ബഹ്‌റുൽ ഉലൂം ഒ കെ ഉസ്താദ് (ന:മ), ആദ്ധ്യാത്മികബന്ധങ്ങൾ

ബഹ്‌റുൽ ഉലൂം ഒ കെ ഉസ്താദ് (ന:മ)

ഭാഗം 8

അറിയപ്പെടുന്ന തരത്തിലുള്ള എല്ലാ സാമൂഹിക ബന്ധങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുമ്പോൾ തന്നെ അന്നത്തെ ആധ്യാത്മികഗുരുക്കളുടെ രാജസദസ്സുകളിൽ അദൃശ്യസാന്നിധ്യമായിരുന്നു ശൈഖുനാ. വളരെ വിശാലമായ സൗഹൃദവലയമായിരുന്നു അത്. അറക്കൽ മൂപ്പർ, ചെറിയമുണ്ടം കുഞ്ഞിപോക്കർ മുസ്‌ലിയാർ, വടകര മമ്മദ് ഹാജി, കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ, കുഞ്ഞിസൂപ്പി മുസ‌ലിയാർ, ശൈഖ് ഹസ്സൻ ഹസ്രത്ത്, പാനായിക്കുളം (പുതിയാപ്പിള) അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ, കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാർ എല്ലാം ശൈഖുനായുടെ ആത്മമിത്രങ്ങളും ഗുരുവര്യരുമായിരുന്നു. അവരുടെയെല്ലാം വരദാനങ്ങൾ ശൈഖുനായെ ധന്യമാക്കിയിട്ടുണ്ട്.

മഹാനായ ചെറിയമുണ്ടം കുഞ്ഞിപ്പോക്കർ മുസ്‌ലിയാരാണ് ബാഅലവി ത്വരീഖത്തിൻ്റെ ശൈഖ്. ശൈഖുനാക്ക് ഹദ്ദാദിന്റെ ഇജാസത്ത് നൽകിയതും മഹാൻ തന്നെ. ശൈഖുനാ ഉപയോഗിച്ചുവന്നിരുന്ന "അൽമസ്‌ലക്കുൽഖരീബി'ന്റെ അവസാനത്തിൽ ബാഅലവി ത്വരീഖത്തിനെക്കുറിച്ച് ഹ്രസ്വവും സ്പഷ്ടവുമായ ഒരു വിവരണമുണ്ട്.

മഹാനായ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാരുമായി ശൈഖുനാക്കു അഗാധമായ സുഹൃദ്ബന്ധമുണ്ടായിരുന്നു. പരസ്പര ബഹുമാനത്തിന്റേതായിരുന്നു അത്തരം ബന്ധങ്ങളെല്ലാം

തന്നെ. കക്കിടിപ്പുറം അബൂബകർ മുസ്‌ലിയാരുടെ പ്രധാന ഉസ്താദ് അറക്കൽ മൂപ്പർ കുഞ്ഞുമരക്കാർ മുസ്‌ലിയാരായിരുന്നു. പതിമൂന്ന് വർഷം കക്കിടിപ്പുറം ആ തിരുസന്നിധിയിൽ കിതാബോതിയിട്ടുണ്ട്. “ദലാഇലുൽ ഖൈറാത്ത്" ഉൾപ്പെടെ നിരവധി ഇജാസത്തുകൾ ശൈഖുനാക്ക് നൽകിയ ആത്മീയഗുരുവായിരുന്നുവല്ലോ അറക്കൽമൂപ്പർ.

 സ്നേഹാതിരകത്താൽ

കക്കിടിപ്പുറം മൂപ്പർ ശൈഖുനാക്ക് 

 സമ്മാനങ്ങൾ കൊടുത്തയക്കുമായിരുന്നു - നീളകുപ്പായവും തലപ്പാവുമൊക്കെ.ശൈഖുനായും കക്കിടിപ്പുറവുമായുള്ള ഹൃദയബന്ധത്തിന്റെ കഥപറയുന്നു മാണൂർ അബ്ദുറസാഖ് മുസ്‌ലിയാർ: 

ചാലിയത്ത് ശൈഖുനായുടെ ദർസിൽ പഠിക്കുമ്പോഴും നാട്ടിൽ വന്നാൽ കക്കിടിപ്പുറം അബുബക്കർ മുസ്‌ലിയാരെ സന്ദർശി ക്കൽ പതിവായിരുന്നു. ഒരിക്കൽ ശൈഖുനാക്ക് സലാം പറയാനേൽപ്പിച്ചു. പിന്നീട് അങ്ങോട്ടുമിങ്ങോട്ടും സലാം പറഞ്ഞയക്കൽ പതിവായി. ഒരിക്കൽ നാട്ടിൽ പോവാനൊരുങ്ങി ശൈഖുനായോട് സമ്മതം ചോദിക്കാൻ ചെല്ലുമ്പോൾ അവിടുന്ന് പറഞ്ഞു: 'എനിക്കൊന്ന് മൂപ്പരെ കാണാൻ വരണം, ഇൻശാ അല്ലാഹ്!' നാട്ടിൽ വന്നു. അതിനുശേഷം കക്കിടിപ്പുറം അബൂബകർ മുസ്‌ലിയാരെ ചെന്നുകണ്ടു. സംസാരിക്കുന്ന കൂട്ടത്തിൽ ശൈഖുനാ പ്രകടിപ്പിച്ച ആഗ്രഹത്തെക്കുറിച്ച് പരാമർശിച്ചു. ഉടൻ കക്കിടിപ്പുറം പറഞ്ഞു. “ഹേയ് അതുപറ്റില്ല, മൂപ്പർ ഇവിടെ വന്ന് എന്നെ കാണുകയോ?! നമുക്കങ്ങോട്ടുപോയി കാണാം. ഇങ്ങോട്ടുവരുത്തേണ്ട ആളല്ല അത്.' അങ്ങനെ കക്കിടിപ്പുറം മൂപ്പർ ചാലിയത്തു വന്നു. ശൈഖുനായെ സന്ദർശിച്ചു. ഒരുപാട് സംസാരിച്ചാണ് അന്ന് പിരിഞ്ഞത്. ചാലിയത്തെ വിദ്യാർത്ഥികൾ അതൊരു അനുഗ്രഹീത സമാഗമമായി ആഘോഷിച്ചു.

ശൈഖുനാ 'സ്വലാത്തുൽ ഹുളൂർ' പതിവാക്കുന്ന ആളാണെന്ന് കേട്ട് കക്കിടിപ്പുറം അബൂബകർ മുസ്‌ലിയാർ പറഞ്ഞു: “ഞാനും അത് പതിവാക്കുന്ന ആൾ തന്നെയാണ്. പക്ഷേ, അതിന്റെ പേര് 'സ്വലാത്തുൽ ഹുളൂർ'ആണെന്ന് എനിക്കറിയില്ലായിരുന്നു. ഇപ്പോഴാണതറിഞ്ഞത്.'

ശൈഖ് ഹസ്സൻ ഹസ്‌റത്തും വടകര മമ്മദാജിയുമൊക്കെ ഇടക്കിടെ  ചാലിയത്ത് വരും. ഹസ്‌റത്ത് വന്ന് പൂമുഖത്തുകയറി 

വുളൂഅ് ചെയ്യാൻ ഓവർകോട്ടും തലപ്പാവും അഴിച്ചുവെക്കും. മുതഅലീമുകളൊക്കെ കൗതുകപൂർവ്വം നോക്കിനിൽക്കെതന്നെ ശൈഖുനാ ബഹുമാനപുരസ്സരം അതെടുത്ത് റൂമിൽ കൊണ്ടുപോയി വെക്കും. ഒരിക്കൽ ശൈഖ് ഹസ്സൻ ഹസ്രത്ത് വരുമ്പോൾ ആ മുഖത്ത് 

വല്ലാത്തൊരു ഭാവപ്പകർച്ചയുണ്ടായിരുന്നു. വെല്ലൂരിൽ നിന്ന് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങി നേരെ ചാലിയത്ത് വന്നതാ ണ്. സലാം ചൊല്ലിക്കൊണ്ട് വന്നുകയറിയ പാടെ ശൈഖുനാ പറഞ്ഞു: 'കഅന്നക്കമസ്‌ഹൂർ' 

 (താങ്കൾക്ക് സിഹ്റ് ബാധിച്ച പോലെയുണ്ടല്ലോ). ശരിയായിരുന്നു. അതിന്റെ പ്രത്യാഘാതത്തിൽ വലഞ്ഞപ്പോഴാണ് ഹസ്രത്ത് വെല്ലൂരിൽ നിന്ന് നേരെ ചാലിയത്തേക്ക് - തൻ്റെ ആത്മമിത്രത്തെ കാണാനായി - വണ്ടി കയറിയത്. ചാലിയത്ത് കുറച്ചുദിവസം വിശ്രമിക്കാൻ ഹസ്രത്തിനോടാവശ്യപ്പെട്ടു. ഹസ്രത്ത് ഏതാനും ദിവസങ്ങൾ ചാലിയത്ത് താമസിച്ചു. അതിനിടെ 'സിഹ്റ്' ശൈഖുനാ ചികിത്സിച്ച് ബാത്വിലാക്കുകയും ചെയ്തു.

പുതിയാപ്ല അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ “തദ്‌രീസിന്റെയും 'മുത്വാലഅ'യുടെയും ഇജാസത്തുകൾ ശൈഖുനാക്ക് നൽകിയത് റെയിൽവെ സ്റ്റേഷനിൽ വെച്ചായിരുന്നു. സ്റ്റേഷനിൽവെച്ച് കണ്ടു മുട്ടിയപ്പോൾ പാനായിക്കുളത്തിന് ശൈഖുനായെ നന്നായി ബോധിച്ചുകാണണം. തൻ്റെ കൈയിലുള്ള ഇജാസത്തുകളത്രയും വാങ്ങാൻ സർവ്വഥാ യോഗ്യനായ ഒരാളെ കിട്ടിയപ്പോൾ ഔപചാരികത കൾക്കൊന്നും കാത്തുനിൽക്കാതെ അതത്രയും ശൈഖുനാക്ക് സമ്മാനിക്കുകയായിരുന്നു മഹാൻ. കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാർ പാപ്പ ഹജ്ജ് കഴിഞ്ഞുവന്നപ്പോൾ ശൈഖുനായെ വിളിച്ചുപറഞ്ഞു. “തദ്‌രീസിന്റെ ഇജാസത്തുണ്ട്. നിങ്ങളെപ്പോലോത്തവർക്കൊക്കെ തരാനുള്ളതാണിത്.' മോല്യേർ പാപ്പ ഇജാസത്ത് നൽകുകയും ചെയ്തു. ശൈഖുനാ കഴിപ്പുറത്ത് ദർസ് നടത്തുമ്പോഴാണ് കൈപ്പറ്റ നിന്ന് ആളുവന്നത്. മോല്യാർ പാപ്പ മരണാസന്നനാണ്. ഉടനെഅബ്ദുറഹ്മാൻ മുസ്‌ലിയാരെയും കൂട്ടി മോല്യേർപാപ്പയുടെ വീട്ടിലെത്തി. അധികം കഴിഞ്ഞില്ല, ചുറ്റുംനിന്ന് അവർ സൂറത്തുറഅ്ദ് ഓതിക്കൊണ്ടിരിക്കെ, കൈപ്പറ്റ ബീരാൻകുട്ടി മുസ്‌ലിയാർ, ശൈഖുനാ... തുടങ്ങി മഹത്തുക്കളുടെ സാന്നിധ്യത്തിൽ ആ മഹാൻ വഫാത്തായി.

(ഒ കെ ഉസ്താദ് സ്‌മരണിക)

Post a Comment

Previous Post Next Post