റമദാൻ ഗാനം

അംബരം തിളങ്ങുമാർ ഒരമ്പിളി പിറന്നു
അങ്ങു തൊട്ടിങ്ങോളമീ വെള്ളി പ്രഭ പരന്നു
നോമ്പുകാർ ഇരുന്ന് നാളുകൾ വിരലിലെണ്ണി
നോക്കവേ നിറഞ്ഞൊഴുകയായി ബാപ്പം കണ്ണിൽ

തമ്പുരാനാം റബ്ബ് തന്ന
തങ്ക തുല്യമായിരുന്ന
നോമ്പുകാലം തീർന്നുവെന്ന
നീറിടുന്ന വാർത്ത വന്ന
കാരണത്താലെ - കേണു - കണ്ണുനീരാലെ

നാലിലേറെയില്ല നാളുകൾ നമുക്കെന്നോർക്കൂ
നഷ്ടമുണ്ടാക്കും അമാന്തം, നേട്ടമെല്ലാം നീക്കും
വേല ചെയ്യൂ കൂലി വാങ്ങാം വിസ്തൃതം, വിശാലം,
വിസ്മയം റബ്ബിന്റെ റഹ് മത്തിന്നതിൻ പൂക്കാലം

ശീലമാക്കുക സുജൂദ്
ചേലിലോതുക മുറാദ്
സ്വീകരിച്ചേക്കാം വദൂദ്
ചെന്ന് തിരുമുന്നിലോത്
നോമ്പിരുപത്തി - ആറും - നോറ്റു നാമെത്തി

രാത്രിയിലുപാസന, പകലിലുപവാസം
രക്ത ബന്ധുക്കൾക്കിടയിൽ നല്ല സഹവാസം
എത്ര കേട്ടാലും മതിവരാത്ത ഖുർആൻ വാക്യം
ഇത്രയുമായാൽ അവർക്കാകുന്നു സ്വർഗസൗഖ്യം

നേത്രമെപ്പോഴും നനഞ്ഞ്
നിൽക്കണം കണ്ണീരണിഞ്ഞ്
വിസ്തൃതമാകട്ടെ നെഞ്ച്
വീഴണം മുന്നിൽ കരഞ്ഞ്
ഏകനല്ലാഹു - ലാ ഇ - ലാഹ ഇല്ലാഹു

മാനവന്റെ നാഥനാം അല്ലാഹുവിൻ ശിഫാഉ
മാത്രമാകുന്നു കൊറോണ വൈറസിൻ ദവാഉ
ദീനമേതും മാറ്റുവാൻ അല്ലാഹുവേ നീ മാത്രം
ദൈവമേ, ദയാലുവേ നേരാം നിനക്ക് സ്തോത്രം

മാനസികമായ് തളർന്നു
മാരക രോഗം പടർന്നു
മാനുഷന്റെ കൈ തളർന്നു
മാറ്റമില്ലാതെ തുടർന്നു
നൽകണേ രക്ഷ - റബ്ബേ -
മാറ്റണേ ശിക്ഷ

രചന: അലി കണ്ണോത്ത് 

Post a Comment

Previous Post Next Post