കഴിഞ്ഞ പ്രളയ കാലത്തെ ഓർമപ്പെടുത്തി ശക്തമായ മഴയാണ് സംസ്ഥാനത്ത് പെയ്യുന്നത്. പല ഇടങ്ങളിലും ക്രമാതീതമായി വെളളം പൊങ്ങി ജനങ്ങൾ ദുരിതത്തിലാണ്. ഉൾപ്രദേശത്തേക്കുള്ള റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. വെള്ളപ്പൊക്കം അധികം ബാധിക്കാത്ത സ്ഥലത്തുള്ളവർ ഇപ്പോഴും വാഹനങ്ങളുമായി പുറത്തിറങ്ങുന്നുണ്ട്. ഇത്തരത്തിൽ യാത്ര ചെയ്യുന്നവർ വളരെയേറെ സൂക്ഷിക്കേണ്ടതുണ്ട്. ശക്തമായ മഴയിൽ പുഴയോരത്തും തോടുകളിലും പെട്ടന്നാണ് വെള്ളം ഉയരുന്നത്. വെള്ളപ്പൊക്ക പ്രദേശത്തുകൂടി വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ആകാം സസ്നേഹം എന്ന നമ്മുടെ ബ്ലോഗിലെ ഇന്നത്തെ ചർച്ച.
മഴ മനോഹരമാണെങ്കിലും വണ്ടി ഓടിക്കുമ്പോൾ മരണത്തിലെത്തിക്കുന്ന വില്ലനാകാം. മഴത്തുള്ളികൾ കാഴ്ചയെ ബാധിക്കുന്നതാണ് ഒരു പ്രധാനപ്രശ്നം. കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കുന്ന മഞ്ഞും മോശം ഏസിയും ഹീറ്ററുകൾ ഇട്ടാൽ ഉണ്ടാകുന്ന ഉറക്കവും അപകടങ്ങളിലേക്കു നയിക്കുന്നു. തണുത്ത കാലാവസ്ഥ വണ്ടിയുടെ പ്രവർത്തനക്ഷമത കൂട്ടും. എന്നാൽ തന്മൂലമുണ്ടാകുന്ന അമിത ധൈര്യം അപകടങ്ങളുണ്ടാക്കാം. കാഠിന്യമേറിയ വേനലിനു ശേഷമുള്ള പുതുമഴ അപകടകാരിയാണ്.
യാത്ര പുറപ്പെടുന്നതിനു മുമ്പ് വാഹനത്തിലെ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
+ മഴക്കാലങ്ങളിൽ നനഞ്ഞു തെന്നി കുതിർന്നു കിടക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യുക എന്നത് ഇത്തിരി കടുപ്പമുള്ള കാര്യമാണ്. ഇപ്പോൾ മിക്ക വാഹന സർവ്വീസിങ്ങ് സെന്ററുകളിലും ലഭ്യമായിട്ടുള്ള കാര്യമാണ് മൺസൂർ സർവ്വീസിങ്ങ്. മഴയിൽ വാഹനമിറക്കുന്നതിനു മുൻപ് മൺസൂർ സർവ്വീസിങ്ങ് നടത്തുന്നത് സുരക്ഷ വളരെയധികം വർധിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. ബ്രേക്ക്, ടയർ, വൈപ്പർ, ഹെഡ് ലൈറ്റ്, മറ്റു ലൈറ്റുകൾ, ഹോൺ തുടങ്ങിയവയെല്ലാം മികച്ച കണ്ടീഷനിലാണെന്ന് ഇതിലൂടെ ഉറപ്പു വരുത്താം.
+ വാഹനങ്ങളിൽ ഫസ്റ്റ് എയ്ഡ് കിറ്റ് കരുതേണ്ടത് നിർബന്ധമായ ഒരു കാര്യമാണ്. കയ്യെത്തുന്ന ദൂരത്തില്‍ അത്യാവശ്യം വേണ്ടുന്ന എല്ലാമായി ര ഫസ്റ്റ് എയ്ഡ് കിറ്റ് കരുതുവാൻ ശ്രദ്ധിക്കുക. മാത്രമല്ല, എങ്ങനെയാണ് അപകട ഘട്ടങ്ങളിൽ ഇത് ഉപയോഗിക്കുക എന്നും തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
+ മഴക്കാലത്തുള്ള യാത്രകൾ എപ്പോൾ വേണമെങ്കിലും അപകടം വിളിച്ചുവരുത്താവുന്ന ഒന്നാണ്. അതിനാൽ ഫോണുകളിൽ എപ്പോളും കാണത്തക്ക രീതിയില്ഡ എമർജൻസി നമ്പറുകൾ സേവ് ചെയ്ത് വെയ്ക്കുക.
+ യാത്ര ചെയ്യുന്ന റോഡിനെക്കുറിച്ച് അറിയുന്നത് മിക്കപ്പോളും അപകടങ്ങൾ കുറയ്ക്കുവാൻ സഹായിക്കും. മാത്രമല്ല, അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്തു പോകുന്നവരിൽ നിന്നും മാറി യാത്ര ചെയ്യുവാനും ശ്രദ്ധിക്കുക.
+ മഴക്കാലങ്ങളിൽ ദീർഘദൂര യാത്രകൾ ചെയ്യേണ്ടി വന്നാൽ ലഘുഭക്ഷണം കയ്യിൽ കരുതുവാൻ ശ്രമിക്കുക. അപ്രതീക്ഷിതമായുണ്ടാവുന്ന കാലാവസ്ഥാ മാറ്റങ്ങളിൽ എത്രനേരം വഴിയിൽ കിടക്കേണ്ടി വരുമെന്ന് അറിയാത്തതിനാൽ ഇത്തരം ചെറിയ കാര്യങ്ങൾ ചെറുതല്ലാത്ത സഹായമാണ് ചെയ്യുക.
+ മഴയിൽ പുറത്തിറങ്ങേണ്ടി വരുന്ന സന്ദർഭങ്ങളിൽ കൂടുതലും സിന്തറ്റിക് മെറ്റീരിയലിൽ തീർത്ത വസ്ത്രങ്ങൾ ധരിക്കുവാൻ ശ്രദ്ധിക്കുക. പെട്ടന്നു ഉണങ്ങിയെടുക്കാൻ സാധിക്കുന്നതിനാൽ കോട്ടൺ വസ്ത്രങ്ങളെക്കാളും ഇതായിരിക്കും മഴക്കാലങ്ങളിൽ ഉപകാരപ്പെടുക.
ഡ്രൈവിങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ മഴക്കാലത്ത് കാറിന്റെ ഗ്ലാസുകൾ വൃത്തിയാക്കാനും വൈപ്പറുകൾ പ്രവർത്തിപ്പിക്കാനും ശ്രദ്ധിക്കണം.
∙ മഴക്കാലത്തിനു മുമ്പു വണ്ടിയുടെ കണ്ടീഷൻ പരിശോധിക്കണം. തേഞ്ഞുതീരാറായ ടയറുകൾ മാറ്റണം. വൈപ്പറുകൾ, എൻജിൻ എന്നിവയുടെ അവസ്ഥയും പരിശോധിക്കണം.
∙ മഴ തുടങ്ങിയാൽ രാത്രിയും പകലും ഹെഡ്ലൈറ്റും വൈപ്പറും ഓണാക്കണം.
∙ മഴക്കാല യാത്രയിൽ വേഗത തീർച്ചയായും കുറയ്ക്കണം.
∙ ഗ്ലാസുകളിൽ മഞ്ഞുമൂടിയാൽ ഡീഫ്രോസ്റ്റർ ഉപയോഗിക്കുക.
∙ മറ്റു കാറുകളുടെ വളരെ അടുത്തു യാത്ര ഒഴിവാക്കി ദൂരമിട്ടു വണ്ടി ഓടിക്കണം.
∙ അന്തരീക്ഷത്തിലെ ജലകണികകളിൽ തട്ടി പ്രതിഫലിക്കാൻ സാധ്യതയുള്ളതുകൊണ്ട് ഹൈബീമിനേക്കാൾ ലോ ബീമാണു നല്ലത്.
∙ ഡ്രൈവ് ചെയ്യുമ്പോൾ റേഡിയോയും സെൽഫോണുകളും ഒഴിവാക്കുക.
∙ മഴമൂലം കുത്തിയൊഴുക്കുള്ള റോഡുകളിലൂടെ വാഹനം ഓടിക്കാതിരിക്കുക.
∙ വണ്ടി ഗട്ടറുകളിൽ ചാടാതെ സൂക്ഷിക്കുക. ഇല്ലെങ്കിൽ വെള്ളം തെറിച്ചു വീണ് എൻജിനു കേടു വരാം.
∙ ട്രക്കിന്റെയോ ബസിന്റെയോ പിന്നാലെ നീങ്ങുമ്പോൾ സാധാരണയിൽ കൂടുതൽ അകലം സൂക്ഷിക്കുക. താരതമ്യേന വലിയ ടയറുകളായതുകൊണ്ട് അവയിൽ തട്ടി വെള്ളം തെറിച്ചു വീണു കാഴ്ച തടസപ്പെടുന്നത് ഒഴിവാക്കാം.
∙ മറ്റു വണ്ടികളുടെ തൊട്ടടുത്തെത്താൻ നിൽക്കാതെ അൽപം അകലമിട്ടു പതിയെ ബ്രേക്കിടാം.
∙ വണ്ടി കുഴിയിൽ ചാടിയാൽ ബ്രേക്ക് പെഡലിൽ കൈ കൊണ്ടു പതിയെ തട്ടുക.
ശരിയായ ഇരിപ്പ്
∙ നീണ്ട മണിക്കൂറുകൾ കാറിൽ ചെലവഴിക്കുമ്പോൾ നടുവേദന അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. വണ്ടി ഓടിക്കുമ്പോൾ വേഗത്തിനും ചലനത്തിനും അനുസരിച്ച് ശരീരം നിയന്ത്രണമില്ലാതെ എല്ലാ ദിശയിലേക്കും ചലിക്കുന്നു. മുന്നോട്ട് ആഞ്ഞ് ഇരിക്കുമ്പോൾ നടുവിലെ കശേരുക്കളുടെ ഇടയിലെ ഡിസ്ക്കിന്റെ ഉള്ളിലുള്ള സമ്മർദം 180 ശതമാനം അധികമായി കണ്ടുവരുന്നു.
∙ വണ്ടി ഓടിക്കുമ്പോൾ കാൽ മുട്ടുകളും ഇടുപ്പും ഒരേ ഉയരത്തിലായിരിക്കണം.
∙ നടുവിനു സുഖം കിട്ടാൻ തുണിയോ പ്രത്യേകം നിർമിച്ചിരിക്കുന്ന നടുവിനു താങ്ങു നൽകുന്ന വസ്തുക്കളോ ഉപയോഗിക്കാം.
∙ സ്റ്റിയറിങ്ങിലേയ്ക്കു ചേർന്നിരിക്കുക. ദൂരെ നിന്നു കുനിഞ്ഞ് സ്റ്റിയറിങ് പിടിക്കുന്നത് ഒഴിവാക്കുക.
∙ നിരപ്പില്ലാത്ത സ്ഥലങ്ങളിലെ ബൈക്ക് യാത്രകളിൽ സ്പീഡ് കുറയ്ക്കുക.
∙ തളർച്ചയും ക്ഷീണവും മാറ്റാൻ പരമപ്രധാനമാണ് ഡ്രൈവിങ്ങിൽ ഇരിക്കുന്ന രീതി ഇടയ്ക്കിടെ മാറ്റുന്നത്.
∙ നീണ്ട ഡ്രൈവിങിനിടയിൽ ചെറിയ ബ്രേക്കുകൾ എടുക്കുക.
∙ സീറ്റിന്റെ ചെരിവ് 130 ഡിഗ്രി ആക്കി വയ്ക്കുന്നാണ് നല്ലത്.
രാത്രിയിലെ ഡ്രൈവിങ്
∙ ഹൈ ബീമുകൾ എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ചയെ തടസപ്പെടുത്താം. അതുകൊണ്ട് ലോ ബീം ഉപയോഗിക്കുക.
∙ ഫോഗ് ലാമ്പുകൾ രാത്രി ഡ്രൈവിങ്ങിന് സഹായകരമാണ്.
∙ മദ്യവും മറ്റു ലഹരിപദാർത്ഥങ്ങളും ഒഴിവാക്കുക. നീണ്ട രാത്രിയാത്രകൾ പ്രത്യേകിച്ച് ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോൾ ഒഴിവാക്കുക.
∙ ഒറ്റയ്ക്കുള്ള ഡ്രൈവിങ് ഒഴിവാക്കുക. കൂടെ ആളുള്ളത് നമ്മുടെ ജാഗ്രത പതിന്മടങ്ങാക്കും. ഉറക്കമിളച്ച് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നത് അപകടസാധ്യത കൂട്ടും.
∙ ഉറക്കം പാർശ്വഫലമായുള്ള മരുന്നുകൾ ഒഴിവാക്കുക. ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം യാത്രയിൽ മരുന്നുകൾ ഉപയോഗിക്കുക.
∙ തിരക്കൊഴിവാക്കി നേരത്തെ തയാറാക്കിയ പദ്ധതികളുമായി നേരത്തെ പുറപ്പെടുക. അമിതമായ സമ്മർദവും അപകടവും ഒഴിവാക്കാം.
ഹെൽമറ്റ് ഉപയോഗിക്കുമ്പോൾ
∙ അംഗീകാരമുള്ള ഹെൽമറ്റുകൾ മാത്രം ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.
∙ തീരെ ചെറുതും ഒരുപാടു വലുതുമായവ ഒഴിവാക്കുക.
∙ നെറ്റി മൂടി വേണം ഹെൽമറ്റ് ധരിക്കാൻ. പിറകിലേക്കു ചെരിച്ച് വയ്ക്കരുത്.
∙ സാമാന്യം മുറുക്കി തന്നെ സ്ട്രാപ്പുകൾ ഇട്ടിരിക്കണം.
∙ ഹെൽമെറ്റ് എറിഞ്ഞോ താഴെയിട്ടോ ഉപയോഗശൂന്യമാക്കാതിരിക്കാൻ ശ്രദ്ധിക്കുക.
കാറിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
+ നിലവിലെ സാഹചര്യത്തിൽ ശക്തമായ മഴയിൽ കഴിയുന്നതും യാത്ര ഒഴിവാക്കുന്നതാണ് ഉത്തമം. ഒഴിവാക്കാൻ പറ്റാത്ത യാത്ര ആണെങ്കിൽ മാത്രം പോകാനുള്ള പ്രദേശത്ത് അപകടമില്ല എന്ന് ഉറപ്പായ ശേഷം മാത്രം യാത്ര ആരംഭിക്കുക.
+ റോഡിൽ കാറിന്റെ എക്സ്ഹോസ്റ്റ് ലെവലിൽ വെള്ളം ഉണ്ടെങ്കിൽ കാറിന് കേടുപാടു വരുമെന്ന് ഉറപ്പാണ്. ഇത്തരത്തിൽ ഉയർന്ന വെള്ളമുള്ള റോഡിലേക്ക് കാർ ഇറക്കരുത്. എക്സ്ഹോസ്റ്റിൽ വെള്ളം കയറിയാൽ വാഹനം തനിയെ ഓഫാകും.
വെള്ളത്തിൽ കാർ ഓഫായാൽ പിന്നീട് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. ഇത് എൻജിനുള്ളിൽ വെള്ളം കയറാൻ ഇടയാക്കും.
+ വെള്ളക്കെട്ടിലൂടെ പരമാവധി വേഗത കുറച്ച് ചെറു ഗിയറിൽ മാത്രം വാഹനം ഓടിക്കുക. ആദ്യ ഗിയറിൽ ഓടിക്കുമ്പോൽ എക്സോസ്റ്റിലൂടെ വെള്ളം കയറാനുള്ള സാധ്യതയും കുറയും.
+ നനഞ്ഞ റോഡിൽ ടയറിന് ഘർഷണം വളരെ കുറവായിരിക്കും. പതുക്കെ മാത്രം ബ്രേക്ക് ചെയ്യുക, ഇല്ലെങ്കിൽ കാർ തെന്നിമാറി അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
+ പരമാവധി റോഡിന്റെ മധ്യഭാഗത്തുകൂടി വാഹനം ഓടിക്കുക. സൈഡ് അടുപ്പിച്ച് എടുക്കരുത്, ഇടിഞ്ഞ റോഡാണെങ്കിൽ അപകടത്തിൽപ്പെടും.
മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുക. അപകടരമായ വിധം ഓവർ ടേക്ക് ചെയ്യുന്നത് അപകടം വിളിച്ചുവരുത്തും.
+ പെട്ടെന്ന് വെള്ളം ഡോർ ലെവലിലേക്ക് കയറിയാൽ എത്രയും വേഗം വാഹനത്തിൽ നിന്ന് പുറത്തിറങ്ങി അൽപം ഉയർന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ശ്രമിക്കുക. വെള്ളം ഉയരുമ്പോൾ ഒരു കാരണവശാലും കാറിനുള്ളിൽ തന്നെ ഇരിക്കാൻ ശ്രമിക്കരുത്. കാർ ഒഴുകിപ്പോകാനും ഷോർട്ട് സർക്യൂട്ട് സംഭവിക്കാനുമുള്ള സാധ്യത മുൻകൂട്ടി കാണുക.
+ 12 ഇഞ്ച് ഉയരത്തിൽ ശക്തമായി ഒഴുകുന്ന വെള്ളത്തിന് പോലും ഒരു ചെറിയ കാറിനെ ഒഴുക്കിക്കൊണ്ടു പോകാൻ സാധിക്കും. വലിയ കാർ ആണെങ്കിൽ 18-24 ഇഞ്ച് വെള്ളത്തിലും ഒഴുകിപ്പോകാം.
എതിർദിശയിൽ വരുന്ന വാഹന ഉടമ മുന്നിൽ അപകടമുണ്ടെന്ന് അറിയിച്ചാൽ വീണ്ടും അതേ റൂട്ടിൽ യാത്ര ചെയ്യാൻ ശ്രമിക്കരുത്. സുരക്ഷിതമായ മറ്റു റൂട്ടുകൾ കണ്ടെത്തുക. അല്ലെങ്കിൽ യാത്ര ഒഴിവാക്കി മടങ്ങുക.
വാഹനം ഓഫായി എവിടെയെങ്കിലും കുടുങ്ങിയാൽ സഹായം ലഭിക്കാൻ 24X7 സർവീസ് സെന്റർ അസിസ്റ്റൻസ് നമ്പറോ, പരിചയമുള്ള മെക്കാനിക്കിന്റെ നമ്പറോ ഫോണിൽ കരുതണം.
യാത്രയിൽ അപകടത്തിൽ കിടക്കുന്ന ഒരാളെ കണ്ടാൽ മാറിപ്പോകാതെ സഹായിക്കുവാൻ ശ്രമിക്കുക. നിങ്ങളില്‍ ഒരാളുടെ സഹായം ചിലപ്പോൾ രക്ഷിക്കുന്നത് ഒരു ജീവനെ തന്നെയായിരിക്കും എന്നു ഓർമ്മിക്കുക. രക്ഷിക്കുവാൻ പറ്റുന്ന സാഹചര്യമല്ലെങ്കിൽ പോലും പോലീസിലും മറ്റ് എമർജൻസി നമ്പറിലും വിളിച്ച് കാര്യം അറിയിക്കുക.
Post a Comment