ശംസുല്‍ഉലമാ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍

ശംസുല്‍ഉലമാ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ (ഖ സി)

അര നൂറ്റാണ്ടോളം സമസ്തയുടെ നേതൃത്വം വഹിക്കാൻ ഭാഗ്യം ലഭിച്ച, അഗാധമായ അറിവും അനുപമമായ വ്യക്തി പ്രഭാവവും അഭൗമമായ ആത്മീയജ്ഞാനവും അല്‍ഭുതകരമായി സമന്വയിച്ച ജ്ഞാനവിസ്മയം

ശംസുല്‍ഉലമാ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ (ഖ സി) അവർകളുടെ ആണ്ടുദിനം.

പണ്ഡിതനും സൂഫീവര്യനുമായിരുന്ന ഇ കെ (എഴുത്തച്ഛൻ കണ്ടി) കോയക്കുട്ടി മുസ്‌ലിയാർ(ഖ സി) - അടിയോളിൽ ബീവിക്കുട്ടി ഉമ്മ ദമ്പതികളുടെ മൂത്ത മകനായി 1914ൽ (ഹി.1333) കോഴിക്കോട് ജില്ലയിലെ പറമ്പിൽകടവിൽ ജനനം. യമനിൽ നിന്നാണ് ഇ കെ കുടുംബം എത്തിയത്.

കമാലുദ്ദീൻ ഉമർ ഹാജി, ഉസ്മാൻ മുസ്‌ലിയാർ, അലി മുസ്‌ലിയാർ, അഹ്മദ് മുസ്‌ലിയാർ, ഇ കെ ഹസൻ മുസ്‌ലിയാർ, അബ്ദുല്ല മുസ്‌ലിയാർ, ആമിന, ആയിശ എന്നിവരാണ് കൂടപ്പിറപ്പുകൾ. സഹോദരങ്ങളെല്ലാം സൂഫീവര്യന്മാരും കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ മുൻനിര പോരാളികളുമായിരുന്നു.

പിതാവ് കോയക്കുട്ടി മുസ്‌ലിയാർ(ഖ സി), സി എം കുഞ്ഞിമാഹിൻ കോയ മുസ്‌ലിയാർ(ഖ സി) [മടവൂർ സി എം വലിയ്യുല്ലാഹിയുടെ പിതാവ്], ശംസുൽ ഉലമാ ഖുതുബി ഉസ്താദ്(ഖ സി), റഈസുൽ മുഹഖിഖീൻ 'കണ്ണിയത്ത് ഉസ്താദ്(ഖ സി), മൗലാനാ അബ്ദുൽ ഖാദർ ഫള്ഫരി(ഖ സി),  ശൈഖ് ആദം ഹസ്റത്ത്(ഖ സി), ശൈഖ് അബ്ദുറഹീം ഹസ്റത്ത്(ഖ സി), ശൈഖ് ളിയാഉദ്ദീൻ ഹസ്റത്ത്(ഖ സി), കൂട്ടിലങ്ങാടി കോമു മുസ്‌ലിയാർ(ഖ സി), അയനിക്കാട് ഇബ്രാഹിം മുസ്‌ലിയാർ(ഖ സി), കടവത്തൂർ പോക്കർ മുസ്‌ലിയാർ(ഖ സി), മലയമ്മ അഹ്മദ് അബൂബക്കർ മുസ്‌ലിയാർ(ഖ സി) എന്നിവരാണ് പ്രധാന ഉസ്താദുമാർ.

കടവത്ത് ജുമാമസ്ജിദ്, ചെലവൂർ പുളിക്കൽ പള്ളി, മടവൂർ ജുമുഅത്ത് പള്ളി, കാപ്പാട് വലിയ ജുമുഅത്ത് പള്ളി, കടവത്തൂർ ജുമാമസ്ജിദ്, പരപ്പനങ്ങാടി പനയത്തിൽ പള്ളി, വാഴക്കാട് ദാറുൽ ഉലൂം, വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത്, പാറക്കടവ്, അയനിക്കാട് എന്നിവിടങ്ങളിലായിരുന്നു പഠനം നടത്തിയത്.

ഉസ്താദുൽ അസാതീദ് കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാർ(ഖ സി),

വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത്, തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്‌ലാം, പാറക്കടവ് ജുമുഅത്ത് പള്ളി, താനൂർ ഇസ്‌ലാഹുൽ ഉലൂം, പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ദാറുസ്സലാം, കണ്ണൂർ പഴയങ്ങാടി മാടായി പള്ളി, പൂച്ചക്കാട്, കരുവൻതിരുത്തി, പടന്ന തുടങ്ങി നിരവധി സ്ഥലങ്ങളിൽ വിപുലമായി ദർസ് നടത്തുകയും നന്തിയിലും പട്ടിക്കാടും പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

ദീർഘകാലം സമസ്ത മുശാവറ അംഗവും ജനറൽ സെക്രട്ടറിയും പോഷക സംഘടനാ ഭാരവാഹിയും നിരവധി മഹല്ലുകളിൽ ഖാളിയുമായിരുന്നു.

സമസ്ത പ്രസിഡന്റ് ആയിരുന്ന  സയ്യിദ് ജിഫ്‌രീ മുത്തുകോയ തങ്ങൾ, സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സുന്നത്ത് ജമാഅത്തിന്റെ സിംഹ ഗർജ്ജനം  ഇ കെ ഹസൻ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, മടവൂർ സി എം വലിയ്യുല്ലാഹി, വി പി എം വല്യാപള്ളി..... തുടങ്ങി കേരളത്തിലെ മുസ്‌ലിം സമൂഹത്തിന് നേതൃത്വവും ദിശാബോധവും നൽകിയവരും, ഇപ്പോഴും നൽകിക്കൊണ്ടിരിക്കുന്നവരുമായ നൂറുകണക്കിന് പണ്ഡിതർ അവിടുത്തെ മഹനീയ ശിഷ്യത്വം ലഭിച്ച ഭാഗ്യവാന്മാരാണ്.

രിസാലത്തുൽ അർബഅതിൽ മുതനാസിബതി ഫീ ബയാനിൽ ഔഖാത്തി വൽഖിബ്‌ല, ഖുതുബതുൽ ജുമുഅ, ഖാദിയാനി ഖണ്ഡനം, അജ്മീർ മൗലിദ്, ഐലക്കാട് ശൈഖ് സിറാജുദ്ദീനിൽ ഖാദിരി മൗലിദ്, ഇടിയങ്ങര ശൈഖ് അലാഉദീനിൽ ഹിംസി(റ) മൗലിദ് തുടങ്ങി ഒരുപാട് മനോഹരമായ ഗ്രന്ഥങ്ങളും മൗലിദുകളും അവിടുത്തെ തൂലികയിൽ വിരിഞ്ഞിട്ടുണ്ട്.

1996 ആഗസ്റ്റ് 19 തിങ്കളാഴ്ച (റബീഉൽആഖിർ 04) അവിടുന്ന് വിടപറഞ്ഞു. കോഴിക്കോട് വരക്കൽ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നു.

Post a Comment

أحدث أقدم