ടി.സി മുഹമ്മദ് മുസ്‌ലിയാർ ആക്കോട് മനക്കരുത്തിന്റെ ഉരുക്ക് കോട്ട

ആക്കോട് ചിറക്കൽ മാമുക്കുട്ടി മൊല്ലയുടെയും വിരിപ്പാടം കുഞ്ഞുകദിയുമ്മയുടെയും മകനായി 1940 ജൂൺ 10 ന് തലേക്കുന്നത് ചിറക്കൽ മുഹമ്മദ് മുസ്ലിയാർ എന്ന ടി.സി മുഹമ്മദ് മുസ്ലിയാർ വാഴയൂരിലെ അരൂരിൽ ജനിക്കുന്നത്.

അവിടെനിന്ന് വെളിയാംപുറത്തേക്ക് താമസം മാറി പിന്നീട് ആക്കോട് സ്ഥിരതാമസമാക്കുകയും ചെയ്തു.

ചെറുപ്പത്തിലെ മതപഠനത്തിൽ തൽപരരായ ടി സി ഉസ്താദ്, വാഴയൂർ, തലശ്ശേരി കല്ലറക്കൽ, താനൂര് സാഹിബ് പള്ളി, വാരാംമ്പറ്റ, വാഴക്കാട് ദാറുൽ ഉലൂം തുടങ്ങിയ സ്ഥലങ്ങളിൽ പഠനം നടത്തുകയും ഉപരി പഠനത്തിനായി ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിലെ ദയൂബന്ദ് ദാറുൽ ഉലൂം അറബിക്കോളേജിൽ ചേരുകയും അവിടെ നിന്ന് ഖാസിമി ബിരുദം കരസ്ഥമാക്കുകയും ചെയ്തു.

കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ, ഒ.കെ സൈനുദ്ദീൻ കുട്ടി മുസ്ലിയാർ, വെളിയാംപുറം സെയ്തലവി മുസ്‌ലിയാർ,എ പി അഹമ്മദ് കുട്ടി മുസ്ലിയാർ, എ പി ഇബ്രാഹിം മുസ്‌ലിയാർ തുടങ്ങിയവർ പ്രധാന ഉസ്താദുമാരാണ്.

1977 ൽ സമസ്തയുടെ മലപ്പുറം ജില്ല സമ്മേളനം കോട്ടപ്പടിയിൽ വച്ച് നടക്കാനിരിക്കെ ചേർന്ന ഒരു എസ് വൈ എസ് കൺവെൻഷനിൽ

സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ, ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് പലരും ടി സി ഉസ്താദിനെ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ നിയമിച്ചു.

മൂന്നുവർഷം പ്രസിഡണ്ടായി തുടർന്നു പിന്നീട് കോഴിക്കോട് ജില്ലയിലെ ബാഫഖി മെമ്മോറിയൽ അറബിക് കോളേജ് പ്രിൻസിപ്പാൾ ആയപ്പോൾ  പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുകയും പകരം പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളെ ഏൽപ്പിക്കുകയും ചെയ്തു.

പിന്നീട് കോഴിക്കോട് ജില്ലാ എസ് വൈ എസ് പ്രവർത്തകസമിതി അംഗമായി പ്രവർത്തിച്ചു.

അണ്ടോണ ഉസ്താദിന് പകരം കോഴിക്കോട് ജില്ല ജോയിൻ സെക്രട്ടറിയായി പ്രവർത്തിച്ചു  ആ സമയത്തും സമസ്ത മലപ്പുറം ജില്ലാ അംഗമായിരുന്നു.

സമസ്ത ശാസ്ത്രീയമായി സംഘടിപ്പിക്കപ്പെട്ടപ്പോൾ ജില്ലയുള്ളവർ അതെ ജില്ലയിൽ തന്നെ പ്രവർത്തിക്കേണ്ടിവന്നു അതിനാൽ കോഴിക്കോട് ജില്ലയിലെ മുഴുവൻ സ്ഥാനങ്ങളും ഒഴിഞ്ഞു.

"രാഷ്ട്രീയ പാർട്ടിക്ക് സമസ്തയെ വിധേയപ്പെടുത്താൻ അനുവദിക്കാത്ത പണ്ഡിതന്മാരെ സമസ്തയിൽ നിന്ന് പിരിച്ചുവിടണം എന്നൊരു ചർച്ച കോഴിക്കോട് വലിയങ്ങാടിയിൽ ഒരു പ്രമുഖ വ്യക്തിയുടെ ഓഫീസിൽവച്ച് ചില പണ്ഡിതന്മാരും മറ്റു ചില നേതാക്കളും കൂടി നടത്തിയതായി അറിയപ്പെട്ടു.

ഇത് സമസ്തയെ പിളർത്താനുള്ള ശ്രമമാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് പിറ്റേന്ന് രാവിലെ നടത്താൻ തീരുമാനിക്കപ്പെട്ടിരുന്ന സമസ്തയുടെ സ്റ്റേറ്റ് കമ്മിറ്റി യോഗം (മുശാവറ ) സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്നുതന്നെ കോടതിയെ സമീപിച്ചു. അന്നു രാത്രി 7 മണി ആയപ്പോഴേക്കും സ്റ്റേ ഓർഡർ കയ്യിൽ കിട്ടി പിറ്റേന്ന് രാവിലെ യോഗം തുടങ്ങുന്നതിനു മുമ്പായി പോലീസ് യോഗത്തിനെതിരെ നോട്ടീസ് പതിച്ചു. പതിവുപോലെ യോഗം നടത്താൻ ചിലർ എത്തിയപ്പോൾ സ്റ്റേ ഓർഡർ കണ്ടതിനെ തുടർന്ന് തിരിച്ചുപോവുകയും മുഗൾ ഓഡിറ്റോറിയത്തിൽ വെച്ച് ചർച്ചായോഗം ചേരുകയുണ്ടായി.

സ്റ്റേ ആവശ്യപ്പെട്ട അപേക്ഷയോടൊപ്പം വർഷങ്ങളോളമായി സമസ്തയുടെ ഭാരവാഹികളിൽ ചിലരെ തിരഞ്ഞെടുപ്പ് യഥാർത്ഥ രൂപത്തിലല്ലയെന്നും, വർഷങ്ങളോളമായി സമസ്തയുടെ ജനറൽബോഡി നടക്കാറില്ലെന്നും അതുകൊണ്ട് സമസ്തയുടെ ജനറൽബോഡി ഉടനെ വിളിച്ചു കൂട്ടണമെന്നും ആവശ്യപ്പെട്ട് അന്നുതന്നെ സമസ്ത എന്ന സംഘടനയുടെ മേൽ ഒരു കേസ് ഫയൽ ചെയ്തു. (നിലവിൽ അന്ന് മുശാവറയിൽ ഉണ്ടായിരുന്ന 36 പേർക്കും എതിരെയാണ് കേസ്)

കേസ് വിധി പറയാൻ നിശ്ചയിച്ച ദിവസത്തിൻ്റെ തലേദിവസം, കേസ് വിചാരണ ചെയ്തിരുന്ന ജഡ്ജിയെ കോടതിയിൽ നിന്ന് മാറ്റുകയും പകരം മറ്റൊരാളെ നിശ്ചയിക്കുകയും ചെയ്തു.

മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി സംഘടന (സമസ്ത മുശാവറ )രൂപവൽക്കരിക്കണമെന്ന് പുതിയ ജഡ്ജി വിധിച്ചു.

ഈ തീരുമാനം അനുസരിച്ച് ഉള്ളാൾ തങ്ങളുടെ അധ്യക്ഷയിൽ സമസ്തയുടെ ജനറൽബോഡിയോഗം ചേർന്ന് ഉള്ളാൾ തങ്ങൾ പ്രസിഡണ്ടും കാന്തപുരം ഉസ്താദ് ജനറൽ സെക്രട്ടറിയുമായി സമസ്ത പുനസംഘടിപ്പിച്ചു.

പിന്നീടുള്ള കാലഘട്ടങ്ങൾ എനിക്ക് ശത്രുത കൂടികൂടിവന്നു."

(എസ് വൈ എസ് ഗോൾഡൻ ജൂബിലി സുവനീർ . ടി .സി  ഉസ്താദിന്റെ ലേഖനത്തിൽ നിന്ന്)

1989 ൽ പ്രശ്നകലുഷിതമായപ്പോൾ പോലീസ് കാവലിൽ താത്തൂരിൽ ദർസ് നടത്തേണ്ടിവന്നു.

കൊണ്ടോട്ടി മസ്ജിദുൽ ഫത്തഹ്, ആക്കോട് മസ്ജിദുന്നജാത്ത്, എടവണ്ണപ്പാറ ദാറുൽ അമാൻ തുടങ്ങിയവയുടെ നിർമ്മാണത്തിൽ പ്രധാന പങ്കു വഹിച്ചു.

കൊടുവള്ളി നെച്ചിമണ്ണിൽ അഹ്മദ് കുട്ടി മുസ്ലിയാരുടെ മകൾ സുലൈഖയാണ് ഭാര്യ.

ഉസ്താദിന് ഏഴ് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ട്.

യുഎഇ, ഖത്വർ, സൗദി, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു.

2004 ഒക്ടോബർ 20 റമദാൻ 11ന്  64ാം വയസ്സിൽ ആ ധന്യജീവിതം  നാഥനിലേക്ക് മടങ്ങി.

ആക്കോട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്നു.



Post a Comment

Previous Post Next Post