2022 | ഏപ്രിൽ 20 | ബുധൻ | 1197 | മേടം 7 | തൃക്കേട്ട
◼️വിദേശത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരണ കരാറുണ്ടാക്കാന്‍ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി അനുമതി നല്‍കി. ജോയിന്റ് ഡിഗ്രി, ഡുവല്‍ ഡിഗ്രി, പ്രോഗ്രാമുകള്‍ക്ക് ഉള്‍പ്പെടെയാണ് അനുമതി. നാക്ക് ഗ്രേഡ് 3.01 ന് മുകളിലുള്ള സ്ഥാപനങ്ങള്‍ക്ക് വിദേശസ്ഥാപനങ്ങളുമായി സഹകരിക്കാന്‍ യുജിസിയുടെ മൂന്‍കൂര്‍ അനുമതി വേണ്ട. കോഴ്സുകളുടെ സിലബസ്, ഫീസ് എന്നിവ സ്വന്തമായി തീരുമാനിക്കാം.
◼️ബാങ്ക് വായ്പകളുടെ പലിശ നിരക്ക് 0.10 ശതമാനം വരെ വര്‍ധിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കൊടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളാണ് നിരക്കു ഏപ്രില്‍ 15 മുതല്‍ വര്‍ധിപ്പിച്ചത്. മറ്റു ബാങ്കുകളും ഉടനേ വായ്പാ പലിശ നിരക്ക് വര്‍ധിപ്പിക്കും. വര്‍ധന എത്രയെന്ന് അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും. എല്ലാ ഭവന, വാഹന, വ്യക്തിഗത വായ്പകളുടേയും പലിശ നിരക്കു വര്‍ധിക്കും.
◼️ഇടതു ട്രേഡ് യൂണിയനുകളുടെ സമരഭീഷണി സെക്രട്ടേറിയറ്റിലും. ജീവനക്കാര്‍ മുങ്ങുന്നതു തടയാന്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന എക്സസ് കണ്‍ട്രോള്‍ സംവിധാനത്തിനെതിരേ സിപിഎം സംഘടനയായ സെക്രട്ടേറിയറ്റ് എപ്ളോയീസ് അസോസിയേഷനാണ് സമരഭീഷണി മുഴക്കിയിരിക്കുന്നത്. കെഎസ്ഇബിയിലും വാട്ടര്‍ അതോറിറ്റിയിലും ഭരണപക്ഷ യൂണിയനുകളുടെ സമരഭീഷണി വാര്‍ത്തയായിരുന്നു.
◼️നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തുടരന്വേഷണത്തിന് ഒന്നരമാസം കൂടി അനുവദിച്ച് ഹൈക്കോടതി. മെയ് മുപ്പതുവരെയാണ് സമയം നല്‍കിയത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി തള്ളിയ ഉത്തരവിലാണ് ഇക്കാര്യം കോടതി വ്യക്തമാക്കിയത്.
◼️ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മില്‍ അടുപ്പമുണ്ടെന്നും മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്നും കോടതിയില്‍ മൊഴി നല്‍കണമെന്ന് പ്രോസിക്യൂഷന്റെ സാക്ഷിയെ പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞു പഠിപ്പിച്ചതിന്റെ ശബ്ദരേഖ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ദിലീപിന്റെ സഹോദരന്‍ അനൂപിനെ പഠിപ്പിച്ചതിന്റെ ശബ്ദരേഖയിലെ വിവരങ്ങളാണു ചോര്‍ന്നത്. അനൂപിനെ പ്രോസിക്യൂഷന്‍ സാക്ഷിയായാണ് ചേര്‍ത്തിരുന്നത്. കേസ് അട്ടിമറിച്ചെന്നു സ്ഥാപിക്കാനാണ് ഈ ശബ്ദരേഖ പുറത്തുവിട്ടത്.
◼️നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിനെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതു കോടതി മൂന്നാഴ്ചത്തേക്കു വിലക്കി. നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനക്കേസിലും തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നുവെന്ന സുരാജിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
◼️വരുംതലമുറയ്ക്കു വേണ്ടിയുള്ള വികസനമാണ് കെ റെയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് കെ റെയില്‍ വിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മികച്ച നഷ്ടപരിഹാരം നല്‍കിയേ ഭൂമി ഏറ്റെടുക്കൂ. നിര്‍ഭാഗ്യവശാല്‍ ചിലര്‍ പ്രതിഷേധിക്കുകയാണ്. ഇഎംഎസ് സര്‍ക്കാര്‍ മുതല്‍ ഇടതു സര്‍ക്കാരുകളാണ് വികസന പദ്ധതികള്‍ നടപ്പാക്കിയത്. അന്നു കാര്‍ഷിക പരിഷ്‌കരണ നിയമത്തെയും എതിര്‍ത്തിരുന്നു. പിണറായി പറഞ്ഞു.
◼️സര്‍ക്കാരിനെ എതിര്‍ക്കാനാണ് കെ റെയിലിനെ എതിര്‍ക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വികസന പദ്ധതികള്‍ തടയുകയാണ് ഇവരുടെ ലക്ഷ്യം. ആരും ഭവന, ഭൂരഹിതരാകില്ലെന്നത് എല്‍ഡിഎഫ് നയമാണെന്നും കാനം പറഞ്ഞു. തിരുവനന്തപുരത്ത് കെ റെയില്‍ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കാനം.
◼️സാക്ഷാല്‍ മുഖ്യമന്ത്രി കെ റെയില്‍ കുറ്റി നാട്ടിയാലും പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെ റെയിലിനെതിരായ സമരം കോണ്‍ഗ്രസ് തുടരും. കേരള സംരക്ഷണ സദസ് എന്ന നിലയില്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. എന്തുതന്നെയായാലും കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അങ്ങനെ പറയാന്‍ പിണറായിയുടെ സ്വന്തം പ്രോപ്പര്‍ട്ടിയല്ല കേരളമെന്നും സുധാകരന്‍.
◼️മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയത പ്രോത്സാഹിപ്പിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി സര്‍ക്കാരിന്റെ കാലത്ത് 60 രാഷ്ട്രീയ കൊലപാതകം നടന്നു. മൂന്നു വര്‍ഷത്തിനിടെ 1019 പേര്‍ വിവിധ കാരണങ്ങളാല്‍ കൊല്ലപ്പെട്ടു. സുധാകരന്‍ പറഞ്ഞു.
◼️കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ വൈദ്യുതി ഭവനു മുന്നില്‍ ആരംഭിച്ച സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ജനവികാരം എതിരാണെന്നു ബോധ്യപ്പെട്ടതോടെയാണ് അസോസിയേഷന്‍ തത്കാലം സമരം അവസാനിപ്പിച്ചത്. പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തും. സംസ്ഥാനവ്യാപകമായി ഒരു മാസത്തെ പ്രചരണ പരിപാടി നടത്തും. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ മെയ് 16 മുതല്‍ ചട്ടപ്പടി സമരം തുടങ്ങുമെന്നും അസോസിയേഷന്‍ പറയുന്നു.
◼️കഴിഞ്ഞ വര്‍ഷത്തെ അതേ ചോദ്യപേപ്പര്‍ നല്‍കി നടത്തിയ പരീക്ഷ കാലിക്കട്ട് സര്‍വകലാശാല റദ്ദാക്കി. ബിഎസ്സി രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷയാണ് ഇങ്ങനെ റദ്ദാക്കിയത്. മാര്‍ച്ച് നാലിനു നടത്തിയ 'റൈറ്റിംഗ് ഫോര്‍ അക്കാദമിക് ആന്റ് പ്രൊഫഷണല്‍ സക്സസ്' എന്ന ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ പരീക്ഷയാണ് ഇങ്ങനെ വിവാദമായത്. ഏപ്രില്‍ 25 ന് പുനപരീക്ഷ നടത്തുമെന്നു സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. ചോദ്യപേപ്പറില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
◼️ഇടതുമുന്നണി കൂടുതല്‍ വിപുലീകരിക്കപ്പെടുമെന്ന് ഇ.പി. ജയരാജന്‍. ഇടതുമുന്നണി കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള ആദ്യപ്രതികരണത്തിലാണ് മുന്നണിയെ വിപുലമാക്കുമെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞത്.
◼️ബസ്, ഓട്ടോ, ടാക്സി നിരക്കുവര്‍ധന ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. മേയ് ഒന്നിനു നിരക്കു വര്‍ധന പ്രാബല്യത്തില്‍ വരുത്താനാണ് എല്‍ഡിഎഫിലെ ധാരണ. ബസുകളില്‍ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. ഓട്ടോ മിനിമം ചാര്‍ജ്ജ് 30 രൂപയാക്കും. ടാക്സി മിനിമം ചാര്‍ജ്ജ് ഇരുന്നൂറു രൂപയാക്കും.
◼️പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയതിനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ എതിര്‍ത്ത് പി ജയരാജന്‍. ശശി ചെയ്ത തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും ജാഗ്രതയും സൂക്ഷ്മതയും വേണമെന്നും പി ജയരാജന്‍ പറഞ്ഞു.
◼️പച്ചക്കറി കച്ചവടക്കാരന്റെ സ്‌കൂട്ടിക്കു 12,500 രൂപ പിഴ ചുമത്തിയതിനെച്ചൊല്ലി വാഹനമുടമയും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും തമ്മില്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന തര്‍ക്കം ക്യാമറയില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എംവിഐ നിധീഷിനെതിരെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അന്വേഷണം നടത്തണമെന്നാണ് ഉത്തരവ്. ചിറയിന്‍കീഴ് വലിയകട സ്വദേശി അജയകുമാറിന്റെ പരാതിയിലാണ് നടപടി.
◼️മാനന്തവാടി തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ കെട്ടിട ഉടമയില്‍നിന്ന് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ സര്‍ക്കാരുദ്യോഗസ്ഥനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. ഓവര്‍സീയര്‍ പി സുധി ആണ് പിടിയിലായത്. കൈക്കൂലി കിട്ടാത്തതിനാല്‍ ഒരു വര്‍ഷത്തോളം കെട്ടിട നിര്‍മ്മാണം വൈകിപ്പിച്ചതിനെ ത്തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
◼️വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി ഇടപ്പള്ളിയിലെ അസ്ഥിരോഗ വിദഗ്ധനായ ഡോ. എന്‍. ശ്രീഹരി അറസ്റ്റിലായി. കോട്ടയം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
◼️കൊല്ലം കടക്കലില്‍ ലഹരിമരുന്നു കടത്തുകേസില്‍ രണ്ടു പേര്‍ പിടിയിലായി. മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും സഹിതം മുഹമദ് അസ്ലം, സലീം നവാസ് എന്നിവരാണ് പിടിയിലായത്. മോബൈല്‍ ഫോണ്‍ വഴി ആവശ്യക്കാരെ കണ്ടെത്തുന്ന സംഘത്തിന്റെ വാഹനവും പൊലീസ് പിടിച്ചെടുത്തു.
◼️വിമാനത്തിലെത്തി എടിഎമ്മുകള്‍ തകരാറിലാക്കി പണം അപഹരിച്ച് ആഡംബര ജീവിതം നയിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശികള്‍ കൊല്ലത്ത് പിടിയിലായി. ദേവേന്ദ്ര സിങ്ങ്, വികാസ് സിങ്ങ് എന്നിവര്‍ പിടിയിലായത്. കൊല്ലം കടപ്പാക്കടയില്‍ നിന്നും തട്ടിയെടുത്ത് അറുപത്തിഒന്നായിരം രൂപ ഇവരില്‍നിന്നു കണ്ടെടുത്തു.
◼️സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യത. മലയോരമേഖലകളില്‍ കൂടുതല്‍ മഴ കിട്ടും. തെക്കന്‍ അറബിക്കടലിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്കു കാരണം. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
◼️ബിഎസ്എന്‍എല്‍ 4 ജിയുടെ ട്രയല്‍ റണ്‍ ഓഗസ്റ്റ് മാസത്തോടെ കേരളത്തിലെ നാലു നഗരങ്ങളില്‍. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ടിസിഎസ് ട്രയല്‍ റണ്‍ ആരംഭിക്കുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സഹകരിച്ചാണ് ഫോര്‍ ജി നടപ്പാക്കുന്നത്.
◼️തൃശൂരില്‍ വെങ്ങിണിശേരിയില്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് വടിവാള്‍ കണ്ടെത്തി. അപകടമുണ്ടായതിനു പിന്നാലെ കാറില്‍ സഞ്ചരിച്ചിരുന്ന നാലു പേര്‍ ഇറങ്ങിയോടി. തൊട്ടുപിന്നാലെ വന്ന കാറില്‍ കയറി രക്ഷപ്പെട്ടു.
◼️കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അരൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡിലെ കരിങ്കല്‍ കെട്ടു തൊഴിലാളിയായ പുത്തന്‍വീട് ഷണ്മുഖന്. അതേ നമ്പരുള്ള നാലു ടിക്കറ്റുകള്‍കൂടി വാങ്ങിയിരുന്നതിനാല്‍ സമാശ്വാസ സമ്മാനമായി 8000 രൂപ വീതംകൂടി ഷണ്‍മുഖനു ലഭിക്കും. ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന തനിക്കു സ്വന്തമായൊരു വീടു വേണമെന്ന സ്വപ്നം ഇതോടെ യാഥാര്‍ത്ഥ്യമാക്കുമെന്നാണ് ഷണ്‍മുഖന്‍ പറയുന്നത്.
◼️കൊച്ചി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നടന്‍ ശ്രീനിവാസനെ ഡിസ്ചാര്‍ജ് ചെയ്തു. ശ്രീനിവാസന് ബൈപാസ് സര്‍ജറി നടത്തിയിരുന്നു. ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
◼️ഇടുക്കി തൊഴിലാളികള്‍ക്കു വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്ന 10 ചാക്ക് റേഷനരിയും രണ്ടു ചാക്ക് ഗോതമ്പും കാട്ടാന ഭക്ഷിച്ചു. ദേവികുളം ലോക്കാട് എസ്റ്റേറ്റിലെ ജയറാമിന്റെ കടയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളാണ് പുലര്‍ച്ചെ എത്തിയ കൊമ്പന്‍ ജനല്‍ തകര്‍ത്ത് ഭക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്തത്.
◼️മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനു നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടി ലഭിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. എ.കെ. ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി രണ്ടു ദിവസത്തിനകം ചേരുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കെ വി തോമസിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◼️ചരക്ക് സേവന നികുതി വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ജിഎസ്ടി നിരക്കുകളുടെ അഞ്ച് ശതമാനം എട്ടു ശതമാനമാക്കി ഉയര്‍ത്തുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു.
◼️പ്രചാരണ വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ തെരഞ്ഞെടുപ്പു പദ്ധതികളെക്കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ വീണ്ടും യോഗം. നാലു ദിവസത്തിനിടെ മൂന്നാം തവണയാണ് യോഗം ചേരുന്നത്. ദിഗ്വിജയ് സിങ്, കമല്‍നാഥ്, കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2024 ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം വരാനിരിക്കുന്ന ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ചര്‍ച്ചാ വിഷയമാണ്.
◼️ഡല്‍ഹിയില്‍ ഹനുമാന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരില്‍ അഞ്ചു പേര്‍ക്കെതിരെ പൊലീസ് ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. ഒരു വര്‍ഷം വരെ തടങ്കലില്‍ വയ്ക്കാന്‍ അനുവദിക്കുന്ന നിയമമാണിത്. മുഖ്യപ്രതി അന്‍സാര്‍, സലിം, ഇമാം ഷെയ്ഖ് എന്ന സോനു, ദില്‍ഷാദ്, അഹിര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 25 പേരാണ് കേസില്‍ അറസ്റ്റിലായത്. ഇവരില്‍ മൂന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
◼️അനുവാദമില്ലാതെ മതപരമായ ഘോഷയാത്രകള്‍ നടത്തരുതെന്നും ഉച്ചഭാഷിണികള്‍ ഉച്ചത്തിലാക്കരുതെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശം. ഈദ് ഉത്സവവും അക്ഷയ തൃതീയയും അടുത്ത മാസം ഒരേ ദിവസം വരാനിടയുള്ളതിനാല്‍ പൊലീസ് ജാഗ്രത പാലിക്കണമെന്നും ആദിത്യനാഥ് പറഞ്ഞു. ക്രമസമാധാന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◼️വിവാഹത്തിനിടെ വധുവിന്റെ കഴുത്തിലേക്കു ഹാരമണിയിച്ച വരന്റെ മുഖത്തടിച്ച് വധു ഇറങ്ങിപ്പോയി. ഒന്നല്ല, രണ്ടു തവണ മുഖത്തടിച്ചു. താലി കെട്ട് കാണാന്‍ ആകാംഷയോടെ നോക്കിനിന്നവരെയെല്ലാം അമ്പരപ്പിച്ചാണ് വധു രണ്ടു തവണ വരന്റെ മുഖത്തടിച്ച് ഇറങ്ങിപ്പോയത്. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരിലാണ് സംഭവം. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി.
◼️സ്വീഡനില്‍ മുസ്ലിം വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി. ഖുറാന്‍ കത്തിക്കുകയും കാറുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് നിരവധി പേര്‍ അറസ്റ്റിലായി. അനേകര്‍ക്കു പരിക്കേറ്റു. പ്രക്ഷോഭകാരികള്‍ പൊലീസുമായി ഏറ്റുമുട്ടി. കലാപത്തില്‍ 26 പൊലീസ് ഉദ്യോഗസ്ഥരടക്കം അമ്പതോളം പേര്‍ക്കു പരിക്കേറ്റു.
◼️ശ്രീലങ്കയില്‍ പ്രതിഷേധ സമരം നടത്തിയവര്‍ക്കെതിരെ പൊലീസ് വെടിവയ്പ്, ഒരാള്‍ കൊല്ലപ്പെട്ടു. പത്തു പേര്‍ക്കു പരിക്കേറ്റു. ഇന്ധനക്ഷാമത്തിലും ഉയര്‍ന്ന വിലയിലും പ്രതിഷേധിച്ച് സെന്‍ട്രല്‍ ടൗണായ റമ്പൂക്കാനയില്‍ ഹൈവേ ഉപരോധിച്ച ജനക്കൂട്ടത്തിനുനേരെയാണ് പൊലീസ് വെടിവച്ചത്.
◼️കപ്പലില്‍ കടത്തിക്കൊണ്ടുവന്ന ഒരു ടണ്ണിലേറെ ലഹരിമരുന്ന് ദുബൈ പൊലീസ് പിടിച്ചെടുത്തു. സോളാര്‍ പാനലുകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്തിയ 68.6 ദശലക്ഷം ദിര്‍ഹത്തിന്റെ ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പത്തു പേരെ അറസ്റ്റ് ചെയ്തതായി ദുബൈ പൊലീസ് അറിയിച്ചു.
◼️സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിലവിലെ ജേതാക്കളായ സര്‍വീസസിന് ആദ്യ ജയം. ഗുജറാത്തിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് സര്‍വീസസ് തകര്‍ത്തത്. മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഒഡിഷ മണിപ്പൂരിനെ അട്ടിമറിച്ചു.
◼️ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 18 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 64 പന്തില്‍ 96 റണ്‍സ് നേടിയ ഫാഫ് ഡുപ്ലെസിയുടെ ഇന്നിംഗ്സാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
◼️ബ്രാന്‍ഡുകള്‍ക്ക് ഓണ്‍ലൈനില്‍ വില്‍പന നടത്താന്‍ സഹായിക്കുന്ന പ്ലാറ്റ്‌ഫോമായ എഎന്‍എസ് കൊമേഴ്സിനെ ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഇ-കൊമേഴ്സ് ഭീമനായ ഫ്‌ളിപ്കാര്‍ട്ട്. രാജ്യത്തെ അതിവേഗം വളരുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഡിജിറ്റല്‍ റീട്ടെയില്‍ വിപണിയുടെ ആവശ്യങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ശക്തിപ്പെടുത്താനുള്ള ശ്രമം ഫ്‌ളിപ്കാര്‍ട്ട് ഈ ഏറ്റെടുക്കലിലൂടെ തുടരും. ഏറ്റെടുക്കലിന് ശേഷവും എഎന്‍എസ് അവരുടെ നിലവിലുള്ള നേതൃത്വത്തിന് കീഴില്‍ ഒരു സ്വതന്ത്ര ബിസിനസ്സായി തുടരും. ഫ്‌ളിപ്കാര്‍ട്ട് മാര്‍ക്കറ്റ്‌പ്ലേസുകള്‍, ഹെല്‍ത്ത് കെയര്‍ ബിസിനസ്സ്, ഫാഷന്‍ റീട്ടെയിലര്‍ മിന്ത്ര എന്നിവയുള്‍പ്പെടെയുള്ള വ്യത്യസ്ത ബിസിനസ്സുകളിലേക്ക് ഫ്‌ളിപ്കാര്‍ട്ട് അടുത്തിടെ 800 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്.
◼️ടിവിഎസ് മോട്ടോറിന്റെ ഓഹരികള്‍ 212 കോടി രൂപയ്ക്ക് ജ്വാലാമുഖി ഇന്‍വെസ്റ്റ്‌മെന്റ് വിറ്റഴിച്ചു. ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെയാണ് ഓഹരി വില്‍പ്പന നടത്തിയത്. ഓഹരികള്‍ വാങ്ങിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ജ്വാലാമുഖി ഇന്‍വെസ്റ്റ്മെന്റ് ടിവിഎസ് മോട്ടോറിന്റെ മൊത്തം 32,62,840 ഓഹരികളാണ് വിറ്റത്. ടിവിഎസ് മോട്ടോറിന്റെ ഏതാണ്ട് 5.21 ശതമാനം ഓഹരികളാണ് ജ്വാലാമുഖിയുടെ കൈവശമുള്ളത്. അതായത് 2.47 കോടി ഓഹരികള്‍. ടിവിഎസ് മോട്ടോറിന് ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, മധ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലായി 80 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.
◼️സന്തോഷ് ശിവന്‍ ചിത്രം 'ജാക്ക് ആന്‍ഡ് ജില്ലി'ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് ഫസ്റ്റ്‌ലുക്ക് പുറത്തിറക്കിയത്. ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കാണുവാന്‍ സാധിക്കുന്നത്. ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്. മെയ് 20ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
◼️തിയറ്ററുകളില്‍ നിറഞ്ഞ കൈയ്യടികളുമായി കെജിഎഫ് 2 മുന്നേറുകയാണ്. റിലീസ് ദിവസം മുതല്‍ വന്‍ സിനിമകളെയും പിന്നിലാക്കിയായിരുന്നു ബോക്സ് ഓഫീസില്‍ യാഷ് ചിത്രത്തിന്റെ തേരോട്ടം. റിലീസ് ആയി അഞ്ച് ദിവസത്തിനുള്ളില്‍ ഹിന്ദി പതിപ്പ് 200 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 219. 56 കോടിയാണ് കെജിഎഫ് 2 ഹിന്ദി പതിപ്പ് സ്വന്തമാക്കിയിരിക്കുന്നത്. വെറും നാല് ദിവസം കൊണ്ട് 546 കോടി രൂപയാണ് ആഗോള തലത്തില്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ബോക്സ് ഓഫീസിലെ തന്നെ പല റെക്കോര്‍ഡുകളും കടപുഴക്കിയാണ് 'കെജിഎഫ്' മുന്നേറുന്നത്. ചിത്രം റെക്കോര്‍ഡ് പ്രതികരണം നേടിയ മാര്‍ക്കറ്റുകളില്‍ ഒന്ന് കേരളമാണ്. 7.48 കോടിയാണ് കേരളത്തില്‍ നിന്ന് 'കെജിഎഫ് 2' ആദ്യദിനം നേടിയത്.
◼️ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കവാസാക്കി ഇന്ത്യ അപ്‌ഡേറ്റ് ചെയ്ത നിഞ്ച 300 ഔദ്യോഗികമായി ടീസ് ചെയ്തു. വാഹനം ഉടന്‍ ലോഞ്ച് ചെയ്യും. 296 സിസി പാരലല്‍-ട്വിന്‍, ലിക്വിഡ് കൂള്‍ഡ്, 4-സ്ട്രോക്ക്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് എഞ്ചിന്‍ ആയിരിക്കും മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുക. ഈ മോട്ടോര്‍ 11,000 ആര്‍പിഎമ്മില്‍ 38.4 എച്ച്പി പരമാവധി കരുത്തും 10,000 ആര്‍പിഎമ്മില്‍ 26.1 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു, ഇതിന് അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും ലഭിക്കുന്നു.
Post a Comment