ധാര്‍മിക പ്രതിരോധം തീര്‍ത്ത് എസ്എസ്എഫിന്‍റെ ജൈത്രയാത്ര

നഗര-ഗ്രാമാന്തരങ്ങള്‍ ഇളക്കി മറിച്ച് എസ്എസ്എഫ് സെക്ടര്‍ സമ്മേളനങ്ങള്‍ക്ക് അരങ്ങുണര്‍ന്നു. കലുഷനിലങ്ങളില്‍ ധാര്‍മിക പ്രതിരോധം എന്ന തലക്കെട്ടോടെ സമ്മേളനങ്ങളുടെ ചരിത്രത്തില്‍ പുതിയ അനുഭവങ്ങള്‍ സൃഷ്ടിക്കുന്ന സെക്ടര്‍ സമ്മേളനങ്ങള്‍ അരങ്ങിലെത്തും മുമ്പെ ജനശ്രദ്ധ നേടി. നാടിന്‍റെ മന:സാക്ഷിയുണര്‍ത്തി ജൈത്രയാത്ര തുടരുന്ന എസ്എസ്എഫ്, സാമൂഹ്യ -സാംസ്കാരിക -വൈജ്ഞാനിക മണ്ഡലങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണിന്ന്. പുതിയ പശ്ചാത്തലത്തില്‍ സംഘടനയുടെ സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.വി. അബ്ദുറസാഖ് സഖാഫി എസ്എസ്എഫ് മലപ്പുറം ഡോട്കോമുമായി സംസാരിക്കുന്നു.

കേരളത്തിലെ മുസ്ലിം വിദ്യാര്‍ഥി യുവജനങ്ങള്‍ക്കിടയില്‍ എസ്എസ്എഫ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന ദൗത്യം എന്താണ്?

1973ല്‍ സംഘടന രൂപീകരിച്ചതു മുതല്‍ ഇന്നു വരെ ഉയര്‍ത്തിപ്പിടിച്ച ധാര്‍മിക വിപ്ളവം എന്ന ഉജ്വല മുദ്രാവാക്യം വിദ്യാര്‍ഥി യുവജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും ശക്തമായ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. ദ്വിധ്രുവങ്ങളില്‍ സഞ്ചരിച്ചിരുന്ന മത ഭൗതിക വിദ്യാര്‍ഥികളില്‍ പാരസ്പര്യം തീര്‍ത്തതോടൊപ്പം സമന്വയ വിദ്യാഭ്യാസം എന്ന ആശയംകൂടി സംഘടന സൃഷ്ടിച്ചത് വൈജ്ഞാനിക വിചാരത്തിന്‍റെ ഭാഗമായിരുന്നു.

കലാലയങ്ങളില്‍ ധാര്‍മികതക്കു വേണ്ടി ശബ്ദിക്കുന്ന സമരബോധമുള്ള സംഘത്തെ സൃഷ്ടിക്കുകയും അധിനിവേശ ശക്തികള്‍ക്കിതിരെയും അവരുടെ ചതിക്കെണികള്‍ക്കെതിരെയും അവബോധം സൃഷ്ടിക്കുകയും ചെറുത്തു നില്‍പ്പിന്‍റെ ധീരമായ മുന്നേറ്റം സാധ്യമാക്കുകയും ചെയ്തു. പാരമ്പര്യവും പൈതൃകവും സമുദായത്തിന്‍റെ മൂല്യങ്ങളുടെ ശക്തി സ്രോതസ്സുകളാണ്. അവയെ മുസ്ലിം സമുദായത്തില്‍ നിന്ന് പറിച്ചെറിയാന്‍ ധൃതി കൂട്ടി രംഗത്തു വന്ന പുരോഗമന പ്രസ്ഥാനങ്ങള്‍ക്കെതിരെ സംഘടന ആദര്‍ശ വിപ്ളവത്തിന്‍റെ ഒരു മഹാഗാഥ തന്നെ തീര്‍ത്തു. നവോത്ഥാനത്തിന്‍റെ കപടക്കുപ്പായമണിഞ്ഞ് അര നൂറ്റാണ്ട് കേരളീയ സമൂഹത്തില്‍ വിഡ്ഢിത്തം വിളമ്പിയ കളവിന്‍റെ ക്രൂര രചനകളെ രിസാലയിലൂടെ നിശബ്ദമാക്കാന്‍ സാധിച്ചു. മതരാഷ്ട്രവാദത്തിന്‍റെയും മറ്റും വൈകാരിക പ്രക്ഷുബ്ധതകള്‍ തീര്‍ത്ത് വര്‍ഗീയ തീവ്ര വൃത്തികേടുകള്‍ സമുദായത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള ദുഷ്ട നീക്കങ്ങളെ സംഘടന ശക്തമായി പ്രതിരോധിച്ചു. അരാഷ്ട്രീയ വത്കരിക്കപ്പെടുന്ന വിദ്യാര്‍ഥി- യുവജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയബോധത്തിന്‍റെ ചിന്താമുദ്രകള്‍ തീര്‍ക്കുന്നതില്‍ സംഘടന ഒട്ടേറെ മുന്നോട്ടു പോയി.

സാമൂഹികവത്കരണത്തിന്‍റെ പക്വവും മാതൃകാപരവുമായ കര്‍മ നൈരന്തര്യങ്ങളുമായാണ് സംഘടനയുടെ പ്രയാണം.

പുതിയ കാലത്തും പഴയ പരിപാടികളും മുദ്രാവാക്യവും പ്രസക്തമാകുന്നതെങ്ങനെ?

നേരത്തേ സൂചിപ്പിച്ചുവല്ലോ. ധാര്‍മിക വിപ്ളം ഇന്ന് കൂടുതല്‍ പ്രസക്തമാവുകയാണ്. സംഘടനയുടെ സ്ഥാപക നേതാക്കളുടെ ദീര്‍ഘദൃഷ്ടി നമുക്കിവിടെ വായിച്ചെടുക്കാം.

വിദ്യാര്‍ഥി യുവജനങ്ങള്‍ക്കിടയില്‍ എസ്എസ്എഫ് ചെലുത്തുന്ന സ്വാധീനം? വരുത്തുന്ന മാറ്റങ്ങള്‍?

സംഘടന നടത്തിപ്പോന്ന കാമ്പയിനുകള്‍, സമ്മേളനങ്ങള്‍ എന്നിവ വിദ്യാര്‍ഥി യുവജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. പാന്‍ മസാലകള്‍ക്കെതിരെയും പലിശക്കെതിരെയും നടത്തിയ സമരങ്ങള്‍, മദീന മഖ്ദൂം സമ്മേളനങ്ങള്‍ എന്നിവ വലിയ ഫലങ്ങളാണ് സൃഷ്ടിച്ചത്. കാമ്പസുകള്‍ എടുത്തു പറയേണ്ടതാണ്. പ്രൊഫഷണല്‍ കാമ്പസുകളില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ വിദ്യാര്‍ഥി സംഘടനകള്‍ക്കു പോലും സാധ്യമാകാത്ത വിധത്തിലുള്ള ശക്തമായ സ്വാധീനം ഇന്ന് സംഘടന കൈവരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍.

വിദ്യാര്‍ഥി പ്രസ്ഥാനമെങ്കിലും സംഘടനയുടെ വേരുകള്‍ പ്രാദേശിക-ഗ്രാമീണ മേഖലയിലാണ്. വിദ്യാര്‍ഥി സമൂഹത്തെ മാറ്റിനിര്‍ത്തി ഉപരിവിഭാഗം സംഘടനക്കു നേതൃത്വം നല്‍കുന്നു?

വിദ്യാര്‍ഥിപ്രസ്ഥാനമെന്ന നിലയില്‍ ഇന്ന് സംഘടനയുടെ വേരുകള്‍ പ്രാദേശിക ഗ്രാമീണ മേഖലകളെപ്പോലെ തന്നെ കാമ്പസുകളുമാണ്. വിദ്യാര്‍ഥി സമൂഹതത്തെ മാറ്റി നിര്‍ത്താതെ തന്നെയുള്ള നേതൃസാന്നിധ്യമാണ് ഇന്ന് സംഘനാ രംഗത്തുള്ളത്.

സെക്ടര്‍ സമ്മേളന സന്ദേശത്തിന്‍റെ സാഹചര്യം?

കലുഷനിലങ്ങളില്‍ ധാര്‍മിക പ്രതിരോധം ഇതാണല്ലോ സമ്മേളന പ്രമേയം. അധാര്‍മികതയും അരാചകത്വവും അടക്കി ഭരിക്കാനൊരുമ്പെടുന്ന നവ സമൂഹത്തില്‍ നേരിന്‍റെയും നീതിയുടെയും പക്ഷത്ത് ഉറച്ചു നിന്ന് പൊരുതുന്ന പോരാളി സംഘത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് തീര്‍ച്ചയായും രംഗമണ്ഡലം തീര്‍ക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ഥിത്വവും യുവത്വവും ചാപല്യങ്ങള്‍ക്കടിപ്പെടുന്ന ദുരന്ത രംഗങ്ങള്‍, വിഭാഗീയതയുടെ പേരിലുള്ള രക്തക്കളികള്‍, ധൂര്‍ത്തിന്‍റെയും ധിക്കാരത്തിന്‍റെയും രാക്ഷസീയതകള്‍...ഇവിടെയാണ് ധാര്‍മിക പ്രതിരോധത്തിന്‍റെ അനിവാര്യത.

സമ്മേളന പരിപാടികള്‍ സമൂഹത്തോട് എന്തു പറയുന്നു? എന്തു പ്രതീക്ഷിക്കുന്നു?

സമ്മേളനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട എട്ടിന പദ്ധതി സമൂഹത്തില്‍ നല്ല സ്വാധീനമാണ് ചെലുത്തിയത്. ലോകമിതവ്യയദിനം, ആശയ സമ്പര്‍ക്കം, വിചാരസഭ, സ്നേഹ സംഗമം തുടങ്ങിയ നാടിന്‍റെ ഭദ്രതയും സമൂഹത്തിന്‍റെ കെട്ടുറപ്പുമാണ് ഈ പരിപാടികള്‍ ആഹ്വാനം ചെയ്തത്. ഇത്തരം നന്മയുടെ മുന്നേറ്റങ്ങളോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നതില്‍ സമൂഹം ഇനിയും വളരെയധികം ശക്തി കാണിക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.

സമ്മേളന പരിപാടികളിലൂടെ സംഘടന ആര്‍ജിക്കുന്നതെന്ത്? 

സംഘടനാ ശാക്തീകരണം തന്നെ. ഖാലിദിയ്യ സമ്മേളനത്തിലെ പ്രഖ്യാപിത അജണ്ടകളില്‍ ഉറച്ച് ചവിട്ടിയുള്ള മുന്നേറ്റത്തിലൂടെ. ആഭ്യന്തര സജ്ജീകരണത്തില്‍ പ്രവര്‍ത്തകര്‍ ഒരുപാട് മുന്നോട്ടു പോയി. യൂണിറ്റ് ശാക്തീകരണത്തിന്‍റെ വിളംബരപ്പെടുത്തലിനൊപ്പം സെക്ടര്‍ ശാസ്ത്രീയ സംവിധാനത്തിന്‍റെ ഉദ്ഘോഷവും കൂടിയാണ് നടന്നു വരുന്നത്.

എസ്എസ്എഫില്‍ നിന്ന് സമൂഹത്തിന് ഇനിയെന്തൊക്കെ പ്രതീക്ഷിക്കാം?

കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികം നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സാമൂഹിക രംഗത്ത് സംഘടന നടത്തിയ മുന്നേറ്റം എന്നത്തെയും അഭിമാന മുദ്രകളാണ്. ഇനിയും ഏറ്റവും നവ്യമായ കാഴ്ചപ്പാടുകളോടെ ഈ സമൂഹത്തിന്‍റെ നന്‍മക്ക് വേണ്ടി ജീവിക്കാന്‍ എസ്എസ്എഫ് എന്നുമുണ്ടായിരിക്കും.

പ്രൊഫഷണല്‍ വിദ്യാഭ്യാസ പദ്ധതിയുമായി യുഎഇ സന്ദര്‍ശിച്ചുവല്ലോ; വിസ്ഡം സമൂഹത്തില്‍ സ്വാധീനം ചെലുത്തുമോ?

തീര്‍ച്ചയായും. ക്രമബദ്ധമായി ആവിഷ്കരിക്കപ്പെട്ട വിസ്ഡം സ്കോളര്‍ഷിപ്പ് പദ്ധതിക്ക് സമൂഹത്തില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. യുഎഇ സന്ദര്‍ശനത്തില്‍ ഒരുപാട് നല്ല മനുഷ്യരുടെ സഹകരണവും സന്തോഷ പ്രകടനവും അറിഞ്ഞപ്പോള്‍ ഈ രംഗത്ത് കൂടുതല്‍ കരുത്തു കൈവരിക്കാനാകുന്നു. വിസ്ഡം പദ്ധതിയിലൂടെ പ്രബോധന ബോധമുള്ള സാമൂഹിക ചിന്തയുള്ള സമര്‍പ്പിതരായ ഒരുകൂട്ടം അഭ്യസ്ഥവിദ്യരെ ഈ സമൂഹത്തിന് സമര്‍പ്പിക്കാന്‍ സാധിക്കും തീര്‍ച്ച. അല്ലാഹു അനുഗ്രഹിക്കട്ടെ.

Post a Comment

Previous Post Next Post