നിശാ സംഗമങ്ങളില്‍ നടന്നത്. സിയാറത്തോടു കൂടി ആരംഭിച്ച സംഗമങ്ങള്‍ കൂട്ട പ്രാര്‍ഥനയോടെയാണ് സമാപിച്ചത്.
ഉത്തരമേഖലാ തര്‍ബിയത്ത് ക്യാമ്പ്
സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 97 ജൂണ്‍ 27, 28, 29 തിയതികളില്‍ മാനന്തവാടി മുഅസ്സസയില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഉത്തരമേഖലാ തര്‍ബിയത്ത് ക്യാമ്പ് ആത്മനിര്‍വൃതിയുടെ ധന്യവേദിയായി മാറി. കാസര്‍കോഡ്, കണ്ണൂര്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ സംസ്ഥാന, ജില്ലാ സില്‍വര്‍ ഗാര്‍ഡുകള്‍ക്കും ഡിവിഷന്‍, ജില്ലാ ഭാരവാഹികള്‍ക്കുമായി സംഘടിപ്പിച്ച ക്യാമ്പ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷ പ്രസംഗം നടത്തി.
സംസ്ഥാന ട്രഷറര്‍ കെ എസ് മുഹമ്മദ് സഖാഫിയെ ക്യാമ്പ് അമീറായി തിരഞ്ഞെടുത്തു. ഹൃദയത്തിന്‍റെ രോഗങ്ങള്‍ എന്ന വിഷയത്തില്‍ സമസ്ത വയനാട് ജില്ലാ സെക്രട്ടറിയും മുഅസ്സസയുടെ ശില്‍പിയുമായ മമ്മുട്ടി മുസ്ലിയാര്‍ ക്ളാസെടുത്തു. രണ്ടാം ദിവസം 8.30ന് അശ്റഫ് കാമില്‍ സഖാഫിയുടെ ഖുര്‍ആന്‍ ക്ളാസ് തുടങ്ങി. റവാത്തീബ് സുന്നത്തുകളെ കുറിച്ച് ത്വാഹിര്‍ സഖാഫി വിവരിച്ചു.
ളുഹ്റിനു ശേഷം ബാബലിയിലേക്ക് സിയാറത്ത് യാത്ര സംഘടിപ്പിച്ചിരുന്നു. അസര്‍ നിസ്കാരം കഴിഞ്ഞു മരണത്തെ കുറിച്ച് ത്വാഹിര്‍ സഖാഫി സംസാരിച്ചു. മഗ്രിബിന് ശേഷം ദിക്ര്‍ ഹല്‍ഖയായിരുന്നു പ്രധാന പരിപാടി. ത്വാഹിര്‍ സഖാഫിയുടെ ഉദ്ബോധനത്തോടെയായിരുന്നു തുടക്കം.
ഇശാ നിസ്കാര ശേഷം ഹദ്ദാദ് ചൊല്ലി ഭക്ഷണ ശേഷം പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ ക്ളാസ് ആരംഭിച്ചു. വയനാട് ജില്ലാ ഖാസി ഹസന്‍ മുസ്ലിയാരുടെ പ്രാര്‍ഥനയോടെ രണ്ടാം ദിവസത്തെ പരിപാടികള്‍ക്ക് സമാപനമായി.
ഞായറാഴ്ച ആറു മണിക്ക് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ നമ്മുടെ കര്‍മവീഥി അവതരിപ്പിച്ചു. സ്വര്‍ഗത്തിലേക്ക് ത്വാഹിര്‍ സഖാഫി പ്രഭാഷണം തുടങ്ങി. വിടവാങ്ങലിന്‍റെ വേദനക്കിടയിലും സംഘടനക്ക് വേണ്ടി ജീവാര്‍പ്പണം ചെയ്യാന്‍ പ്രതിനിധികള്‍ പ്രതിജ്ഞയെടുത്തു. വീട്ടിലെത്തുന്നതിന് മുമ്പ് ആയിരത്തിയൊന്ന് സ്വലാത്തുകള്‍ ചൊല്ലി തീര്‍ക്കാന്‍ ഏല്‍പ്പിക്കപ്പെട്ടിരുന്നു. സ്വലാത്തുകള്‍ ഉരുവിട്ട് ധന്യതയോടെ മുഅസ്സസുയുടെ പടിയിറങ്ങി.
ദക്ഷിണ മേഖലാ തര്‍ബിയത്ത് ക്യാമ്പ്
തെക്കന്‍ മേഖലാ തര്‍ബിയത്ത് ക്യാമ്പ് ജൂലൈ 25, 26, 27 തിയതികളില്‍ കൊല്ലം ഖാദിസിയ്യയില്‍ നടന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ജില്ലാ, ഡിവിഷന്‍ ഭാരവാഹികളും സില്‍വര്‍ ഗാര്‍ഡ് അംഗങ്ങളുമാണ് ക്യാമ്പമ്പില്‍ പങ്കെടുത്തത്.
സുന്നി യുവജന സംഘം കൊല്ലം ജില്ലാ അധ്യക്ഷന്‍ സയ്യിദ് നിസാമുദ്ദീന്‍ ബാഫഖി തങ്ങള്‍ ത്രിവര്‍ണ പതാക വാനിലുയര്‍ത്തിയതോടെ ക്യാമ്പിന് തുടക്കമായി. നിസ്കാരാനന്തരം ഖാദിസിയ്യ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉദ്ഘാടന സെഷന്‍ എസ് വൈ എസ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്‍റ് അബ്ദുസ്സലാം ഹസനിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം പി എം ഹൈദ്രോസ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡെപ്യൂട്ടി പ്രസിഡന്‍റ് മുഹമ്മദ്കുഞ്ഞ് സഖാഫിയുടെ സ്വാഗത പ്രഭാഷണത്തോടെയാരംഭിച്ച സെഷന്‍ സൈനുദ്ദീന്‍ ബാഫഖി തങ്ങള്‍ അന്ത്രോത്തിന്‍റെ ആശംസാ പ്രസംഗത്തോടെ അവസാനിച്ചു.
ഐ സി എസ് ഇസ്ലാമിക് കോംപ്ളക്സ് ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് ബാദ്ഷാ സഖാഫിയുടേതായിരുന്നു പ്രഥമ ക്ളാസ്. രണ്ടാം ദിവസം പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ നടത്തിയ ഉദ്ബോധന പ്രസംഗത്തില്‍ പ്രവര്‍ത്തകര്‍ ഉത്സുകരായി. മാന്നാര്‍ ടൗണ്‍ മസ്ജിദ് ഇമാം എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി ഹിഫ്ളുല്‍ അഅ്ളാഅ് എന്നതിനെ അധികരിച്ച് ക്ളാസെടുക്കാന്‍ ഹാളിലെത്തി.
അടുത്തത് പി എ ഹൈദ്രോസ് മുസ്ലിയാരുടെ ഫളാഇലുല്‍ അഅ്മാല്‍ എന്ന വിഷയത്തിലുള്ള ക്ളാസായിരുന്നു. അഞ്ചു മണിക്ക് കെ ടി ത്വാഹിര്‍ സഖാഫി അത്തരീഖു ഇലല്‍ ജന്ന എന്ന വിഷയം അവതരിപ്പിക്കാന്‍ സ്റ്റേജിലേക്കു വന്നു. തുടര്‍ന്ന് തസ്കിയത്തുല്‍ ഖല്‍ബ് എന്ന വിഷയത്തില്‍ സയ്യിദ് സൈനുദ്ദീന്‍ അല്‍ ബുഖാരി (ആന്ത്രോത്ത്) ക്ളാസ് അവതരണത്തിനായി ഹാളില്‍ വന്നു.
പത്തു മണിക്ക് നടന്ന ഹദ്ദാദ് റാത്തീബിന് ഹെദ്രോസ് മുസ്ലിയാര്‍, സൈനുദ്ദീന്‍ തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സൈനുദ്ദീന്‍ തങ്ങള്‍ വിടവാങ്ങല്‍ പ്രഭാഷണം നടത്തി.
മധ്യമേഖലാ ക്യാമ്പ്
ആഗസ്റ്റ് ഏഴിന് വെള്ളിയാഴ്ച വൈകുന്നേരം വെട്ടിച്ചിറ മജ്മഇനോടനുബന്ധിച്ച് വിശാലമായ പള്ളിയില്‍ മധ്യമേഖലാ ക്യാമ്പിന് തിരശ്ശീരല ഉയര്‍ന്നു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, നീലഗിരി ജില്ലകളിലെ പ്രതിനിധികള്‍ ത്രിദിന ആത്മീയ സംഗമത്തിന് സന്നിഹിതരായിരുന്നു. മുന്‍ സംസ്ഥാന പ്രസിഡന്‍റ് അബൂബക്കര്‍ ശര്‍വാനി പതാക ഉയര്‍ത്തിയതോടെ ക്യാമ്പിന് തുടക്കമായി. മഗ്രിബ് നിസ്കാരാനന്തരം ഉദ്ഘാടന സെഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി കെ എം സഖാഫിയുടെ അധ്യക്ഷതയില്‍ ചെറുശ്ശോല കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ അര്‍ഥഗര്‍ഭമായ പ്രഭാഷണത്തോടെ ഉദ്ഘാടനം ചെയ്തു. അബൂബക്ര്‍ ശര്‍വാനി പ്രസംഗിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മാളിയേക്കല്‍ സുലൈമാന്‍ സഖാഫി സദസിന് സ്വാഗതമോതി.
എട്ടു മണിയോടെ സ്വര്‍ഗവും നരകവും പ്രഥമ ക്ളാസിന് വി പി എ തങ്ങള്‍ ദാരിമി ആട്ടീരി നേതൃത്വം നല്‍കി. പിന്നീട് നടന്ന മൗലിദും ഖുതുബിയ്യത്തും വി പി എ തങ്ങള്‍ ദാരിമിയും അബ്ദുല്‍ ഹമീദ് ബാഖവിയും നേതൃത്വം നല്‍കി.
സുബ്ഹി നിസ്കാരാനന്തരം നടന്ന അല്‍കഹ്ഫ് പാരായണത്തോടെ രണ്ടാം ദിവസത്തെ പരിപാടികള്‍ക്ക് തുടക്കമായി. ഒന്‍പതു മണിക്ക് നീലഗിരി ജില്ലാ പ്രസിഡന്‍റും ദേവര്‍ശോല അബ്ദുല്‍സലാം മുസ്ലിയാര്‍ മഹ്ശറയില്‍ അവതരിപ്പിച്ചു. സംസ്ഥാന മുഖ്യകാര്യദര്‍ശി മജീദ് കക്കാടിന്‍റെ പ്രസംഗത്തിനു ശേഷം ജുമുഅക്കു പോകാനുള്ള തയ്യാറെടുപ്പായി. ഉച്ചക്കു ശേഷം മുഖാമുഖം ആരംഭിച്ചു. എന്‍ എം ബാപ്പു മുസ്ലിയാര്‍ അസര്‍ നിസ്കാരാനന്തരം ഫളാഇലുല്‍ അഅ്മാല്‍ ക്ളാസാരംഭിച്ചു. മഗ്രിബ് ജമാഅത്തിനു ശേഷം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തസ്കിയതുല്‍ ഖല്‍ബ് ക്ളാസെടുത്തു. തസ്ബീഹ് നിസ്കാരത്തോടെ രണ്ടാം ദിവസത്തെ പരിപാടികള്‍ അവസാനിപ്പിച്ചു.
മൂന്നാം ദിവസം സുബ്ഹി നിസ്കാരാനന്തരം കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഹിഫ്ളുല്‍ അഅ്ളാഅ് അവതരിപ്പിച്ചു. പത്തു മണിക്ക് ഖത്തം ദുആ നടത്തി. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കെ ടി ത്വാഹിര്‍ സഖാഫി സ്വര്‍ഗത്തിലേക്കുള്ള പാത അവതരിപ്പിച്ചു. ഉച്ചക്ക് പന്ത്രണ്ടു മണിക്ക് സംസ്ഥാന പ്രസിഡന്‍റിന്‍റെ അര്‍ഥഗംഭീരമായ വിടവാങ്ങല്‍ പ്രസംഗം.
ത്വാഹിര്‍ സഖാഫിയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനക്കു ശേഷം ക്യാമ്പിന്‍റെ സന്ദേശമെന്ന നിലയില്‍ നിര്‍ദേശിക്കപ്പെട്ട സ്വലാത്തിന്‍റെ മന്ത്രധ്വനികളുരുവിട്ട് കൊണ്ട് പ്രവര്‍ത്തകര്‍ മജ്മഇനോട് വിട പറഞ്ഞു.
സാഹിത്യോത്സവ്97
സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ സംസ്ഥാന സാഹിത്യോത്സവ് 97ന് ആതിഥ്യമരുളാന്‍ ഭാഗ്യം ലഭിച്ചത് കാസര്‍കോഡ് ജില്ലയിലെ തൃക്കരിപ്പൂരിനാണ്. സപ്തംബര്‍ 13, 14 തിയതികളില്‍ തൃക്കരിപ്പൂര്‍ അല്‍മുജമ്മുഉല്‍ ഇസ്ലാമിയിലാണ് സാഹിത്യോത്സവ് നടന്നത്. സി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ ചെയര്‍മാനും ബശീര്‍ പുളിക്കൂര്‍ കണ്‍വീനറുമായ 1001 അംഗ സ്വാഗതസംഘം സജീവമായി രംഗത്തിറങ്ങിയിരുന്നു. വാഹനജാഥകളും ഗാര്‍ഡ് മീറ്റുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സെപ്തംബര്‍ 2 മുതല്‍ 4 വരെ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നടന്ന കലാസഞ്ചലനം ഏറെ പുതുമകള്‍ നിറഞ്ഞതായിരുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ സി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ ത്രിവര്‍ണ പതാക വാനിലേക്കുയത്തി. എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ സാഹിത്യോത്സവ് 97ന്‍റെ ഔപചാരികമായ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. ചിത്താരി ഹംസ മുസ്ലിയാരുടെ ആമുഖ പ്രസംഗം.
പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍, കോരന്‍ മാസ്റ്റര്‍, കെ വെളുത്തമ്പു, കെ ജി കൊടക്കാട്, പി കെ ബാവ, സുലൈമാന്‍ കരിവള്ളൂര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് പി കെ എം സഖാഫി മുഖ്യപ്രഭാഷണം നടത്തി. ബശീര്‍ പുളിക്കൂര്‍ നന്ദി പ്രകടിപ്പിച്ചു. കോഴിക്കോട് ഒന്നാമതെത്തി. മലപ്പുറം രണ്ടാം സ്ഥാനത്തും. കാസര്‍കോഡ് മൂന്നാം സ്ഥാനം നേടി.
മറക്കാത്ത മനുഷ്യഇന്ത്യ
ഇന്ത്യന്‍ സ്വാതന്ത്ര്യ സുവര്‍ണജൂബിലി ആഘോഷത്തിന്‍റെയും സംഘടനയുടെ സില്‍വര്‍ ജൂബിലിയുടെയും ഭാഗമായി ഒക്ടോബര്‍ 11ന് എസ് എസ് എഫ് സംഘടിപ്പിച്ച മനുഷ്യഇന്ത്യ അക്ഷരാര്‍ഥത്തില്‍ മനുഷ്യസാഗരമായി മാറി.
9.40ന് പി കെ എം സഖാഫിയുടെ പ്രാര്‍ഥനയോടെ തുടക്കം കുറിച്ച റാലി നഗരത്തിന് കൗതുകവും ആവേശവും പകര്‍ന്നു. സംസ്ഥാനത്ത് നേതാക്കള്‍ക്ക് പിറെ പ്രത്യേക ബാനറിന് പിന്നില്‍ ആകര്‍ഷകമായ യൂണിഫോം ധരിച്ച സില്‍വര്‍ഗാര്‍ഡ് അംഗങ്ങളും അതിന് പിന്നില്‍ പ്രവര്‍ത്തകരും അണി നിരന്നു. 11.30ന് റാലിയുടെ മുന്‍നിര സ്റ്റേഡിയം ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്നു. സില്‍വര്‍ ഗാര്‍ഡുകളും ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും 'ഇന്ത്യ'യില്‍ പ്രവേശിച്ചതോടെ മനുഷ്യഇന്ത്യ സാക്ഷാത്കാരമായി.
എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് സ്വാഗതപ്രസംഗം നടത്തി. തുടര്‍ന്ന് ദേശഭക്തിഗാനാലാപനം നടന്നു. കോഴിക്കോട് ജില്ലാ കലക്ടര്‍ മനോജ് ജോഷിയാണ് മനുഷ്യ ഇന്ത്യ ഉദ്ഘാടനം ചെയ്തത്. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ പുനരര്‍പ്പണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപന പ്രസംഗം നടത്തി. ദേശീയഗാനത്തോടെ പരിപാടി സമാപിച്ചു.
പുതുനൂറ്റാണ്ടിന് പ്രതീക്ഷ പകര്‍ന്ന് ശില്‍പ്പശാല
സില്‍വര്‍ ജൂബിലി പരിപാടികളില്‍ ശ്രദ്ധേയമായൊരേടായിരുന്നു 97 നവംബര്‍ 7, 8, 9 തിയതികളില്‍ കാന്തപുരത്ത് നടന്ന സംസ്ഥാന നേതൃത്വ ശില്‍പ്പശാല. സംഘടനയുടെ ഘടന മുടിനാരിഴ ചികഞ്ഞ് പരിശോധിച്ച് കൊണ്ട് പുതിയ കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ശില്‍പ്പശാല സഹായകമായി. സംസ്ഥാന കൗണ്‍സിലര്‍മാര്‍ ജില്ലയില്‍ നിന്നുള്ള ഭാരവാഹികളും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരും ഡിവിഷന്‍റെ പ്രസിഡന്‍റ്, സെക്രട്ടറിമാരുമാണ് ശില്‍പ്പശാലയില്‍ സംഗമിച്ചത്.
ഏഴിന് വൈകുന്നേരം ആറു മണിക്ക് കാന്തപുരം അസീസിയ്യ കോളജില്‍ ശില്‍പ്പശാലക്ക് തുടക്കം കുറിച്ചു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു.
ഓരോ ക്ളാസ് കഴിയുമ്പോഴും അംഗങ്ങള്‍ ജില്ല തിരിച്ച് ഗ്രൂപ്പായി തിരിഞ്ഞ് ചര്‍ച്ച തുടങ്ങും. ഒന്ന്, ഒന്നര മണിക്കൂര്‍ നടത്തിയ ചര്‍ച്ചയുടെ ഏകദേശരൂപം തയ്യാറാക്കി ജില്ലാ പ്രതിനിധി അവതരിപ്പിക്കും. സാരഥികള്‍ സംശയനിവാരണം നടത്തും. സംഘടനയുടെ കഴിഞ്ഞ കാലം, ഇന്നത്തെ ഘടന, ക്യാമ്പസ് രംഗം, ദഅ്വാ മേഖല, ഭാവി തുടങ്ങിയ കാര്യങ്ങളൊക്കെ ചര്‍ച്ചക്ക് വിധേയമായിരുന്നു.
കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, വെള്ളില മുഹമ്മദ് ഫൈസി, കെ എം എ റഹീം സാഹിബ്, അലി അബ്ദുല്ല, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സംസ്ഥാന സാരഥികള്‍ തുടങ്ങിയവര്‍ സദസിനെ സംബോധന ചെയ്തു.
ഇതിഹാസം രചിച്ച ബാലസഞ്ചയങ്ങള്‍
എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടത്തിയ ജില്ലാ ബാലസഞ്ചയങ്ങള്‍ ഇതിഹാസം രചിച്ചു. താമരശ്ശേരിയില്‍ നടന്ന കോഴിക്കോട് ജില്ലാ ബാലസഞ്ചയം കോരങ്ങാട് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച് കാരാടിയില്‍ സമാപിച്ചു. ബാലറാലിക്ക് പിറകില്‍ എസ് എസ് എഫിന്‍റെയും എസ് വൈ എസിന്‍റെയും പ്രവര്‍ത്തകര്‍ പ്രത്യേക അഭിവാദ്യ റാലി നടത്തി. സമാപന സമ്മേളനത്തില്‍ എന്‍ അലിഅബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ എ പി അബ്ദുല്‍ഹക്കീം കാന്തപുരം അധ്യക്ഷത വഹിച്ചു. മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല സഅദി ചെറുവാടി, മുട്ടാഞ്ചേരി അഹമ്മദ്കുട്ടി സഖാഫി, ടി എ റശീദ് മുസ്ലിയാര്‍ പ്രസംഗിച്ചു. മജീദ് പുത്തൂര്‍ സ്വാഗതം പറഞ്ഞു.
കണ്ണൂരില്‍ രണ്ട് മേഥലകളിലായാണ് ബാലസഞ്ചയം നടന്നത്. തലശ്ശേരിയില്‍ നടന്ന ദക്ഷിണ മേഖലാ സഞ്ചയം. സൈദാര്‍പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സമാപന പൊതുസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്‍റ് മര്‍സൂഖ് സഅദി, അബ്ദുല്‍ ഖാദിര്‍ ചൊവ്വ പ്രസംഗിച്ചു. തളിപ്പറമ്പില്‍ നടന്ന ബാലസഞ്ചയം ഏറെ പുതുമയാര്‍ന്നതായിരുന്നു.
തൃശൂര്‍ ജില്ലാ ബാലസഞ്ചയം ചാവക്കാടിനു ഹരമായി. സയ്യിദ് പൂക്കോയ തങ്ങളുടെ നേതൃത്വത്തില്‍ മണത്തല മഖാം സിയാറത്തോടെ ആരംഭിച്ച പരിപാടിയില്‍ എന്‍ കെ ശറഫുദ്ദീന്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തി. രാവിലെ നടന്ന പ്രതിഭാസംഗമം സി ഐ ആര്‍ കെ ജയരാജ് ഉദ്ഘാടനം ചെയ്തു. മുതുവട്ടൂരില്‍ നിന്നാരംഭിച്ച പടുകൂറ്റന്‍ ബാലറാലി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജാസിം ഉമര്‍ നഗറില്‍ സമാപിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി ചന്ദ്രശേഖരപിള്ള സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവത്ര ഉസ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. പി ടി കുഞ്ഞുമുഹമ്മദ് എം എല്‍ എ, പി കെ അബൂബക്കര്‍ ഹാജി, ജഅ്ഫര്‍ ചെറുവണ്ണൂര്‍, എം എം ഹമീദ് മോന്‍, മൊയ്തീന്‍പാലപ്പള്ളി പ്രസംഗിച്ചു. പി മൊയ്തുണ്ണി സ്വാഗതവും ആര്‍ വി എം ബശീര്‍ മൗലവി നന്ദിയും പറഞ്ഞു.
പാലക്കാട് ജില്ലാ ബാലസഞ്ചയം മണ്ണാര്‍ക്കാടിന് പുതിയ അനുഭൂതി പകര്‍ന്നു. സമാപന സമ്മേളനം കൊമ്പം കെ പി മുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ ടി ത്വാഹിര്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. എം വി സിദ്ദീഖ് കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു. കെ പി എം അഹ്സനി, ഹാജി ലിയാഖത്തലിഖാന്‍, എം എം അബ്ദുല്ല മുസ്ലിയാര്‍, മാസ്റ്റര്‍ സ്വാലിഹ് പ്രസംഗിച്ചു. സൈനുദ്ദീന്‍ പൂവ്വക്കോട് സ്വാഗതവും ഉസ്മാന്‍ പയ്യനടം നന്ദിയും പറഞ്ഞു.
എറണാകുളത്ത് മാസ് ജംഗ്ഷനില്‍ നിന്ന് റാലിയാരംഭിച്ചു. കലൂരില്‍ നടന്ന പൊതുസമ്മേളനം അന്‍വര്‍ഷാ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി എം അബ്ദുസ്സലാം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കലൂര്‍ അബ്ദുല്‍ മനാഫ് മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് ഇടപ്പള്ളി സ്വാഗതവും അബ്ദുര്‍റഹീം നന്ദിയും പറഞ്ഞു.
മനം കുളിര്‍പ്പിച്ച പ്രചാരണം
ജനുവരി ആദ്യം നടന്ന ജില്ലാ പ്രഖ്യാപന സമ്മേളനങ്ങോട് കൂടിയാണ് സമാപന റാലിയുടെ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജനുവരി എട്ടിന് കാസര്‍കോഡ് നിന്നാണ് തുടങ്ങിയത്. ഫെബ്രുവരി 28നകം തന്നെ ചുവരെഴുത്ത്, ബോര്‍ഡുകള്‍, ബാനറുകള്‍ തുടങ്ങിയ പ്രചാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. ഡിവിഷന്‍തല പ്രചാരണ ഉദ്ഘാടന സമ്മേളനങ്ങളും റാലികളും നടന്നതോടെ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കവലകള്‍ തോറും പൊതുയോഗങ്ങള്‍, മൊത്തം പന്ത്രണ്ടായിരം കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ ശാഖാകള്‍ തോറും നിരന്തര പ്രകടനങ്ങളും പഞ്ചായത്തുതല പദയാത്രകളും ജനമനസ്സുകളെ ഹഠാദാകര്‍ഷിക്കുകയുണ്ടായി.
യൂണിറ്റുകള്‍ തോറും ഭവന സന്ദര്‍ശനം, സംസ്ഥാന കമ്മിറ്റി തയ്യാറാക്കി നല്‍കിയ വ്യത്യസ്ത ലഘുലേഖകളുമായി പ്രവര്‍ത്തക സ്ക്വാഡുകള്‍ വീടുതോറും കയറിയിറങ്ങി അമ്പത് ലക്ഷം ലഘുലേഖകളാണ് വിതരണം ചെയ്തത്. ഏപ്രില്‍ അവസാന വാരം മുക്കുമൂലകള്‍ സ്പര്‍ശിച്ചു കൊണ്ട് ജില്ലാ ഡിവിഷന്‍ കമ്മിറ്റികള്‍ നടത്തിയ വാഹനജാഥകള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ കലാശക്കൊട്ടായി മാറി. ഓട്ടോ റാലി, ജലയാത്ര, മിന്നല്‍ പ്രകടനങ്ങള്‍ തുടങ്ങി ഒട്ടനേകം പരിപാടികള്‍ക്കും പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുകയുണ്ടായി.
ഏപ്രില്‍ 13 തിങ്കള്‍ പോസ്റ്റര്‍ ഡേ. ധര്‍മച്യുതി, ഭീകരത, ആദര്‍ശ ചൂഷണം തുടങ്ങി ലോകത്തെ അനുദിനം മരവിപ്പിക്കുന്ന പ്രവണതകള്‍ക്കെതിരെ സമൂഹ മനസാക്ഷിയുണര്‍ത്തുന്ന ഒട്ടേറെ ആപ്തവാക്യങ്ങളും മാറ്ററുകളുമടങ്ങുന്ന പോസ്റ്ററുകള്‍ കണ്ടുകൊണ്ടാണ് കേരളമുണര്‍ന്നത്. 24ന് പതാകദിനം. ഏപ്രില്‍ 29 ബുധന്‍ എസ് എസ് എഫിന്‍റെ 26 ാം സ്ഥാപകദിനം. തിരഞ്ഞെടുത്ത 5000 കേന്ദ്രങ്ങളില്‍ സംസ്ഥാന പ്രസിഡന്‍റ് പി കെ എം സഖാഫിയുടെ ശ്രദ്ധേയമായ കേസറ്റ് പ്രഭാഷണം. മഗ്രിബ് നിസ്കാരാനന്തരം യൂണിറ്റുകള്‍ തോറും ഉണര്‍ത്തുജാഥകള്‍.
സില്‍വര്‍ ജൂബിലി എംപ്ളം
ലോകത്തിന്‍റെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ഇസ്ലാം വിഭാവനം ചെയ്യുന്ന ധര്‍മാധിഷ്ഠിത മുന്നേറ്റം മാത്രമാണെന്ന വസ്തുതയും ധാര്‍മിക വിപ്ളവ രംഗത്ത് എസ് എസ് എഫിന്‍റെ അനിഷേധ്യമായ സേവനങ്ങളും കര്‍മധന്യമായ പിന്നിട്ട 25 വര്‍ഷവും പ്രതീകവത്കരിക്കുന്ന സില്‍വര്‍ ജൂബിലി എംപ്ളം മുഹമ്മദ് പറവൂര്‍, അശ്റഫ് മന്ന, സലീം അണ്ടോണ, കരീം കക്കാട്, ശരീഫ് കാരശ്ശേരി തുടങ്ങിയവര്‍ കൂട്ടായി രൂപകല്‍പന ചെയ്തതാണ്.
സ്മാരകങ്ങള്‍
സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്മാരകങ്ങള്‍ നിര്‍മിച്ചു. ബസ് വെയ്റ്റിംഗ് ഷെഡ്, വൃക്ഷം നട്ടു പിടിപ്പിക്കല്‍, ബസ് സമയ, ഫോണ്‍ നമ്പര്‍ ബോര്‍ഡ് സ്ഥാപിക്കല്‍ തുടങ്ങിയ പല പദ്ധതികളും സേവനങ്ങളും നടപ്പിലായി.
തിരശ്ശീല വീഴുന്നു........
1998 മെയ് 2 : ഒരു വര്‍ഷത്തെ കര്‍മ പദ്ധതികള്‍ക്ക് പരിസമാപ്തി കുറിച്ചു കൊണ്ടുള്ള സമ്പൂര്‍ണ റാലി. ഇ കെ ഹസന്‍ മുസ്ലിയാരുടെ പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാലക്കാടിന്‍റെ നഗരവീഥികള്‍. എങ്ങും കമാനങ്ങളും ചുമരെഴുത്തുകളും കൊടിതോരണങ്ങളും.
ഉച്ചയോടെ തന്നെ നഗരം ധവള പടയാളികളെ കൊണ്ട് നിബിഡം. മൂന്നു മണിക്ക് എ ബാപ്പു മുസ്ലിയാരുടെ മഹനീയ നേതൃത്വത്തില്‍ മഞ്ഞക്കുളം ജുമുഅത്തുപള്ളിക്കു ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന മര്‍ഹൂം ഖാജാ ഹുസൈന്‍ (റ)ന്‍റെ തിരുസവിധത്തില്‍ സിയാറത്ത്. അസര്‍ ജമാഅത്ത് ഉടനെ. പ്രൗഢിയുടെ പ്രതീകമായി സംവിധാനിച്ച ബാനറിനു പിറകെ പ്രസ്ഥാനത്തിന്‍റെ ഹരിത ധവള നീല വര്‍ണ വിജയപതാകയേന്തിയ നേതാക്കള്‍ : പി കെ എം സഖാഫി, കെ ടി ത്വാഹിര്‍ സഖാഫി, മുഹമ്മദ് പറവൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് പുല്ലാളൂര്‍, മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, ഹനീഫ് പാനൂര്‍, സംസ്ഥാന സമിതി അംഗങ്ങള്‍ക്കു പുറമെ ഇരു വരികളിലായി നോക്കെത്താ ദൂരത്ത് അണി നിരന്ന പതിനായിരങ്ങള്‍ റാലിയെ അവിസ്മരണീയമാക്കി.
പ്രാസ്ഥാനിക ചരിത്രത്തില്‍ പുതിയൊരു തൂവല്‍ തുന്നിച്ചേര്‍ത്ത ചാരിതാര്‍ഥ്യത്തോടെ സുന്നി വിദ്യാര്‍ഥി പടയണി ചരിത്രങ്ങളുറങ്ങുന്ന പാലക്കാടിനോട് വിടപറഞ്ഞു മടങ്ങി.
+ മടക്കയാത്ര; ഓർമയിലെ ഓ ഖാലിദ് എന്ന പുസ്തകത്തിൽനിന്ന്
إرسال تعليق