കോഴിക്കോട് നഗരത്തിൽ സുന്നി പ്രാസ്ഥാനികരംഗത്ത് നിറഞ്ഞുനിന്ന ധർമ പോരാളി യൂനുസ് മുച്ചുന്തി ഇന്ന് പുലർച്ചെ ഇഹലോകവാസം വെടിഞ്ഞ വാർത്ത ഞെട്ടലോടെയാണ് ശ്രവിക്കാനായത്. താലൂക്ക് എസ് എസ് എഫിൻ്റെ ജീവൽ തുടിപ്പായിരുന്ന യൂനുസ്, വർഷങ്ങളായി ദുബൈ സിറാജിൻ്റെ സർക്കുലേഷൻ മാനേജറായി പ്രവർത്തിച്ചു വരികയായിരുന്നു. കുറച്ചു കാലമായി രോഗബാധിതനായി വീട്ടിൽ കഴിയുന്ന യൂനുസിനെ കുറിച്ച് രണ്ട് മൂന്ന് മാസങ്ങൾക്കിപ്പുറമാണ് ഞങ്ങൾ പഴയ കാല സഹപ്രവർത്തകർക്കിടയിൽ കൂടുതൽ ചർച്ചയായത്. മുച്ചുന്തിയിൽ നിന്നും പന്നിയങ്കര ഭാഗത്തേക്ക് താമസം മാറ്റിയ യൂനുസിനെ ടി കെ സി, ഷാഫിക്ക, കരീം കക്കാട്, മടവൂർ ഹുസൈൻ മാസ്റ്റർ, ജലീൽ പെരുമുഖം തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശിച്ചിരുന്നു. വ്യത്യസ്ഥമായ രോഗങ്ങളാൽ കാഴ്ചശക്തി നന്നേ കുറഞ്ഞുപോയ അദ്ദേഹം പ്രാസ്ഥാനിക ചലനങ്ങളെ കുറിച്ചും പഴയ കാല പോരാട്ട ചരിത്രങ്ങളെകുറിച്ചും വാചാലനായതായി അവർ പറഞ്ഞിരുന്നു. അത്പ്രകാരം താലൂക്കിലെ പഴയകാല സാരഥികളെ ഉൾപ്പെടുത്തി ഒരു വാട്സപ്പ്ഗ്രൂപ്പുവരെ ക്രയേറ്റ് ചെയ്യുകയുണ്ടായി. പഴയകാല സംഘടനാ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് ആ സഹകാരിയുടെവിടവാങ്ങൽ. എല്ലാം നാഥൻ്റെ വിധി!.
യൂനുസിനെ കുറിച്ച് പറയാൻ ഏറെയുണ്ട്. സിറ്റിയിലെ സുന്നി മുന്നേറ്റത്തിൻ്റെ ചാലകശക്തിയായിരുന്നു യൂനുസ്. വഹാബികൾ വാണരുളിയിരുന്ന കോഴിക്കോട് നഗരത്തിൽ സുന്നി സംഘശക്തി തെളിയിച്ച് പഴയകാല സുന്നി പ്രതാപം തിരിച്ചു പിടിക്കാൻ ഏറെ പാടുപെട്ട വ്യക്തിത്വമാണദ്ദേഹം. സുന്നി രംഗത്ത് ഭിന്നിപ്പ് രൂക്ഷമായ 89 ലും തുടർന്നും ത്യാഗത്തിൻ്റെ ഘട്ടങ്ങളായിരുന്നു. അന്ന് ഏത് യോഗങ്ങളിലും പ്രകടനങ്ങളിലും ഒന്നാമനായി യൂനുസുണ്ടാകും. സംഘർഷങ്ങളുടെ തീച്ചൂളയിൽ പൊരുതി ജയിക്കാനിറങ്ങിയ പോരാളിയായി യൂനുസിനെ വിശേഷിപ്പിക്കാം. അക്കാലത്ത് നിരന്തരമായ പ്രകടനങ്ങളായിരുന്നു. നാലാളായെങ്കിൽ ഒന്ന് വിളിച്ചേക്കാമെന്നമട്ടിൽ യൂനുസ് മുദ്രാവാക്യം വിളിക്കും. അക്കാലത്ത് കൊടുവള്ളിയിൽ നടന്ന താലൂക്ക് സമ്മേളനത്തിന് കൊടുവള്ളിയിൽ ദിവസങ്ങൾ കേമ്പ് ചെയ്ത് പ്രകടനങ്ങളും പ്രവർത്തനങ്ങളുമായി കഴിഞ്ഞ് കൂടിയത് ഓർക്കുന്നു. എല്ലാ ദിനങ്ങളും പ്രഭാതഭേരിയായിരുന്നു. ഒരു ഭാഗത്ത് എതിരാളികളുടെ കൂക്കിവിളിയും കല്ലേറുമുണ്ടാകും. പ്രകടനങ്ങൾക്ക് അത് മാറ്റുകൂട്ടുകയാണ് ചെയ്തത്. പ്രാസ്ഥാനികരംഗത്ത് ഉന്നത ശ്രേണി കീഴടക്കിയ സുന്നി സംഘശക്തിയുടെ പിന്നണിയിൽ ഒന്നാം നിരയിൽ എക്കാലവും യൂനുസിൻ്റെ പേരുണ്ടാകും. എന്നും ആ സ്നേഹഭാജനത്തിനായി പ്രാർത്ഥനയുമുണ്ടാകും. അല്ലാഹു യൂനുസിൻ്റെ പാപങ്ങൾ പൊറുത്ത് സ്വർഗീയാരാമത്തിൽ ഒരുമിച്ചുകൂട്ടട്ടെ. ആമീൻ.
മജീദ് പുത്തൂർ
---------------------------------------------
നിസ്വാർത്ഥതക്ക് പേരു് കുറിക്കാമെങ്കിൽ അതാണ് ''യൂനുസ് മുച്ചുന്തി"
കോഴിക്കോട് സിറ്റിയിലെ ചുമരുകളിൽ SSF പതിയാൻ ആദ്യം ഓർക്കുക യൂനുസ് മുച്ചന്തിയെ. രാവിനെ പകലാക്കി, തമസ്സിനെ ജ്യോതിസ്സാക്കാൻ വെമ്പൽ കൊണ്ട ധീരൻ . ചടുലമായ നീക്കങ്ങളാണ് എപ്പോഴും .സദാ നിറ പുഞ്ചിരി പൊഴിക്കുന്ന പ്രിയ സുഹൃത്ത് വിട പറഞ്ഞു. നാഥൻ മഗ്ഫിറത്ത് നൽക്കട്ടെ - ആമീൻ. കോഴിക്കോട് ടൗണിലും തീരങ്ങളിലും SSF ന് ഉയിര് നൽകിയവരിൽ തിളങ്ങി നിൽക്കുന്ന നക്ഷത്രം. വിട്ടുവീഴ്ചയില്ലാത്ത ആദർശ പോരാളി. " മജീദ് സാഹിബേ " . ആദ്യമായി സാഹിബ് ചാർത്തിയ ആ വിളി ഇന്നും കാതുകളിലുണ്ട്. മുന്നിൽ നിന്നു തന്നെയാണ് പട നയിക്കുക. SSF നായി - പ്രസ്ഥാനത്തിനായി - ഉയിരു് നൽകാൻ തയ്യാറുള്ള പ്രിയ സുഹൃത്ത് ഒരിക്കലും കൂലി കാംക്ഷിച്ചില്ല ; ഈ ഭൗതിക ലോകത്ത്. അതെ , നിസ്വാർത്ഥതയുടെ മറ്റൊരു പേരാണ് യൂനുസ് മുച്ചുന്തി. റബ്ബ് സ്വർഗ്ഗാവകാശികളിൽ പെടുത്തട്ടെ - ആമീൻ .
മജീദ് കക്കാട് .
إرسال تعليق