സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ രണ്ടാമത്തെ പ്രസിഡന്റാണ് ആറംകോട് പുത്തൻപീടിക അഹ്മദ് ബിൻ നൂറുദ്ദീൻ എന്ന എ.പി. അഹ്മദ് മുസ്ലിയാർ.
1887-ൽ ജനിച്ച അദ്ദേഹം ഏഴാം വയസ്സിൽ തന്നെ ഖുർആൻ മനഃപാഠമാക്കി. പിന്നീട് അറിവിന്റെ എല്ലാ മേഖലകളിലും അഗാധമായ ജ്ഞാനം കരസ്ഥമാക്കി. കട്ടിലശ്ശേരി ആലി മുസ്ലിയാർ, കരിമ്പനക്കൽ അഹ്മദ് മുസ്ലിയാർ, കാപ്പാട് മുഹമ്മദ് മുസ്ലിയാർ എന്നിവരാണ് പ്രധാന ഉസ്താദുമാർ. വെല്ലൂർ ബാഖിയാത്തിൽ നിന്ന് പഠനം പൂർത്തിയാക്കി ബാഖവി ബിരുദം നേടി. 1915 മുതൽ മണ്ണാർക്കാടും, പിന്നീട് താനൂർ, പടന്ന, പാങ്ങ് എന്നിവിടങ്ങളിലും ദർസ് നടത്തിയിരുന്നു.
അറബി, ഉറുദു, പേർഷ്യൻ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന ഉസ്താദ് ധാരാളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. അറബിയിൽ മാത്രം 23 കിതാബുകൾ അദ്ദേഹത്തിന്റേതായുണ്ട്.
النهجة القويم، فتاوى الملوي، حاشية على مقدمة تحفة المحتاج، تنقيح المنطق، القول الشديد في أحكام التقليد
തുടങ്ങിയവ അദ്ദേഹത്തിന്റെ ചില രചനകളാണ്.
1924-ൽ തുടക്കം കുറിച്ച വലിയകുളങ്ങര ഇസ്ലാഹുൽ ഉലൂം മദ്റസയും, മണ്ണാർക്കാട് മഅ്ദിനുൽ ഉലൂം, തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം, വടകര മനാറുൽ ഉലൂം, ചെമ്മൻകുഴി മദാരിജുസ്സ്വാലിഹീൻ എന്നീ സ്ഥാപനങ്ങളെല്ലാം അദ്ദേഹത്തിന്റെ സംരക്ഷണത്തിലായിരുന്നു.
മികച്ച സംഘാടകനും, സാഹിത്യകാരനും, പ്രാസംഗികനുമായിരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളായിരുന്നു സുന്നികൾക്ക് സുന്നി ആശയത്തിൽ ഉറച്ചുനിൽക്കാൻ പ്രചോദനമായത്.
ബിദഈ ആശയക്കാർ പാങ്ങിൽ ഉസ്താദിനെ തടയിടാൻ പല ശ്രമങ്ങൾ നടത്തിയിട്ടും അതിലെല്ലാം അവർ പരാജയപ്പെടുകയാണുണ്ടായത്.
കേരളത്തിൽ ആദ്യമായി സുന്നികൾ 'കേരള ജംഇയ്യത്തുൽ ഉലമ'യാണ് രൂപീകരിച്ചിരുന്നത്. ഫറോക്കിൽ നടക്കുന്ന സമ്മേളനത്തിന് മുമ്പ് ഈ പേര് ബിദഇകൾ സ്വകാര്യമായി രജിസ്റ്റർ ചെയ്തപ്പോൾ, സ്വാഗതസംഘം കൺവീനറായിരുന്ന പാങ്ങിൽ ഉസ്താദ് അന്ന് പ്രഖ്യാപിച്ചതാണ് ഇന്നത്തെ 'സമസ്ത കേരള ജംഇയ്യത്തുൽ ഉലമ' എന്ന പേര്.
രൂപീകരണം മുതൽ ഉസ്താദ് അതിന്റെ സജീവ പ്രവർത്തകനും, സമസ്ത 'അൽ ബയാൻ' മാസിക പ്രസിദ്ധീകരിച്ചപ്പോൾ അതിന്റെ പത്രാധിപരുമായിരുന്നു. 1932-ൽ വരക്കൽ തങ്ങൾ വഫാത്തായപ്പോൾ സമസ്തയുടെ പ്രസിഡന്റുമായി.
മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ബ്രിട്ടീഷുകാർക്കെതിരെ ധീരമായ നിലപാടെടുത്ത ധൈര്യശാലി കൂടിയായിരുന്നു പാങ്ങിൽ ഉസ്താദ്. ബ്രിട്ടീഷ് സർക്കാർ അപകടകാരികളായ 18 പണ്ഡിതന്മാരുടെ പേരുകൾ പ്രസിദ്ധീകരിച്ചതിൽ പതിനെട്ടാമത്തെ ആളായിരുന്നു അദ്ദേഹം.
1946 നവംബർ 19-ന് (ഹിജ്റ വർഷം 1365 ദുൽഹിജ്ജ 25-നാണ്) ഉസ്താദിന്റെ വിയോഗം. പാങ്ങിലെ പള്ളിയുടെ ചാരത്താണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. എ.സി.എസ്. (A.C.S) വീരാൻ മുസ്ലിയാരും ഇതേ മഖ്ബറയിലാണ് ഉള്ളത്.

إرسال تعليق