ചൂട് ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ പാമ്പുകളുടെ ശല്യവും രൂക്ഷമാകുന്ന അവസ്ഥയാണ്. തണുപ്പും വൃത്തിഹീനമായ സാഹചര്യങ്ങളുമാണ് പലപ്പോഴും ജനവാസ മേഖലയിലേക്ക് വിഷപ്പാമ്പുകളെ എത്തിക്കുന്നത്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയങ്ങളിലാണ് പാമ്പുകളുടെ ശല്യം ഏറുന്നത്. അവയുടെ ഇണചേരൽ നടക്കുന്ന സമയമാണിത്.
അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങൾ വർധിച്ചതിനെ തുടർന്നാണ് കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ 2021 ജനുവരിയിൽ പാമ്പിനെ ശാസ്ത്രീയമായി പിടികൂടുന്നതിനായി പരിശീലനം നേടിയ ലൈസൻസ് നേടിയ വിദഗ്ധരെ ഉൾപ്പെടുത്തി 'സർപ്പ' എന്ന ആപ്പ് ആവിഷ്കരിച്ചത്. പാമ്പുകളെ കൊല്ലാതിരിക്കാനും അതുവഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായാണ് വനംവകുപ്പ് പുതിയ ഉദ്യമത്തിന് തുടക്കമിട്ടത്. വനപാലകർക്കും പൊതുജനങ്ങൾക്കും പാമ്പുപിടിത്തത്തിൽ വനംവകുപ്പ് പരിശീലനം നൽകിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ കാണുന്ന പാമ്പുകളിൽ ഭൂരിഭാഗത്തെയും കൊല്ലുന്ന സ്ഥിതിയാണിപ്പോഴുള്ളത്. പലയിനം പാമ്പുകളും നാശത്തിന്റെ വക്കിലാണ്. ഇതെല്ലാം കണക്കിലെടുത്താണ് വനംവകുപ്പിന്റെ നടപടി.
സർപ്പ ആപ്പ് പ്രവർത്തനം
പാമ്പിനെ പിടിക്കണമെന്നാവശ്യപ്പെട്ട് ആരെയും ഫോണിൽ വിളിക്കുകയോ പരാതി പറയുകയോ വേണ്ട. പാമ്പിനെ കണ്ടെത്തിയാൽ വിവരം വനംവകുപ്പിന്റെ ഈ ആപ്പിൽ നൽകാം. പാമ്പിന്റെ ഫോട്ടോയും ഇരിക്കുന്ന സ്ഥലവും സംബന്ധിച്ച വിവരം ആപ്പിലേക്ക് കൈമാറാം. സന്ദേശം വരുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പരിശോധിച്ചാണ് റെസ്ക്യൂവർ സ്ഥലത്തെത്തുക. ജി.പി.എസ് മുഖേനയാണ് പ്രവർത്തനം. പാമ്പിനെ പിടികൂടുന്നത് മുതൽ വിട്ടയക്കുന്നത് വരെയുള്ള പ്രവർത്തനം ആപ്പിലൂടെ അറിയാൻ സാധിക്കും. സംസ്ഥാനമൊട്ടാകെ 925 ഓളം റെസ്ക്യൂവർമാർ പ്രവർത്തിക്കുന്നുണ്ട്. പ്ലേസ്റ്റോറിൽനിന്ന് സർപ്പ എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് ആർക്കും പാമ്പുസംരക്ഷണത്തിൽ പങ്കാളിയാകാം.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...
തണുപ്പ് തേടിവരുന്ന പാമ്പുകൾ വീടുകളുടെ പരിസരങ്ങളിൽതന്നെ പതുങ്ങിയിരിക്കാൻ സാധ്യത ഏറെയാണ്. തേങ്ങാതൊണ്ടുകൾ, വിറക്, കരിയിലകൾ എന്നിവ കൂട്ടിയിടാതെ പരിസരം വൃത്തിയാക്കി സൂക്ഷിക്കുക. എലി, തവള, അരണകൾ പോലുള്ള ഇരകളെ തേടി പാമ്പുകൾ വരാൻ സാധ്യതയുണ്ട്. വീടിനടുത്തുള്ള മാളങ്ങൾ പോലെ ഒളിഞ്ഞിരിക്കാൻ സാധ്യതയുള്ള പൊത്തുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുക. വെളുത്തുള്ളി തളിച്ചാൽ പാമ്പ് വരില്ല എന്നൊരു മിഥ്യാധാരണയുണ്ട്. പാമ്പുകൾക്ക് ഗന്ധം അറിയുന്നതിനുള്ള കഴിവില്ല. മണ്ണെണ്ണ പാമ്പിന്റെ ശരീരത്തിൽ തളിച്ചാൽ അതിന്റെ ശരീരമുരുകി ചത്തുപോകാനുള്ള സാധ്യത കൂടുതലാണ്. പാമ്പുകൾ പ്രകോപിതരാകുന്നതിനാലാണ് ആക്രമണസ്വഭാവം കാണിക്കുന്നത്. കൂടുതൽ പ്രകോപിതരാകുന്ന സമയത്ത് സാധാരണ പുറപ്പെടുവിക്കുന്നതിനെക്കാൾ ഇരട്ടി വിഷം ഇരയിലേക്ക് പ്രയോഗിക്കുന്നു. മരണസമയം കൂടുതൽ നേരത്തെയാകാൻ ഇത് കാരണമാകുന്നു. അതിനാൽ അവയിൽനിന്ന് അകലം പാലിക്കുകയും ഉടൻതന്നെ വനപാലകരെ വിവരമറിയിക്കുകയും ചെയ്യുക.
ശാസ്ത്രീയമായ പാമ്പ് പിടിത്തം
സ്നേക്ക് ഹുക്ക്, ബാഗ്, പൈപ്പ്, ഷൂ, ഗംബൂട്ട്, ഗ്ലൗസ് എന്നിവയാണ് പ്രധാന സുരക്ഷ ഉപകരണങ്ങൾ. ഹുക്ക് ഉപയോഗിച്ചാണ് പാമ്പിനെ പിടികൂടേണ്ടത്. റെസ്ക്യൂവർ പാമ്പിനെ പിടികൂടുന്നതിന് മുമ്പ് കൃത്രിമമായി മാളം ഒരുക്കും.
ഇതിനുശേഷം ഹുക്ക് ഉപയോഗിച്ച് പാമ്പിനെ മാളത്തിലേക്ക് എത്തിക്കും. ഇതിനുശേഷം മാളത്തിൽനിന്ന് ഹുക്ക് ഉപയോഗിച്ച് എടുക്കുകയാണ് ചെയ്യുന്നത്. പാമ്പിന്റെ മറ്റ് ശരീരഭാഗങ്ങളിൽ പിടിക്കുമ്പോൾ ആന്തരികാവയവങ്ങൾക്ക് പരുക്ക് സംഭവിക്കുന്നതിനാൽ, പാമ്പിന്റെ വാൽ ഭാഗത്താണ് പിടിക്കേണ്ടത്. പാമ്പ് പ്രകോപിതമാകാതിരിക്കാൻ പാമ്പുമായി നേരിട്ട് ശരീരവുമായി അടുപ്പിക്കുകയോ പ്രദർശിപ്പിക്കാനും പാടില്ല. ആൾക്കൂട്ടവും ബഹളവും ഉണ്ടാകാൻ പാടില്ല.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
إرسال تعليق