ഇന്നത്തെ വാർത്തകൾ

🌀 *പത്രം*

ssfsyskmj.blogspot.com
2022 | ജനുവരി 20 | വ്യാഴം | 1197 |  മകരം 6 | ആയില്യം
➖➖➖➖➖➖➖➖

🌀 *കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം സാങ്കേതിക വിഷയങ്ങള്‍ കാട്ടി തളളരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം*. അച്ഛനമ്മമാരെ നഷ്ടമായ കുട്ടികളെ സര്‍ക്കാര്‍ സമീപിച്ച് ധനസഹായം നല്കണമെന്നും കോടതി. ധനസഹായം കുട്ടികളുടെ പേരില്‍ നല്കണം. ബന്ധുക്കളുടെ പേരിലാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

🌀 *കൊവിഡ് അതിവ്യാപനം തടയാന്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്നു പ്രഖ്യാപിച്ചേക്കും*.  കോളേജുകളും അടച്ചിട്ടേക്കും. വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം വീണ്ടും കുറച്ചേക്കും. വാരാന്ത്യ നിയന്ത്രണവും രാത്രി കര്‍ഫ്യൂവും സജീവ പരിഗണനയിലുണ്ട്. വൈകുന്നേരം അഞ്ചിനു ചേരുന്ന കൊവിഡ് അവലോകന യോഗമാണ് അന്തിമ തീരുമാനം എടുക്കുന്നത്. മുഖ്യമന്ത്രി ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും.

🌀 *ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ നാളെ മുതല്‍ ഓണ്‍ലൈനില്‍ മാത്രമായിരിക്കും*. വിദ്യാലയങ്ങളില്‍ പത്ത്, പതിനൊന്ന് പന്ത്രണ്ട് ക്ലാസുകള്‍ മാത്രമാണു പ്രവര്‍ത്തിക്കുക. രണ്ടാഴ്ചത്തേക്കാണ് ഈ ക്രമീകരണം. ഏതെങ്കിലും ക്ലാസിലോ സ്‌കൂളിലോ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് തീരുമാനമെടുക്കാം. ഓണ്‍ലൈന്‍ പഠനത്തിനുള്ള ഡിജിറ്റല്‍ സൗകര്യം എല്ലാവര്‍ക്കും ഉണ്ടെന്ന് സ്‌കൂളുകള്‍ ഉറപ്പാക്കണം. പഠനപുരോഗതി വിലയിരുത്തണം. രക്ഷിതാക്കളുമായും അധ്യാപകര്‍ ആശയവിനിമയം നടത്തണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

https://chat.whatsapp.com/LqBXhSbRm2tAZ65aLL0Vx1

🌀 *കുട്ടികള്‍ക്കും ആരോഗ്യ പ്രശ്നമില്ലാത്ത മുതിര്‍ന്നവര്‍ക്കും കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമല്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍*. അപകടസാധ്യത കൂടുതലുള്ളവര്‍ക്കാണു മുന്‍ഗണന നല്‍കേണ്ടതെന്നും അവര്‍ പറഞ്ഞു.

🌀 *തിരുവനന്തപുരം ആര്യന്‍കോട് പോലീസ് സ്റ്റേഷനുനേരെയുണ്ടായ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തു*. പതിനെട്ടു വയസുകാരായ അനന്തു, നിധിന്‍ എന്നിവരാണു പിടിയിലായത്.

🌀നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അനുബന്ധ കേസുകള്‍ ഇന്നു കോടതിയില്‍. നടന്‍ ദിലീപ് പ്രതിയായ ക്വട്ടേഷന്‍ പീഡനക്കേസില്‍ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് പോലീസ് ഇന്ന് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണം. അന്വേഷണം കഴിയുംവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കാനുള്ള തീയതി ഇന്ന് തീരുമാനിക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ കൈവശമുള്ള നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും. പള്‍സര്‍ സുനിയെ ജയിലില്‍  ചോദ്യം ചെയ്യുന്നതിന് അനുമതി തേടി വിചാരണകോടതിയില്‍ അന്വേഷണ സംഘം  ഹര്‍ജി നല്‍കിയിട്ടുണ്ട്. തന്നെ ചോദ്യംചെയ്യുന്നത് അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ വേണമെന്നാണ് പള്‍സര്‍ സുനിയുടെ ഹര്‍ജി. രണ്ട് ഹര്‍ജികളും ഇന്ന് പരിഗണിക്കും.


🌀നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനായി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബി  സുനില്‍കുമാര്‍ ഹാജരാകും. സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അനില്‍കുമാര്‍ ഈയിടെ രാജിവച്ചിരുന്നു. പുതിയ പ്രോസിക്യൂട്ടറെ പത്തു ദിവസത്തിനകം ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

🌀വിവാദമായ 530 രവീന്ദ്രന്‍ പട്ടയങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കുന്നു. ഭൂമി പതിവു ചട്ടങ്ങള്‍ ലംഘിച്ച് 1999 ല്‍ ദേവികുളം താലൂക്കില്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. നടപടികള്‍ 45 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ഇടുക്കി കളക്ടറെ ചുമതലപ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

🌀മക്കളെ കേസില്‍ കുടുക്കാതിരിക്കാന്‍ ഡല്‍ഹി സ്വദേശിനിയോടു പോലീസ് അഞ്ചു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോയ പോലീസ് താമസച്ചെലവ് അവരില്‍നിന്നുതന്നെ ഈടാക്കിയത് അഴിമതിയാണ്. കേസില്‍ കോടതി കക്ഷിചേര്‍ത്ത വിജിലന്‍സ് ഡയറക്ടര്‍  അടുത്ത മാസം 11 നകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.


🌀മോഷ്ടിച്ച വാഹനം കടത്തിക്കൊണ്ടുപോകുന്നതിനിടെ യുവാവ് അപകടത്തില്‍ മരിച്ചു. തിരുവനന്തപുരം വെള്ളറട സ്വദേശി ആകാശ് എന്ന 24 കാരനാണ് മരിച്ചത്.  ഇയാള്‍ക്കെതിരെ കാട്ടാക്കട, ആര്യങ്കോട്, വെള്ളറട, നെയ്യാറ്റിന്‍കര എന്നീ സ്റ്റേഷനുകളില്‍  കേസുകളുണ്ട്.

🌀വിഴിഞ്ഞത്ത് വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലാവുകയും  കോവളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നേരിടുകയും ചെയ്യുന്ന റഫീഖയ്ക്കും മകനും എതിരെ മൂന്നാമതൊരു കൊലക്കേസുകൂടി. അഞ്ചു വര്‍ഷം മുന്‍പ് വാട്ടര്‍ അതോറിറ്റിയില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്ന വിജയലക്ഷ്മി എന്ന മോളി മരിച്ച സംഭവത്തില്‍ റഫീഖയ്ക്കു പങ്കുണ്ടോയെന്നാണു പോലീസ് അന്വേഷിക്കുന്നത്.

🌀കുതിരാനിലെ രണ്ടാം തുരങ്കം വൈകാതെത്തന്നെ തുറക്കാന്‍ സാധ്യത. പണി പൂര്‍ത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാമെന്നും ദേശീയപാതാ അതോറിറ്റി തൃശ്ശൂര്‍ ജില്ലാ കളക്ടറെ അറിയിച്ചു. തുരങ്കം തുറക്കുന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകും. തുരങ്കം തുറക്കുന്നതോടെ ടോള്‍ പിരിവും ആരംഭിക്കും.

🌀തലയോലപ്പറമ്പില്‍ നവദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. മറവന്‍ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശും ഭാര്യ അരുണിമയുമാണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ശ്യാമും അയല്‍വാസിയായ അരുണിമയും ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ അഞ്ചു മാസം മുന്‍പാണ് വിവാഹിതരായത്. വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിനോദയാത്രയ്ക്കു പോകാന്‍ വിട്ടുകൊടുക്കാതിരുന്ന അമ്മാവന്റെ കാര്‍ തല്ലിത്തകര്‍ത്തതിന് ശ്യാമിനെതിരേ ഇക്കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു.

🌀ഇടുക്കി എഞ്ചിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ കുത്തിയ കത്തി കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരും.  കേസിലെ നിര്‍ണായക തെളിവായ കത്തി ഇന്നലെ നടത്തിയ തെരച്ചിലിലും കണ്ടെത്താനായിരുന്നില്ല. ഇടുക്കി കളക്ടറേറ്റിനു മുന്നിലുള്ള വനമേഖലയില്‍ കത്തി ഉണ്ടാകുമെന്നാണു പൊലീസ് പറയുന്നത്.

🌀സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് നാളെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്നു രാവിലെ ചേരുന്നുണ്ട്. രാവിലെ 11 ന് ചേരുന്ന യോഗത്തില്‍ സമ്മേളന പരിപാടികള്‍ ഇനിയും വെട്ടിക്കുറക്കേണ്ടതുണ്ടോയെന്ന് ചര്‍ച്ച ചെയ്യും. സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം.

🌀പി.ടി തോമസ് എംഎല്‍എയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചതിനു ചെലവാക്കിയ പണത്തെച്ചൊല്ലി   തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷ ബഹളം. ചെലവാക്കിയ പണത്തിന്റെ കണക്ക് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ സമര്‍പ്പിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ചെയര്‍പേഴ്സന്റെ ഓഫീസ് ഉപരോധിച്ചു. നാലു ലക്ഷം രൂപ ചെലവഴിച്ചെന്നാണു ഭരണപക്ഷമായ കോണ്‍ഗ്രസ് പറയുന്നത്. പൂ വാങ്ങാന്‍ മാത്രം ചെലവാക്കിയത് 1,17,000 രൂപയാണ്. അനുമതിയില്ലാതെയാണ് പണം ചെലവാക്കിയതെന്നാണ് പ്രതിപക്ഷ ആരോപണം.

🌀എടിഎം മെഷീനില്‍ കൃത്രിമം കാണിച്ച് പത്തു ലക്ഷത്തോളം രൂപ തട്ടിയെടുത്ത രാജസ്ഥാന്‍ സ്വദേശികളായ രണ്ടു പേര്‍ പിടിയിലായി. എറണാകുളം പോണേക്കരയില്‍ കാര്‍ഡ് ഉപയോഗിച്ചു പണം പിന്‍വലിച്ചശേഷം പണം കിട്ടിയില്ലെന്നു ബാങ്കില്‍ പരാതി നല്‍കി അക്കൗണ്ടിലേക്കു പണം തിരിച്ചെത്തിക്കുന്നതായിരുന്നു തട്ടിപ്പുരീതി.

🌀കൊല്ലം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഒന്‍പതംഗ ഗുണ്ടാസംഘത്തെ കായംകുളം പൊലീസ് അറസ്റ്റു ചെയ്തു. പത്തിയൂര്‍ തക്കാളി ആഷിഖ് (27), വിഠോബ ഫൈസല്‍ (27), കായംകുളം  സമീര്‍ (30), ഹാഷിര്‍ (32), നൂറനാട് ഹാഷിം (32), കോമളപുരം മാട്ട കണ്ണന്‍ (30), പല്ലാരിമംഗലം  ഉമേഷ് (30), ഓച്ചിറ കുക്കു മനു (28), കായംകുളം ഷാന്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

🌀തിരക്കേറിയ റോഡില്‍ പെണ്‍കുട്ടിയെ പിറകിലിരുത്തി ബൈക്ക് റേസിംഗ് നടത്തിയ വിദ്യാര്‍ഥിയെ നാട്ടുകാര്‍ മര്‍ദിച്ചു. തൃശൂര്‍ ചേതന കോളജിലെ വിദ്യാര്‍ഥി അമലിനെയാണ് നാട്ടുകാര്‍ കൈകാര്യം ചെയ്തത്. അഭ്യാസ പ്രകടനങ്ങളുടെ ഭാഗമായി ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്തിപ്പിടിച്ച് ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി മറിഞ്ഞുവീണു. ഇതോടെയാണ് നാട്ടുകാര്‍ അമലിനെ വളഞ്ഞത്. ഒല്ലൂര്‍ പോലീസ് കേസെടുത്തു.

🌀നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള സിപിഎം സമ്മേളനങ്ങളാണ് രോഗവ്യാപനത്തിനു കാരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. സിപിഎം എഎല്‍എമാരും നേതാക്കളും കോവിഡ് ബാധിതരായി. പാര്‍ട്ടി സമ്മേളനങ്ങള്‍ കോവിഡ് വ്യാപനത്തിന്റെ ഉറവിടങ്ങളായി. സതീശന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ക്രിസ്മസ്, നവവല്‍സരാഘോഷങ്ങളോടെയാണ് രോഗവ്യാപനം വര്‍ധിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

🌀കോവിഡ് വ്യാപന കാര്യത്തില്‍ ജനങ്ങളെ വിധിക്കു വിട്ടുകൊടുത്തിരിക്കുകയാണു സര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോവിഡ് കാലത്ത് വൈകുന്നേരങ്ങളില്‍ ടെലിവിഷന്‍ കാമറകള്‍ക്കു മുന്നിലിരുന്നു കസര്‍ത്തു നടത്തുന്ന മുഖ്യമന്ത്രിയേയും കാണാനില്ലെന്നും ചെന്നിത്തല.

🌀വോട്ടിനായി ബിജെപി നേതാക്കളെ കാണാനും തയാറാണെന്ന മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാമിന്റെ ശബ്ദരേഖ പുറത്ത്. വോട്ടുകച്ചവടത്തിന്റെ ശബ്ദരേഖയാണതെന്ന് സിപിഎം നേതാവ് കെ.ടി. ജലീല്‍ എംഎല്‍എ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ യുഡിഎഫ് ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയെന്നും ജലീല്‍ ആരോപിച്ചു.

🌀കോവിഡ് വ്യാപനം രൂക്ഷമായിരിക്കേ, രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഇന്ത്യ നീട്ടി. ഈ മാസം അവസാനംവരെയായിരുന്ന വിലക്ക് ഒരു മാസത്തേക്കുകൂടി നീട്ടി. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലാണ് ഉത്തരവു പുറത്തിറക്കിയത്.

🌀ബംഗളൂരുവില്‍ ഒരേസമയം പറന്നുയര്‍ന്ന രണ്ടു വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനങ്ങളാണ് കൂട്ടിയിടിക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത്. ജനുവരി ഏഴിനു നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🌀പഞ്ചാബില്‍ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വീട്ടിലെ ഇഡി റെയിഡുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പോര്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്നും തെരഞ്ഞടുപ്പിനു മുന്നേ തന്നെ അപമാനിക്കാനാണ് ശ്രമമെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി. ഇതിനിടെ മന്ത്രി ഗുര്‍ജിത് സിങ്ങിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചു.

🌀അന്തരിച്ച സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിന്റെ സഹോദരന്‍ കേണല്‍ വിജയ് റാവത്ത് ബിജെപിയില്‍. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍മാത്രം ശേഷിച്ചിരിക്കേയാണ് ബിജെപിയില്‍ ചേര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്നാണു സൂചന.

🌀റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെ ചെങ്കോട്ട 22 മുതല്‍ 26 വരെ അടച്ചിടും. സന്ദര്‍ശകര്‍ക്കു പ്രവേശനം ഉണ്ടാകില്ലെന്നു പോലീസ്.

🌀നടി നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം. ചെന്നൈ റോയപേട്ടിലെ അപാര്‍ട്ടുമെന്റില്‍ കവര്‍ച്ച നടത്തിയ പത്തൊമ്പതുകാരനായ വീട്ടുജോലിക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. അഞ്ചു മാസമായി വീട്ടുജോലി ചെയ്തിരുന്ന ഇയാള്‍ പണവും നാല്‍പതിനായിരം രൂപ വിലവരുന്ന ക്യാമറയും വസ്ത്രങ്ങളുമാണു മോഷ്ടിച്ചത്.

🌀ഉക്രെയിനില്‍ റഷ്യയുടെ സൈനിക നീക്കത്തിനെതിരേ അമേരിക്കയും യുകെയും. കഴിഞ്ഞ വര്‍ഷം അവസാനം  ലക്ഷം സൈനികരെയാണ്  ബെലാറസ് അതിര്‍ത്തിക്കു സമീപം വിന്യസിച്ചത്. ഈ പ്രദേശം യുദ്ധഭീതിയിലാണ്. 

🌀ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്.സി ഗോവയെ അട്ടിമറിച്ച് ഈസ്റ്റ് ബംഗാള്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം. സീസണില്‍ ഈസ്റ്റ് ബംഗാള്‍ നേടുന്ന ആദ്യ വിജയമാണിത്.

🌀ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 31 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആതിഥേയര്‍ മുന്നോട്ടുവെച്ച 297 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

🌀കേരളത്തില്‍ ഇന്നലെ 91,983 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടിപിആര്‍ 37.17. സംസ്ഥാനത്തെ ആകെ മരണം 51,160. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8193 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,68,383 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🌀കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസര്‍ഗോഡ് 668.

🌀രാജ്യത്ത് ഇന്നലെ മൂന്ന് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 43,697, കര്‍ണാടക- 40,499, തമിഴ്നാട്- 26,981, ഗുജറാത്ത് - 20,966,  ഉത്തര്‍പ്രദേശ്- 17,776, ഡല്‍ഹി- 13,785.

🌀ആഗോളതലത്തില്‍ ഇന്നലെ മുപ്പത്തിമൂന്ന് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ ആറ് ലക്ഷത്തിനടുത്ത്. ഇംഗ്ലണ്ട്- 1,08,069, ഫ്രാന്‍സ്- 4,36,167, ഇറ്റലി- 1,92,320, സ്പെയിന്‍- 1,57,941, ജര്‍മനി-1,21,952, അര്‍ജന്റീന- 1,28,321, ആസ്ട്രേലിയ- 79,365. ഇതോടെ ആഗോളതലത്തില്‍ 33.88 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 6.06 കോടി കോവിഡ് രോഗികള്‍.

🌀ആഗോളതലത്തില്‍ 7,929 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1600, റഷ്യ- 698, ഇംഗ്ലണ്ട്- 359,   ഇറ്റലി -380, പോളണ്ട്- 375. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55.81 ലക്ഷമായി.

🌀ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനെ പിന്നിലാക്കി റിലയന്‍സ് ജിയോ ഒന്നാം സ്ഥാനത്ത്.  ട്രായിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 43 ലക്ഷം പേര്‍ക്കാണ് റിലയന്‍സ് ജിയോ ഫിക്സ്ഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്നത്. നവംബറിലെ കണക്കാണിത്. ഒക്ടോബറിലെ 41 ലക്ഷത്തില്‍ നിന്ന് ഒരു മാസം കൊണ്ട് രണ്ടുലക്ഷത്തില്‍പ്പരം ആളുകളെയാണ് അധികമായി ജിയോയില്‍ ചേര്‍ത്തത്. അതേസമയം ബിഎസ്എന്‍എല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഒക്ടോബറില്‍ 47 ലക്ഷം ഉണ്ടായിരുന്ന സ്ഥാനത്ത് നവംബറില്‍ ഇത് 42 ലക്ഷമായി താഴ്ന്നു. നവംബറില്‍ എയര്‍ടെലിന്റെ ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 40 ലക്ഷമാണ്.

🌀ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണം ഇറക്കുമതി നടപ്പുവര്‍ഷം (2021-22) ഏപ്രില്‍-ഡിസംബറില്‍ രേഖപ്പെടുത്തിയത് ഇരട്ടിയിലേറെ വളര്‍ച്ച. ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണം ഇറക്കുമതി 2021 കലണ്ടര്‍ വര്‍ഷത്തില്‍ 1,050 ടണ്ണിലെത്തി. കഴിഞ്ഞദശാബ്ദത്തിലെ ഏറ്റവും ഉയരമാണിത്. 2020ല്‍ ഇറക്കുമതി 430 ടണ്ണായിരുന്നു. 2021ല്‍ ഇറക്കുമതിച്ചെലവ് എക്കാലത്തെയും ഉയരമായ 5,570 കോടി ഡോളറാണ്. 2020ല്‍ ചെലവ് 2,200 കോടി ഡോളറായിരുന്നു. 2011ലെ 5,390 കോടി ഡോളറിന്റെ റെക്കാഡ് പഴങ്കഥയായി.

🌀ശരത് ജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ച കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിലെ 'സായാഹ്ന തീരങ്ങളില്‍' എന്ന ഗാനം പുറത്തിറങ്ങി. മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ സോങ്ങ് എത്തിയിട്ടുള്ളത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കിയിട്ടുള്ളത്. കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തില്‍ ആകെ അഞ്ചു പാട്ടുകളാണുള്ളത്.

🌀വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി മീരാജാസ്മിന്‍. സത്യന്‍ അന്തിക്കാട് ചിത്രം 'മകളി'ലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. തിരിച്ചെത്തിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഒഫീഷ്യല്‍ പേജും തുടങ്ങിയിരിക്കുകയാണ് താരം. ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് പേജില്‍ പങ്കു വച്ചിരിക്കുന്ന ആദ്യത്തെ പോസ്റ്റ്. ബാഗും ഓഫീസ് ഐഡി കാര്‍ഡും ധരിച്ച് സാരിയുടുത്ത് അതിസുന്ദരിയായിട്ടാണ് മീര ചിത്രത്തിലുള്ളത്. ഹലോ ഇന്‍സ്റ്റഗ്രാം, പുതിയ തുടക്കം, ലൊക്കേഷന്‍ സ്റ്റില്‍ തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

🌀വൈദ്യുത വാഹന നിര്‍മ്മാതാക്കളായ കൊമാക്കി തങ്ങളുടെ റേഞ്ചര്‍ ഇലക്ട്രിക് ക്രൂയിസര്‍ ഈ ആഴ്ച വിപണിയില്‍ അവതരിപ്പിക്കും. രാജ്യത്ത് വില്‍പനയ്ക്കെത്തുന്ന ആദ്യത്തെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ക്രൂയിസര്‍ എന്ന വിശേഷണത്തോടെയാണ് റേഞ്ചര്‍ ഇ-ക്രൂയിസര്‍ പുറത്തിറങ്ങുന്നത്.  നാല് കിലോവാട്ട് ബാറ്ററി പായ്ക്ക് ഇതില്‍ ഫീച്ചര്‍ ചെയ്യും. ഈ ബാറ്ററി പായ്ക്കിനൊപ്പം 5,000-വാട്ട് മോട്ടോറും ഉണ്ട്. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കാം.

🌀മലയാള സാഹിത്യത്തില്‍ ആദ്യമായി ഒരു നോവല്‍ മറ്റൊരു നോവലിന് പ്രമേയമാകുന്നു. ''ഖസാക്കിന്റെ ഇതിഹാസ''മെന്ന നോവലിന്റെയും ഒ. വി. വിജയന്‍ എന്ന എഴുത്തുകാരന്റെയും വഴികളിലൂടെ നടത്തുന്ന ഈ പുതുസഞ്ചാരം വായനയുടെ ഇതര സാധ്യതകളെ തേടുകയും നോവലെഴുത്തിന്റെ നടപ്പു രീതികളെ മാറ്റിപ്പണിയുകയും ചെയ്യുന്നു. സര്‍ഗാവിഷ്‌കാരത്തിന്റെ പുതുജാലകം തുറക്കുന്ന നോവല്‍. 'ദേശത്തിന്റെ രതിഹാസം'. സുസ്മേഷ് ചന്ത്റോത്ത്. മനോരമ ബുക്സ്. വില 171 രൂപ.

🌀കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ സ്റ്റിറോയിഡുകള്‍ നിര്‍ദ്ദേശിക്കുന്നത് ഒഴിവാക്കണമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഠിനമായ ചുമ തുടരുകയാണെങ്കില്‍ രോഗികളെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് മുക്തരില്‍ ക്ഷയരോഗം വ്യാപകമായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ്  ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നത്. സ്റ്റിറോയിഡുകളുടെ ഉപയോഗം ബ്ലാക്ക് ഫംഗസ് പോലുള്ള ദ്വിതീയ അണുബാധകളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ സ്റ്റിറോയിഡുകള്‍ ഒഴിവാക്കണം. രണ്ടോ മൂന്നോ ആഴ്ചയില്‍ കൂടുതല്‍ ചുമ തുടരുകയാണെങ്കില്‍ ക്ഷയരോഗ സാധ്യതകള്‍ പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. ഒരു ദശാബ്ദത്തിനിടെ കഴിഞ്ഞ വര്‍ഷം ക്ഷയരോഗം ബാധിച്ചുള്ള മരണങ്ങള്‍ ഉയര്‍ന്നതായി ലോകാരോഗ്യ സംഘടനയും പറയുന്നു. ആന്റി-ഇന്‍ഫ്ലമേറ്ററി അല്ലെങ്കില്‍ ഇമ്മ്യൂണോമോഡുലേറ്ററി തെറാപ്പി (സ്റ്റിറോയിഡുകള്‍ പോലുള്ളവ) വളരെ നേരത്തെയോ ഉയര്‍ന്ന അളവിലോ കൂടുതല്‍ കാലമോ ഉപയോഗിക്കുമ്പോള്‍ ഇന്‍വേസിവ് മ്യൂക്കോര്‍മൈക്കോസിസ് പോലുള്ള ദ്വിതീയ അണുബാധയ്ക്കുള്ള അപകടസാധ്യതയുണ്ട്.
➖➖➖➖➖➖➖➖

Post a Comment

أحدث أقدم