തിരുവനന്തപുരം: ജർമനിയിലേക്ക് മലയാളി നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് നോർക്ക റൂട്ട്സ് ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി ഒപ്പു വച്ച 'ട്രിപ്പിൾ വിൻ' പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ടുമെന്റിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ജർമൻ ഭാഷയിൽ B1 ലവൽ യോഗ്യതയും നഴ്സിംഗിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവരുമായ ഉദ്യോഗാർഥികൾക്കായുള്ള ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ് പദ്ധതിയിലേക്കാണ് അപേക്ഷിക്കാവുന്നത്.
ജർമനിയിൽ രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യണമെങ്കിൽ ജർമൻ ഭാഷയിൽ B2 ലവൽ യോഗ്യത നേടേണ്ടതുണ്ട്. കൂടാതെ ലൈസൻസിങ് പരീക്ഷയും പാസ്സാകണം. നിലവിൽ B1 യോഗ്യത നേടിയ നഴ്സുമാർക്ക് B2 ലവൽ യോഗ്യത നേടുന്നതിനും ലൈസൻസിങ് പരീക്ഷ പാസ്സാകുന്നതിനും ട്രിപ്പിൾ വിൻ പദ്ധതി പ്രകാരം സൗജന്യ പരിശീലനം ലഭിക്കും. ഇക്കാലയളവിൽ ആശുപത്രികളിലോ കെയർ ഹോമുകളിലോ കെയർഗിവറായി ജോലി ചെയ്യുന്നതിനും പ്രതിമാസം കുറഞ്ഞത് 2300 യൂറോ ശമ്പളം ലഭിക്കുന്നതിനും അർഹതയുണ്ട്.
മേൽപ്പറഞ്ഞ യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ള നഴ്സുമാർക്ക് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. ജർമനിയിലെ തൊഴിൽദാതാവ് നേരിട്ടോ ഓൺലൈനായോ ഇന്റർവ്യു നടത്തിയായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്.
തിരഞ്ഞെടുപ്പ് പൂർണമായും ജർമൻ തൊഴിൽദാതാവിന്റെ തീരൂമാനത്തിന് വിധേയമായിരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2021 ഡിസംബർ 24.
അപേക്ഷകൾ അയക്കേണ്ട ഇ-മെയിൽ വിലാസം:👇🏻 rcrtment.norka@kerala.gov.in.
വിശദാശംങ്ങൾക്ക്👇🏻
www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 1800 452 3939 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
B1 ലവൽ മുതൽ ജർമൻ ഭാഷ പരിശീലീപ്പിച്ചു കൊണ്ടുള്ള രണ്ടാം ഘട്ട റിക്രൂട്ട്മെന്റിന് വൈകാതെ അപേക്ഷ ക്ഷണിക്കുമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.
Post a Comment