ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ‘സ്നേഹയാനം’ പദ്ധതി പ്രകാരം സൗജന്യമായി ഇലക്ട്രിക് ഓട്ടോ നല്‍കുന്നു...


നാഷണല്‍ ട്രസ്റ്റ്‌ നിയമത്തില്‍ ഉള്‍പ്പെടുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നിവ ബാധിച്ചവരുടെ പരിചരണവും പുനരധിവാസവും മറ്റ് ഭിന്നശേഷിക്കാരെ അപേക്ഷിച്ച് പ്രയാസകരമാണ്. ഇവരില്‍ ഭൂരിഭാഗവും പൂര്‍ണ്ണമായും മറ്റുള്ളവരെ ആശ്രയിച്ച് മാത്രം കഴിയുന്നവരാണ്. ഇത്തരം കുടുംബങ്ങളില്‍ പ്രധാനമായും അമ്മമാരാണ് ഇവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്. പല കുടുംബങ്ങളിലും കുടുംബനാഥയും ഇവരായിരിക്കും. പലരും കുട്ടികളുടെ അച്ഛന്‍ ഉപേക്ഷിച്ഛവരോ, വിധവകളോ, മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തവരോ ആണ്.

ഇത്തരം ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സ്ഥിരമായ ഒരു ഉപജീവനം കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന ‘സ്നേഹയാനം’ എന്ന പദ്ധതി പ്രകാരം സൗജന്യമായി ഇലക്ട്രിക് ഓട്ടോ നല്‍കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പൈലറ്റ്‌ അടിസ്ഥാനത്തില്‍ ഒരു ജില്ലയില്‍ 2 ഗുണഭോക്താക്കളെ കണ്ടെത്തി വാഹനം നല്‍കുന്നതാണ്.

അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ട രേഖകള്‍

(a) റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്.
(b) അപേക്ഷകയുടെ ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്.
(c) ഭര്‍ത്താവ് ഉപേക്ഷിച്ചയാള്‍ / വിധവ ആണെന്ന് തെളിയിക്കുന്നതിനുള്ള രേഖ/ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.
(d) ത്രീ വീലര്‍ ലൈസന്‍സിന്റെ പകര്‍പ്പ്.
(e) മകന്റെ/മകളുടെ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്.

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

(1) അപേക്ഷക നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെട്ട മാനസിക വെല്ലുവിളി, ഓട്ടിസം, സെറിബ്രല്‍ പാല്‍സി, ബഹു വൈകല്യം എന്നിവ ബാധിച്ചവരുടെ അമ്മ ആയിരിക്കണം.
(2) മുന്‍ഗണനാ (ബി.പി.എല്‍) വിഭാഗത്തില്‍പ്പെട്ട ആളായിരിക്കണം.
(3) ഭര്‍ത്താവ് ഉപേക്ഷിച്ചവരോ/ വിധവകളോ/നിയമപരമായി ബന്ധം വേര്‍പെട്ടവരോ ആയിരിക്കണം.
(4) പ്രായം 55 വയസ്സോ അതിനു താഴെയോ ആയിരിക്കണം.
(5) ത്രീ വീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം.
(6) അനുവദിക്കുന്ന ഇലക്ട്രിക് ഓട്ടോ മറിച്ച് വില്‍ക്കാനോ/പണയപ്പെടുത്താനോ പാടില്ല.
(7) വാഹനത്തിന്റെ ടാക്സ്, ഇന്‍ഷൂറന്‍സ് എന്നിവ ഗുണഭോക്താവ് വഹിക്കേണ്ടതാണ്.

അപേക്ഷിക്കാനായി അപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

أحدث أقدم