കുട്ടികളോട് സംസാരിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഉറപ്പായും ഖേദിക്കേണ്ടി വരും... If you do not pay attention to these things when talking to children, you will definitely regret it ...

കുട്ടികളോട് സംസാരിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഉറപ്പായും ഖേദിക്കേണ്ടി വരും...

01. നായ, കഴുത, പോത്ത്‌ തുടങ്ങി മൃഗങ്ങളുടെ പേരുകളില്‍ കുട്ടികളെ വിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യാതിരിക്കുക.

02. അനുസരണ ശീലമില്ലാത്തവന്‍, നുണയന്‍, വൃത്തികെട്ടവന്‍, വിഡ്‌ഢി, കള്ളന്‍ തുടങ്ങിയ പ്രതിലോമകരമായ വാക്കുകള്‍ വിളിച്ചു കുട്ടികളെ നിന്ദിക്കുകയും ആക്ഷേപിക്കുകയും ചെയ്യരുത്‌. ആക്ഷേപ വാക്കുകള്‍ മക്കളുടെ ഹൃദയങ്ങളിലാണ്‌ പതിക്കുന്നതെന്ന്‌ ഓര്‍ക്കുക.

03. മക്കളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്‌ അവരുടെ വ്യക്തിത്വത്തെ ബാധിക്കുകയും തകര്‍ക്കുകകയും ചെയ്യും. കാരണം, എല്ലാ കുട്ടികള്‍ക്കും അവരുടേതായ കഴിവുകളും മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തമായ ശേഷികളുമുണ്ടാകും. മറ്റുള്ളവരുമായി അവരെ താരതമ്യം ചെയ്യുന്നത്‌ അവരെ മാനസികമായി തകര്‍ക്കുകയും ആരുമായാണോ താരതമ്യം ചെയ്യപ്പെടുന്നത്‌ അവരെ വെറുക്കാനും ഇടയാക്കുന്നു.

04. മക്കളെ ഉപാധികള്‍ വെച്ച്‌ സ്‌നേഹിക്കരുത്‌. അഥവാ, ചില നിശ്ചിത പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചാല്‍ നിന്നെ എനിക്കിഷ്ടമാകുമെന്ന്‌ പറയുക. (നീ ഇത്‌ തിന്നാല്‍ അല്ലെങ്കില്‍ നീ വിജയിച്ചാല്‍, അത്‌ ഓര്‍ത്തെടുത്താല്‍ ഞാന്‍ നിന്നെ ഇഷ്ടപ്പെടും എന്ന്‌ പറയുക). സ്‌നേഹത്തിന്‌ ഉപാധികള്‍ വെക്കുന്നത്‌ കുട്ടികളില്‍ അവര്‍ സ്‌നേഹിക്കപ്പെടുന്നില്ലെന്ന ബോധമുളവാക്കും. ചെറുപ്പത്തില്‍ ഇപ്രകാരം സ്‌നേഹം ലഭിക്കാത്തവര്‍ മുതിര്‍ന്നാല്‍ കുടുംബവുമായുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ താല്‍പര്യം കാണിക്കുകയില്ല. കാരണം, ചെറുപ്പത്തില്‍ അവര്‍ കുടുബത്തില്‍ വെറുക്കപ്പെട്ടവരായിരുന്നു എന്ന ബോധം അവരിലുണ്ടാകും. പിതാമഹനും പിതാമഹിയും ഇപ്രകാരം ഉപാധികള്‍ വെച്ച്‌ സ്‌നേഹിക്കുകയില്ലെന്ന കാരണത്താലാണ്‌ കുട്ടികള്‍ അവരോട്‌ കൂടുതല്‍ സ്‌നേഹം കാണിക്കുന്നത്‌.

05. കുട്ടികള്‍ക്ക്‌ തെറ്റായ വിവരങ്ങള്‍ പറഞ്ഞു കൊടുക്കുന്നത്‌ അവരുടെ സ്വഭാവത്തില്‍ പ്രതിഫലിക്കും.

06. കുട്ടികളുടെ ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനാവശ്യമായി തടസ്സം നില്‍ക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക്‌ തടസ്സം പറയുകയും ചെയ്യാതിരിക്കുക. (നിനക്കൊന്നും മനസിലാവില്ല, മിണ്ടാതിരിക്ക്‌ പിശാചേ, നിന്നെകൊണ്ട്‌ ഒരു ഉപകാരവുമില്ല) തുടങ്ങിയ വാക്കുകളും വര്‍ത്തമാനങ്ങളും ഒഴിവാക്കുക.

07. മക്കളെ ഭീഷണിപ്പെടുത്തുന്നതും പേടിപ്പിക്കുന്നതും നല്ലതല്ല. (നിന്നെ ഞാന്‍ കൊല്ലും, നിന്റെ തല ഞാന്‍ അടിച്ചു പൊളിക്കും തുടങ്ങിയവ).

08. അവരുടെ ആവശ്യങ്ങള്‍ യാതൊരു കാരണവും കൂടാതെ നിരന്തരം നിഷേധിക്കുന്നതും ആവശ്യങ്ങള്‍ നിഷേധിക്കുന്നതിനുള്ള കാരണം അവരെ ബോധ്യപ്പെടുത്താതിരിക്കുന്നതും നിഷേധാത്മകമായ സ്വാധീനമായിരിക്കും അവരില്‍ ചെലുത്തുക.

09. നാശം പിടിച്ചവന്‍, നിന്നെ ശിക്ഷിക്കും, മരിച്ചു പോകട്ടെ തുടങ്ങിയ ശാപവാക്കുകള്‍ കുട്ടികളോട്‌ ഒരിക്കലും പറയരുത്‌.

10. കുട്ടികളുടെ രഹസ്യങ്ങള്‍ പരസ്യമാക്കിയും മറ്റും അവരോട്‌ വിശ്വാസ വഞ്ചന കാണിക്കുകയും അരുത്‌.

11. അതേസമയം കുട്ടികൾ ആവശ്യപ്പെടുന്നതെല്ലാം വാങ്ങി കൊടുക്കരുത്. സാധിക്കുന്നവ മാത്രം ചെയ്തു കൊടുക്കുക. നമ്മുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അവരെ പറഞ്ഞുമനസ്സിലാക്കികൊടുക്കുക. അല്ലാത്തപക്ഷം, നമ്മൾ പ്രയാസപ്പെടുന്ന സമയത്തും അവർ ആവശ്യപ്പെടുമ്പോൾ നമ്മൾ കടം വാങ്ങിയെങ്കിലും കൊടുക്കേണ്ടിവരും. മാത്രമല്ല, അവർ പിന്നീട് നമ്മളോട് ആവശ്യപ്പെടുന്നത് നമുക്ക് കൊടുക്കാൻ സാധിച്ചിട്ടില്ല എങ്കിൽ,  മോഷണത്തിനും മറ്റും അവരെ പ്രേരിപ്പിക്കും.

ഈ പറഞ്ഞ കാര്യങ്ങൾ മാതാപിതാക്കള്‍ വളരെ ഗൗരവത്തോടെ മനസിലാക്കേണ്ടതും അനുവര്‍ത്തിക്കണ്ടതുമാണ്‌.

മക്കളെ സ്‌നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും അവരെ അഭിനന്ദിക്കാനും നമുക്ക്‌ സാധിക്കണം.

Post a Comment

Previous Post Next Post